Tuesday
21 May 2019

വാചകക്കസര്‍ത്തും കടലാസ് പദ്ധതികളും; എറണാകുളം എംപി വിയര്‍ക്കുന്നു

By: Web Desk | Thursday 14 March 2019 11:26 AM IST


ആര്‍ ഗോപകുമാര്‍

കൊച്ചി: നാട്ടില്‍ നടന്ന വികസനമെല്ലാം തന്റെ നേട്ടങ്ങള്‍. കോട്ടങ്ങള്‍ക്കെല്ലാം കാരണം മറ്റുള്ളവര്‍. ഇത്തരത്തില്‍ ഒരു പാര്‍ലമെന്റംഗത്തിന് പറഞ്ഞു നടക്കാന്‍ കഴിയുന്ന സംസ്ഥാനത്തെ ഏക പാര്‍ലമെന്റ് നിയോജക മണ്ഡലം എറണാകുളമായിരിക്കും. വ്യവസായ തലസ്ഥാനം എന്ന നിലയില്‍ എറണാകുളം, കളമശ്ശേരി, തൃക്കാക്കര, തൃപ്പൂണിത്തുറ, വൈപ്പിന്‍ മണ്ഡലങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വികസന പദ്ധതികള്‍ നിരവധിയാണ് കഴിഞ്ഞ അഞ്ചുവര്‍ഷ കാലയളവിനിടയില്‍ വന്നു ചേര്‍ന്നത്. എന്നാല്‍ സിറ്റിംഗ് എംപിയായ കെ വി തോമസിന്റെ വീടിരിക്കുന്ന കൊച്ചി മണ്ഡലത്തില്‍ നടന്ന വികസന പദ്ധതികളുടെ ചിത്രമെടുക്കുമ്പോള്‍ തന്നെ വികസനനായകനെന്ന് സ്വയം ചാര്‍ത്തിയെടുത്ത പദവി ഇല്ലാതാവുന്നത് കാണാം.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രചാരണം തുടങ്ങിയ കെ വി തോമസ് മെട്രോ റയില്‍ അടക്കമുള്ള പദ്ധതികള്‍ തന്റെ ഭാവനയില്‍ നിന്നുയര്‍ന്നതാണെന്ന് അവകാശപ്പെടും. എന്നാല്‍ മെട്രോ റയിലിനെതിരെ കൊച്ചിക്ക് വേണ്ടത്് സബര്‍ബന്‍ റയില്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തിയ ആളാണ് കെ വി തോമസെന്ന കാര്യം അധികമാരും മറന്നിട്ടില്ല. മുന്‍ മേയര്‍ കെ ജെ സോഹനെ കൊണ്ട് ഒരു പുസ്തകം തന്നെ ഇക്കാര്യത്തില്‍ എഴുതിക്കുകയും അതിന്റെ പ്രകാശനം കെ വി തോമസിന്റെ സാന്നിധ്യത്തില്‍ നടത്തുകയും ചെയ്തിരുന്നു. നഗരഹൃദയത്തില്‍ സ്ഥലം പോകുന്ന ഏതാനും വ്യവസായികളും ഈ സംരംഭത്തിന് പിന്തുണ പ്രഖ്യാപിച്ചു.
എന്നാലന്ന് മെട്രോ റയിലിനായി ശബ്ദമുയര്‍ത്തുകയും മനുഷ്യചങ്ങല സൃഷ്ടിക്കുകയും ചെയ്തത് പി രാജീവാണ്. മെട്രോ കോച്ചുകളടക്കം വാങ്ങുന്നതില്‍ ‘കമ്മിഷന്‍’ താല്‍പ്പര്യങ്ങളുമായി ചിലര്‍ വന്നപ്പോഴും ഇ ശ്രീധരനെ മാറ്റി പ്രതിഷ്ഠിക്കാന്‍ ചില കോണ്‍ഗ്രസ് നേതാക്കളും ഉദ്യോഗസ്ഥരും ശ്രമിച്ചപ്പോഴും അതിനെതിരായി നിന്നത് പി രാജീവായിരുന്നു.
പി രാജീവിന്റെ നേതൃത്വത്തില്‍ ക്യാന്‍സര്‍ ചികിത്സയ്ക്ക് അത്യാധുനിക സംവിധാനങ്ങള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ സ്ഥാപിച്ചു. അതുകൂടാതെ സി ടി സ്‌കാന്‍ അടക്കമുള്ള സംവിധാനങ്ങള്‍ കൊണ്ടുവന്നു. വര്‍ഷത്തില്‍ മുഴുവന്‍ ദിനവും രോഗികള്‍ക്ക് എല്ലാ നേരവും ഭക്ഷണം നല്‍കുന്ന പദ്ധതിക്കും ആധുനിക അടുക്കളയ്ക്കും പി രാജീവ് തന്റെ രാജ്യസഭ എംപിയെന്ന നിലയിലുള്ള ഫണ്ട് വിനിയോഗിച്ചതിനു പുറമേ കപില വാത്സ്യായനന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടങ്ങിയവരുടെ എം പി ഫണ്ടും വിനിയോഗിച്ചു. അക്കാലത്തൊന്നും എറണാകുളത്തെ ലോക്‌സഭാ അംഗമായ കെ വി തോമസിനെ നാട്ടുകാരാരും ആ പരിസരത്ത് കണ്ടിട്ടില്ല.
തൊഴിലാളി നേതാവെന്ന നിലയില്‍ പൊതുരംഗത്ത് വന്ന എറണാകുളം എംപി പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതില്‍ വന്‍ പരാജയമായിരുന്നു. കൊച്ചി കപ്പല്‍ നിര്‍മ്മാണശാലയുടെ ഓഹരി വില്‍പ്പന സംബന്ധിച്ച് ശക്തമായ നിലപാടെടുക്കാന്‍ എംപി തയ്യാറായിരുന്നില്ല.
രണ്ടാമത് ഒരവസരം ബിജെപിക്ക് ലഭിച്ചാല്‍ കൊച്ചി കപ്പല്‍ശാലയില്‍ സ്വകാര്യ പങ്കാളിത്തം അധികം വൈകാതെ സംഭവിക്കുമെന്ന് തൊഴിലാളികള്‍ ഭയപ്പെടുന്നു. സ്വകാര്യവല്‍ക്കരണത്തിന്റെ വക്താവായ കെ വി തോമസ് എംപി കൊച്ചി കപ്പല്‍ശാല വില്‍പ്പനയടക്കമുള്ള കാര്യങ്ങളില്‍ നിശബ്ദത പുലര്‍ത്തുകയായിരുന്നു.
ദക്ഷിണേന്ത്യയിലെ ഹരിത വിപ്ലവത്തിന് തിരികൊളുത്തിയ ഫാക്ട് ഇന്ന് വികസനത്തിനായി പണം കണ്ടെത്താനാവാതെ വലയുന്നു. കെ വി തോമസ്, മന്‍മോഹന്‍സിങ് മന്ത്രിസഭയില്‍ അംഗമായിരുന്ന കാലയളവില്‍പോലും ഫാക്ടിനായി ചെറുവിരല്‍ അനക്കിയില്ലെന്ന് തൊഴിലാളി സംഘടനകള്‍ ആരോപിക്കുന്നു. തികച്ചും അപായകരമായ പെട്രോകെമിക്കല്‍ വ്യവസായങ്ങള്‍ക്ക് ഫാക്ടിന്റെ ഭൂമി വില്‍പ്പന നടത്താനാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നത്. അദാനിക്കായി നടക്കുന്ന ഈ നീക്കങ്ങള്‍ക്കും എംപിയുടെ പിന്തുണ ലഭിച്ചതായി തൊഴിലാളി നേതാക്കള്‍ ആരോപിക്കുന്നു.
റയില്‍വേ വികസനത്തില്‍ കേന്ദ്രസര്‍ക്കാര്‍ തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് വന്‍തുക നല്‍കുമ്പോള്‍ എറണാകുളം ജംഗ്ഷന്‍, ടൗണ്‍ റയില്‍വേ സ്റ്റേഷനുകള്‍ മാതൃക സ്റ്റേഷനുകളായി ഉയര്‍ത്തുമെന്ന പ്രഖ്യാപനം ഇന്നും കടലാസിലുറങ്ങുന്നു. സ്റ്റേഷനുകളുടെ സ്ഥിതി പഴയതിലും പരിതാപകരമായി മാറിയിട്ടും കെ വി തോമസ് അറിഞ്ഞമട്ടില്ല.
വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ വികസനത്തിന്റെ നാഴിക കല്ലാണെന്ന പ്രഖ്യാപനം രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നടത്തുമ്പോള്‍ അന്ന് കേന്ദ്രമന്ത്രിയായിരുന്ന കെ വി തോമസ് സാക്ഷിയായിരുന്നു. വല്ലാര്‍പാടത്തിനു വേണ്ടി കൊച്ചി പഴയതുറമുഖം അവഗണനയും തകര്‍ച്ചയും നേരിട്ടപ്പോള്‍ കെ വി തോമസ് അനങ്ങിയില്ല. പഴയ ബെര്‍ത്തില്‍ വിനോദസഞ്ചാര കപ്പലുകള്‍ അടുക്കാന്‍ സംവിധാനമൊരുക്കുമെന്ന വാഗ്ദാനവും ജലരേഖയായി.
തുറമുഖട്രസ്റ്റിന്റെ വരുമാനം കുത്തനെ ഇടിഞ്ഞ് നിലനില്‍പ്പിനായി സ്വത്ത് വില്‍ക്കേണ്ട ഗതികേടിലാണ് തുറമുഖ ട്രസ്റ്റ്. തുറമുഖ ട്രസ്റ്റിനു വേണ്ടി എന്തു ചെയ്തുവെന്ന് തുറമുഖത്ത് പ്രവര്‍ത്തിക്കുന്ന യൂണിയനുകള്‍ ആവശ്യപ്പെടുന്നു.
വിദേശകപ്പലുകളും ആഡംബരകപ്പലുകളുമെല്ലാം അടുക്കുന്ന കോടികളുടെ വരുമാനമുണ്ടാകുന്ന ഒരു ക്രൂസ് ടെര്‍മിനലിന്റെ കാര്യവും കെ വി തോമസ് തന്നെ പറഞ്ഞിരുന്നു. ഇപ്പോള്‍ അതും അദ്ദേഹം മറന്നു.
പ്രളയകാലത്ത് യുഡിഎഫ് എംഎല്‍എമാരുടെ മണ്ഡലങ്ങളില്‍പോലും എംപിയുടെ ഇടപെടല്‍ നാമമാത്രമായിരുന്നു. പഴയകാലങ്ങളിലെ പോലെ പത്രവലിപ്പത്തില്‍ നേട്ടങ്ങളുടെ നോട്ടീസിറക്കി എറണാകുളത്ത് മുന്നേറാന്‍ ന്യൂജെന്‍ കാലത്ത് യുഡിഎഫിന് കഴിയില്ല. സാമൂഹ്യമാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും കൃത്യമായ വിവരങ്ങള്‍ വോട്ടര്‍മാരറിയുന്നുണ്ട്. എല്ലായിടങ്ങളിലും പി രാജീവിനെ ഹൃദയപൂര്‍വ്വം സ്വീകരിക്കാന്‍ വോട്ടര്‍മാര്‍ തയ്യാറാവുന്നതിനു കാരണവും അതു തന്നെ. കഴിഞ്ഞ തവണ ഗണ്യമായ വോട്ട് വാങ്ങിയ ആംആദ്മി പാര്‍ട്ടിയുടെ സാന്നിധ്യം മണ്ഡലത്തില്‍ ഇപ്പോള്‍ നാമമാത്രമാണ്.
ബിജെപിയിലാവട്ടെ ഗ്രൂപ്പുകളിയുടെ ഏറ്റവും മികച്ച കളിക്കളങ്ങളിലൊന്നാണ് എറണാകുളം. യുഡിഎഫിനായി കഴിഞ്ഞ കാലങ്ങളില്‍ ബിജെപി നടത്തിയ കൈ സഹായങ്ങള്‍ ഇത്തവണയും ഉണ്ടായേക്കാം. എന്നാല്‍ പരമ്പരാഗത കോണ്‍ഗ്രസ് വോട്ടര്‍മാര്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തില്‍ പൊതുവേ അസംതൃപ്തരാണ്. മികച്ച സാമാജികനെന്ന് പേരുള്ള പി രാജീവിന്റെ വിജയ സാധ്യത അതുകൊണ്ട് തന്നെ അനുദിനം വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. സ്വന്തം അണികള്‍ പോലും മുഖം തിരിച്ചുമാറ്റുന്ന സാഹചര്യത്തില്‍ സ്വയം അവരോധിത സ്ഥാനാര്‍ത്ഥിയായി രംഗത്തിറങ്ങിയ കെ വി തോമസിന് പാര്‍ട്ടി ടിക്കറ്റ് കിട്ടിയാലും ഇക്കുറി നന്നേ വിയര്‍ക്കേണ്ടിവരുമെന്നുറപ്പ്.

Related News