Friday 6, August 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

പാലാ

October 30, 2020, 9:37 pm

പ്രമുഖ സിനിമ നിർമ്മാണ കമ്പനിയായ ചെറുപുഷ്പം ഫിലിംസ് ഉടമ കക്കാട്ടിൽ കെ ജെ ജോസഫ് ആന്തരിച്ചു.

Janayugom Online

പ്രമുഖ സിനിമ നിർമ്മാണ കമ്പനിയായ ചെറുപുഷ്പം ഫിലിംസ് ഉടമയും പാലായിലെ ആദ്യകാല വ്യാപാരിയുമായ കക്കാട്ടിൽ കെ. ജെ. ജോസഫ് (ചെറുപുഷ്പം കൊച്ചേട്ടൻ- 86) ആന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെ ആയിരുന്നു അന്ത്യം.

പരേതയായ അന്നക്കുട്ടിയാണ് ഭാര്യ. സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ കാർമ്മികത്വത്തിൽ വീട്ടിൽ ആരംഭിച്ച് നാലിന് കുരുവിനാൽ സെന്റ് മൈക്കിൾസ് പള്ളിയിൽ മാർ ജേക്കബ് മുരിക്കൻ പിതാവിന്റെ കാർമ്മികത്വത്തിൽ സംസ്കരിക്കും.

മലയാള സിനിമാ ലോകമാണ് കെ. ജെ. ജോസഫിന് ചെറുപുഷ്പം കൊച്ചേട്ടൻ എന്ന ഓമനപ്പേര് സമ്മാനിച്ചത്. മലയാളത്തിൽ ഒരുകാലത്ത് ഏറ്റവും ജനപ്രീതിയുള്ള ബാനറായിരുന്നു ചെറുപുഷ്പം ഫിലിംസ്. അന്നത്തെ പ്രമുഖരായ നടീനടന്മാരും സംവിധായകരും ഈ നിർമ്മാണ കമ്പനിയുടെ സിനിമയിൽ അവസരം ലഭിക്കാൻ കാത്തിരുന്ന കാലം ഉണ്ടായിരുന്നു. പാലായിലെ പ്രമുഖ വ്യാപാരിയായിരുന്ന കൊച്ചേട്ടൻ 1975ലാണ് സിനിമാരംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 1975ൽ പുറത്തിറങ്ങിയ അനാവരണമാണ് ചെറുപുഷ്പം ഫിലിംസിന്റെ ആദ്യ മലയാള ചിത്രം. ഇത് സാമ്പത്തികമായി വിജയിച്ചില്ലെങ്കിലും സിനിമരംഗത്ത് കൊച്ചേട്ടൻ അറിയപ്പെടുന്ന വ്യക്തിയാക്കി മാറ്റി. ചിത്രത്തിലെ അണിയറക്കാർക്കെല്ലാം നഷ്ടം സഹിച്ചും അദ്ദേഹം പ്രതിഫലം നൽകിയത് ചലച്ചിത്ര രംഗത്ത് സംസാരവിഷയമായിരുന്നു. തുടർന്ന് താത്കാലികമായി സിനിമാലോകത്ത് നിന്ന് മാറിയെങ്കിലും സംഗീതസംവിധായകൻ ദേവരാജൻ മാസ്റ്ററും മാധുരിയും വീട്ടിലെത്തി അഭ്യർത്ഥിച്ചതോടെ വീണ്ടും സജ്ജീവമായി. 1977ൽ തെന്നിന്ത്യൻ സൂപ്പർസ്റ്റാറായി മാറിയ ശ്രീദേവി, മധു എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ചെറുപുഷ്പം ഫിംലിംസ് നിർമ്മിച്ച ‘ആ നിമിഷം’ വലിയ വിജയം നേടി. അടുത്തവർഷം (1978) കമലാഹാസൻ, മധു, ഷീല, സീമ എന്നിവരെ കഥാപാത്രങ്ങളാക്കി എത്തിയ ‘ഈറ്റ’യും വൻവിജയം കണ്ടതോടെ മലയാള സിനിമയിൽ ഏറ്റവും മികച്ച ബാനറായി ചെറുപുഷ്പം ഫിലിംസും ഉടമയായ കൊച്ചേട്ടനും വളരുകയായിരുന്നു.

തുടർന്ന് നിദ്ര (1981), വീട് (1982), ഹിമവാഹിനി (1983), മൗനനൊമ്പരം (1985), ഇതിലെ ഇനിയും വരൂ (1986), അനുരാഗി (1988), പാവം പാവം രാജകുമാരൻ എന്നീ ഹിറ്റുകളും മലയാള സിനിമക്ക് സമ്മാനിച്ചു. 2002ൽ മലയാളത്തിലെ അന്ന് വരെയുള്ള ഏറ്റവും ചിലവേറിയ സിനിമയായ ‘ദുബായ്’ ഏറ്റെടുക്കാൻ മറ്റ് വിതരണക്കാർ മടിച്ചു നിന്നപ്പോൾ സധൈര്യം തിയേറ്ററിലെത്തിച്ചത് ചെറുപുഷ്പം ഫിലിംസാണ്. സൂര്യാടിവിയിലെ 350 എപ്പിസോഡുകൾ സൂപ്പർഹിറ്റാക്കിയ ആദ്യമെഗാ സീരിയൽ ‘മനസറിയാതെ’ യും കൊച്ചേട്ടന്റെ സംഭവാനയാണ്. ‘നാടൻ പെണ്ണും നാട്ടുപ്രമാണിയും’ എന്ന സിനിമയാണ് അവസാനമായി മലയാളത്തിൽ നിർമ്മിച്ചത്.

ദക്ഷിണേന്ത്യയിലെ പ്രധാന നിർമ്മാതാക്കളായിരുന്ന സൂപ്പർഗുഡുമായി ചേർന്ന് 8 സിനിമകളാണ് ചെറുപുഷ്പം ഫിലിംസ് പുറത്തിറക്കിയത്. മലയാളത്തിന് പുറമെ തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലും സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. സിനിമാ മേഖലയിലെ ഡിജിറ്റൽ വിപ്ലവമായ യുണൈറ്റഡ് ഫിലിം ഓർഗനൈസേഷൻ (യുഎഫ്ഒ) എന്ന സാറ്റലൈറ്റ് സിനിമാ റിലീസ് സംവിധാനം എന്ന ആശയം മലയാളക്കരയിൽ ആദ്യ മൂന്ന് വർഷക്കാലം നടപ്പിലാക്കിയതും ചെറുപുഷ്പം ഫിലിംസ് വഴിയായിരുന്നു. കൊച്ചി ഉദയംപേരൂരിൽ അഞ്ചേക്കറിലുള്ള ചെറുപുഷ്പം സ്റ്റുഡിയോ അടുത്തകാലം വരെയും സിനിമാ കേന്ദ്രമായിരുന്നു.

സിനിമയുടെ പാലായിലെ കേന്ദ്രമായാണ് കൊച്ചേട്ടന്റെ പുലിയന്നൂരിലുള്ള വസതി അറിയപ്പെട്ടിരുന്നത്. അക്കാലത്തെ പ്രദേശത്തെ ഏറ്റവും വലിയ വീടായിരുന്ന കൊച്ചേട്ടന്റെ വീടായിരുന്നു സിനിമാ പ്രവർത്തകരുടെയും നടീനടന്മാരുടെയും താമസസ്ഥലം. ജില്ലയിൽ എവിടെ ചിത്രീകരണം നടന്നാലും താമസം ഒരുക്കിയിരുന്നത് ഈ വലിയ വീട്ടിലായിരുന്നു. നിരവധി സിനിമകളിലും ഈ വീട് കഥാപാത്രമായിട്ടുണ്ട്. നിത്യഹരിതനായകൻ പ്രേംനസീർ, കമലാഹാസൻ, മമ്മൂട്ടി, മോഹൻലാൽ, മധു, സുകുമാരൻ, സുരേഷ്ഗോപി, ജയറാം, ശ്രീനിവാസൻ, ജഗതി, ഷീല, ജയഭാരതി, ശ്രീദേവി, സീമ, രമ്യാകൃഷ്ണൻ, കെ. പി. എസ്. സി ലളിത, മേനക, ഉർവ്വശി തുടങ്ങി നിരവധി ചലച്ചിത്ര താരങ്ങൾ ആഴ്ചകളോളം കൊച്ചേട്ടന്റെ അഥിതികളായും കഥാപാത്രങ്ങളായും പുലിയന്നൂരിലെ വീട്ടിൽ ഒത്തുകൂടിയിട്ടുണ്ട്. കൂടാതെ എ. വിൻസെന്റ്, ഐ. വി. ശശി, ഭരതൻ, പി. ജി. വിശ്വംഭരൻ, ശശികുമാർ, കമൽ തുടങ്ങിയ പ്രമുഖ സംവിധായകരോടൊപ്പം പ്രവർത്തിക്കാനും അദ്ദേഹത്തിനായി. സിനിമമേഖല പുതുതലമുറയിലേക്ക് മാറിയതോടെയാണ് കൊച്ചേട്ടൻ സിനിമാലോകത്ത് നിന്നും പിൻതിരിഞ്ഞത്.

പാലായിലെ ചെറുപുഷ്പം ചാരിറ്റബിൽ ഹോസ്പിറ്റൽ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി, ടെക്സ്റ്റൈൽസ് വ്യാപാരം, ഹോം അപ്ലയൻസ് തുടങ്ങിയ മേഖലയിലേക്ക് ശ്രദ്ധതിരിച്ചു. വർഷങ്ങൾക്ക് ശേഷവും സിനിമയിലെ സൗഹൃദങ്ങൾ അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു. തികഞ്ഞ മനുഷ്യസ്നേഹിയും കാരുണ്യപ്രവർത്തനങ്ങളിൽ തത്പരനുമായിരുന്നു അദ്ദേഹം. വിവിധ സാമൂഹിക സംഘടനകളിലും സാംസ്കാരിക പ്രവർത്തനങ്ങളിലും അദ്ദേഹം സജ്ജീവമായിരുന്നു. വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകൾ നേരിട്ടതോടെ മകൻ കുഞ്ഞുമോനെ ബിസിനസ് കാര്യങ്ങൾ ഏൽപിച്ച് വിശ്രമജീവിതത്തിലായിരുന്നു.

Eng­lish sum­ma­ry; k j joseph passed away