കേരളത്തിലെ മുഴുവൻ ആർട്സ് ആൻ്റ് സയൻസ് കോളേജുകളിൽ ഇൻ്റേണൽ അസസ്മെൻ്റിന് മിനിമം മാർക്ക് വേണം എന്ന ഉപാധി നീക്കാൻ സർവ്വകലാശാലകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീൽ . എസ് ശർമ എം എൽ എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വൈപ്പിൻ ഗവ. ആർട്സ് ആൻ്റ് സയൻസ് കോളേജിൻ്റെ പുതിയ അക്കാദമിക് ബ്ലോക്കിൻ്റെയും ഓഫീസിൻ്റെയും നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ രംഗത്ത് ക്രിയാത്മക ഇടപെടലുകൾ നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കോളേജ് യൂണിയൻ ഭാരവാഹിത്തത്തിൽ പെൺകുട്ടികൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തും.
കൂടാതെ കോളേജുകളിലെ അദ്ധ്യാപന സമയം രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1.30 വരെയാക്കി പുനക്രമീകരിക്കാനും വേണ്ട നടപടി സ്വീകരിക്കും. സർവ്വകലാശാലകൾ ഏകീകൃത രീതിയിൽ പ്രവർത്തിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പൊതുജനങ്ങൾക്കിടയിൽ ഐക്യവും മതസൗഹാർദ്ദവും നിലനിർത്താൻ എല്ലാ വിഭാഗക്കാരും സഹകരിക്കാനുള്ള അവസരം വർദ്ധിക്കണം. ഇതിൻ്റെ ഭാഗമായാണ് സർക്കാർ പൊതുവിദ്യാഭ്യാസ രംഗത്ത് സൗകര്യങ്ങൾ വർദ്ധിപ്പിച്ചത്. ഈ അദ്ധ്യയന വർഷവും ബിരുദം — ബിരുദാനന്തര ബിരുദം ക്ലാസ്സുകൾ ജൂണിൽ തന്നെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2017ൽ എളങ്കുന്നപ്പുഴയിൽ പ്രവർത്തനം ആരംഭിച്ച കോളേജിൽ നിലവിൽ ബിഎ, ബി എസ് സി, ബി.കോം കോഴ്സുകളാണുള്ളത്. 2017 ലാണ് പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം നിർമ്മാണ പ്രവർത്തനം ആരംഭിച്ചത്. എസ്. ശർമ എം എൽ എ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഇടപ്പള്ളി , വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാരായ എം.ആർ ആൻ്റണി, ഡോ. കെ. കെ. ജോഷി, എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ഉണ്ണികൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം റോസ് മേരി ലോറൻസ്, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലില്ലി ആൽബർട്ട് , എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രസികല പ്രിയ രാജ്, മാത്യു ലിഞ്ചൻ റോയ്, മഹാരാജാസ് കോളേജ് പ്രിൻസിപ്പാളും എളംങ്കുന്നപ്പുഴ ഗവ. കോളേജ് മുൻ സ്പെഷ്യൽ ഓഫീസർ ഡോ. കെ. ജയകുമാർ, പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ സുജ സൂസൻ മാത്യു , എളങ്കുന്നപ്പുഴ ഗവ. കോളേജ് സ്പെഷ്യൽ ഓഫീസർ മേരി ബെസ്സി തോമസ്, പി ടി എ വൈസ് പ്രസിഡൻ്റ് ഗിരിജ ബിനിൽ തുടങ്ങിയവർ സംസാരിച്ചു.
English Summary: k t jaleel commented on Minimum mark for internal assessment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.