18 September 2024, Wednesday
KSFE Galaxy Chits Banner 2

കെ-സ്മാർട്ട് ഇന്നുമുതല്‍: കേരളം സ്മാര്‍ട്ട്

സ്വന്തം ലേഖകന്‍
തിരുവനന്തപുരം
January 1, 2024 8:53 am

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള സേവനങ്ങളെല്ലാം ഇനി ഓണ്‍ലൈനില്‍. ‍കെ-സ്മാർട്ട് (കേരള സൊല്യൂഷൻസ് ഫോർ മാനേജിങ് അഡ്മിനിസ്‌ട്രേറ്റീവ് റീഫർമേഷൻ ആന്റ് ട്രാൻസ്‌ഫർമേഷൻ) സേവനം ഇന്ന് നിലവിൽ വരും. കെ-സ്മാർട്ട് സോഫ്റ്റ്‍വേർ ആപ്ലിക്കേഷന്റെ ഔദ്യോഗിക ഉദ്ഘാടനം എറണാകുളം ഗോകുലം കൺവെൻഷൻ സെന്ററിൽ രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി എം ബി രാജേഷ് അധ്യക്ഷനാകും. കെ-സ്മാർട്ട് മൊബൈൽ ആപ്പ് വ്യവസായ മന്ത്രി പി രാജീവ് പുറത്തിറക്കും.

കെ-സ്മാർട്ട് നിലവിൽ വരുന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകും. മുൻസിപ്പൽ കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് ആദ്യഘട്ടത്തിൽ കെ-സ്മാർട്ട് വിന്യസിക്കുന്നത്. ഏപ്രിൽ ഒന്നിന് ഗ്രാമപഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. ഇതോടെ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമുള്ള സേവനങ്ങൾ സമയബന്ധിതമായി ഓഫിസുകളിൽ പോകാതെ തന്നെ പൊതുജനങ്ങൾക്ക് ലഭ്യമാകും.

തദ്ദേശ സ്വയംഭരണ വകുപ്പിനുവേണ്ടി ഇൻഫർമേഷൻ കേരള മിഷനാണ് കെ-സ്മാർട്ട് വികസിപ്പിച്ചത്. സേവനങ്ങൾക്കായുള്ള അപേക്ഷകളും പരാതികളും ഓൺലൈനായി സമർപ്പിക്കാനും അവയുടെ സ്റ്റാറ്റസ് ഓൺലൈനായി തന്നെ അറിയാനും സാധിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെയും സേവനങ്ങളെയും 35 മൊഡ്യൂളുകളായി തിരിച്ച് അവയെല്ലാം ഒറ്റ പ്ലാറ്റ്‌ഫോമിൽ ഓൺലൈനായി ലഭ്യമാകും. വെബ് പോർട്ടലിൽ സ്വന്തം ലോഗിൻ ഉപയോഗിച്ച് അതാത് മൊഡ്യൂളുകളിലെത്തി ആവശ്യമായ വിവരങ്ങൾ നൽകി സേവനം ഉപയോഗപ്പെടുത്താം.

സിവിൽ രജിസ്‌ട്രേഷൻ (ജനന-മരണ‑വിവാഹ രജിസ്‌ട്രേഷൻ), ബിസിനസ് ഫെസിലിറ്റേഷൻ (വ്യാപാരങ്ങൾക്കും വ്യവസായങ്ങൾക്കുമുള്ള ലൈസൻസുകൾ), വസ്തു നികുതി, ബിൽഡിങ് പെർമിഷൻ മൊഡ്യൂൾ, പൊതുജന പരിഹാരം തുടങ്ങി എട്ട് സേവനങ്ങളായിരിക്കും ആദ്യഘട്ടത്തിൽ കെ-സ്മാർട്ടിലൂടെ ലഭ്യമാവുക. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പ്രവാസികൾക്ക് നേരിട്ടെത്താതെ തന്നെ അതാത് തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ ലഭ്യമാവും. ഏറ്റവും വേഗത്തിൽ കെട്ടിട നിർമ്മാണ പെർമിറ്റുകൾ ലഭ്യമാകുമെന്നത് കെ-സ്മാർട്ടിന്റെ പ്രധാന സവിശേഷതയാണ്.

Eng­lish Sum­ma­ry: K‑Smart From Today: Ker­ala Smart
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.