Monday
18 Feb 2019

കച്ചോടം നാടുവാണീടും കാലം

By: Web Desk | Saturday 17 March 2018 10:40 PM IST

പണിതുണ്ടാക്കുന്നവനെയും ഉല്‍പ്പന്നം വാങ്ങുന്നവനെയും വിപണി അടിമകളാക്കിയിരിക്കുന്ന കാലത്തെ ജീവിതം ദുസ്സഹം! എന്ത് കൃഷി ചെയ്യണമെന് നിശ്ചയിക്കുന്നത് കര്‍ഷകനല്ല. എന്ത് കഴിച്ചു ജീവിക്കുന്നതാണ് ആശാസ്യമെന്ന് തീരുമാനിക്കുന്നത് സാമാന്യ ജനവുമല്ല. രണ്ടും വിപണിയുടെ വിധാതാക്കള്‍ നിര്‍ണയിക്കുന്നു. കാപ്പിച്ചെടി വേണ്ട കൊക്കൊ മതി എന്ന് അവര്‍ വിധിക്കും, അപ്പീലില്ലാതെ. കുറച്ചു കഴിഞ്ഞാല്‍ കുരുമുളകു മതി എന്നാവും. പിന്നെ ഏലം, ഇഞ്ചി, തേങ്ങ എന്നിങ്ങനെ മാറിമാറി വരും. ഓരോ തവണ വിളമാറുമ്പോഴും കൃഷിക്കാരന്റെ മൂലധനം നശിക്കും. അവന്‍ പാപ്പരായി ആത്മഹത്യ ചെയ്യുമ്പോള്‍ അവന്റെ ഭൂമിയും വിപണിയിലെ ചരക്കാവും! ഇതുപോലെത്തന്നെയാണ് ഉപഭോക്താവിനെയും വഞ്ചിക്കുന്നത്. വെളിച്ചെണ്ണ തൊട്ടുപോകരുത്, പാമോയിലൊ മറ്റോ മാത്രമേ ഉപയോഗിക്കാവൂ എന്ന് വിപണിമേധാവികള്‍ നിശ്ചയിക്കും. ‘വിദഗ്ധ’രും മാധ്യമങ്ങളും ഓശാന പാടും. മുടി വളരാനും തടി കൂടാനും കുറയാനും ഒക്കെ ‘ഭക്ഷണ’ങ്ങള്‍ റെഡി!
ഇടയില്‍ നില്‍ക്കുന്നവര്‍ക്ക് ലാഭം മാത്രം മതി. ആര്‍ തൂങ്ങിയൊ തൂങ്ങാതെത്തന്നെയൊ ചത്താലും ചത്തതിനൊത്തു ജീവിച്ചാലും ഇക്കൂട്ടര്‍ക്ക് ഒരു നഷ്ടവുമില്ല! ഏറ്റവും വലിയ പത്ത് പണക്കാരുടെ പട്ടികയില്‍പ്പെട്ടില്ലെങ്കില്‍ എന്തു മോക്ഷം? കച്ചവടക്കാര്‍തന്നെ നിര്‍മാതാക്കളുമായ വ്യവസായികോല്‍പ്പന്നങ്ങള്‍ക്ക് മാത്രമേ എക്കാലത്തും വിലയില്‍ വര്‍ധനവു മാത്രമുള്ളൂ – തോക്കും കാറും ബൈക്കും മറ്റും ഉദാഹരണം.
ഇതേ സമ്പ്രദായമാണ് സാഹിത്യത്തിന്റെ കാര്യത്തിലും ലോകവ്യാപകമായി നിലവിലുള്ളത്. എഴുതുന്നവനും വായിക്കുന്നവനും ഒരേ ചതിയുടെ കടയും തലയും താങ്ങുന്നു. കച്ചവടക്കാരനായ ഇടനിലക്കാരന്‍ ഇരുവരെയും ചൂഷണം ചെയ്യുന്നു.
കവി ക്ഷയരോഗം പിടിച്ച് അവശനായി മരുന്നിനുപോലും കാശില്ലാതെ നരകിക്കുമ്പോള്‍ തിരിഞ്ഞൊന്നു നോക്കുകപോലും ചെയ്യാതെ അതേ കവിയുടെ പുസ്തകത്തിന്റെ പതിനാറാം പതിപ്പ് വിറ്റ് കീശവീര്‍പ്പിക്കുന്നവര്‍ പണ്ടേയുണ്ട്. പക്ഷേ അവര്‍, എഴുതുന്നവര്‍ എന്ത് എങ്ങനെ എഴുതണം എന്നോ വായിക്കുന്നവരുടെ അഭിരുചി എവ്വിധമാകണം എന്നോ നിശ്ചയിക്കാന്‍ മുതിര്‍ന്നിരുന്നില്ല. ഇപ്പോള്‍ പക്ഷേ ഇതുകൂടി ആയിരിക്കുന്നു. രണ്ടറ്റവും ഇഷ്ടപ്പടി രൂപപ്പെടുത്തി വിപണി കൊഴുപ്പിച്ചും (കാര്‍ബെഡിട്ട്) പഴുപ്പിച്ചും ഇടത്തട്ടിന്റെ ആക്കവും തൂക്കവും വര്‍ധിപ്പിക്കാന്‍ നടത്തുന്ന കുത്സിതശ്രമങ്ങള്‍ വിജയിക്കുന്തോറും എഴുത്തിന്റെ സ്വാഭാവിക ഫലമായ സംസ്‌കാരനിര്‍മ്മിതി, അന്യം നിന്നുകൊണ്ടിരിക്കുന്നു.
എഴുത്ത് വിര്‍മശനത്തെ രൂപപ്പെടുത്തിയ കാലം പോയി. ഇപ്പോള്‍ വിമര്‍ശനം എഴുത്തിന്റെ തരവും തിരിവും മൊരിവും എരിവും തീരുമാനിക്കുന്നു. പ്രസാധകര്‍ വിമര്‍ശകരെ തെളിച്ചുനടത്തുന്നു.
എഴുത്തുകാരെ മൂക്കുകയറിട്ടു നടത്താന്‍ വലിയ വലിയ പണക്കിഴികളുടെ അകടമ്പടിയോടെയുള്ള സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. തുകയാണല്ലൊ അവാര്‍ഡിന്റെ വലുപ്പം. ഏറ്റവും വലിയ തുക കിട്ടുന്നത് ഏറ്റവും വലുത്. അത് കിട്ടിയവരുടെ വഴിയെ പോകാന്‍ പാവം എഴുത്തുകാരന്‍ സ്വാഭാവികമായും ആശിക്കുന്നു. വിപണിയുടെ പ്രലോഭനങ്ങള്‍ ഭരിക്കുന്ന ഈ ലോകത്തുതന്നെയാണല്ലൊ അവനും ജീവിക്കുന്നത്.
മനുഷ്യസമൂഹം അതിന്റെ പൊതുതാല്‍പ്പര്യങ്ങളുടെ പേരില്‍ എന്നെങ്കിലും ഒന്നിക്കുന്നത് തടയാനാണ് എല്ലാ കച്ചവടക്കാരുടെയും ശ്രമം പ്രത്യേകിച്ചും ആയുധക്കച്ചവടക്കാരുടെ. ഭൂമിയിലെ ശത്രുതകള്‍ ഇല്ലാതായാല്‍ അവരുടെ കഞ്ഞികുടി മുട്ടും!. അതിനാല്‍ സാഹിത്യത്തിന്റെ അടിസ്ഥാന ധര്‍മ്മമായ സംസ്‌കാര നിര്‍മിതി തടഞ്ഞേ മതിയാവൂ. ഭാഷയേയും പ്രമേയങ്ങളേയും ജനങ്ങളില്‍ നിന്ന് അകറ്റുകയൊ അവരെ ഇക്കിളിപ്പെടുത്താന്‍ മാത്രം ഉപയുക്തമാവുകയൊ ചെയ്യുന്ന എഴുത്തിനെ ആര്‍പ്പുവിളിച്ച് കൊട്ടിഘോഷിച്ച് എഴുന്നെള്ളിക്കുകയാണ് ഇക്കൂട്ടര്‍.
ഈയിടെ നാടുനീളെ കാണുന്ന സാഹിത്യപ്പൂരങ്ങളെല്ലാം ഈ ഒരൊറ്റ ലക്ഷ്യമുള്ളവയാണ്. അഭിലഷണീയ മഹാമാതൃകകളെ പ്രദര്‍ശിപ്പിക്കുന്നു. ‘പ്രവണതകള്‍ അവതരി’ക്കുന്നു. സ്‌പോണ്‍സര്‍മാരെയും മാധ്യമങ്ങളെയും കൂട്ടുപിടിച്ച് ലാഭവും പ്രശസ്തിയും ‘പ്രവണതകള്‍’ക്ക് അംഗീകാരവും നേടിയെടുക്കുന്നു. പ്രസ്ഥാനക്കപ്പലുകള്‍ കടലിലിറക്കുന്ന മാമാങ്കങ്ങള്‍ അരങ്ങുതകര്‍ക്കുന്നു.
മറ്റെങ്ങുമുള്ളതിലേറെ സാഹിത്യപ്പൂരങ്ങള്‍ ഈ കൊച്ചു കേരളത്തിലാണരങ്ങേറുന്നത്. പൊതുജനവിഹിതം ശരിയായ സാംസ്‌കാരിക നിര്‍മ്മിതിയുടെ ഇടതുപക്ഷം ചേര്‍ന്നുനില്‍ക്കാതിരിക്കാന്‍ കലയേയും സാഹിത്യത്തേയും മനഃപൂര്‍വം ‘സമാന്തര’മാക്കി ജനങ്ങളില്‍ നിന്നകറ്റി അവരുടെ തലയ്ക്കുമുകളില്‍ കെട്ടിത്തൂക്കാന്‍ ബഹുമുഖമായ ശ്രമം തുടങ്ങിയത് കഴിഞ്ഞ നൂറ്റാണ്ടിലെ അമ്പതുകള്‍ക്ക് ശേഷമാണ്. ‘തനതായും’ ‘ആര്‍ട്ടാ’യും ക്ലാസിക്കായും അറിയപ്പെടുന്ന അന്തസാര ശൂന്യതകള്‍ക്ക് അംഗീകാരവും മേല്‍ക്കോയ്മയും ലഭിക്കാന്‍ ഇന്നും സംഘടിത ശ്രമങ്ങള്‍ നടന്നുപോരുന്നതായി കാണാം. അന്താരാഷ്ട്ര ഏജന്‍സികള്‍ വേണ്ടുവോളം ചുക്കാന്‍ പിടിക്കുന്നു. സര്‍വകലാശാലകള്‍ ചാപിള്ളകളെ പ്രസവിക്കുന്ന ഈറ്റില്ലങ്ങളാവുക മാത്രമല്ല ഈ ചാപിള്ളകള്‍ അവതാരങ്ങളാണെന്ന് സ്ഥാപിക്കാന്‍ ആധികാരികത ഉപയോഗിക്കുകയും ചെയ്യുന്നു.
ചന്തമിടുക്കിനെ ചന്തമിടുക്കായി കാണാന്‍ പണ്ടേ ശീലിച്ച മലയാളിയുടെ ഉള്‍ച്ചിരി പക്ഷേ ഇവരാരും കാണുന്നില്ല..