സിൽവർലൈനിന് അതിവേഗ ട്രെയിനുകൾക്ക് മാത്രമായുള്ള പാത (ഡെഡിക്കേറ്റഡ് സ്പീഡ് കോറിഡോർ) വേണമെന്നതിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് കെ റെയില്‍. അതേസമയം, റെയിൽവേ ഭൂമി കൈമാറുന്നതാണ് അനുമതിക്ക് തടസമെങ്കിൽ അലൈൻമെന്റിൽ മാറ്റം വരുത്താൻ തയ്യാറാണെന്നും കെ-റെയിൽ ദക്ഷിണ റെയിൽവേക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടുന്നു. അതിവേഗ ട്രെയിനുകൾക്ക് മാത്രമായുള്ള പാതയായി പരിഗണിക്കുമ്പോൾ ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക, പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവ പരിഹരിക്കാന്‍ സന്നദ്ധമാണെന്നും കെ റെയില്‍ വ്യക്തമാക്കി.
വന്ദേഭാരത് ട്രെയിനുകൾക്കു കൂടി സർവീസ് നടത്താൻ കഴിയുന്ന വിധം ബ്രോഡ്ഗേജിലേക്ക് പദ്ധതി മാറ്റുന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങളാണ് റെയിൽവേ മുന്നോട്ടുവച്ചത്. പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യങ്ങൾക്ക് കടക വിരുദ്ധമാണ് നിർദേശങ്ങൾ എന്നതാണ് കെ റെയിലിന്റെ നിലപാട്. സിൽവർ ലൈനിനായി റെയിൽവേ ബോർഡ് മുന്നോട്ടുവച്ച ബ്രോഡ്ഗേജ് നിർദേശങ്ങൾ ദീർഘവീക്ഷണമില്ലാത്തതാണെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ‘ഒട്ടും പ്രൊഫഷണിലസമില്ലാത്തതാണ് റെയിൽവേ ബോർഡ് കെ-റെയിലിനു നൽകിയ നിർദേശങ്ങൾ’ എന്നാണ് ഇ ശ്രീധരന്റെ വിലയിരുത്തൽ. ഈ അഭിപ്രായങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചിരുന്നു.
അതിവേഗ പാതകളിൽ പാസഞ്ചർ ട്രെയിനുകളും ചരക്കു ട്രെയിനുകളും ഓടിക്കുന്നത് അങ്ങേയറ്റം അപകടകരമാണെന്ന് ഇ ശ്രീധരൻ കത്തിൽ ചൂണ്ടിക്കാട്ടി. ഈ പാതയ്ക്ക് റെയിൽവേ സേഫ്റ്റി കമ്മിഷണറുടെ സർട്ടിഫിക്കേഷൻ കിട്ടില്ല. അതിവേഗ പാത എന്ന ലക്ഷ്യം നേടാന്‍ സാധിക്കില്ലെന്നും ഇ ശ്രീധരൻ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിന്റെ ഗതാഗത പ്രശ്നം പരിഹരിക്കാൻ അർധ അതിവേഗ റെയിൽപാത അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി മെട്രോമാന്‍ മുഖ്യമന്ത്രിക്കും കത്തയച്ചിട്ടുണ്ട്. ഏതു വിധത്തിലുള്ള ഹൈ സ്പീഡ് റെയിൽ ആണ് വേണ്ടത്, അത് എങ്ങനെയാണ് ഫണ്ട് ചെയ്യേണ്ടത് തുടങ്ങിയ നിർദേശങ്ങളും കത്തിലുണ്ട്. ഈ പദ്ധതി റെയിൽവേ മന്ത്രാലയത്തിനും ഇ ശ്രീധരൻ സമർപ്പിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.