8 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 29, 2024
October 6, 2024
October 1, 2024
September 6, 2024
August 3, 2024
July 22, 2024
June 19, 2024
March 18, 2024
February 29, 2024
February 11, 2024

കെ-സ്റ്റോറുകൾക്ക് ജനങ്ങൾക്കിടയിൽ വൻ സ്വീകാര്യത: മന്ത്രി ജി ആർ അനിൽ

ഓണത്തിന് മുൻപ് 1000 കെ സ്റ്റോറുകളെന്ന ലക്ഷ്യം കൈവരിച്ച് സർക്കാർ
Janayugom Webdesk
തിരുവനന്തപുരം
September 6, 2024 2:39 pm

സംസ്ഥാനത്തെ പൊതുവിതരണ ശൃംഖലയെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ, കൂടുതൽ സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കി ജനോപകാരപ്രദമാക്കി ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്നതാണ് കെ സ്റ്റോറുകളെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ പറഞ്ഞു. കെസ്റ്റോറുകൾക്ക് ഗ്രാമീണ ജനങ്ങൾക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചതെന്നും മന്ത്രി അറിയിച്ചു. ഓണത്തിന് മുൻപ് ആയിരം കെ സ്റ്റോറുകളെന്ന ലക്ഷ്യത്തിന്റെ പൂർത്തീകരണവും അമ്പൂരി ഗ്രാമപഞ്ചായത്തിലെ കൂട്ടപ്പൂവിൽ പ്രവർത്തിക്കുന്ന 46ാം നമ്പർ റേഷൻകടയെ കെസ്റ്റോറായി ഉയർത്തുന്ന ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 

രണ്ടാം ഇടതുപക്ഷ സർക്കാർ നിലവിൽ വന്നശേഷം ഭക്ഷ്യപൊതുവിതരണ വകുപ്പ് ആവിഷ്കരിച്ച് നടപ്പാക്കിയ നിരവധി നൂതന പദ്ധതികളിൽ പ്രധാനപ്പെട്ടതാണ് കേരളാ സ്റ്റോർ. അടുത്ത ഒരു വർഷത്തിനകം രണ്ടായിരം കെ സ്റ്റോറുകൾ സംസ്ഥാനത്ത് നടപ്പാക്കുമെന്നും പൊതുവിതരണരംഗത്ത് രാജ്യത്തിന് മാതൃകയായ കേരളത്തിന്റെ, റേഷൻ കടകളുടെ വൈവിധ്യവല്‍ക്കരണം ലക്ഷ്യമിട്ട് നടപ്പാക്കിയ കെ-സ്റ്റോർ പദ്ധതിയും മാതൃക സൃഷ്ടിക്കുമെന്നും മന്ത്രി അറിയിച്ചു.
സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് തയാറാക്കിയ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമാണ് ഓണത്തിന് മുൻപ് ആയിരം കെ സ്റ്റോറുകൾ എന്ന പദ്ധതി. കഴിഞ്ഞ 15 മാസത്തിനുള്ളിൽ കെ സ്റ്റോറുകളിലൂടെ വിവിധ സേവനങ്ങൾ വഴി 8.1 കോടി രൂപയുടെ വില്പനയാണ് നടന്നത്. 2023 ജൂണിലാണ് കെ സ്റ്റോർ പദ്ധതിക്ക് തുടക്കമാകുന്നത്. 

നിലവിൽ റേഷൻ കാർഡുകൾക്ക് ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങൾക്ക് പുറമേ ശബരി, മിൽമ ഉല്പന്നങ്ങളും അഞ്ച് കിലോ തൂക്കമുള്ള ഛോട്ടു ഗ്യാസ് സിലിണ്ടറുകളും കെ-സ്റ്റോറുകളിൽ ലഭിക്കും. ഇലക്ട്രിസിറ്റി ബിൽ, ടെലഫോൺ ബിൽ എന്നിവയുടെ അടവ്, പഞ്ചായത്ത് വില്ലേജ്-സപ്ലൈ ഓഫിസുകളിൽ നിന്നുള്ള ഓൺലൈൻ സേവനങ്ങൾ ഉൾപ്പെടെ 52 ഇനം സേവനങ്ങൾ, 10,000 രൂപ വരെയുള്ള ബാങ്കിങ് സൗകര്യങ്ങൾ എന്നിവയും കെ സ്റ്റോറിലുണ്ട്. കൂടാതെ വ്യവസായ, വാണിജ്യ വകുപ്പിന് കീഴിലുള്ള എംഎസ്എംഇ യൂണിറ്റുകളിൽ നിന്നുള്ള ഉല്പന്നങ്ങളും കെസ്റ്റോറുകൾ വഴി വിപണനം നടത്തുന്നുണ്ട്.
കൂട്ടപ്പൂവിൽ പ്രവർത്തനമാരംഭിച്ച കെ സ്റ്റോറിലെ ആദ്യ വില്പന മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. അമ്പൂരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സലാ രാജു അധ്യക്ഷയായിരുന്നു. വാർഡ് മെമ്പർ നിസാർ, ജില്ലാ സപ്ലൈ ഓഫിസർ അജിത്കുമാർ കെ, താലൂക്ക് സപ്ലൈ ഓഫിസർ അനിൽ കുമാർ ജെ എന്നിവരും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.