‘ഉമ്മന്‍ചാണ്ടി മദ്യമാഫിയയുടെ ഏജന്‍റ്’; മുരളീധരന്‍റെ മുന്‍ പ്രസംഗങ്ങള്‍ കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ

Web Desk
Posted on March 20, 2019, 10:50 am

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കെ മുരളീധരന്‍ എംഎല്‍എയെ തീരുമാനിച്ചതോടെ അദ്ദേഹത്തിന്‍റെ പഴയ പ്രസംഗങ്ങളും മറ്റു നേതാക്കള്‍ പറഞ്ഞതും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് മുരളീധരന്‍റെ പഴയ പ്രസംഗങ്ങളെല്ലാം പ്രചരിപ്പിക്കുന്നതില്‍ ഏറെയും.

തെരഞ്ഞെടുപ്പില്‍ എംഎല്‍എ ആയ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ചുള്ള മുന്‍ നിലപാട് തന്നെയാണ് സോഷ്യല്‍മീഡിയയില്‍ ഏറ്റവുമധികം ചര്‍ച്ചയാകുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നിയമസഭാഗംങ്ങള്‍ മത്സരിക്കണ്ട എന്നാണ് കോണ്‍ഗ്രസിന്‍റെ തീരുമാനമെന്നായിരുന്നു മുരളീധരന്‍റെ മറുപടി. ആ സാഹചര്യത്തില്‍ ചോദ്യത്തിന് തന്നേ പ്രസക്തിയില്ലെന്നും മുരളീധരന്‍ പറയുന്നു. ‘പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിന്‍റെ തീരുമാനമാണ് എംഎല്‍എമാര്‍ മത്സരിക്കേണ്ട എന്നത്. അതനുസരിച്ച് തങ്ങള്‍ക്കൊക്കെ പ്രവര്‍ത്തിക്കേണ്ട ഇടങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. പ്രചരണത്തിന്റെ ചുമതലയാണ് എന്നെ ഏല്‍പ്പിച്ചിരിക്കുന്നത്’ മുരളീധരന്‍ പറഞ്ഞു.

20 സീറ്റില്‍ ആറ് എംഎല്‍എമാരെ മത്സരിപ്പിക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചതിനെയും മുരളീധരന്‍ വിമര്‍ശിച്ചിരുന്നു. ആ സീറ്റിലൊന്നും വേറെ ആളെക്കിട്ടാനില്ലേയെന്നും എല്‍ഡിഎഫിന് സ്ഥാനാര്‍ത്ഥി ക്ഷാമമാണെന്നും ഇതേ മുരളീധരന്‍ പൊതുവേദിയില്‍ പ്രസംഗിച്ചു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ കാസര്‍കോഡ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താനും മുരളീധരനും തമ്മിലുള്ള വൈരാഗ്യം കേരളം ഏറെ കണ്ടതാണ്. ഇരുവരും പലപ്പോഴും സഭ്യതയുടെ അതിര്‍വരമ്പുകളെല്ലാം ലംഘിച്ചുകൊണ്ടാണ് പരസ്പരം വെല്ലുവിളി നടത്തിയത്. ഉണ്ണിത്താനെതിരായ വിവാദമായ സദാചാര ആരോപണമടക്കം മുരളീധരന്‍ പരസ്യമായി ഉന്നയിച്ചിരുന്നു. താന്‍ കോണ്‍ഗ്രസിന് അപമാനമുണ്ടാക്കാനോ അനാശാസ്യത്തില്‍ പെടുകയോ ചെയ്തിട്ടില്ലെന്ന് മുരളീധരന്‍ ആഞ്ഞടിച്ചിരുന്നു. എന്നാല്‍ ഉണ്ണിത്താന്‍ മുരളീധരന് നല്‍കിയ മറുപടിയും കൂര്‍ത്തതായിരുന്നു. മുരളീധരന്‍ ആണായി ജനിച്ചത് ഭാഗ്യമാണെന്നും, പെണ്ണായി ജനിച്ചിരുന്നെങ്കില്‍ കേരളത്തിലെ അറിയിപ്പെടുന്ന വേശ്യയായി മാറിയേനേയെന്നും ഉണ്ണിത്താന്‍ പറഞ്ഞു. കേരളത്തിലെ ഒരു എംപിയും താനും കൂടി കെ കരുണാകരനെ കാണാന്‍ ചെന്നപ്പോള്‍, മേലാല്‍ മുരശീധരന്‍ ക്ലിഫ് ഹൗസില്‍ വരുമ്പോള്‍ ഒറ്റയ്ക്ക് വരാതെ ഭാര്യയുമായി മാത്രമേ വരാവൂ എന്ന് പറയണമെന്ന് പറഞ്ഞതായും ഉണ്ണിത്താന്‍ വെളിപ്പെടുത്തി. കൂടാതെ മുരളീധരനെക്കുറിച്ചൊരു പുസ്തകമെഴുതിയാല്‍ പുതിയൊരു കാമശാസ്ത്രം കൂടെ തയ്യാറാക്കേണ്ടി വരുമെന്നും ഉണ്ണിത്താന്‍ തുറന്നടിച്ചിട്ടുണ്ട്.

ഡിഐസി രൂപീകരണ സമയത്ത് മുരളീധരന്‍ ഉമ്മന്‍ചാണ്ടിയെക്കുറിച്ച് കരുണാകരനെ സാക്ഷിനിര്‍ത്തി പൊതുവേദിയില്‍ പറഞ്ഞതും ശ്രദ്ധേയമാണ്. ‘ഉമ്മന്‍ചാണ്ടീ, നിങ്ങള്‍ മദ്യമാഫിയയുടെ ഏജന്റാണ്. അത് പറഞ്ഞതിന്റെ പേരില്‍ പുറത്താക്കുന്നെങ്കില്‍ പുറത്താക്കട്ടെ. ഉമ്മന്‍ചാണ്ടീ, നിങ്ങള്‍ വിദ്യാര്‍ത്ഥികളെ കണ്ണീര് കുടിപ്പിച്ചവരാണ്, പാവപ്പെട്ട വികലാംഗരെ പെരുവഴിയിലേക്ക് ഇറക്കിവിട്ടവരാണ്, കള്ളക്കടത്തുകാരുടെയും കരിഞ്ചന്തക്കാരുടെയും ഏജന്റാണ്’ — മുരളീധരന്റെ പ്രസംഗം.

കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച സോളാര്‍ കേസിലും നേതാക്കള്‍ക്കെതിരെ മുരളീധരന്‍ തുറന്നടിച്ചിരുന്നു. രാത്രികാലങ്ങളിലൊക്കെ സരിതാ നായരുമായി എന്താണ് സംസാരിച്ചതെന്നതിനെക്കുറിച്ചുള്ള വ്യക്തമായ ചിത്രം പുറത്തുവരണമെന്നും, രാത്രി 12മണിക്ക് വിളിക്കുന്നത് കോണ്‍ഗ്രസ് ഭരണഘടന പഠിപ്പിക്കാനല്ലല്ലോ എന്നും മുരളീധരന്‍ ചോദിച്ചിരുന്നു.