കെ എം ഷാജി യുടെ കോഴിക്കോട്ടേയും കണ്ണൂരിലേയും ആഡംബര വീടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറി

Web Desk
Posted on October 27, 2020, 7:39 pm

മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎൽഎയുടെ കോഴിക്കോട്ടേയും കണ്ണൂരിലേയും ആഡംബര വീടുകളെക്കുറിച്ചുള്ള വിശദവിവരങ്ങളും ഇതുസംബന്ധിച്ച രേഖകളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറി. കോഴിക്കോട് മാലൂർ കുന്നിലെ വീടിന് ഒരു കോടി 60 ലക്ഷം രൂപയും കണ്ണൂരിലെ വീടിന് 28 ലക്ഷവും മതിപ്പ് വിലയുള്ളതായി ബന്ധപ്പെട്ട തദ്ദേശസ്ഥാപന അധികൃതർ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. പ്ലസ്ടു അനുവദിക്കാൻ കോഴ വാങ്ങിയെന്ന കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് കെ എം ഷാജിയുടെ ആസ്തി ഇഡി പരിശോധിക്കുന്നത്.

കോഴിക്കോട്ടെ കെ എം ഷാജിയുടെ വീട് ഭാര്യ കെ എം ആഷയുടെ പേരിലാണുള്ളത്. 3,200 ചതുരശ്ര അടിയിൽ വീട് നിർമ്മിക്കാനാണ് ഷാജി അനുമതി നേടിയതെന്നും പൂർത്തിയായ വീടിന് 5260 ചതുരശ്ര അടി വിസ്തീർണ്ണമുണ്ടെന്നും റിപ്പോർട്ടിലുണ്ട്. മൂന്നാം നില മുഴുവനായും ഒന്നാം നിലയുടെ ചില ഭാഗങ്ങളും അനധികൃതമായി നിർമ്മിച്ചതാണ്. വീട്ടിലെ ഫർണിച്ചറുകൾ, മാർബിൾ എന്നിവയുടെ വില തിട്ടപ്പെടുത്തിയിട്ടില്ലെന്നും ഇത് കണക്കാക്കാൻ പൊതുമരാമത്ത് വകുപ്പിനെ ഏൽപ്പിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

2016ൽ പൂർത്തിയായ പ്ലാൻ നൽകിയെങ്കിലും അനധികൃത നിർമാണം ക്രമവത്കരിക്കാൻ നൽകിയ നോട്ടീസിന് മറുപടി നൽകിയില്ല. വീട്ടുനമ്പർ നൽകിയിട്ടില്ല. അനധികൃത നിർമാ ണത്തിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട് എന്നീ വിവരങ്ങളും റിപ്പോർട്ടിൽ പറയുന്നുണ്ട്. കോർപറേഷൻ സെക്രട്ടറിക്ക് വേണ്ടി ടൗൺ പ്ലാനർ എ എം ജയനാണ് റിപ്പോർട്ട് കൈമാറിയത്.

കണ്ണൂർ ചാലാടുള്ള കെ എം ഷാജിയുടെ വീടിന്റെ വിശദാംശങ്ങൾ ചിറക്കൽ പഞ്ചായത്ത് സെക്രട്ടറി ടി പി ഉണ്ണികൃഷ്ണനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറിയത്. 2,325 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടിന് 28 ലക്ഷം രൂപ മതിപ്പ് വിലയുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കണ്ണൂർ അഴീക്കോട് സ്കൂളിന് പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡി ഷാജിയുടെ വീടുകളുടെ വിവരങ്ങൾ ശേഖരിച്ചത്. തുടർന്നുള്ള അന്വേഷണത്തിലാണ് മാലൂർകുന്നിലെ വീട് നിർമിച്ചത് അനുമതി പ്രകാരമല്ലെന്നതടക്കം ക്രമക്കേടുകൾ കണ്ടെത്തിയത്. ഷാജിയുടെ മറ്റിടങ്ങളിലെ സ്വത്തുവിവരങ്ങൾ സംബന്ധിച്ചും ഇഡി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. രജിസ്ട്രേഷൻ വകുപ്പിൽ നിന്നടക്കം ഇതുസംബന്ധിച്ച വിവരങ്ങൾ തേടിയിട്ടുണ്ട്.

നവംബർ പത്തിന് കെ എം ഷാജിയെ ഇ ഡി ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട് അഴീക്കോട് കോ — ഓപ്പറേറ്റീവ് ബാങ്ക് പ്രതിനിധികളും അഴീക്കോട് ഹൈസ്കൂൾ പിടിഎ ഭാര വാഹികളും ഇന്നലെ ഇഡിക്ക് മുമ്പിൽ ഹാജരായി. കെ എം ഷാജിക്ക് മലബാറിലെ സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്നും അവിഹിതമായി കോടികൾ സമ്പാദിച്ചിട്ടുണ്ടെന്നും ഉൾപ്പെടെയുള്ള ആക്ഷേപങ്ങളും ശക്തമായിട്ടുണ്ട്.

Eng­lish sum­ma­ry; k m sha­ji lat­est updation

You may also like this video;