17 April 2024, Wednesday

കട കാലിയാക്കൽ

Janayugom Webdesk
ബാലചന്ദ്രൻ എരവിൽ
September 26, 2021 6:33 am

കോട്ടയിലേക്കാണ് യാത്ര. മക്കളുടെ വളരെ കാലമായുള്ള ആഗ്രഹമാണ് ഏതാനും സമയങ്ങൾക്കുള്ളിൽ സഫലമാകുന്നത്. കോവിഡിനെ തുടർന്ന് രണ്ടു വർഷത്തോളം നീണ്ട വീട്ടുതടങ്കലിൽ നിന്നും രക്ഷപ്പെട്ട സന്തോഷം അവരുടെ മുഖത്ത് പ്രതിഫലിക്കുന്നുണ്ട്.
ഞായറാഴ്ചയായതിനാൽ ബസിലും ആളനക്കം കുറവായിരുന്നു.
ബസ്സ്റ്റാന്റിൽ ബസ് കുറച്ചു നേരം വിശ്രമിച്ചു. നഗരക്കാഴ്ചകൾ ഒപ്പിയെടുക്കുകയാണ് മക്കൾ.
ഷട്ടറുകൾ കൊണ്ട് മൂടിപ്പുതച്ച കടകൾക്കിടയിൽ ജീവനോടെ നിൽക്കുന്നത് മരുന്ന് കടകൾ മാത്രമാണ്.
സഹപ്രവർത്തകരോടുള്ള കുശലം പറച്ചിലിന് ശേഷം കണ്ടക്ടർ കാലെടുത്തു വെച്ചതോടെ ബസ്സൊന്ന് മുരണ്ടു.
“കോട്ടയിൽ എത്ര മണിക്ക് എത്തും?”
“അര മണിക്കൂർ യാത്രയുണ്ട്.” കണ്ടക്ടറുടെ മറുപടി കിട്ടിയതോടെ എന്റെ സംശയം നീങ്ങി.
വാഹനങ്ങളുടെ വിരൽ സ്പർശമേറ്റ് തഴമ്പിച്ച റോഡിലൂടെ കിതച്ചുകൊണ്ടാണ് ബസ് നീങ്ങുന്നത്. ആകെ ഇരുപതോളം പേരേ ബസിനകത്ത് കാണൂ. എത്രയോ രഹസ്യങ്ങൾ ഒളിപ്പിച്ചാണ് ഓരോരുത്തരും ബസിനകത്ത് ഇരിക്കുന്നതെന്ന് തോന്നി. അത്രക്കും മൗനമായിരുന്നു യാത്ര. ബസിനോട് മത്സരിക്കുന്ന മരങ്ങളെ കണ്ടപ്പോൾ ചിരി വന്നു. ഇരുട്ടിനോടും പകലിനോടും പൊരുതുന്ന ഇവക്ക് മനുഷ്യന് മുന്നിൽ മാത്രമാണ് തല കുനിക്കേണ്ടി വരുന്നത്.
“കോട്ട… കോട്ട… ഇറങ്ങുന്നവർ വരൂ…” കണ്ടക്ടർ നിലവിളിച്ചു.
മക്കളുടെ കയ്യും പിടിച്ച് ബസിറങ്ങി.
തട്ട് കടയിൽ കയറി മൂന്ന് നാരങ്ങാ വെള്ളം ആവശ്യപ്പെട്ടു. നാരങ്ങ മുറിക്കുമ്പോഴും, പിഴിയുമ്പോഴും, മധുരം കലക്കുമ്പോഴും അയാളുടെ ശ്രദ്ധ മുഴുവൻ എതിർവശത്തെ കടയിലേക്കാണ്. അവിടെ നല്ല ആൾക്കൂട്ടമുണ്ട്.
“എന്താണവിടെ?”
“കടകാലിയാക്കൽ.”
“എന്ത് കടയാ?”
“സൂപ്പർമാർക്കറ്റാ. വമ്പിച്ച വിലക്കുറവാണ്. രണ്ടു ദിവസം കൂടിയേ ആ കട തുറക്കൂ. പിന്നെ പുതിയ മാനേജ്മെന്റിന് കൈമാറും.”
“നല്ല തിരക്കുണ്ടല്ലോ? കച്ചവടം നന്നായി നടക്കുന്ന ഈ കട വിൽക്കാൻ കാരണമെന്താണ് ?”
“സ്വപ്നതുല്യമായ തുക ഓഫർ ചെയ്ത് ഡൽഹിയിൽ നിന്നും ഒരു വൻകിട ടീം ഇവിടെ എത്തിയിട്ടുണ്ട്. എന്റെ ഈ തട്ട് കടയടക്കം ഈ പ്രദേശത്തെ ഭൂരിഭാഗം കടകൾക്കും അവർ അഡ്വാൻസ് നൽകി കഴിഞ്ഞു.”
“എന്ത് കിട്ടി? ”
“അത് പറയില്ല. പക്ഷെ മൂന്നാല് കൊല്ലം ഒരു പണിയും എടുക്കാതെ ജീവിക്കാം.”
കോട്ടയിലേക്ക് പോകാൻ കുട്ടികൾ ധൃതി പിടിച്ചു. ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കുക എന്നത് അവരെ സംബന്ധിച്ച് ഏറെ ഇഷ്ടമുള്ള കാര്യമാണ്. സത്യത്തിൽ കോട്ടയെക്കുറിച്ച് എന്നേക്കാൾ നല്ല ധാരണ മക്കൾക്കുണ്ട്.
കോട്ടക്ക് മുന്നിൽ കച്ചവടം നടത്തുന്നതെല്ലാം യൂനിഫോം ധരിച്ചെത്തിയവരായിരുന്നു. വർണങ്ങൾ വിതറിയെത്തുന്ന ബലൂൺ വില്പനക്കാരനും, സൈക്കിളിൽ തണുപ്പ് വിൽക്കുന്ന ഐസുകാരനും, പാവക്കാരനുമൊന്നും അവിടെയെങ്ങുമില്ല. കൗണ്ടറിൽ തുകയടച്ച് ബില്ലുമായി ക്യൂ നിന്നു. ഒടുവിൽ മൂന്ന് ഉപ്പിലിട്ട മാങ്ങാ കഷ്ണം വാങ്ങി രുചിച്ച് കോട്ടയുടെ കവാടത്തിലെത്തി.
മക്കൾ പുസ്തകവും പേനയും എടുത്തു. അവർക്ക് കോട്ടയുടെ ചരിത്രം പുസ്തകതാളിലേക്ക് പകർത്താൻ തിടുക്കമായി.
ഗേറ്റിന് മുന്നിലെ ചുമരിലാണ് കോട്ടയുടെ ചരിത്രം കൊത്തിവെച്ചിടം. എന്നാൽ അവിടം മുഴുവൻ നോക്കിയിട്ടും അത് മാത്രം കാണാനില്ല. ചരിത്ര സത്യങ്ങൾക്ക് പകരം ടൂറിസത്തിന്റെ അനന്ത സാധ്യതകളുടെ വർണലോകം തുറന്നുവെച്ച ഫോട്ടോകൾ എങ്ങും നിരന്നിട്ടുണ്ട്.
“ഹലോ എന്താ തപ്പുന്നത് ?”
ഹിന്ദി കലർപ്പിനിടയിൽ നിന്നും ഒരു മലയാള സ്വരം കാതിൽ പടർന്നപ്പോൾ ആശ്വാസം തോന്നി.
“ഞങ്ങൾ കോട്ട കാണാൻ വന്നതാ. മുമ്പ് വന്നപ്പോൾ ഇവിടെ കോട്ടയുടെ ചരിത്രം രേഖപ്പെടുത്തി വെച്ചിരുന്നു. പക്ഷെ ഒന്നും കാണാനില്ല.”
“അതൊക്കെ എടുത്തു മാറ്റി. കോട്ട വിൽക്കാൻ ഡൽഹിയിൽ നിന്നും ഉടൻ ഉത്തരവിറങ്ങും. അതിന് മുന്നോടിയായി ഞങ്ങൾ ഇവിടെ ശുചീകരിക്കുവാ…”
“വിൽക്കുകയോ…? അതും ഈ ചരിത്ര സ്മാരകം…”
“എന്ത് ചരിത്രം… ഏത് സ്മാരകം. ഒക്കെ പഴങ്കഥകൾ മാത്രം. തെളിവുണ്ടോ ഇതിനെല്ലാം. ഈ കോട്ടയുമായി ബന്ധപ്പെട്ടുള്ള പുതിയ ചരിത്രം ഇന്ദ്രപ്രസ്ഥത്തിൽ നിന്നും നിർമ്മിക്കും. അവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും. അതായിരിക്കണം ഇനി പുതുതലമുറ പഠിക്കേണ്ടത്.”
“അപ്പോൾ ഇക്കേരി രാജവംശം, ശിവപ്പനായ്ക്ക്, ടിപ്പു സുൽത്താൻ ” ‑മുഴുമിപ്പിക്കും മുമ്പേ അവിടെ കൂട്ടച്ചിരിയുയർന്നു.
പൊടിപ്പിടിച്ച മാറാലകൾ തൂത്തു വൃത്തിയാക്കി പുതിയ പെയിന്റടിക്കണം. പുതുമ ഇഷ്ടപ്പെടുന്നവരെ ആകർഷിക്കാൻ പഴമയുടെ ഒരവശിഷ്ടം പോലും ബാക്കി വെക്കരുത്. അയാൾ ദൂരേക്ക് ചൂണ്ടി പറഞ്ഞുക്കൊണ്ടേയിരുന്നു.
കടലിന്റെ തിരയനക്കങ്ങളിലേക്ക് മാലിന്യം തള്ളിയിടാൻ ടിപ്പർ ലോറികൾ മത്സരിക്കുന്നതിനിടയിലൂടെ മക്കളുടെ കയ്യും പിടിച്ച് നടന്നു.
പെട്ടെന്ന് ലോറിയിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി.
അതിൽ നിറയെ സ്വാതന്ത്ര്യ സമര പോരാളികളായിരുന്നു…!

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.