ആലങ്കോട് ലീല കൃഷ്‌ണൻ
ഒരു കാലഘട്ടത്തെ വിശകലനം ചെയ്യുകയും മാറ്റുകയും ചെയ്ത ഇന്ത്യൻ കമ്മ്യൂണിസ്റ്റ് ദാർശനികരിൽ ഒന്നാം നിലയിലാണ് കെ ദാമോദരന്റെ സ്ഥാനം. കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ആയിരുന്നു ദാമോദരൻ. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളും. ഭാരതീയ തത്വ ചിന്തകളെ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തിന്റെ വിശകലന ശാസ്ത്രം ഉപയോഗിച്ച് പഠിച്ചറിഞ്ഞതാണ് കെ ദാമോദരൻ ചെയ്ത ഏറ്റവും വലിയ ചരിത്ര സേവനം. ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ വളരെ പ്രാധാന്യമേറിയതാണ് കെ ദാമോദരന്റെ ഭാരതീയ തത്വചിന്താപഠനങ്ങൾ. സമകാലിക ഇന്ത്യയിൽ സംഘപരിവാര യുക്തികൾ പ്രചരിപ്പിക്കുന്ന തീർത്തും പ്രതിലോമപരമായ ഭാരതീയ ചിന്തയെ പ്രതിരോധിക്കുവാൻ നമുക്ക് ആകെയുള്ള ഈടുവയ്പ്പുകളിൽ ഒന്ന് കെ ദാമോദരന്റെ ഭാരതീയ ദർശനപഠനങ്ങളാണ്.
ഭാരതീയചിന്ത, ഇന്ത്യയുടെ ആത്മാവ്, മനുഷ്യൻ, കേരള ചരിത്രം തുടങ്ങിയ ദാമോദരന്റെ പ്രഖ്യാത ഗ്രന്ഥങ്ങൾ ഭാരതീയ തത്വ ചിന്തയിലും ചരിത്രത്തിലുള്ള അദ്ദേഹത്തിന്റെ ആഴമേറിയ അറിവിന്റെ നിദർശനങ്ങളാണ്. വർഗ്ഗ പക്ഷത്തുനിന്നുള്ള ഭാരത ദർശനത്തിന്റെ അടിത്തറയും ആണ്. പാട്ടബാക്കി, രക്തപാനം തുടങ്ങിയ നാടകങ്ങളിലൂടെ കെ ദാമോദരൻ കേരളത്തിലെ നവോത്ഥാനാന്തര രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് സർഗാത്മകതയുടെ പോരാട്ടവീര്യം സമ്മാനിച്ചു. നാടകം എന്ന ചലനാത്മക സർഗ്ഗ ശക്തിയെ സാമൂഹിക പരിവർത്തനങ്ങളുടെ കൊടുങ്കാറ്റാക്കി മാറ്റിയ ഒരു നവോത്ഥാന യുഗം പാട്ടബാക്കിയിൽ ആരംഭിച്ചു. ധാരാളം ചെറുകഥകളും ദാമോദരൻ എഴുതിയിട്ടുണ്ട്. യുക്തിസഹമായ ചരിത്രബോധം, അടിയുറച്ച കമ്മ്യൂണിസ്റ്റ് വർഗ്ഗബോധം, കറകളഞ്ഞ മനുഷ്യസ്നേഹം, നിരന്തരമായ പഠനം, വിട്ടുവീഴ്ചയില്ലാത്ത സമരവീര്യം തുടങ്ങി ഒരു നല്ല കമ്മ്യൂണിസ്റ്റുകാരന് വേണ്ട എല്ലാ കഴിവുകളും സമഞ്ജസമായി സമ്മേളിച്ച കെ ദാമോദരന്റെ വ്യക്തിത്വം സമാനതകളില്ലാത്തതായിരുന്നു. കേരളത്തിൽ കമ്യൂണിസ്റ്റ് ആശയങ്ങൾ ജനകീയമായി പ്രചരിപ്പിക്കുന്നതിലും കമ്യൂണിസ്റ്റ് പാഠാവലി തലമുറകളിലേക്ക് എത്തിക്കുന്നതിലും കെ ദാമോദരൻ വഹിച്ച പങ്ക് നിസ്തുലമാണ്. 1938 ൽ പൊന്നാനിയിൽ നടന്ന ബീഡി തൊഴിലാളികളുടെ സമരത്തിന്റെ നായകൻ കെ ദാമോദരൻ ആയിരുന്നു. കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വിത്തിട്ട വർഗ്ഗ സമരങ്ങളിൽ ഒന്നായിരുന്നു അത്. മതവും പ്രഭുത്വവും അവയുടെ എല്ലാവിധ പ്രതിലോമ സ്വഭാവത്തോടും കൂടി ആധിപത്യമുറപ്പിച്ചിരുന്ന പൊന്നാനിയിൽ യാഥാസ്ഥിക വിലക്കുകൾ അതിലംഘിച്ച് മുസ്ലിം സ്ത്രീകൾ വരെ അന്ന് കെ ദാമോദരനൊപ്പം സമര രംഗത്തെത്തി. പൊന്നാനി കോടതിയുടെ സമീപത്തുവച്ച് അന്ന് കെ ദാമോദരനെ അറസ്റ്റ് ചെയ്തപ്പോളാണ് ലോകത്തിലാദ്യമായി തക്ബീർ ധ്വനികളും വിപ്ലവ മുദ്രാവാക്യം ഒന്നിച്ചു മുഴങ്ങിയത്. അത് ’ അല്ലാഹു അക്ബർ..’ ഇങ്ക്വിലാബ് സിന്ദാബാദ്’. സമകാലിക ഇന്ത്യയിൽ ഈ മുദ്രാവാക്യം കൂടുതൽ പ്രസക്തമാകുന്നു. അതിനാൽ തന്നെ മലപ്പുറത്ത് ദാമോദരന്റെ സ്മരണയിൽ നടക്കുന്ന ‘ഭാരതദർശനം’ ദേശീയ സെമിനാർ ഒരു പുതിയ മതേതര‑മാനവിക — പുരോഗമന യുഗത്തിന്റെ തുടക്കമായി തീരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.