സുരേന്ദ്രൻ കുത്തനൂർ

തൃശൂർ

May 05, 2021, 9:21 pm

വോട്ട് കച്ചവടം; രാജിക്കൊരുങ്ങി കെ സുരേന്ദ്രൻ

Janayugom Online

ഇടതുമുന്നണിയെ തോൽപ്പിക്കാൻ യുഡിഎഫിന് വോട്ടു മറിച്ചുവെന്ന് സ്വന്തം സ്ഥാനാർത്ഥികളും നേതാക്കളും തുറന്നുപറഞ്ഞതോടെ ബിജെപി സംസ്ഥാന അധ്യക്ഷപദവി രാജിവയ്ക്കാനൊരുങ്ങി കെ സുരേന്ദ്രൻ. ഉണ്ടായിരുന്ന ഒരു സീറ്റ് നഷ്ടപ്പെട്ടതിനു പുറമേ തിരുവനന്തപുരം മുതൽ മഞ്ചേശ്വരം വരെയുള്ള മിക്ക മണ്ഡലങ്ങളിലും വോട്ട് കുറഞ്ഞത് യുഡിഎഫിന് മറിച്ചതുകൊണ്ടാണെന്ന് മുതിർന്ന നേതാക്കളുൾപ്പെടെ പരസ്യമായിപറഞ്ഞതോടെ നിൽക്കക്കള്ളിയില്ലാത്ത അവസ്ഥയിലാണ് സുരേന്ദ്രൻ രാജിക്കൊരുങ്ങുന്നത്. സുരേന്ദ്രനും കേന്ദ്ര സഹമന്ത്രി വി മുരളീധരനും ചേർന്ന കോക്കസാണ് പാർട്ടിയെ നശിപ്പിച്ചതെന്ന് തോൽവിയടഞ്ഞ ശോഭാ സുരേന്ദ്രൻ, സി കെ പത്മനാഭൻ എന്നിവർ കേന്ദ്രനേതൃത്വത്തിന് നേരിട്ട് പരാതി നൽകിയെന്നാണറിയുന്നത്.

പ്രധാനമന്ത്രിയും അമിത്ഷായും രാജ്നാഥ്സിങ്ങുമുൾപ്പെടെയുള്ള നേതാക്കൾ വന്നു കോടികൾ ഒഴുക്കി പ്രചരണം നടത്തിയിട്ടും കയ്യിലുണ്ടായിരുന്ന സീറ്റ് പോലും നിലനിർത്താൻ കഴിയാത്തത് സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പു കേടാണെന്ന് ദേശീയ നേതൃത്വത്തെ ബോധ്യപ്പെടുത്താൻ മുരളീധര വിരുദ്ധർക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ദേശീയ നേതൃത്വം ഒഴിവാക്കും മുമ്പ് സംസ്ഥാന അധ്യക്ഷ പദവി രാജിവയ്ക്കാനുള്ള സന്നദ്ധത കേന്ദ്ര നേതാക്കളെ സുരേന്ദ്രൻ അറിയിച്ചു. വി മുരളീധരനും കെ സുരേന്ദ്രനും ഏകപക്ഷീയമായി നീങ്ങിയെന്ന പരാതിയാണ് അണികൾക്കും മറുവിഭാഗം നേതാക്കൾക്കുമുള്ളത്.

പന്ത്രണ്ട് സീറ്റ് വരെ ജയിക്കുമെന്ന് കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയ സംസ്ഥാന നേതൃത്വത്തെ ഉടച്ചുവാർക്കണമെന്ന ആവശ്യമാണുയർന്നത്. സുരേന്ദ്രൻ പ്രസിഡന്റായ ശേഷം ബിജെപിക്കുള്ളിൽ അസംതൃപ്തരുടെ വലിയ നിര തന്നെയുണ്ട്. ശോഭാ സുരേന്ദ്രൻ, കെ പി ശ്രീശൻ, പി എം വേലായുധൻ, നസീർ ബാഹുലേയൻ, ജെ ആർ പത്മകുമാർ തുടങ്ങിയവർ അതൃപ്തരാണ്. സംസ്ഥാനത്ത് ബിജെപി വോട്ട് വിഹിതത്തിൽ വലിയ നഷ്ടമാണ് സംഭവിച്ചത്. തിരുവനന്തപുരം ജില്ലയിൽ 2016 ൽ 22.65 ശതമാനമുണ്ടായിരുന്ന വോട്ട് വിഹിതം 19.8 ആയി താണു. സിറ്റിങ് സീറ്റായ നേമം നഷ്ടമായതിനു പുറമെ ജില്ലയിലെ 14 മണ്ഡലത്തിൽ പത്തിലും വോട്ട് കുറഞ്ഞു. വർക്കല, നെടുമങ്ങാട്, വാമനപുരം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, നേമം, അരുവിക്കര, പാറശാല, കാട്ടാക്കട, കോവളം എന്നിവിടങ്ങളിലാണ് വോട്ട് കുറഞ്ഞത്. തൃശൂർ ജില്ലയിൽ എട്ട് മണ്ഡലങ്ങളിലും ബിജെപി വോട്ടു മറിഞ്ഞു.

എറണാകുളം ജില്ലയിലും വോട്ട് വില്പന നടന്നു. കൊല്ലത്ത് ചാത്തന്നൂരിൽ മാത്രം എൻഡിഎക്ക് വോട്ട് വർധിച്ചപ്പോൾ കുണ്ടറ, കരുനാഗപ്പള്ളി തുടങ്ങിയിടങ്ങളിൽ വൻതോതിൽ കുറഞ്ഞു. കണ്ണൂർ ജില്ലയിൽ പയ്യന്നൂർ, തളിപ്പറമ്പ്, ഇരിക്കൂർ, കണ്ണൂർ, മട്ടന്നൂർ മണ്ഡലങ്ങളിലാണ് വൻ ചോർച്ചയുണ്ടായത്.

eng­lish sum­ma­ry; k suren­dran statement

you may also like this video;