25 April 2024, Thursday

Related news

December 15, 2023
July 27, 2023
June 17, 2023
June 11, 2023
April 16, 2023
November 19, 2022
August 23, 2022
June 21, 2022
June 2, 2022
June 1, 2022

കെ റയില്‍ കല്ലിടുന്നത് സാമൂഹ്യാഘാത പഠനത്തിന് മാത്രം: എംഡി

Janayugom Webdesk
തിരുവനന്തപുരം
March 21, 2022 11:15 pm

കേരളത്തെ വൻ വികസനത്തിലേക്ക് നയിക്കേണ്ട സിൽവർലൈൻ പദ്ധതിയുടെ കല്ലിടൽ നടത്തുന്നത് ആരുടെയും ഭൂമിയോ മറ്റു വസ്തുവകകളോ കൈയ്യേറാനല്ലെന്ന് കെ റയിൽ എംഡി വി അജിത് കുമാർ.
റയിൽവേ ബോർഡിന്റെ അംഗീകാരശേഷം കേന്ദ്ര‑സംസ്ഥാന സർക്കാരുകളുടെ അനുമതിയോടെ മാത്രമേ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കൂ. കേന്ദ്ര സർക്കാരിന്റെ തത്വത്തിൽ അനുമതി ലഭിച്ച പദ്ധതിയുടെ സാമൂഹ്യാഘാത പഠനത്തിന് വേണ്ടിയുള്ള സ്വാഭാവിക നടപടി മാത്രമാണ് കല്ലിടൽ കൊണ്ട് ഉദ്ദേശിക്കുന്നത്. തൃപ്തികരമായ നഷ്ടപരിഹാരം നൽകിയ ശേഷമേ ആരിൽ നിന്നും ഒരിഞ്ച് ഭൂമി പോലും ഏറ്റെടുക്കൂ. എല്ലാ പദ്ധതികൾക്കും കല്ലിടൽ നടത്താൻ നിയമപരമായി അനുമതിയുണ്ട്. ഇതുമായി മുന്നോട്ടുപോകാൻ ഹൈക്കോടതിയും അനുവാദം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സാമൂഹ്യാഘാത പഠനം നടത്തിയാൽ മാത്രമേ ഭൂമി വിട്ടു നൽകുന്നവര്‍ക്കുള്ള അർഹമായ നഷ്ടപരിഹാരം സംബന്ധിച്ചും പാരിസ്ഥിതിക ആഘാതത്തെക്കുറിച്ചും പഠിക്കാനാകൂ. രണ്ട് മാസംകൊണ്ട് കല്ലിടൽ പൂർത്തിയാക്കി മൂന്ന് മാസത്തിനുള്ളിൽ പാരിസ്ഥിതിക പഠനം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
നഷ്ടപരിഹാര തുക മുൻകൂറായി നൽകിയും അനുവാദം വാങ്ങിയും മാത്രമേ ഉടമകളിൽ നിന്നും ഭൂമി ഏറ്റെടുക്കൂ. നഷ്ടപരിഹാര തുക പണമായി കൈപ്പറ്റുകയോ, കെ റയിലിൽ ബോണ്ടായി നിക്ഷേപിക്കുകയോ ചെയ്യാം. ഈ നിക്ഷേപത്തിന് മികച്ചരീതിയിലുള്ള പലിശ ഉറപ്പുവരുത്തും. പദ്ധതിക്ക് ഭൂമി വിട്ടു നൽകുമ്പോൾ അവശേഷിക്കുന്ന ഭൂമി ഉപയോഗ യോഗ്യമല്ലെങ്കിൽ അവയും നഷ്ടപരിഹാരതുക നൽകി ഏറ്റെടുക്കാൻ വ്യവസ്ഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സില്‍വര്‍ ലൈന്‍ കേന്ദ്ര നയങ്ങളുടെ അടിസ്ഥാനത്തില്‍

 

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാനമായ സിൽവർ ലൈൻ പദ്ധതി കേന്ദ്ര സർക്കാർ നയങ്ങൾക്കും നിർദേശങ്ങളുടെയും അടിസ്ഥാനത്തിലുള്ളതാണെന്ന് കെ റയിൽ എംഡി.
പദ്ധതിക്ക് തത്വത്തിൽ നൽകിയ അനുമതിയടക്കം ലഭ്യമാക്കിയത് കേന്ദ്ര സർക്കാരും റയിൽവേ ബോര്‍ഡുമാണ്. നാഷണൽ ഹൈവേ അതോറിറ്റി കേരളത്തിൽ നടത്തിയ വികസന മാതൃകയിൽ ഭൂമി ഏറ്റടുക്കുന്നതിനുള്ള എല്ലാ സഹായവും നൽകുന്നത് സംസ്ഥാന സർക്കാരാണ്. സിൽവർ ലൈൻ പദ്ധതി കേരള റയിൽ ഡവലപ്മെന്റ് കോർപറേഷന്റെ നേതൃത്വത്തിലുള്ള കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമാണെന്നും എംഡി പറഞ്ഞു.
പദ്ധതി പ്രവർത്തനങ്ങൾ തടസപ്പെടുത്തി ഒരു വർഷം വൈകിയാൽ 3,600 കോടിയുടെ അധികഭാരം കെ റയിലിന് ഉണ്ടാകും. പിഴുതുമാറ്റിയ സ്ഥലങ്ങളിൽ വീണ്ടും കല്ലിട്ട് നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: K Rail Lay­ing Stone for Social Impact Study Only: MD

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.