24 March 2025, Monday
KSFE Galaxy Chits Banner 2

‘കാണ്മാനില്ല’ മനുഷ്യബന്ധങ്ങളുടെ ദുരവസ്ഥ

വി വി ജോസ് കല്ലട
February 16, 2025 8:30 am

നമ്മൾ എല്ലാവരേയും കാണുന്നു. എന്നാൽ നമ്മളെ ആരും കാണുന്നില്ല. അല്ലെങ്കിൽ നമ്മളെ ആരും ഗൗനിക്കുന്നില്ല. വിചാരങ്ങളും വികാരങ്ങളും വിവരങ്ങളുമൊക്കെ കൈമാറാനായി നമ്മൾ നടത്തുന്ന വിനിമയ ശ്രമങ്ങളൊക്കെ വൃഥാവിൽ. വിഫലം. നമുക്കു ദൃശ്യവും എന്നാൽ പുറം ലോകത്തിന് അദൃശ്യവുമായ ഒരിടത്ത് പെട്ടുപോയ ഒരു കഥാപാത്രത്തിന്റെ വിചാര വിഹ്വലതകളുടെ ആവിഷ്കാരമാണ് കാണ്മാനില്ല എന്ന ഏകപാത്ര നാടകം. 

നാം (നീരാവിൽ ആർട്ട് & എയ്ഡ് മൂവ്മെന്റ്) അവതരിപ്പിക്കുന്ന ഈ നാടകം അരങ്ങിലെത്തിക്കുന്നത് പി ജെ ഉണ്ണികൃഷ്ണനാണ്. രചനയും സാക്ഷാത്കാരവും കെ ആർ രമേശ്. കളിമണ്ണിനാൽ ചെറുശില്പങ്ങൾ തീർത്ത് യോജ്യമായ ചായങ്ങൾ പൂശി വില്പന നടത്തിയിരുന്ന ആളാണ് അരങ്ങിലെത്തുന്ന ഏക കഥാപാത്രം. കൊച്ചുതാഴത്ത് ദേവസ്യ. ബൈബിൾ കഥാപാത്രങ്ങളും സംഭവങ്ങളുമൊക്കെയാണ് ദേവസ്യയുടെ ശില്പങ്ങൾക്ക് പ്രചോദനം. ഉണ്ണിയീശോ, കുഞ്ഞാടുകൾ, നോഹയുടെ പെട്ടകം… ദേവസ്യയുടെ കരവിരുതു മെനഞ്ഞ കലാശില്പങ്ങളുടെ പട്ടിക നാടക ഭാഷണത്തിലിടയ്ക്കിടെ ഈ പേരുകളിൽ കടന്നുവരുന്നുണ്ട്. ഈ ശില്പങ്ങളൊക്കെ പള്ളിപ്പെരുന്നാളുകൾക്കും മറ്റും വിറ്റഴിച്ചാണ് ദേവസ്യ കുടുംബം പോറ്റിയത്.
ഭേദപ്പെട്ട നിലയിൽ ഇപ്പോൾ ജീവിക്കുന്ന സ്വന്തം സന്താനങ്ങളെ അയാൾ ഇടയ്ക്കിടെ പേരു ചൊല്ലി വിളിക്കുക മാത്രമല്ല, അവരോട് സംസാരിക്കുന്നുമുണ്ട്. ജോസൂട്ടി, കുഞ്ഞു വർക്കി, മേരി, മേഴ്സി ഇങ്ങനെയൊക്കെ ആ പേരുകൾ നാം കേൾക്കുന്നുണ്ട്. കേൾക്കേണ്ടവർ പക്ഷേ കേൾക്കുന്നില്ലെന്നു വേണം അനുമാനിക്കാൻ. കേശവൻ പോറ്റിയും ജോമോനുമൊക്കെ ഇങ്ങനെ ദേവസ്യ അഭിസംബോധന ചെയ്യുന്ന കഥാപാത്രങ്ങളായുണ്ട്.

ദേവസ്യായുടെ ഉണങ്ങാനിട്ടിരിക്കുന്ന ഒരു ഉടുപ്പുണ്ട് നാടകത്തിലെ സാന്നിധ്യമായി. പഴയൊരുടുപ്പ്. പുതിയതൊന്നു വാങ്ങാൻ പാങ്ങില്ലാഞ്ഞിട്ടല്ല. ഇതാണയാൾക്ക് പ്രിയപ്പെട്ടത്. ഇതിൽ പച്ചമണ്ണിന്റെ കറയുണ്ട്. ഉടുപ്പുണങ്ങുന്നതും കാത്തിരിക്കുകയാണയാൾ. ഇത് ധരിച്ചു വേണം യാത്രപോകാൻ. കൂട്ടിക്കൊണ്ടു പോകാൻ ഒരാൾ വരും. തണുത്ത കൈകളുള്ള ഒരാൾ. പലരേയും അയാൾ ഒപ്പം കൂട്ടിക്കൊണ്ടു പോയിട്ടുണ്ട്. അയാളുടെ പ്രായത്തേക്കുറിച്ചും ദേവസ്യയ്ക്ക് നല്ല നിശ്ചയമുണ്ട്. ഒപ്പം കൊണ്ടുപോകുന്ന ആളുടെ അതേ പ്രായം, എപ്പോഴും. 

ഒരു പാത്രത്തിൽ കുഴച്ചു വെച്ചിരിക്കുന്ന ചെളിമണ്ണാണ് അരങ്ങിലെ മറ്റൊരു സാന്നിധ്യം. അതിടയ്ക്കിടെ എടുത്ത് കശക്കി പരുവപ്പെടുത്തുന്നുണ്ട് ദേവസ്യ. ഒരു ഉണ്ണിയീശോയെക്കൂടി ഈ കളിമണ്ണിനാൽ മെനഞ്ഞെടുക്കണമെന്ന ഉത്ക്കടമായൊരാഗ്രഹം അയാൾക്കുണ്ട്. എന്നാൽ ശില്പപ്പ നിർമ്മാണത്തിൽ പണ്ടുണ്ടായിരുന്ന കരചാതുര്യം ഇപ്പോഴയാൾക്ക് അന്യമായിരിക്കുന്നു. ഈണം മാത്രം ഓർമ്മയുള്ള ഒരിക്കലും ഓർത്തെടുക്കാനാകാത്ത ഒരു പാട്ടിന്റെ വരികൾ പോലെ ശില്പവിദ്യ വീണ്ടെടുക്കാനാകാത്ത വിധം അയാൾ മറന്നു പോയിരിക്കുന്നു. അതയാളെ ചകിതനാക്കുന്നുമുണ്ട്. വാക്കുകൾ കൊണ്ടാണ് ഈ നാടകശില്പത്തിന്റെ നിർമ്മിതി എന്നു പറയാം. അത്രയേറെ പ്രാധാന്യമുണ്ട് ഇതിലെ ഭാഷണങ്ങൾക്ക്. ശില്പവിദ്യയിൽ പ്രവീണനെങ്കിലും ഒരു ഗ്രാമീണ കർഷകന്റെ കൃഷിയറിവും കാർഷിക സംസ്കൃതിയുമാണ് ദേവസ്യയുടെ സംസാരത്തിൽ ഏറെയും മിന്നിത്തെളിയുന്നത്. സറ്റയറും സർക്കാസവും സംഭാഷണത്തിലുണ്ട്. സമകാലിക രാഷ്ട്രീയവും ചില സംഭാഷണങ്ങൾ ചികഞ്ഞാൽ കണ്ടെത്താനാകും. 

അടിവേരുകൾ തമ്മിൽ ബന്ധമുണ്ടായാൽ കായ്ക്കും ഫലത്തിനുമൊക്കെ രുചിയുണ്ടാകുമെന്ന് ദേവസ്യ പറയുന്നു. ഇടകിളക്കാനായാൽ ജാതിയും മതവുമൊക്കെ പോകുമെന്നും പറയുന്നുണ്ട്. കുഞ്ഞു വേരുകൾ പോലും മുറിയാതെ ഇട കിളയ്ക്കാൻ ഇന്ന് ആർക്കറിയാം എന്ന സന്ദേഹവും ദേവസ്യ പങ്കുവയ്ക്കുന്നു. ആത്മഭാഷണങ്ങളും പ്രതികരണങ്ങളും മറുപടികളേതുമില്ലാത്ത അഭിസംബോധനകളും ഒക്കെയായി നാടകം മുന്നേറുന്നു. വാതിൽ വലിച്ചടയ്ക്കുന്ന ഒരു ശബ്ദം മാത്രം പശ്ചാത്തല സ്വരമായി ആവർത്തിച്ചാവർത്തിച്ച്… 

ഒരാൾ മാത്രമാണ് അരങ്ങിലെന്നത് എപ്പോഴോ കാണികൾ മറന്നു തുടങ്ങുന്നു. ക്രമേണ കാണികളായ നമ്മളും നാടകത്തിനുള്ളിലാകുന്നു. നാടകത്തിന്റേതായ യുക്തിയിൽ പ്രേക്ഷകനും ചേരുന്നു. ആ ഭാവനയിൽ നമ്മളും പങ്കാളികളാകുന്നു. അർത്ഥശൂന്യമായ ഒരു ലോകത്ത് അർത്ഥം കണ്ടെത്താനുള്ള കഠിനശ്രമമാണ് അരങ്ങിൽ നടന്നതെന്ന് നമ്മൾ തിരിച്ചറിയുമ്പോഴേക്കും നാൽപ്പത്തിയഞ്ചു മിനിറ്റും കടന്ന് നാടകം അവസാനിക്കുന്നു.
യൊനസ്കോയുടെ ഒരു വിഖ്യാത നാടകമുണ്ട്, ‘ദി ചെയേഴ്സ്.’ റിയലിസ്റ്റിക് തീയേറ്റർ എന്ന ആശയത്തെ നിരാകരിച്ചുകൊണ്ട് പ്രേക്ഷകരേയും തന്റെറെ ഭാവനയുടെ ഭാഗമാക്കുന്ന സവിശേഷമായൊരു നാടക സങ്കേതമാണ് യൊനസ്കോ ഈ നാടകത്തിൽ പിൻതുടരുന്നത്. ഈ നാടകത്തിന്റെ സ്വാധീനത്തിൽ എൻ എൻ പിള്ള ഒരു നാടകം രചിച്ചിട്ടുണ്ട്, 

‘കുടുംബയോഗം.’ എൻ എൻ പിള്ളയുടെ നാടകത്തിലും രണ്ടു കഥാപാത്രങ്ങളുണ്ട്. വൃദ്ധ ദമ്പതികൾ. അവർക്ക് അഞ്ചാറുമക്കളുണ്ട്. അവരെല്ലാം അകലെയാണ്. ഇന്നവർ കുടുംബത്തിൽ വർഷങ്ങൾരെരേയും വൃദ്ധദമ്പതികൾ സന്തോഷത്തോടെ സ്വീകരിച്ചാനയിക്കുന്നു. വളരെ റിയലിസ്റ്റിക്കായി മുന്നേറുന്ന നാടകത്തിന് ഒടുവിൽ കാണികൾ തിരിച്ചറിയുന്നു ഇതുവരെ കണ്ടതല്ല യാഥാർത്ഥ്യം. നാടകത്തിന്റെറെ അവസാനത്തെ അഞ്ചുമിനിട്ട്, അതാണ് വാസ്തവം. (കുടുംബയോഗത്തിലെ കഥാപാത്രങ്ങളായ മക്കളെല്ലാപേരും ചെറുപ്പത്തിലേ ഒരു തോണിയപകടത്തിൽ മണിമലയാറ്റിൽ മുങ്ങി മരിച്ചു പോയിരുന്നു). കാണ്മാനില്ല നാടകത്തിനും ഒരു പക്ഷേ യൊനസ്കോ പ്രചോദനമായിട്ടുണ്ടാകാം. കെ ആർ രമേശിന്റെ പ്രതിഭയോടൊപ്പം ഈ നാടകത്തെ അനുഭവമാക്കി മാറ്റിയത് പി ജെ ഉണ്ണികൃഷ്ണന്റെ അതുല്യ പ്രകടനമാണ്. ഒരു മാത്രപോലും തന്നിൽ നിന്ന് കണ്ണെടുക്കാൻ കാണികളെ അനുവദിക്കാത്ത വിധത്തിലുള്ള വിസ്മയ പ്രകടനമാണ് പി ജെ ഉണ്ണികൃഷ്ണൻ കാഴ്ചവച്ചത്. അതാണ് കാണ്മാനില്ല നാടകത്തിന്റെ ഹൈലൈറ്റും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.