പുതിയ ജലവിഭവ വകുപ്പ് മന്ത്രിയായി കെ കൃഷ്ണന്‍കുട്ടി സത്യപ്രതിജ്ഞ ചെയ്തു

Web Desk
Posted on November 27, 2018, 7:53 pm

പുതിയ ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയെ മുഖ്യമന്ത്രി പിണറായി വിജയൻ  അനുമോദിക്കുന്നു 

തിരുവനന്തപുരം:  പുതിയ ജലവിഭവ വകുപ്പ് മന്ത്രിയായി ജനതാദള്‍ എസിന്റെ കെ കൃഷ്ണന്‍കുട്ടി സത്യപ്രതിജ്ഞ ചെയ്തു. വൈകിട്ട് അഞ്ച് മണിക്ക് രാജ്ഭവനില്‍ ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയടക്കം മറ്റുമന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു. ജലവിഭവം ഉള്‍പ്പെടെ മാത്യു ടി തോമസ് വഹിച്ചിരുന്ന വകുപ്പുകള്‍ തന്നെയാകും കൃഷ്ണന്‍കുട്ടിക്ക് ലഭിക്കുക. സര്‍ക്കാരിന്റെ ശബരിമല നിലപാടില്‍ പ്രതിഷേധിച്ച്‌ യുഡിഎഫ് സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചു. അതേസമയം, ബിജെപി എംഎല്‍എയായ ഒ.രാജഗോപാല്‍ ചടങ്ങില്‍ പങ്കെടുത്തു.

രണ്ടര വര്‍ഷത്തിന് ശേഷം മന്ത്രി സ്ഥാനം വെച്ചുമാറാനുള്ള പാര്‍ട്ടി തീരുമാനമനുസരിച്ചാണ് മാത്യു ടി തോമസ് രാജിവച്ചത്. അദ്ദേഹത്തിന് ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ടായിരുന്നെങ്കിലും കേന്ദ്ര നേതൃത്വം ഇടപെട്ട് ധാരണയിലെത്തുകയായിരുന്നു. മാത്യു ടി തോമസിന്റെ രാജി ഇന്നലെ ഗവര്‍ണര്‍ അംഗീകരിച്ചു. രാവിലെയാണ് അദ്ദേഹം മുഖ്യമന്ത്രിക്ക് രാജിക്കത്ത് നല്‍കിയത്. ചിറ്റൂരില്‍ നിന്നുള്ള എംഎല്‍എയാണ് കൃഷ്‌ണന്‍കുട്ടി.

1982ല്‍ ആദ്യമായി നിയമസഭയിലെത്തിയ കൃഷ്ണന്‍കുട്ടി നാല് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിനിടെ ആദ്യമായാണ് മന്ത്രി പദവിയിലെത്തുന്നത്.