പിഎസ്‌സി നടത്തുന്ന എൽപി,യുപി അധ്യാപക പരീക്ഷ എഴുതാനാകുമോയെന്ന ആശങ്കയിൽ ഉദ്യോഗാർത്ഥികൾ. ആറു വർഷത്തിനുശേഷം എൽ പി,യുപി സ്‌കൂൾ അധ്യാപക തസ്തികയിലേക്ക് പിഎസ്‌സി നടത്തുന്ന പരീക്ഷയിൽ ഉദ്യോഗാർത്ഥികളെ കുരുക്കിലാക്കിയിരിക്കുന്നത് പിഎസ്‌സിയുടെ പുതിയ നിബന്ധനയാണ്. പരീക്ഷ എഴുതാൻ ടിടിസി, ബിഎഡ് യോഗ്യതയ്ക്കു പുറമേ കെ ടെറ്റ് (കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) കൂടി പാസ്സായിരിക്കണമെന്നുള്ള നിബന്ധന വിജ്ഞാപനത്തിൽ പിഎസ്‌സി ഉൾപ്പെടുത്തിയതാണ് ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളെ ആശങ്കയിലാക്കിയിരിക്കുന്നത്.
അടുത്ത മാസം അഞ്ചിനാണ് എൽപി,യുപി അധ്യാപക തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി. ഫെബ്രുവരി പകുതിയോടെയാണ് കെ ടെറ്റ് യോഗ്യതാ പരീക്ഷ നടക്കുന്നത്. നിലവിൽ കെ ടെറ്റ് യോഗ്യത നേടാത്തവരെയും പിഎസ്‌സി പരീക്ഷ എഴുതാൻ അനുവദിക്കണമെന്നാണ് ഉദ്യോഗാർത്ഥികളുടെ പ്രധാന ആവശ്യം. എൽപി, യുപി ടെസ്റ്റ് നടക്കാൻ ഇനിയും മാസങ്ങളെടുക്കും. പരീക്ഷാഫലം, അഭിമുഖം, നിയമനം എന്നിവയ്ക്ക് വീണ്ടും കാലതാമസമെടുക്കും. ഈ കാലയളവിനുള്ളിൽ പുതുതായി കെ ടെറ്റ് എഴുതുന്നവർക്ക് യോഗ്യത തെളിയിക്കാനും സമയമുണ്ട്. അതു കൊണ്ട് തന്നെ പരീക്ഷാസമയത്ത് എന്നതിന് പകരം അഭിമുഖം നടത്തി നിയമനസമയത്ത് കെ ടെറ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന വിധത്തിൽ എങ്കിലും ഇളവ് അനുവദിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
എൽപി, യുപി അസിസ്റ്റന്റ് തസ്തികയിലേക്ക് ടിടിസി, ബിഎഡ് യോഗ്യതയ്ക്കു പുറമേ കെ ടെറ്റ് കൂടി നിർബന്ധമാക്കിക്കൊണ്ടുള്ള വിജ്ഞാപനം ഇതാദ്യമായിട്ടാണ് പിഎസ്‌സി പുറപ്പെടുവിക്കുന്നത്. നേരത്തെ ഇത് പിഎസ്‌സി ടെസ്റ്റിനു ശേഷം എഴുതിയെടുത്താലും മതിയായിരുന്നു. ഇപ്പോൾ അപേക്ഷയ്‌ക്കൊപ്പം കെ ടെറ്റ് യോഗ്യത കൂടി കാണിക്കണം.
2012 ലാണ് ആദ്യമായി കെ ടെറ്റ് യോഗ്യത പരീക്ഷ നടത്തിയത്. മറ്റു യോഗ്യതാ പരീക്ഷകളിൽ നിന്ന് വ്യത്യസ്തമായി ഏഴ് വർഷത്തെ കാലാവധി മാത്രമാണ് സർട്ടിഫിക്കറ്റിന് നൽകിയിട്ടുള്ളത്. ഏഴു വർഷം കഴിഞ്ഞാൽ വീണ്ടും യോഗ്യതാ പരീക്ഷ എഴുതണം. നിലവിൽ കെ ടെറ്റ് ഇല്ലാതെ സ്കൂളുകളിൽ പഠിപ്പിക്കുന്ന അധ്യാപകർക്ക് യോഗ്യത തെളിയിക്കാൻ 2021 വരെ സമയം നൽകിയിട്ടുണ്ട്. മറ്റ് അധ്യാപക യോഗ്യതാ ടെസ്റ്റുകളായ സെറ്റ്, നെറ്റ് എന്നിവ വിജയിക്കാൻ 50 ശതമാനം മാർക്ക് മതിയെങ്കിൽ കെ ടെറ്റിന് 60 ശതമാനം വേണം.
ഫെബ്രുവരിയിൽ നടക്കുന്ന കെ ടെറ്റ് ഫലം ഏപ്രിലിൽ പ്രസിദ്ധീകരിക്കും. നവംബറിൽ വന്ന കെടെറ്റ് പരീക്ഷാഫലത്തിൽ നേരിയ മാർക്കിന് പരാജയപ്പെട്ടവർക്കും വീണ്ടും ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന പരീക്ഷയെഴുതാം. എന്നാൽ നിലവിലെ വിജ്ഞാപനമനുസരിച്ച് ഇപ്പോൾ വന്നിരിക്കുന്ന ഒഴിവിലേക്കുള്ള പിഎസ്‌സി പരീക്ഷ എഴുതാനാവില്ല. ഇത്തവണ അവസരം നഷ്ടമായാൽ ഇനി ആറോ ഏഴോ വർഷത്തിനു ശേഷമായിരിക്കും എൽപി, യുപി തസ്തികകളിലേക്കുള്ള പരീക്ഷ പിഎസ്‌സി നടത്തുന്നത്. അപ്പോഴേക്കും പലരുടെയും പ്രായപരിധിയും കഴിയുമെന്നുമാണ് തങ്ങളിൽ പലരുടെയും ആശങ്കയെന്ന് ഉദ്യോഗാർത്ഥിയായ അനഘ പറയുന്നു.
English summary: K Tet Eligibility: Candidates in Concern
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.