Wednesday
20 Mar 2019

കാല… കറുപ്പിന്‍റെ രാഷ്ട്രീയം

By: Web Desk | Friday 8 June 2018 10:44 AM IST


kaala rejini kanth

കെ കെ ജയേഷ്

ജീവിതത്തില്‍ പ്രിയപ്പെട്ടതെല്ലാം നഷ്ടമായ കാല ഹരിദാദയെന്ന ഹരിദേവ് അഭയന്‍കറുടെ വീട്ടിലേക്ക് ശാന്തനായി കടന്നുചെല്ലുന്നു. പരിഹസിക്കുന്ന ഹരിദാദയുടെ മുഖത്ത് നോക്കി കാല പറയുന്നു മണ്ണ് ഉങ്കള്ക്ക് അധികാരം… എങ്കള്ക്ക് അത് വാഴ്‌ക്കൈ… ശാന്തനായി തന്നെ പടിയിറങ്ങും മുമ്പ് അക്രമിക്കാന്‍ വരുന്നവരോട് അയാള്‍ ഇത്രയും കൂടി പറയുന്നു പറ്റുമെങ്കില്‍ പുറകില്‍ നിന്ന് എന്റെ മുതുകത്ത് വെട്ടിക്കോ…

മുബൈയിലെ ഫ്ലൈ ഓവര്‍.. കോരിച്ചൊരിയുന്ന മഴയില്‍ തന്‍റെ കറുത്ത ജീപ്പിന് മുന്നില്‍ കാല നിന്നു. കറുത്ത വസ്ത്രങ്ങള്‍ ധരിച്ച്.. ഒരു കാലന്‍ കുട ചൂടി.. മുമ്പിലെത്തിയ ശത്രുക്കളെയെല്ലാം തന്റെ കാലന്‍ കുട കൊണ്ട് അയാള്‍ നേരിടുന്നു. കാല എന്ന പാ രഞ്ജിത്ത് ചിത്രത്തില്‍ രജനീകാന്ത് എന്ന സൂപ്പര്‍ താരത്തിന് നിറഞ്ഞാടാന്‍ അവസരം ലഭിക്കുന്നത് ഇത്തരത്തില്‍ വല്ലപ്പോഴും മാത്രമാണ്. താരത്തെ പൂര്‍ണ്ണമായും സംവിധായകന്‍ നിയന്ത്രിക്കുന്ന കാഴ്ചാനുഭവമാണ് കാല എന്ന കരികാലന്‍റെ വെള്ളിത്തിരയിലെ ഈ ജീവിതം.

പാട്ടും ഡാന്‍സും മൂന്നാം കിട കോമഡിയും നിറഞ്ഞ ചിത്രങ്ങളെടുക്കുന്ന സംവിധായകനല്ല പാ രഞ്ജിത്ത്. ആട്ടകത്തിയും മദ്രാസും പോലുള്ള സിനിമകള്‍ ഈ യുവ സംവിധായകനില്‍ പ്രതീക്ഷ ആവോളം വര്‍ദ്ധിപ്പിച്ചിരുന്നു. റിയലിസ്റ്റിക് സ്വഭാവം കാത്തുസൂക്ഷിച്ചുകൊണ്ട് സിനിമയെടുക്കുന്ന പാ രഞ്ജിത്ത് തട്ടുപൊളിപ്പന്‍ മാസ് എന്‍റര്‍ടെയ്‌നറുകളില്‍ മാത്രം അഭിനയിക്കുന്ന രജനീകാന്തിനെ നായകനാക്കി സിനിമയെടുത്താന്‍ എന്തു സംഭവിക്കും എന്നതിന് ഉദാഹരണമായിരുന്നു കബാലി. തുടക്കത്തില്‍ രജനിയ്ക്ക് ഇളകിയാടാന്‍ അവസരം നല്‍കി പിന്നീട് നിയന്ത്രണം കയ്യിലെടുക്കുന്ന പാ രഞ്ജിത്തില്‍ നിന്ന് കഥാന്ത്യത്തില്‍ രജനി തന്നെ നിയന്ത്രണം തിരിച്ചുപിടിക്കുന്ന കാഴ്ചയായിരുന്നു കബാലി. അതോടെ രഞ്ജിത്തിന്‍റെ സിനിമയോ രജനിയുടെ സിനിമയോ എന്ന് സംശയം തോന്നിപ്പിക്കുന്ന ഒന്നായി കബാലി മാറിപ്പോവുകയും ചെയ്തു. കാലയിലെത്തുമ്പോള്‍ പക്ഷെ നിയന്ത്രണം പൂര്‍ണ്ണമായും രഞ്ജിത്തിന് തന്നെയാണ്. ഇടയ്ക്ക് ചില അവസരങ്ങള്‍ രജനിയ്ക്ക് നല്‍കുന്നുണ്ടെങ്കിലും കഥാന്ത്യം വരെ നിയന്ത്രണം സംവിധായകന്‍ തന്നെ കയ്യാളുന്നു.

ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നുള്ള ആരവങ്ങള്‍ക്കിടയിലോ നൃത്തം ചെയ്യുന്ന പെണ്‍പടയ്ക്കിടയിലോ അല്ല കബാലിയില്‍ താരം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. മറിച്ച് ജയിലില്‍ ഒരു ദലിത് ചിന്തകന്‍റെ പുസ്തകം വായിക്കുന്ന ശാന്തമായ ഒരു രംഗത്തിലാണ്. കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന സീനിലാണ് കാലയില്‍ കരികാലന്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത്. പന്തടിച്ച് പറത്തുന്ന കാലനെ പ്രതീക്ഷിച്ചിരിക്കുമ്പോള്‍ ആദ്യബോളില്‍ തന്നെ ഔട്ടാവുകയാണ് കാലന്‍. പിന്നെ നോബോള്‍ ആണെന്ന് പറഞ്ഞ് കുട്ടികളോട് അയാള്‍ തര്‍ക്കിക്കുമ്പോള്‍ വരാനിരിക്കുന്ന കാലന്‍ എന്താണെന്ന് വ്യക്തമാവുന്നു.
തുടര്‍ന്നിങ്ങോട്ട് രജനിയുടെ പതിവ് വഴികളെ സംവിധായകന്‍ മാറ്റുന്നുണ്ട്. ധാരാവിയില്‍ കരികാലന്‍ നിയന്ത്രിക്കുന്ന പ്രദേശങ്ങള്‍ ഒഴിപ്പിച്ചെടുക്കാനെത്തുന്ന മാഫിയകളോട് അദ്ദേഹം നടത്തുന്ന പോരാട്ടമാണ് കാല. എല്ലാം നിയന്ത്രിക്കുന്ന ഹരിദാദ (നാനാപടേക്കര്‍) യും വലതുപക്ഷ ഹൈന്ദവ രാഷ്ട്രീയ പാര്‍ട്ടിയും ചേര്‍ന്ന് നടത്തുന്ന ശ്രമങ്ങളെ കാല വിദഗ്ധമായി ചെറുത്തുതോല്‍പ്പിക്കുന്നു. പൊലീസിനെക്കൊണ്ടും വര്‍ഗ്ഗീയത വിതച്ചുമെല്ലാം കാലയുടെ ചെറുത്തുനില്‍പ്പുകളെ തോല്‍പ്പിക്കാന്‍ എതിര്‍ സംഘം തന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടേയിരിക്കുന്നു. സമീപകാലത്ത് ഇന്ത്യ കണ്ട പല പോരാട്ടങ്ങളെയും കാല ഓര്‍മ്മിപ്പിക്കും. അനീതിക്കെതിരെ ഒന്നിച്ചണിനിരന്ന ദലിത് കര്‍ഷക പോരാട്ടങ്ങളെയും തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലെ സ്‌റ്റെര്‍ലൈറ്റ് പ്ലാന്‍റിനെതിരെ ഒന്നിച്ച് പോരാടിയ തമിഴ് ജനതയുടെ കരുത്തിനെയും ഓര്‍മ്മിപ്പിക്കും വിധമാണ് ചേരിനിവാസികളുടെ പ്രക്ഷോഭം വളര്‍ന്ന് പന്തലിക്കുന്നത്. സാധാരണക്കാരായ ഈ ചേരി നിവാസികളുടെ പോരാട്ട വീര്യത്തിന് മുന്നില്‍ ഫാസിസം മുട്ടുമടക്കുന്നതാണ് നീലയും കറുപ്പും ചുവപ്പുമെല്ലാം വാരിവിതറി കാല ആഘോഷമാക്കുന്നത്.

തോല്‍ക്കുകയും തോല്‍വിയില്‍ നിന്ന് വിജയവുമായി ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യുന്ന സാധാരണ നായകനാണ് കാലാ. മണ്ണിനായുള്ള പോരാട്ടങ്ങളും ദലിത് പ്രക്ഷോഭങ്ങളും ചേരികളെ തുടച്ചുനീക്കി സുന്ദരമായ മുംബൈ പടുത്തുയര്‍ത്താനുള്ള സവര്‍ണ്ണ ഫാസിസ്റ്റ് പാര്‍ട്ടികളുടെ കുതന്ത്രങ്ങളുമെല്ലാം കാലയില്‍ നിറഞ്ഞു നില്‍ക്കുന്നു. മണ്ണിനും മനുഷ്യനും ദലിതര്‍ക്കും വേണ്ടിയുള്ള ഈ ശബ്ദം തീര്‍ച്ചായും സംവിധായകന്റേതാവാം. ഇപ്പോഴും കൃത്യമായ ഒരു നിലപാട് സ്വീകരിക്കാന്‍ കഴിയാതെ രാഷ്ട്രീയത്തിലിറങ്ങിയ രജനീകാന്തിന് ഈയൊരു കാഴ്ചപ്പാടിലേക്ക് ഇപ്പോഴും എത്തുവാന്‍ സാധിച്ചിട്ടില്ല. തൂത്തുക്കുടി വിഷയത്തില്‍ ഉള്‍പ്പെടെ മനുഷ്യത്വ വിരുദ്ധമായ സമീപനം സ്വീകരിച്ച് ഒറ്റപ്പെട്ടുപോയ തലൈവര്‍ക്ക് വേണമെങ്കില്‍ ഏറ്റെടുക്കാവുന്ന രാഷ്ട്രീയ കാഴ്ചപ്പാടുകളാണ് പാ രഞ്ജിത്ത് ഒരുക്കിവെച്ചിട്ടുള്ളതെന്ന് പറയാം.. ഒരു കരികാലനായി അവതരിക്കാന്‍ രജനീകാന്തിന് സാധിച്ചാല്‍ മാത്രം അദ്ദേഹത്തിന് ഒരു ജനതയുടെ മനസ്സില്‍ ഇടംപിടിക്കാം.. അല്ലെങ്കില്‍ സിനിമ നല്‍കിയ താരസിംഹാസനം വകതിരിവില്ലാതെ രാഷ്ട്രീയത്തില്‍ കൊണ്ടുപോയി തകര്‍ത്തെറിഞ്ഞ് കിരീടവും ചെങ്കോലും നഷ്ടപ്പെട്ട് നില്‍ക്കാനാവും അദ്ദേഹത്തിന്റെ വിധി. തൂത്തുക്കുടി വിഷയത്തില്‍ നിയമത്തിനും പൊലീസിനും ഒപ്പമാണ് താനെന്ന് പറഞ്ഞ രജനീകാന്ത് എന്ന രാഷ്ട്രീയക്കാരന്‍, നിയമവും പോലീസുമെല്ലാം ചേര്‍ന്ന് തകര്‍ത്തെറിയുന്ന ജീവിതങ്ങള്‍ക്ക് വേണ്ടി പോരാടുന്ന കാലയായി സമരം നയിക്കുവാനെത്തുന്നു എന്ന കാഴ്ചയാണ് കാല സമ്മാനിക്കുന്നത്. ഇത്തരമൊരു രാഷ്ട്രീയ നിലപാടിലേക്ക് രജനീകാന്ത് എത്തുമോ എന്ന് കാത്തിരുന്നു കാണാം.

ചേരിനിവാസിയും കറുത്തവനുമായ കാല നായകനാകുമ്പോള്‍ വേദമന്ത്രങ്ങള്‍ ചൊല്ലി.. ഭക്തിയില്‍ ആണ്ടിറങ്ങി… ചേരികള്‍ തുടച്ചുനീക്കി നഗരം വൃത്തിയാക്കാനെത്തുന്ന രാജ്യത്തിന്റെ ഫാസിസ്റ്റ് മുഖമാണ് എതിര്‍ഭാഗത്തുള്ളത്. പോരാട്ടത്തിനിടയില്‍ കാല വീണുപോകുന്നുണ്ടെങ്കിലും പോരാട്ടത്തിന്റെ വര്‍ണ്ണങ്ങളിലൂടെ കാലയും ചേരനിവാസികളും പോരാട്ടത്തില്‍ വിജയം കാണുന്നു. ഒരുപരിധി വരെ തരക്കേടില്ലാത്ത രീതിയില്‍ സിനിമയെ മുന്നോട്ട് നയിച്ച സംവിധായകന്‍ ക്ലൈമാക്‌സ് രംഗങ്ങള്‍ പ്രതീകാത്മകമായി അവസാനിപ്പിച്ചതും തൃപ്തികരമാകുന്നില്ല. രജനയുടെ മാസ് പ്രകടനത്തില്‍ തിയേറ്റര്‍ പൊട്ടിത്തെറിക്കുന്ന അവസാനമല്ല കാലയ്ക്കുള്ളതെന്നത് ശ്രദ്ധേയമാണെങ്കിലും അംബേദ്കറിസത്തിന്റെ നീലയും വിപ്ലവത്തിന്റെ ചുവപ്പും പ്രതിഷേധത്തിന്റെ കറുപ്പും വാരിയൊഴിക്കുന്ന ക്ലൈമാക്‌സ് രംഗങ്ങള്‍ പ്രേക്ഷകരെ എത്രത്തോളം തൃപ്തിപ്പെടുത്തും എന്ന് കണ്ട് തന്നെ അറിയണം.. ഇഴഞ്ഞു നീങ്ങുന്ന ചിത്രം ചിലപ്പോഴെങ്കിലും വിരസമാകുന്നുണ്ടെന്നതും പറയാതെ വയ്യ. പലതവണ പറഞ്ഞ പ്രമേയവും മടുപ്പ് സൃഷ്ടിക്കുന്നുണ്ട്. ആവേശം വാരിവിതറാനുള്ള കഥാസന്ദര്‍ഭങ്ങള്‍ ആവോളമുണ്ടായിട്ടും തനിക്കത് വേണ്ടെന്ന മട്ടില്‍ സംവിധായകന്‍ മാറി നില്‍ക്കുന്നത് രജനി ആരാധകനെന്ന നിലയില്‍ നിരാശയുളവാക്കി.

സ്ത്രീകളെ അവഹേളിക്കുന്ന രജനി ചിത്രങ്ങള്‍ക്ക് എന്തിന് ടിക്കറ്റെടുക്കണം എന്ന് ചോദിച്ചത് ലീന മണിമേഖലയാണ്. അടങ്ങിയൊതുങ്ങി കഴിയേണ്ടവര്‍ മാത്രമാണ് പെണ്ണ്, ആണിന് താഴെ മാത്രമാണ് പെണ്ണിന് സ്ഥാനം എന്നൊക്കെ പ്രഖ്യാപിക്കുന്നതാണ് പതിവ് രജനി കഥാപാത്രങ്ങള്‍. തനിക്ക് നേരെ ശബ്ദമുയര്‍ത്തുന്ന സ്ത്രീകളെ കാല്‍ക്കീഴിലിരുത്തുന്നവരാണ് രജനിയുടെ നായകന്‍മാര്‍. അതുകൊണ്ട് തന്നെയാണ് ഇത്തരമൊരു പ്രസ്ഥാവന ലീന നടത്തിയത്. എന്നാല്‍ കാലയില്‍ അത്തരം കാഴ്ചകളൊന്നുമില്ല. സ്വന്തമായി വ്യക്തിത്വം കാത്തു സൂക്ഷിക്കുന്നവരാണ് കാലയില്‍ സ്ത്രീ കഥാപാത്രങ്ങള്‍. ഭാര്യയാണ് തന്റെ ശക്തിയെന്ന് വിശ്വസിക്കുന്നവനാണ് സാക്ഷാല്‍ കരികാലന്‍.. നായകനൊപ്പമോ പ്രകനടത്താല്‍ നായകനെ ഒരു വേള താഴ്ത്തി നിര്‍ത്തുന്നതോടെ ആയ പ്രകടനത്താല്‍ ചിത്രത്തിലെ ഓരോ സ്ത്രീ കഥാപാത്രവും ശ്രദ്ധേയമാകുന്നു. കാലയും ഭാര്യയും തമ്മിലുള്ള ഹൃദയബന്ധം ഏറെ മനോഹരമായി തന്നെ ആവിഷ്‌ക്കരിച്ചിട്ടുമുണ്ട്. കാലായെ നിയന്ത്രിക്കുന്ന ഗൃഹനാഥയാണ് സെല്‍വി. ഹരിദാസയുടെ ബംഗ്ലാവില്‍ ചെന്നു കണ്ടുമടങ്ങുമ്പോള്‍ കാലില്‍ വീണു നമസ്‌ക്കരിക്കാനുള്ള നിര്‍ദ്ദേശം അനുസരിക്കാത്ത ധീരയാണ് സറീന. പിന്നീട് കാണുമ്പോള്‍ അവള്‍ ഹരിദാദയ്ക് നേരെ കൈനീട്ടുന്നു. കാലില്‍ വീണ് നമസ്‌ക്കരിക്കുമ്പോഴല്ല ഹസ്തദാനം ചെയ്യുമ്പോഴാണ് തുല്യതയുണ്ടാവുന്നതെന്ന് അവള്‍ പറയുന്നു. നാട്ടുകാരുടെ പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ട് പുയല്‍ ചാരുമതി. കലാപ സമയത്ത് വസ്ത്രാക്ഷേപം ചെയ്ത പൊലീസുകാരെ ഇരുമ്പുവടി കൊണ്ട് നേരിടുന്നുണ്ട് അവള്‍.

പതിവിന് വിപരീതമായി രജനീകാന്ത് എന്ന അഭിനേതാവിന് സാധ്യതകളുള്ള ചിത്രമാണ് കാല. വേര്‍പിരിഞ്ഞുപോയ കാമുകി സറീനയെ വീണ്ടും കാണുമ്പോഴും അവളോടുള്ള പ്രണയം ഉള്ളില്‍ നിറയുമ്പോഴും ഭാര്യ സെല്‍വിയെ നെഞ്ചേറ്റുന്ന കരികാലന്റെ ഭാവങ്ങള്‍ രജനി മനോഹരമാക്കി.
കാലയുടെ മകന്‍ ലെനിനായി മണികണ്ഠന്‍, സെല്‍വയായി തിലീപന്‍, ഭാര്യ സെല്‍വിയായി ഈശ്വരി റാവു, പുയല്‍ ചാരുമതിയായി അഞ്ജലി പാട്ടീല്‍, വാളിയപ്പനായി സമുദ്രക്കനി, സറീനയായി ഹിമ ഖുറേഷി, വിഷ്ണുഭായിയായി സമ്പത്ത് രാജ്, പങ്കജ് പാട്ടീല്‍ എന്ന പൊലീസുകാരനായി പങ്കജ് ത്രിപാഡി എന്നിവരും മികച്ച പ്രകടനം കാഴ്ച വെച്ചു. ശ്രീകര്‍ പ്രസാദിന്റെ എഡിറ്റിംഗും ജി മുരളിയുടെ ഛായാഗ്രഹണവും സന്തോഷ് നാരായണന്റെ സംഗീതവുമെല്ലാം മികച്ചു നിന്നു. പാ രഞ്ജിത്ത് നയിക്കുന്ന വഴികളിലൂടെയുള്ള നടത്തം സാധാ പ്രേക്ഷകര്‍ ഏത് രീതിയില്‍ ഉള്‍ക്കൊള്ളും എന്നതിനെ ആശ്രയിച്ചിരിക്കും കാലയുടെ തിയേറ്റര്‍ വിജയം.