കചനാഗ കലാപം


മിഥിലാ മിഥുന്
ടീച്ചര്‍, ഗുഡ്ഷെപ്പേഡ്
ഇംഗ്ലീഷ് മീഡിയം സ്കൂള്‍
ആക്കുളം
മറ്റെല്ലാ കലാപങ്ങളെയുംപോലെ കചനാഗന്മാരുടെ കലാപവും അടിച്ചമര്‍ത്തപ്പെട്ട ഒന്നായിരുന്നു. അസമിലെ കച്ചാര്‍ ജില്ലയിലുള്ള ഒരു ഗോത്രവിഭാഗമാണ് കചനാഗന്മാര്. 1882 ല്‍ തങ്ങളുടെ വാസസ്ഥലത്തിനടുത്തെത്തിയ വെള്ളക്കാരെ അവര്‍ ആക്രമിച്ചു. അത്ഭുത സിദ്ധിയുണ്ടെന്ന് അവകാശപ്പെടുന്ന ശംബുദാന് ആയിരുന്നു അവര്‍ക്ക് നേതൃത്വം നല്‍കിയത്. തന്റെ അനുഗ്രഹമുള്ളവര്‍ക്ക് വെടിയേല്ക്കില്ലെന്നും അതിനാല്‍ സധൈര്യം വെള്ളക്കാര്‍ക്കെതിരെ അണിനിരക്കാനും അവരെ തോല്‍പ്പിച്ച് ഒരു സുവര്‍ണ സത്യയുഗത്തിനുവേണ്ടി പൊരുതുവാനും അദ്ദേഹം ജനങ്ങളെ ഉദ്ബോധിപ്പിച്ചു. കചനാഗകലാപവും ഒരു പരാജയമായിത്തീരുകയാണുണ്ടായത്.
കുക കലാപം
ബ്രിട്ടീഷ് ഭരണത്തിനെതിരെയും അവര്‍ക്ക് താങ്ങായി നിന്ന വന്‍കിട ഭൂപ്രഭുക്കന്മാര്ക്കുമെതിരെ പഞ്ചാബിലെ കര്‍ഷകര്‍ നടത്തിയ പോരാട്ടമാണ് കുക കലാപം എന്ന പേരിലറിയപ്പെടുന്നത്. 1860 – 70 കളിലായിരുന്നു ഈ ഉശിരന്‍ പോരാട്ടം നടന്നത്. ഗുരുരാംസിങ് ആയിരുന്നു സമരത്തിന്റെ നേതാവ്. നാംദാരി വിഭാഗത്തിലെ സിക്കുമതവിശ്വാസികളായിരുന്നു മുന്‍പന്തിയില്‍.
സിക്കുസമുദായത്തിനവകാശപ്പെട്ട ക്ഷേത്രഭൂമി തട്ടിയെടുത്ത ചില ഭൂപ്രഭുക്കന്മാര്ക്കെതിരെയാണ് സമരം തുടങ്ങിയത്. എന്നാല്‍ പെട്ടെന്നത് ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടമായി മാറുകയായിരുന്നു. ബ്രിട്ടീഷ് ഉല്‍പ്പന്നങ്ങളും സ്ഥാപനങ്ങളും ബഹിഷ്കരിക്കാന്‍ രാംസിങ് ആഹ്വാനം ചെയ്തു. രാംസിങിന്റെ അനുയായികളും പൊലീസും തമ്മില്‍ പല സ്ഥലങ്ങളിലും ഏറ്റുമുട്ടി. 1872 ജനുവരിയില്‍ നാംദാരികള് മലേര്‍കോട് എന്ന ഒരു കൊച്ചുനാട്ടുരാജ്യത്തിന്റെ ഭരണാധികാരിയുടെ കൊട്ടാരത്തിനുനേരെ ആക്രമണത്തിന് തുനിഞ്ഞു. അവര്‍ക്കെതിരെ ബ്രിട്ടീഷുകാരും ഭൂപ്രഭുക്കന്മാരും ആഞ്ഞടിച്ചു. തടവുകാരായി നിരവധി നാംദാരികളെ പിടിക്കുകയും പീരങ്കിയുടെ കുഴലില്‍ കെട്ടിയിട്ട് ചുട്ടുകൊല്ലുകയുമാണുണ്ടായത്. അറസ്റ്റ് ചെയ്ത രാംസിങിനെ ബ്രിട്ടീഷുകാര്‍ ബര്‍മ്മയിലേക്ക് നാടുകടത്തുകയും ചെയ്തു.