മോഡിയെ പുകഴ്‌ത്തേണ്ടവര്‍ക്ക് ബിജെപിയിലേക്ക് പോകാം: കെ മുരളീധരന്‍

Web Desk
Posted on August 26, 2019, 5:00 pm

കോഴിക്കോട്: നരേന്ദ്ര മോഡിയെ പുകഴ്‌ത്തേണ്ടവര്‍ക്ക് ബിജെപിയിലേക്ക് പോകാമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എം പി. നരേന്ദ്ര മോഡിയ്ക്ക് അനുകൂലമായ പ്രസ്താവന കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയത് കേട്ടപ്പോള്‍ അത്ഭുതം തോന്നി. മോഡിയെ സ്തുതിക്കാനോ അദ്ദേഹത്തിന്റെ തെറ്റുകള്‍ മൂടി വെയ്ക്കാനോ കോണ്‍ഗ്രസ്സുകാര്‍ക്ക് സാധിക്കില്ലെന്ന് അദ്ദേഹം കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തിരുവനന്തപുരം എം പി ശശി തരൂര്‍, അഭിഷേക് സിംഘ്വി, ജയ്‌റാം രമേശ് എന്നീ നേതാക്കളാണ് മോഡി നല്ലത് ചെയ്യുമ്പോള്‍ അംഗീകരിക്കണമെന്ന പ്രസ്താവന നടത്തിയത്. മോഡി നല്ലത് ചെയ്യുമ്പോള്‍ അംഗീകരിച്ചാല്‍ മാത്രമേ മോശം കാര്യങ്ങളെ വിമര്‍ശിക്കുമ്പോള്‍ വില കിട്ടൂ എന്നായിരുന്നു ശശി തരൂരിന്റെ പ്രസ്താവന. പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജന, സ്വച്ഛ് ഭാരത് തുടങ്ങിയ പദ്ധതികള്‍ ജനങ്ങളെ ആകര്‍ഷിച്ചിട്ടുണ്ടെന്നും ഇത് മനസ്സിലാക്കാതെ മോഡിയെ അധിക്ഷേപിക്കുക മാത്രം ചെയ്തിട്ട് കാര്യമില്ലെന്നുമായിരുന്നു ജയ്‌റാം രമേശിന്റെ പ്രസ്താവന. സിംഘ്വിയും ജയ്‌റാം രമേശിനെ പിന്തുണയ്ക്കുകയായിരുന്നു.

കോണ്‍ഗ്രസ് ആരുടെയും കുടുംബ സ്വത്തല്ലെന്നും പാര്‍ട്ടി നേതൃത്വത്തെ അംഗീകരിക്കാത്തവര്‍ക്ക് പുറത്തു പോകാമെന്നും മുരളീധരന്‍ പറഞ്ഞു. തരൂരിന്റെ പ്രസ്താവനയെ എതിര്‍ത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് തന്നെ ആരും പഠിപ്പിക്കാന്‍ വരേണ്ടെന്ന് തരൂര്‍ പറഞ്ഞിരുന്നു. മോഡിയുടെ നല്ല കാര്യം കക്കൂസ് കെട്ടിയതല്ലേ? ആ കക്കൂസുകളില്‍ വെള്ളമില്ലെന്ന് പറഞ്ഞയാളാണ് ഇപ്പോള്‍ മോഡിയെ സ്തുതിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കകത്തിരുന്ന് ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ തരൂരിനെ ആരും അനുവദിക്കില്ല. കേസ് ഭയന്നിട്ടാണ് മോഡി സ്തുതിയെങ്കില്‍ കോടതിയില്‍ നേരിടണം. അടിയന്തിരാവസ്ഥയില്‍ പോലും ഇല്ലാതിരുന്ന വിലക്കാണ് രാഹുല്‍ ഗാന്ധി കശ്മീരില്‍ നേരിട്ടതെന്നും കെ മുരളീധരന്‍ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്രമോഡി ജനാധിപത്യത്തെ ഹീനമായി കശാപ്പ് ചെയ്തു കഴിഞ്ഞതായി മുരളീധരന്‍ പറഞ്ഞു. പി ചിദംബരത്തെ മതില്‍ ചാടിക്കടന്നാണ് അറസ്റ്റ് ചെയ്തത്. മോഡി വിരുദ്ധ നിലപാട് സ്വീകരിച്ചാണ് കേരളത്തിലെ 19 എംപിമാരും വോട്ട് വാങ്ങി ജയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഇതൊന്നും കോണ്‍ഗ്രസ്സിന്റെ അഭിപ്രായമല്ലെന്നും രാജ്യം സാമ്പത്തിക മാന്ദ്യത്തില്‍ വീണുകിടക്കുമ്പോള്‍ മോഡിയുടെ ഏത് നല്ല വശത്തെയാണ് പ്രകീര്‍ത്തിക്കേണ്ടതെന്നും ചോദിച്ച് കോണ്‍ഗ്രസ് വക്താവ് രംഗത്തെത്തിയിരുന്നു.

you may also like this video