Web Desk

യുഎഇ

February 03, 2020, 6:44 pm

ഇരുട്ടു കനക്കുന്ന കാലത്ത് വെളിച്ചമേകാന്‍ ഭാഷയും സംസ്‌കാരവും ശക്തിപ്പെടണം: കെ പി രാമനുണ്ണി

Janayugom Online

ഇരുട്ടു കനക്കുന്ന കാലത്ത് ഭാഷയേയും സംസ്‌കാരത്തേയും ശക്തിപ്പെടുത്തിക്കൊണ്ടുമാത്രമേ തെളിമയുള്ള നാളുകളെ സൃഷ്ടിക്കാനാകൂ എന്ന് മലയാളം മിഷന്‍ ഭരണസമിതി അംഗവും, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ കെ പി രാമനുണ്ണി അഭിപ്രായപ്പെട്ടു. മലയാളം മിഷന്‍ ഷാര്‍ജ മേഖല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാതൃഭാഷ മഹനീയമാകുന്നത് അതിനെ ഉള്ളുറപ്പോടെ സ്വീകരിക്കാന്‍ ഒരു ജനത തയ്യാറാകുമ്പോള്‍ ആണ്. എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം എന്ന ലക്ഷ്യം മലയാളം മിഷന്‍ മുന്നോട്ടുവെക്കുന്നത് ലോകത്തെമ്പാടുമുള്ള മലയാളികള്‍ മാതൃ നാടിനോടും, ഭാഷയോടും നിലനിര്‍ത്തുന്ന മമതയെ ചേര്‍ത്തുനിര്‍ത്താനാണ്. വിദേശരാജ്യങ്ങളില്‍ ഭാഷയും സംസ്‌കാരവും പരിപോഷിപ്പിക്കുന്നതില്‍ മലയാളികള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇതിന് വിദേശ മലയാളികളെ പ്രത്യേകം അഭിനന്ദിക്കുകയാണ്. മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വിദേശരാജ്യങ്ങളില്‍ ശക്തിപ്പെടുത്തുന്നതിന് വിദേശമലയാളികള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. യുഎഇയില്‍ ശ്ലാഘനീയമായ വിധത്തിലാണ് മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മലയാളം മിഷന്‍ ഷാര്‍ജ മേഖല പ്രവേശനോത്സവം വേറിട്ട ഒരു സാംസ്‌കാരിക ഉത്സവമായി മാറി. മേഖലയിലെ വിവിധ പഠന കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ അരങ്ങേറിയ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ഭാഷയുടെ തനിമയും തിളക്കവും വിളിച്ചറിയിക്കുന്നവയായിരുന്നു. നാനാത്വത്തിലെ ഏകത്വം കൊണ്ട് ഇന്ത്യ ഒരു മാതൃകാ രാഷ്ട്രമായി ചൈതന്യത്തോടെ നിലനില്‍ക്കുന്നു. അതിനെ ഊട്ടിയുറപ്പിക്കാന്‍ ജാതിക്കും മതത്തിനും അതീതമായി, വ്യത്യസ്ത ജാതികളുടേയും മതങ്ങളുടേയും സമഞ്ജസമായ സമ്മേളനവും സൗഹാര്‍ദ്ദവും നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത അറിയിച്ചുകൊണ്ട് ഭാഷയും സംസ്‌കാരവും കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ ഒരു ജനതയെ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത ഊന്നിക്കൊണ്ട് അരങ്ങേറിയ കലാപരിപാടികള്‍ ഒന്നിനൊന്ന് മികച്ചതായിരുന്നു. കലാപരിപാടികളില്‍ മികവ് തെളിയിച്ചു കൊണ്ട് അല്‍ ഇബ്തിസാമ സെന്ററിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ കാണികളുടെ പ്രശംസ പിടിച്ചു പറ്റി.

വിവിധ സെന്ററുകളില്‍ നിന്നും പഠിതാക്കള്‍ കൊണ്ടുവന്ന അക്ഷരങ്ങള്‍കൊണ്ട് അക്ഷരമരം അലങ്കരിച്ചു കൊണ്ടാണ് പ്രവേശനോത്സവത്തിന് തുടക്കം കുറിച്ചത്. അതിഥികളെ ഘോഷയാത്രയുടേയും അക്ഷരങ്ങളുടേയും അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ചു. മലയാള സാഹിത്യത്തിന്റെ ഓര്‍മ്മപ്പാതകളിലൂടെ കാണികളെ കൂട്ടിക്കൊണ്ടുപോകുന്ന സാഹിത്യ ചരിത്ര പ്രദര്‍ശനം, കേരളീയ പാരമ്പര്യത്തിന്റെ നേര്‍ചിത്രങ്ങള്‍ പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കി.

മലയാളം മിഷന്‍ വായനാദിനത്തോടനുബന്ധിച്ച് ആഗോള അടിസ്ഥാനത്തില്‍ നടത്തിയ വായനാക്കുറിപ്പ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ദുബായ് മേഖല മലയാളം മിഷന്‍ അധ്യാപിക രമണി ടീച്ചറെ ചടങ്ങില്‍ വെച്ച് അനുമോദിച്ചു. ഇതിന്റെ ഭാഗമായി ലഭിച്ച മുഴുവന്‍ തുകയും രമണി ടീച്ചര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മാതൃകയായി. ലോക കേരളസഭയോടനുബന്ധിച്ച് മലയാളം മിഷന്‍ ആഗോള അടിസ്ഥാനത്തില്‍ നടത്തിയ സാഹിത്യ മത്സരങ്ങളില്‍ വിജയിച്ച മലയാളം മിഷന്‍ റാസല്‍ഖൈമ മേഖലയിലെ റിജാന റിയാസ് (ചെറുകഥ ജൂനിയര്‍ വിഭാഗം മൂന്നാം സ്ഥാനം) യാസ്മിന്‍ ഹംസ (കവിതാരചന ജൂനിയര്‍ വിഭാഗം മൂന്നാം സ്ഥാനം) എന്നീ പ്രതിഭകളേയും, ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ മലയാളത്തില്‍ പുസ്തകം പ്രസിദ്ധീകരിച്ച ഷാര്‍ജ മേഖലയില്‍ താമസിക്കുന്ന എഴുത്തുകാരേയും ചടങ്ങില്‍ അനുമോദിച്ചു.

പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ പി ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു. മലയാളം മിഷന്‍ യു എ ഇ കോഡിനേറ്റര്‍ കെ എല്‍ ഗോപി സ്വാഗതമാശംസിച്ചു. എഴുത്തുകാരന്‍ കെ പി രാമനുണ്ണി ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.

ഗീത ഗോപി എംഎല്‍എ, ഇന്ത്യന്‍ അസോസിയേഷന്‍ ട്രഷറര്‍ കെ ബാലകൃഷ്ണന്‍, അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ശ്രീനാഥ് കാടഞ്ചേരി, നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ഒ.വി. മുസ്തഫ, സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി റവ. ഫാദര്‍ ജോര്‍ജ് കുര്യന്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍ ട്രഷറര്‍ ടി കെ അബ്ദുല്‍ ഹമീദ്, മുന്‍ മാനേജിങ് കമ്മിറ്റി അംഗം അജയകുമാര്‍ എന്നിവര്‍ ചടങ്ങിന് ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ശ്രീകുമാരി ആന്റണി കൃതജ്ഞത രേഖപ്പെടുത്തി.

ലോകത്തില്‍ 45 ല്‍ അധികം രാജ്യങ്ങളില്‍ ഇപ്പോള്‍ മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. മലയാളം മിഷന്‍ പഠിപ്പിക്കുന്ന നാലു കോഴ്‌സുകള്‍ പൂര്‍ത്തിയാകുന്നതോടെ മലയാളത്തില്‍ പത്താംക്ലാസിന് തുല്യമായ സര്‍ട്ടിഫിക്കറ്റാണ് ലഭിക്കുന്നത്. ഉപരിപഠനത്തിനും, സര്‍ക്കാര്‍ ഉദ്യോഗത്തിനും മലയാളം നിര്‍ബന്ധമായ സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് ഏറെ ഗുണകരമായ ഒരു സംവിധാനമാണ് മലയാളം മിഷന്‍ ഭാഷാ പഠന പദ്ധതി. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 052 5515236 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

k p rama­nun­ni inau­gu­rat­ed Malay­alam mission