10 September 2024, Tuesday
KSFE Galaxy Chits Banner 2

ശ്രീറാം വെങ്കിട്ടരാമന്റെയും വഫയുടെയും നരഹത്യ കുറ്റം ഒഴിവാക്കി

മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊന്ന കേസ് 
Janayugom Webdesk
തിരുവനന്തപുരം
October 19, 2022 11:48 am

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ശ്രീറാം വെങ്കിട്ടരാമന്‍, വഫ എന്നിവര്‍ക്ക് മേല്‍ ചുമത്തിയ മനപൂര്‍വമായ നരഹത്യ കുറ്റം ഒഴിവാക്കി. എന്നാല്‍ 304 (എ) നിലനില്‍ക്കുമെന്നും പ്രതികള്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്രേട്ട് കോടതിയില്‍ വിചാരണ നേരിടണമെന്നും തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ സനില്‍കുമാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
ശ്രീറാമിന്റെയും വഫയുടെയും വിടുതൽ ഹർജികൾ ഭാഗികമായി കോടതി അനുവദിച്ചു. നരഹത്യാ കുറ്റമായ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 304 (കൊലപാതകമല്ലാത്ത നരഹത്യ കുറ്റം), പൊതുമുതൽ നശീകരണം തടയൽ നിയമത്തിലെ വകുപ്പ് 3 (1) (2) (പൊതു മുതൽ നശിപ്പിച്ച് സർക്കാർ ഖജനാവിന് നഷ്ടം വരുത്തൽ), 185 ( മദ്യപിച്ച് വാഹനമോടിക്കൽ), 201 (തെളിവു നശിപ്പിക്കൽ) എന്നീ കുറ്റങ്ങൾ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.
മജിസ്ട്രേറ്റ് കോടതി വിചാരണ ചെയ്യേണ്ട ഉപേക്ഷയാലുള്ള മരണം സംഭവിപ്പിക്കൽ കുറ്റമായ 304 (എ) ക്ക് കുറ്റം ചുമത്താനാണ് കോടതി ഉത്തരവിട്ടത്. കുറ്റം ചുമത്തലിന് പ്രതികൾ തിരുവനന്തപുരം ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നവംബർ 20 ന് ഹാജരാകാനും ഉത്തരവിട്ടു.
അതേസമയം രക്ത സാമ്പിളെടുക്കുന്നത് ബോധപൂര്‍വം തടസപ്പെടുത്തിയ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ നടപടി തെളിവ് നശിപ്പിക്കലിന്റെ ഭാഗമായിരുന്നെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിക്കാതെയാണ് കോടതി ഉത്തരവെന്നും ഇതിനെതിരെ പുനഃപരിശോധന ഹരജി നല്‍കുമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.
മോട്ടോര്‍ വാഹന നിയമത്തിലെ വകുപ്പ് 185(മദ്യപിച്ച് വാഹനമോടിക്കല്‍ കുറ്റം) നിലനില്‍ക്കണമെങ്കില്‍ 100 മി.ലി. രക്തത്തില്‍ 30 മി.ഗ്രാം ആല്‍ക്കഹോള്‍ അംശം വേണമെന്നിരിക്കെ പ്രോസിക്യൂഷന്‍ ഹാജരാക്കിയ 13-ാം രേഖയായ കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ടില്‍ രക്തത്തില്‍ ഈഥൈല്‍ ആല്‍ക്കഹോള്‍ കണ്ടെത്തിയിട്ടില്ലെന്നത് നിരീക്ഷിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
അപകടത്തിന് തൊട്ടുപിന്നാലെ രക്ത സാമ്പിള്‍ എടുക്കുന്നതിന് ശ്രീറാം വെങ്കിട്ടരാമന്‍ മനപൂര്‍വം കാലതാമസം വരുത്തുകയായിരുന്നെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. പ്രൊഫഷണല്‍ ഡോക്ടറായ പ്രതി ബോധപൂര്‍വം തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി രക്ത സാമ്പിള്‍ എടുക്കാന്‍ വിസമ്മതിച്ചതായി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഈ വാദം നിരാകരിച്ച കോടതി പ്രതികളുടെ വിടുതല്‍ ഹര്‍ജിയിലെ ആവശ്യം ഭാഗികമായി അംഗീകരിക്കുകയായിരുന്നു. 

Eng­lish Sum­ma­ry: Case against Sri­ram and Wafa has been cancelled

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.