Web Desk

തൊടുപുഴ

August 16, 2021, 10:24 pm

ആർഎസ്എസ് പ്രകടിപ്പിക്കുന്ന രാജ്യ സ്നേഹം പരിഹാസ്യം: കെ കെ ശിവരാമൻ

Janayugom Online

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കും വഹിക്കാതെ സ്വാതന്ത്യ്ര സമരത്തെ ഒറ്റു കൊടുത്ത ആർഎസ്എസ് പ്രകടിപ്പിക്കുന്ന രാജ്യ സ്നേഹം പരിഹാസ്യമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ പറഞ്ഞു. എഐവൈഎഫിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആസാദി സംഗമം തൊടുപുഴയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓഗസ്റ്റ് 14ന് ഒരു വിഭജനത്തിന്റെ ദുരന്ത സ്മൃ്തിയായി ആചരിക്കുമെന്ന പ്രധാന മന്ത്രിയുടെ പ്രഖ്യാപനം സ്വാതന്ത്ര്യ ദിനാഘോഷത്തെ അപകീർത്തിപ്പെടുത്താനും വീണ്ടും ജനങ്ങളെ വിഭജിക്കാനുമുള്ള നീക്കത്തിന്റെ ഭാഗമാണ്. ഇന്ത്യൻ ദേശീയ പതാകയെ ആർഎസ്എസുകാർ അംഗീകരിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം. മൂന്ന് തുണിക്കഷ്ണങ്ങൾ തുന്നി ചേർത്ത പതാകയെ അംഗീകരിക്കില്ലെന്നും ഇന്ത്യയുടെ ദേശീയ പതാക കാവിക്കൊടിയാക്കണമെന്നും പരസ്യമായി പറഞ്ഞവരാണ് ആർഎസ്എസുകാർ. ദ്വിരാഷ്ട്ര വാദം മുഹമ്മദാലി ജിന്നക്ക് മുമ്പേ ഉയർത്തിയത് ആർഎസ്എസുകാരാണ്.
ഈ ചരിത്ര യാഥാർത്ഥ്യങ്ങളെല്ലാം മറിച്ചു വെച്ചുകൊണ്ട് കമ്യൂണിസ്റ്റുകാരുടെ നേരെ കൊഞ്ഞനം കുത്തുന്ന ആർഎസ്എസ് ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുമെന്നും കെ കെ ശിവരാമൻ പറഞ്ഞു.
തൊടുപുഴയിൽ നടന്ന പരിപാടിയിൽ സിപിഐ സംസ്ഥാന കൗൺസിലംഗം കെ സലിംകുമാർ,താലൂക്ക് സെക്രട്ടറി പി പി ജോയി,താലൂക്ക് അസി.സെക്രട്ടറി പി ജി വിജയൻ,പി എസ് സുരേഷ്,മുഹമ്മദ് അഫ്സൽ,ഇ കെ അജിനാസ് തുടങ്ങിയവർ പങ്കെടുത്തു.
ആസാദി സംഗമം നെടുങ്കണ്ടത്ത് എഐവൈഎഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പ്രിന്‍സ് മാത്യു ഉദ്ഘാടനം ചെയ്തു. ഭയരഹിതമായി ഇന്ത്യയില്‍ സാധാരണ പൗരന് ജീവിക്കണമെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കപ്പെടണമെന്ന് അദ്ധേഹം പറഞ്ഞു. പാര്‍മെന്റിന്റെ അകത്ത് ജാനാധിപത്യ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പെഗസസ് പോലുള്ള ഏജന്‍സികളെ വെച്ച് ചാരവൃത്തി ചെയ്യുന്നത് രാജ്യത്തെ ജനങ്ങളുടെ അവകാശത്തിന്മേലുള്ള കടന്നു കയറ്റമാണെന്ന് പ്രിന്‍സ് മാത്യു ചൂണ്ടിക്കാട്ടി.
ഉടുമ്പന്‍ചോല മണ്ഡലം പ്രസിഡന്റ് സനീഷ് ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് പള്ളിയാടി സ്വാഗതവും സി എം വിന്‍സെന്റ് കൃതജ്ഞതയും പറഞ്ഞു. സിപിഐ ഉടമ്പന്‍ചോല മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എസ് മനോജ്, ബാലസംഘാംഗം അരാമിയാ മുതുകുന്നേല്‍ തുടങ്ങിയവര്‍ സംസാരിച്ചു. പുതിയതായി എഐഎൈഎഫിലേയ്ക്ക് വന്ന സനല്‍, നെബു എന്നിവരെ പതാക നല്‍കി എഐവൈഎഫിലേയ്ക്ക് നേതാക്കള്‍ സ്വീകരിച്ചു.
എഐവൈഎഫിന്റെ നേതൃത്വത്തിൽ കാളിയാറിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സിപിഐ സംസ്ഥാന കൺട്രോൾ കമ്മീഷനംഗം മാത്യൂ വർഗീസ് ഉദ്ഘാടനം ചെയ്തു. പ്ലസ്ടുവിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ മെമെന്റോ നല്കി ആദരിച്ചു.
എഐവൈഎഫ് അടിമാലി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആസാദി സംഗമം സംഘടിപ്പിച്ചു. എഐവൈഎഫ് ജില്ലാ സെക്രട്ടറി അഡ്വ. വി എസ് അഭിലാഷ് സംഗമം ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് അടിമാലി മണ്ഡലം പ്രസിഡന്റ് സന്തോഷ് വയലുംകര അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ ജോസ് കോനാട്ട് സന്ദേശം നൽകി. എഐവൈഎഫ് അടിമാലി മണ്ഡലം സെക്രട്ടറി ജെസ്റ്റിൻ കുളങ്ങര,സിപിഐ നേതാക്കളായ സി എ ഏലിയാസ്,വിനു സ്കറിയ,കെ എം ഷാജി,എൻ ഐ ബേബി എന്നിവർ സംസാരിച്ചു. സംഗമത്തിൽ സൗമ്യ അനിൽ,സനിത സജി, റിനേഷ് തങ്കച്ചൻ,അഖിൽ സി ഏലിയാസ്,ഹസ്സൻ എം പി,അലി സി എ എന്നിവർ പങ്കെടുത്തു.
പീരുമേട്ടിൽ വാഴൂർ സോമൻ എംഎൽഎ,കട്ടപ്പനയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്,ദേവികുളത്ത് സിപിഐ സംസ്ഥാന സമിതിയംഗം പി മുത്തുപാണ്ടി,ഏലപ്പാറയിൽ സംസ്ഥാന സമിതിയംഗം വി ആർ പ്രമോദ്,ശാന്തൻപാറയിൽ എഐവൈഎഫ് ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ.കെ ജെ ജോയ്സ് തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകി.