കെപിഎസി രൂപം നൽകിയ രാഘവൻ മാസ്റ്റർ ഫൗണ്ടേഷൻ സംഗീതരംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഏർപ്പെടുത്തിയ ഈ വർഷത്തെ പുരസ്കാരം പ്രശസ്ത പിന്നണിഗായകൻ പി ജയചന്ദ്രന്. 50,000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. കവിയും ഗാനരചയിതാവുമായ പി കെ ഗോപി, സംഗീത നിരൂപകൻ രവി മേനോൻ, ഗായിക ലതിക എന്നിവ അടങ്ങിയ വിധി നിർണയ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. മലയാളചലച്ചിത്ര ഗാനരംഗത്ത് മനോഹരമായ അനേകം നിത്യഹരിത ഗാനങ്ങളിലൂടെ നിറസാന്നിധ്യമായ ഗായകനാണ് പി ജയചന്ദ്രൻ. കേരള പ്രകൃതിയുടെയും ജീവിത സംസ്കാരത്തിന്റെയും ഹൃദയമുദ്രകൾ പതിഞ്ഞ പാട്ടുകളിലൂടെ ആസ്വാദകരുടെ ആരാധനാപാത്രമായി മാറിയ പ്രതിഭാശാലിയാണ് അദ്ദേഹം. നിഷ്കളങ്കത തുളുമ്പുന്ന ലാവണ്യനുഭൂതിയാണ് ജയചന്ദ്രന്റെ ആലാപനം നമുക്ക് സമ്മാനിക്കുന്നത്. കവിത്വം ഊറിക്കൂട്ടുന്ന ഗാനാലാപന ശൈലിക്ക് ഉടമയായ ജയചന്ദ്രൻ നമ്മുടെയെല്ലാം അനുഭവ വികാരങ്ങളുടെയും കേൾവി ശീലങ്ങളുടെയും ഭാഗമായ സ്വര വിസ്മയമാണ്. സംഗീതത്തെ രംഗത്തെ കുലപതികളിൽ ഒരാളായ കെ രാഘവൻ മാസ്റ്ററുടെ പേരിൽ ഫൗണ്ടേഷൻ നൽകുന്ന മൂന്നാമത്തെ പുരസ്കാരം പി ജയചന്ദ്രന്റെ സർഗാത്മക ജീവിതത്തിന് സമർപ്പിക്കാൻ തിരഞ്ഞെടുത്തതിലെ ചാരിതാർത്ഥ്യം വിധി നിർണയ സമിതി അംഗങ്ങൾ പങ്കുവെച്ചു.
ശ്രീകുമാരൻ തമ്പി, വിദ്യാധരൻ മാസ്റ്റർ എന്നിവർക്കാണ് മുൻ വർഷങ്ങളിൽ പുരസ്കാരം ലഭിച്ചത്. നവംബർ അവസാനവാരം പി ജയചന്ദ്രന്റെ ജന്മനാടായ ഇരിങ്ങാലക്കുടയിൽ നടക്കുന്ന വിപുലമായ ചടങ്ങിൽ വച്ച് പുരസ്കാരം സമർപ്പിക്കും. രാഘവന്‍മാസ്റ്ററുടെ ഓർമ്മ ദിനമായ ഈ മാസം 19ന് കാലത്ത് 10 മണിക്ക് തലശ്ശേരിയിലെ രാഘവൻ മാസ്റ്ററുടെ പ്രതിമയിൽ പുഷ്പാര്‍ച്ചന നടത്തും. ഉച്ചയ്ക്ക് ശേഷം മാഹി മലയാള കലാ ഗ്രാമത്തിൽ ശിഷ്യരുടെ സംഗീതാർച്ചനയും അനുസ്മരണ സമ്മേളനവും സംഗീത കച്ചേരിയും ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ നടക്കും. വാർത്താസമ്മേളനത്തിൽ ഫൗണ്ടേഷൻ പ്രസിഡന്റ് വി ടി മുരളി, സെക്രട്ടറി ടി വി ബാലൻ, ട്രഷറർ എ പി കുഞ്ഞാമു, ജോ. സെക്രട്ടറി അനിൽമാരാത്ത്, മെമ്പർ പ്രൊഫ. ടി കെ രാമകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
English Summary: K Raghavan Master Award to singer P Jayachandran
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.