കെ എം ഷാജി എം എൽ എയുടെ വീടിന് 1,54000 രൂപ പിഴയിട്ട് കോഴിക്കോട് കോർപ്പറേഷൻ

Web Desk

കോഴിക്കോട്

Posted on October 28, 2020, 7:46 pm

കെ എം ഷാജി എം എൽ എയുടെ വീട് ക്രമപ്പെടുത്താൻ 1,54,000 രൂപ പിഴയിട്ട് കോഴിക്കോട് കോർപ്പറേഷൻ. വസ്തു നികുതിയിനത്തിൽ 1,38,000 രൂപയാണ് ഈടാക്കിയിരിക്കുന്നത്. നിയമവിധേയമാക്കിയില്ലെങ്കിൽ പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷൻ നോട്ടീസ് നൽകിയിരുന്നു. കെ എം ഷാജി എം എൽ എയുടെ കോഴിക്കോട്ടെ വീട് ഏകദേശം 1.6 കോടി രൂപ വിലമതിക്കുന്നതാണെന്ന് കോഴിക്കോട് കോർപറേഷൻ കണ്ടെത്തിയിരുന്നു.

മൂന്നാം നില മുഴുവനായും ഒന്നാം നിലയുടെ ചില ഭാഗങ്ങളും അനധികൃതമാണെന്നും കണ്ടെത്തി. വീട്ടിലെ ഫർണീച്ചർ മാർബിൾ എന്നിവയുടെ വില തിട്ടപ്പെടുത്താനാകുന്നില്ലെന്ന് നഗരസഭ വ്യക്തമാക്കിയിരുന്നു. വില തിട്ടപ്പെടുത്താൻ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെടുമെന്നും നഗരസഭ അറിയിച്ചു. ഷാജിയുടെ ഭാര്യയുടെ പേരിൽ കോഴിക്കോട് നഗരത്തിലെ വേങ്ങേരി വില്ലേജിലുള്ള വീടിന്റെ രേഖകൾ ഹാജരാക്കണമെന്ന് കോർപറേഷനോട് ഇഡി നിർദേശിക്കുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ഫയൽ പരിശോധിച്ചെങ്കിലും വീട് നിർമാണം പൂർണമായത് സംബന്ധിച്ച രേഖകൾ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്നാണ് കോർപറേഷൻ അധികൃതർ വീട്ടിലെത്തി വീട് അളന്നത്. ഭാര്യയുടെ പേരിൽ 3200 ചതുരശ്ര അടി വിസ്തീർണമുള്ള വീട് നിർമിക്കാനായിരുന്നു ഷാജി കോർപറേഷനിൽ അനുമതി തേടിയത്. എന്നാൽ പരിശോധിച്ചപ്പോൾ 5,420 ചതുരശ്ര അടി വിസ്തീർണമുണ്ടെന്ന് കണ്ടെത്തി. വീടിന്റെ പല ഭാഗങ്ങളും അനധികൃതമായാണ് നിർമിച്ചതെന്നും കോർപറേഷൻ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.

Eng­lish sum­ma­ry; k m sha­ji lat­est updation

You may also like this video;