ഉണർന്ന് മുന്നേറുന്ന സർവ്വകലാശാലകൾ

Web Desk
Posted on October 26, 2019, 11:09 pm

K T Jaleel janayugomഡോ. കെ ടി ജലീൽ
(ഉന്നതവിദ്യാഭ്യാസ, ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി)

വിദ്യാഭ്യാസമാണ് വികസനത്തിന്റെയും സ്ഥിരതയുടെയും അടിസ്ഥാനമെന്ന തിരിച്ചറിവോടെ എൽഡിഎഫ്, സർക്കാർ അധികാരത്തിൽ വന്നതുമുതൽ വിദ്യാഭ്യാസ മേഖലയ്ക്ക് അഭൂതപൂർവ്വമായ പ്രാധാന്യവും പിന്തുണയുമാണ് നൽകിവരുന്നത്. പൊതുവിദ്യാഭ്യാസ മേഖലയിൽ കേരളം ഇന്ന് രാജ്യത്തിനാകെ മാതൃകയാണ്. ലോകനിലവാരത്തിലുള്ള നിരവധി സ്കൂളുകൾ ഈ കാലയളവിൽ സംസ്ഥാനത്തുണ്ടായി. തകർച്ചയുടെ പടുകുഴിയിൽ വീണുകിടന്നിരുന്ന പൊതുവിദ്യാലയങ്ങൾ ഉണർവിന്റെ പാതയിലാണ്. ഉന്നതവിദ്യാഭ്യാസ രംഗത്ത് ഗുണമേന്മ ഉറപ്പാക്കുകയും പൊതുവിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങൾ ഈ മേഖലയിലും ആവർത്തിക്കണമെന്ന ലക്ഷ്യത്തോടെയുമാണ് കേരള സർക്കാർ ഉന്നതവിദ്യാഭ്യാസത്തിനു മാത്രമായി ഒരു പ്രത്യേക മന്ത്രാലയം രൂപീകരിക്കുന്നതിന് തീരുമാനമെടുത്തത്. പ്രവർത്തനം ആരംഭിച്ച് ഒരു വർഷം തികയുന്ന ഉന്നതവിദ്യാഭ്യാസ വകുപ്പ് വിദ്യാർഥി ക്ഷേമത്തിലും നീതി ബോധത്തിലും ഊന്നിയ പ്രവർത്തനങ്ങളിലൂടെ മുന്നോട്ട് കുതിക്കുകയാണ്. ദേശീയ അന്തർദേശീയ നിലവാരത്തിലുള്ള സർവ്വകലാശാലകളും കോളജുകളും സംസ്ഥാനത്തുണ്ടാകണമെന്നും. അദ്ധ്യാപന-അദ്ധ്യയന മേഖലകൾ ഉയർന്ന അക്കാദമിക് കീഴ്വഴക്കങ്ങളുടെ പേരിൽ അറിയപ്പെടണമെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടു വച്ച കാഴ്ചപ്പാടുകൾക്കനുസൃതമായിട്ടാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പദ്ധതികൾ ആവിഷ്കരിച്ച് മുന്നോട്ട് പോകുന്നത്.

ആദ്യഘട്ടമെന്ന നിലയിൽ ഉന്നതവിദ്യാഭ്യാസരംഗത്തെ നെടുംതുണുകളായ സർവ്വകലാശാലകളുടെ ഭരണരംഗം ക്രമപ്പെടുത്തുന്നതിലും അടിസ്ഥാനസൗകര്യ വികസനത്തിലുമാണ് വകുപ്പ് ശ്രദ്ധയൂന്നിയത്. സർവ്വകലാശാലകളിലെ സ്റ്റാറ്റ്യൂട്ടറി ഓഫീസർമാരുടെ സേവന കാലാവധി രാജ്യത്തെ മികച്ച സർവ്വകലാശാലകളിലേതിന് സമാനമായി നാല് വർഷമായി നിജപ്പെടുത്തിക്കൊണ്ട് ഓർഡിനൻസ് പുറപ്പെടുവിച്ചു കൊണ്ടായിരുന്നു മാറ്റത്തിന്റെ തുടക്കം. മുൻകാലങ്ങളിൽ വൈസ് ചാൻസലർ നിയമനങ്ങൾ ജാതിമതാടിസ്ഥാനത്തിൽ വീതം വച്ചിരുന്ന സ്ഥിതിവിശേഷ മാണുണ്ടായിരുന്നത്. ഇതുമായി ബന്ധപ്പെട്ട് വലിയ ആരോപണങ്ങളാണ് പലപ്പോഴും ഉയർന്നുകേട്ടിരുന്നത്. ഇത്തരത്തിൽ നിയമിക്കപ്പെട്ട പദവിക്ക് അനുയോജ്യരല്ലാത്ത വൈസ്ചാൻസലർമാരും സർവ്വകലാശാലകളുടെ ഭരണ നിർവ്വഹണ വിഭാഗവുമായും അക്കാദമിക് സമിതികളുമായും നിരന്തരമെന്നോണം ഉണ്ടായിക്കൊണ്ടിരുന്ന കലഹങ്ങൾ സർവ്വകലാശാലകളുടെ ശോഭകെടുത്തിയിരുന്നു. അക്കാലത്ത് സർവ്വകലാശാലകളിലെ അക്കാദമിക ഗവേഷണപ്രവർത്തനങ്ങൾ പൂർണ്ണമായും സ്തംഭനാവസ്ഥയിലുമായിരുന്നു. പ്രസ്തുത കാലയളവിൽ നിയമിതനായ ഒരു വൈസ്ചാൻസലറെ ചാൻസലറായ ഗവർണർതന്നെ ആ സ്ഥാനത്തിന് യോഗ്യനല്ലായെന്ന് കണ്ട് പുറത്താക്കുന്ന സ്ഥിതിവിശേഷവുമുണ്ടായിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ 5 സർവ്വകലാശാലകളിൽ വൈസ് ചാൻസലർമാരായി അക്കാദമിക് രംഗത്തെ പ്രഗൽഭരും പണ്ഡിതരുമായവരെ കണ്ടെത്തി നിയമിച്ചു. ക്ലാസ‍്മുറികളിൽ നിന്നും വിദ്യാർഥികളിൽ നിന്നും അകന്നുനിൽക്കാൻ കഴിയാത്ത, അറിവുൽപാദനത്തിൽ നേരിട്ട് പങ്കാളികളാകുന്ന വൈസ്ചാൻസലർമാർ ഇപ്പോൾ നമുക്കുണ്ട് എന്ന് അഭിമാനപൂർവ്വം പറയാൻ സാധിക്കും. അക്കാദമിക രംഗത്തെ കൂടുതൽ ചലനാത്മകമാക്കുക എന്ന ലക്ഷ്യത്തോടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരു അക്കാദമിക് മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിന് നാന്ദികുറിച്ചു. ഇതോടൊപ്പം തന്നെ സർവ്വകലാശാലകളിൽ സിലബസ് പരിഷ്കരണവും ആരംഭിച്ചിട്ടുണ്ട്. മലയാളം സർവ്വകലാശാലയ്ക്കായി ഭൂമിയേറ്റെടുത്തു. സാങ്കേതിക സർവ്വകലാശാലയ്ക്കുള്ള ഭൂമിയേറ്റെടുക്കൽ നടപടികൾ ആരംഭിച്ചുകഴിഞ്ഞു. സംസ്ഥാന ഓപ്പൺ സർവ്വകലാശാല സ്ഥാപിക്കുന്നതിനുള്ള നടപിടക്രമങ്ങളും പൂർത്തിയായിക്കഴിഞ്ഞു.

മുൻകാലങ്ങളിൽ ഓരോ സർവ്വകലാശാലകളിലും വ്യത്യസ്ത തീയതിയിൽ ആരംഭിച്ചിരുന്ന ഒന്നാം വർഷ ബിരുദ, ബിരുദാനന്തരബിരുദ ക്ലാസുകൾ ഈ വർഷം ഏകീകൃത തീയതികളിൽ യഥാക്രമം ജുൺ‑24 നും ജുൺ‑17 നും ആരംഭിച്ചു. മുൻവർഷങ്ങളിൽ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ആരംഭിച്ച ബിരുദാനന്തരബിരുദ ക്ലാസുകൾ ജുൺ മാസം ആരംഭിക്കുവാൻ കഴിഞ്ഞുവെന്നത് ചരിത്ര നേട്ടമാണ്. ഒക്ടോബർ, നവംബർ മാസങ്ങളിൽ ആരംഭിച്ചിരുന്ന ഒന്നാം വർഷ എൽഎൽബി ക്ലാസുകൾ ജുലൈ 29 നും ഒന്നാം വർഷ എന്‍ജിനീയറിംഗ് ക്ലാസുകൾ ജുലൈ-15 നും ആരംഭിച്ചു. ഇതിന്റെയെല്ലാം ഫലമായി എല്ലാ കോഴ്സുകളിലും ഓരോ സെമസ്റ്ററിലും 90 പ്രവൃത്തി ദിനങ്ങൾ ഉറപ്പാക്കാൻ സാധിച്ചു.

ബിരുദ പ്രോഗ്രാമുകളുടെ അവസാന വർഷ പരീക്ഷാ ഫലം ഏപ്രിൽ 30 നകവും അവസാനവർഷ ബിരുദാനന്തരബിരുദ പരീക്ഷാഫലം മെയ് 31 നകവും പ്രസിദ്ധീകരിക്കണമെന്ന നിർദ്ദേശവും സർവ്വകലാശാലകള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. മുൻകാലങ്ങളിൽ സെപ്റ്റംബർ-ഒക്ടോബർ മാസം വരെ നീണ്ടുപോയ ഫലപ്രഖ്യാപനങ്ങളാണ് ഏപ്രിൽ‑മെയ് മാസങ്ങളിലേക്കെത്തിയ്ക്കാൻ കഴിഞ്ഞത്.
സർവ്വകലാശാലകൾ വിദ്യാർഥികൾക്ക് നൽകുന്ന സേവനങ്ങളെല്ലാം ഓൺലൈനിൽ ലഭ്യമാക്കുവാനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിലാണ് പുരോഗമിക്കുന്നത്. മൈഗ്രേഷൻ സർട്ടിഫിക്കറ്റ്, എലിജിബിലിറ്റി സർട്ടിഫിക്കറ്റ്, കോളജ് മാറ്റം, കൺഡോണേഷൻ, തുല്യതാസർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റുകൾ, ഹാൾ ടിക്കറ്റ്, പ്രൊവിഷണൽ സർട്ടിഫിക്കറ്റുകൾ എന്നിവയെല്ലാം മിക്ക സർവ്വകലാശാലകളും ഓൺലൈനിൽ ലഭ്യമാക്കിക്കഴിഞ്ഞു. സർവ്വകലാശാലാ ബിരുദങ്ങളുടെ തുല്യതയും അംഗീകാരവും സംബന്ധിച്ച് വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും ഗുണകരമായ രീതിയിൽ ചട്ടങ്ങൾക്ക് രൂപം നൽകി. കേരളത്തിലെ സർവ്വകലാശാലകൾ നൽകുന്ന ബിരുദങ്ങൾ പരസ്പരം അംഗീകരിക്കാത്ത സാഹചര്യം അവസാനിപ്പിച്ച് ദേശീയ പ്രാധാന്യമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ, യൂജിസി അംഗീകാരമുള്ള സർവ്വകലാശാലകൾ എന്നിവ നൽകുന്ന ബിരുദങ്ങൾ

കേരളത്തിലെ സർവ്വകലാശാലകളും തൊഴിൽ ദാതാക്കളും ഇക്വലൻസി സർട്ടിഫിക്കറ്റ് ഇല്ലാതെതന്നെ അംഗീകരിക്കണമെന്നും നിർദ്ദേശിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. സർവ്വകലാശാലകളിലെ പരീക്ഷാനടത്തിപ്പും ഫലപ്രഖ്യാപനവുമുൾപ്പെടെയുള്ള അക്കാദമിക പ്രവർത്തനങ്ങളും ഭരണപരമായ മറ്റു പ്രവർത്തനങ്ങളും കാര്യക്ഷമമാക്കുന്നതിന് തദ്വാരാ കഴിഞ്ഞിട്ടുണ്ട്.
വിവിധ പദ്ധതികളിലായി സർവ്വകലാശാലകൾ, കോളജുകൾ എന്നിവിടങ്ങളിലെ അടിസ്ഥാന വികസനത്തിനായുള്ള റൂസ പദ്ധതി ഒന്നാം ഘട്ടത്തിന് 194 കോടി രൂപയും രണ്ടാം ഘട്ടത്തിന് 374 കോടി രൂപയും അനുവദിക്കപ്പെട്ടു. ഈ തുകകളുടെ 40% സംസ്ഥാന സർക്കാർ വിഹിതമാണ്. കിഫ്ബിയിൽ ഉൾപ്പെടുത്തി 5 പൈതൃകകോളജുകൾ മെച്ചപ്പെടുത്തി. കുസാറ്റിന് കിഫ്ബി വഴി 240 കോടി രൂപയുടെ ധന സഹായമാണ് അനുവദിക്കപ്പെട്ടത്. മറ്റ് സർവ്വകലാശാലകൾക്കും കിഫ്ബിഫണ്ട് ലഭ്യമാക്കുന്നതിനുള്ള നടപടികൾ പൂർത്തിയായിക്കഴിഞ്ഞു. എന്‍ജിനീയറിംഗ് കോളജുകൾ ആർട്സ് ആന്റ് സയൻസ് കോളജുകൾ പോളിടെക്നിക് കോളജുകൾ എന്നിവയ്ക്കായി നിരവധി പദ്ധതികൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. കോളജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ സ്ഥാപനങ്ങളുടെയും ഉടമാവകാശരേഖകൾ സമാഹരിക്കുന്നതിനായി ഒരു പ്രോപ്പർട്ടി മാനേജ്മെന്റ് സെൽ രൂപീകരിച്ചു. സ്വന്തമായി കെട്ടിടമില്ലാത്ത എല്ലാ ഗവ. കോളജുകൾക്കും സ്ഥലം വാങ്ങുന്നതിനും കെട്ടിടം നിർമ്മിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. സർവ്വകലാശാലകളിൽ 2198 അസിസ്റ്റന്റ്, 825 കമ്പ്യൂട്ടർ അസിസ്റ്റന്റ് നിയമനങ്ങൾ നടത്തി. സർക്കാർ എന്‍ജിനീയറിംഗ്, പോളിടെക്നിക് കോളജുകളിലായി 497 അധ്യാപക തസ്തികകളിലേയ്ക്കും ആർട്സ് ആന്റ് സയൻസ് കോളജുകളിൽ 692 അധ്യാപക തസ്തികകളിലേയ്ക്കും 507 അനധ്യാപക തസ്തികകളിലേയ്ക്കും നിയമനങ്ങൾ പൂർത്തിയാക്കി. എയ്ഡഡ് കോളജുകളിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്തു അനുവദിച്ച കോഴ്സുകളിൽ ആവശ്യത്തിന് അധ്യാപക തസ്തികകൾ സൃഷ്ടിച്ചിരുന്നില്ല. ഈ സർക്കാർ പ്രസ്തുത കോഴ്സുകളുടെ നടത്തിപ്പിനാവശ്യമായ അധ്യാപകരുടെ ജോലിഭാരം കണക്കാക്കി എഴുന്നൂറോളം പുതിയ തസ്തികകൾ അനുവദിക്കുന്നതിന് തയാറെടുക്കുകയാണ്. സർവ്വകലാശാലകളിലും ഒഴിഞ്ഞു കിടക്കുന്ന അധ്യാപക തസ്തികകൾ നികത്തുന്നതിനുള്ള നടപടികൾ ഉടൻ പൂർത്തീകരിക്കും. സർവകലാശാലകളിൽ മുടങ്ങിക്കിടക്കുന്ന ചട്ടങ്ങളുടെ നിർമ്മാണപ്രക്രിയ അന്തിമഘട്ടത്തിലാണ്.

2019–20 അധ്യയനവർഷം അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കിയ സ്വാശ്രയകോളജുകളിൽ ഓരോ യൂ ജി അല്ലെങ്കിൽ പി ജി പ്രോഗ്രാം വീതം അനുവദിച്ചു കൊണ്ട് ഉത്തരവ് പുറത്തിറക്കി. ഇതോടൊപ്പം സർക്കാർ/എയ്ഡഡ് കോളജുകളിലെ നിലവിലുള്ള കോഴ്സുകളിൽ നിയമാനുസൃതവർദ്ധനവും ഉറപ്പുവരുത്തി.
കേരളത്തിൽ ആദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് എന്‍ജിനീയറിംഗ്, ബാച്ചിലർ ഇൻ ഡിസൈനിംഗ് എന്നിവയിൽ ബിരുദ‑ബിരുദാനന്തര പഠനം ആരംഭിക്കാനായതും പ്രത്യേകം പ്രസ്താവ്യമാണ്. സർക്കാരിന് സാമ്പത്തിക ബാദ്ധ്യത വരാത്ത അക്കാദമിക വിദേശയാത്രകൾക്ക് അധ്യാപകർ ഗവൺമെന്റിന്റെ മുൻകൂട്ടിയുള്ള അനുവാദം വാങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചതും, പത്ത് വർഷമായി മുടങ്ങിക്കിടന്നിരുന്ന എഞ്ചിനീയറിംഗ് കോളജ് അധ്യാപകരുടെ പ്രൊമോഷനും പ്ലേസ്മെന്റും യാഥാർഥ്യമാക്കിയതും ആർട്സ് ആന്റ് സയൻസ് കോളജുകളിലെ അധ്യാപകരുടെ വർഷങ്ങളായി മുടങ്ങിക്കിടന്ന പ്ലേസ്മെന്റ് നൽകാനായതും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്. എന്‍ജിനീയറിംഗ് വിദ്യാർഥികൾക്ക് അസാപിന്റെ നേതൃത്വത്തിൽ വിവിധ വ്യവസായസ്ഥാപനങ്ങളിലും തദ്ദേശസ്ഥാപനങ്ങളിലും ഇന്റേൺഷിപ്പ് ചെയ്യാൻ പ്രത്യേക സംവിധാനം ഒരുക്കാനുള്ള നടപടികൾ പൂർത്തിയായിക്കഴിഞ്ഞു. ഇന്ത്യയിലെ ഏറ്റവും നല്ല ഒരു ഹയർ എഡ്യുക്കേഷൻ ഹബ്ബായി കേരളത്തെ മാറ്റാൻ സാധിക്കുമെന്ന ശുഭാപ്തിവിശ്വാസം സർക്കാരിനുണ്ട്.

ഈ മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയാത്തവരാണ് സർവ്വകലാശാലകൾക്കെതിരെയും വ്യക്തിപരമായി എനിക്കെതിരെയും ദുരാരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. മൂല്യനിർണ്ണയത്തിൽ പങ്കെടുക്കാത്ത അധ്യാപകരുടെ ശമ്പളം എഴുതേണ്ടതില്ലെന്ന് ഉത്തരവിറക്കുകയും മൂല്യനിർണ്ണയത്തിൽ പിഴവ് വരുത്തുന്ന അധ്യാപകർക്ക് കനത്ത പിഴ ചുമത്തുകയും ചെയ്ത് സർക്കാർ നടത്തുന്ന ക്രിയാത്മക ഇടപെടലുകൾ പലർക്കും ഇഷ്ടപ്പെടുന്നില്ലെന്നത് ഒരു വസ്തുതയാണ്. സർവ്വകലാശാലയിലെ ക്രിയാത്മകമായ മാറ്റങ്ങൾക്ക് നേതൃത്വപരമായ പങ്കല്ലാതെ മറ്റൊരുതരത്തിലുള്ള ഇടപെടലുകളും ഉന്നതവിദ്യാഭ്യാസവകുപ്പ് നടത്തിയിട്ടില്ല. മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നടന്നുവെന്നു പറയപ്പെടുന്ന പോസ്റ്റ് മോഡറേഷൻ അവരുടെ സിൻഡിക്കേറ്റാണ് തീരുമാനിച്ചത്. അല്ലാതെ അദാലത്തിലല്ല. അതിൽ മന്ത്രിയ്ക്കോ മന്ത്രിയുടെ ഓഫീസിനോ യാതൊരു പങ്കുമില്ല. 2012‑ൽ യുഡിഎഫ് കാലത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റും അതേവർഷം തന്നെ കുസാറ്റിലും സമാനമായ പോസ്റ്റ് മോഡറേഷൻ ബിടെക് കോഴ്സിന് നൽകിയിരുന്നു.
ശ്രീഹരിയെന്ന മിടുക്കനായ എന്‍ജിനീയറിംഗ് വിദ്യാർഥിയുടെ കാര്യത്തിലും വിജി എന്ന അനാഥ പെൺകുട്ടിയുടെ കാര്യത്തിലും ഒരു ഭരണാധികാരിയിൽ നിക്ഷിപ്തമായ ചുമതല മാത്രമാണ് നിർവ്വഹിച്ചത്. ദുരാരോപണങ്ങൾ ഉന്നയിച്ചും വ്യക്തിഹത്യ നടത്തിയും ഉന്നതവിദ്യാഭ്യാസ രംഗത്ത് തുടങ്ങിവെച്ച മാറ്റങ്ങളെ അട്ടിമറിയ്ക്കാൻ ലക്ഷ്യമിട്ടുള്ള പ്രചരണങ്ങൾ ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളയും.