സിപിഐ(എം) ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കോങ്ങാട് എംഎൽഎയുമായ കെ വി വിജയദാസ് (61) അന്തരിച്ചു. തദ്ദേശഭരണ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നവംബർ 28ന് അദ്ദേഹത്തിന് കോവിഡ് ബാധിച്ചിരുന്നു. പിന്നീട് രോഗമുക്തി നേടിയെങ്കിലും കോവിഡാനന്തര ആരോഗ്യപ്രശ്നം കാരണം അദ്ദേഹം ചികിത്സയിൽ തുടർന്നു. തലച്ചോറിൽ രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.
കർഷക സംഘം ജില്ലാ പ്രസിഡന്റ് കൂടിയായ കെവി വിജയദാസ് 2011 മുതൽ തുടർച്ചയായി രണ്ടുതവണ കോങ്ങാട് മണ്ഡലത്തിൽ നിന്ന് വൻഭൂരിപക്ഷത്തിൽ നിയമസഭ സാമാജികനായി. ജില്ലാ പഞ്ചായത്ത് നിലവിൽ വന്നപ്പോൾ 1996ൽ ആദ്യ പ്രസിഡന്റായിരുന്നു. മീൻവല്ലം ചെറുകിട ജലവൈദ്യുത പദ്ധതി അദ്ദേഹം പ്രസിഡന്റായിരിക്കെയാണ് നടപ്പാക്കിയത്. എലപ്പുള്ളി തേനാരി കാക്കത്തോട് കർഷക തൊഴിലാളികളായ കെവേലായുധന്റെയും എ താതയുടെയും മകനായി 1959 മേയ് 25നാണ് ജനനം. കെഎസ് വൈഎഫിലൂടെ പൊതുപ്രവർത്തന രംഗത്ത് വന്നു. ദീർഘകാലം സിപിഐ(എം) എലപ്പുള്ളി ലോക്കൽ സെക്രട്ടറിയായി. തുടർന്ന് പുതുശ്ശേരി ഏരിയ സെക്രട്ടറിയായും ജില്ലാ കമ്മിറ്റിയിലും പ്രവർത്തിച്ചു.
1987ൽ എലപ്പുള്ളി പഞ്ചായത്തംഗമായി. തേനാരി ക്ഷീരോൽപ്പാദക സഹകരണ സംഘം സ്ഥാപക പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ, പ്രൈമറി കോഓപ്പറേറ്റീവ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, എലപ്പുള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചു. ഭാര്യ: പ്രേമകുമാരി. മക്കൾ: ജയദീപ്, സന്ദീപ്.
ENGLISH SUMMARY: k v vijaydas mla passed away
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.