രാജു സമഞ്ജസയുടെ ആദ്യ കഥാസമാഹാരമാണ് ‘ആനന്ദത്തിന്റെ രാസഘടന.’ രാജുവിന്റെ കഥകളിൽ ജീവിതം നിറയുന്നുണ്ട്. അതിൽ വ്യക്തവും ശക്തവുമായ രാഷ്ട്രീയ നിലപാടുകളും തെളിയുന്നു. കണ്ടത്, കേട്ടത്, അറിഞ്ഞത്, ആർജിച്ചത്, എന്നിങ്ങനെ എഴുത്തുകാരനിൽ വന്നുപെടുന്ന കഥാവിത്തുകളെ, തന്മയത്വത്തോടെ ഭാവനയുടെ മണ്ണിൽ കിളിർപ്പിച്ച് വളർത്തി ഫലമുള്ളതാക്കി മാറ്റുക എന്ന കഴിവ് വേണ്ടുവോളം രാജുവിലുണ്ട്, ചലച്ചിത്ര ഭാഷ്യത്തിനു യോജിച്ച ചില കഥകളും ഇക്കൂട്ടത്തിലുണ്ട്. കഥകളിലെ ഭാഷ, കഥാവസ്തുവിന് അനുയോജ്യമായി മാറി വരുന്നുവെന്നതും, കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിൽ അവരുൾക്കൊള്ളുന്ന സമൂഹ‑ദേശ‑ഭാഷാ രീതി നിറയുന്നതും രസകരമാണ്.
“പെണ്ണ് വല്യ പെണ്ണായി, നാളെ ഒരുത്തന്റെ കൂടെ പറഞ്ഞയക്കാനൊള്ളതാ, നിങ്ങടെ ഓരോ മാഞ്ഞാളങ്ങള്.” ഇത് ‘പൂക്കാതുണങ്ങാൻ തുടങ്ങുന്ന മരങ്ങൾ’ എന്ന കഥയിലെ ഒരു സംഭാഷണമാണ്. ഇത്തരം ഗ്രാമ്യഭാഷാ രീതികൾ രാജുവിന്റെ കഥകളിൽ ധാരാളമായി കാണുന്നുണ്ട്, സാഹചര്യത്തിനനുസൃതമായ്.
മതം, വിശ്വാസം, നന്മ, തിന്മ, സ്നേഹം, കാപട്യം, പൊങ്ങച്ചം, ബന്ധുത്വം, പ്രതാപം, പദവി, സമ്പന്നത, ദാരിദ്ര്യം എന്നിങ്ങനെ മനുഷ്യജീവിതത്തിന്റെ സമസ്ത ഭാവങ്ങളും രീതികളും ചെയ്തികളും ഒക്കെ രാജുവിന്റെ കഥകളിൽ ആവോളമുണ്ട്. ‘പാതിരാ കുരിശ്’ എന്ന കഥയിൽ വിശ്വാസത്തിന്റെ നേരും നെറിയും ചൂഷണവും കാപട്യവുമൊക്കെ വളരെ തന്മയത്വത്തോടെ എടുത്തു കാട്ടുന്നു. രൂക്ഷമായ വിമർശനമല്ല, മറിച്ച് ചെറുചിരിയോടെയുള്ള ചൂണ്ടിക്കാട്ടലാണ് രാജുവിനിഷ്ടം. ദുർഗ്രഹമായ ആഖ്യാനരീതിയോ മടുപ്പിക്കുന്ന പരീക്ഷണ ശ്രമങ്ങളോ ഇക്കഥകളിൽ കാണാനില്ല. കഥാകൃത്തിനു പറയാനുള്ളത് കുറഞ്ഞ വാക്കുകളിൽ ജാഗ്രതയോടെ സാക്ഷാത്കാരം നേടുന്നു. അത് അനുവാചകന് ഇഷ്ടവായനയ്ക്ക് അവസരമാകുകയും ചെയ്യുന്നുണ്ട്.
ഈ കഥാസമാഹാരത്തിൽ, ‘ഹൃദയങ്ങൾ’ എന്ന തലക്കെട്ടോടുകൂടിയ ഒരു ‘കഥാ കൊളാഷ്’ ഉണ്ട്. ഇത്തരം രചന മലയാള കഥാസാഹിത്യത്തിൽ അപൂർവമാണ്. എന്നാൽ സിനിമയിൽ ഇതപൂർവമല്ലതാനും. ഹൃദയങ്ങളുടെ ഓരോ പേജിനും ഉപയോഗിച്ചിരിക്കുന്ന ഭാഷയും രീതിയും ശ്രദ്ധേയമാണ്; ഒപ്പം കഥാബീജവും. ഓരോന്നും ഓരോ മിനിക്കഥയായും കാണാം. അങ്ങനെ പത്തു പേജുകൾക്കും സ്വതന്ത്രവും സൂക്ഷ്മവുമായ അസ്തിത്വവുമുണ്ട്. ഒന്നിൽ മൃഗബീജമാണെങ്കിൽ, രണ്ടിൽ ഡ്രൈവറുടെ സേവനമാണ്. മൂന്നിൽ പ്രണയവും മരണവുമാണെങ്കിൽ നാലിൽ ഹൃദയാർബുദമാണ്. ഇങ്ങനെ വ്യത്യസ്തമായ വിഷയങ്ങൾ ഈ കൊളാഷിൽ നിറയുന്നു, ഇതൊരു പുതുമയാണ്. ഈ കൊളാഷ് വായനക്കാരനെ അതിശയിപ്പിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
ആനന്ദത്തിന്റെ രാസഘടന
(കഥകള്‍)
രാജു സമഞ്ജസ
മലയാള സാഹിത്യഅക്കാദമി ആന്റ് റിസര്‍ച്ച് സെന്റര്‍
വില: 180 രൂപ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.