‘ഇതിനെക്കുറിച്ചൊന്നും ധാരണ ഇല്ലാത്തത് കൊണ്ടാണ് ആ ചോദ്യങ്ങള്‍’; സുരേന്ദ്രന് മറുപടിയുമായി കെ കെ ശൈലജ

Web Desk
Posted on June 06, 2019, 7:47 pm

ന്യൂഡല്‍ഹി: കേരളം നിപ്പാ വൈറസ് ഭീതിയില്‍ മുങ്ങി നില്‍ക്കുമ്പോള്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഫേസ്ബുക്ക് പോസ്റ്റിട്ട ബിജെപി നേതാവ് കെ സുരേന്ദ്രന് എതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കിയിട്ടും കോഴിക്കോട് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചില്ല എന്നതായിരുന്നു കുറ്റപ്പെടുത്തല്‍. കെ സുരേന്ദ്രന്‍റെ പേരെടുത്ത് പറയാതെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് മന്ത്രി കെ കെ ശൈലജ.

അത്തരം വിമര്‍ശനങ്ങള്‍ ഉയരുന്നത് അതേക്കുറിച്ച് ധാരണ ഇല്ലാത്തത് കൊണ്ടാണ് എന്ന് ആരോഗ്യമന്ത്രി പറഞ്ഞു. നിപ്പ വന്നിട്ട് ഒരു കൊല്ലമായില്ലേ കോഴിക്കോട് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെ എന്നൊക്കെ ചിലര്‍ ചോദിക്കുന്നു. കേരളത്തിന്റെ അപേക്ഷ കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ ഈ മെയ് 27ന് വൈറോളജി ലാബിന് അനുമതി നല്‍കിയിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ അതിന് അനുവദിച്ചിരിക്കുന്നത് മൂന്ന് കോടി രൂപ മാത്രമാണെന്ന് ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. നിര്‍മ്മാണത്തിന് കേരള സര്‍ക്കാരും അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ആ പണം മതിയാകില്ല വൈറോളജി ലാബ് സ്ഥാപിക്കാനെന്നും മന്ത്രി പറഞ്ഞു.

വൈറോളജി ലാബ് എന്ന ആവശ്യം വീണ്ടും ഉയര്‍ത്തി കേരളം കേന്ദ്രത്തിനെ വീണ്ടും സമീപിക്കുകയാണ്. പണം മൂന്ന് കോടിയില്‍ നിന്ന് ഉയര്‍ത്തി തരാനും ആവശ്യപ്പെടുമെന്നും കെകെ ശൈലജ വ്യക്തമാക്കി. ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധനുമായി കൂടിക്കാഴ്ച നടത്തുന്നതിന് വേണ്ടി കെകെ ശൈലജ ഇന്ന് ദില്ലിയിലെത്തുന്നുണ്ട്. കേരളത്തിന്റെ ആവശ്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ഉന്നയിക്കും.

You May Also Like This: