Web Desk

തിരുവനന്തപുരം

January 19, 2021, 6:36 pm

സന്നിധാനത്തെ അന്നദാന മണ്ഡപത്തിന് ഒരു രൂപപോലും മോഡി സര്‍ക്കാര്‍ തന്നിട്ടില്ല: കടകംപളളി സുരേന്ദ്രൻ

Janayugom Online

ശബരിമല സന്നിധാനത്ത് ആധുനിക അന്നദാന മണ്ഡപം സ്ഥാപിച്ചത് കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ചാണെന്ന സംഘപരിവാറിന്റെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ. മോഡി സര്‍ക്കാര്‍ ഒരു രൂപ പോലും അന്നദാന മണ്ഡപത്തിനായി ചെലവഴിച്ചിട്ടില്ല. 21.55 കോടി രൂപമുടക്കി സംസ്ഥാന സര്‍ക്കാരാണ് ഈ മണ്ഡപം യാഥാര്‍ത്ഥ്യമാക്കിയത്. ഇതില്‍ ഒരു പൈസ പോലും കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടില്ല. ശബരിമലയെ തീര്‍ത്ഥാടന കേന്ദ്രമാക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം പോലും മോഡി സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു.

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ശബരിമല സന്നിധാനത്ത് ആധുനിക അന്നദാന മണ്ഡപം യാഥാർഥ്യമാക്കിയത് പിണറായി സർക്കാരിന്റെ മാത്രം ഫണ്ട് ഉപയോഗിച്ചാണ്. സംസ്ഥാന സർക്കാർ 21.55 കോടി രൂപയാണ് അന്നദാന മണ്ഡപം നിർമ്മിക്കാൻ വിനിയോഗിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ അന്നദാന മണ്ഡപങ്ങളിൽ ഒന്നായ ഇവിടെ ഒരേസമയം 5000 തീർത്ഥാടകർക്ക് അന്നദാനം നൽകാൻ കഴിയും.

അപ്പോൾ മിത്രംസ്, ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം പോലും അവഗണിച്ച മോദി സർക്കാർ ഒരു രൂപ പോലും ഈ അന്നദാന മണ്ഡപത്തിന് മുടക്കിയിട്ടില്ല. അന്നദാനം മഹാദാനമാണ്. അതിൽ പോലും ഉളുപ്പില്ലാത്ത അവകാശ വാദവുമായി വരരുത്.

പിണറായി വിജയൻ സർക്കാർ യാഥാർത്ഥ്യമാക്കിയ അന്നദാന മണ്ഡപം കേന്ദ്രത്തിന്റേതെന്ന് ഗീർവാണം അടിക്കുന്നവരോട് ഒരു പഴഞ്ചൊല്ല് ഓർമ്മിപ്പിക്കാം. ”ആരാന്റെ പന്തലിൽ വാ എന്റെ വിളമ്പു കാണണമെങ്കിൽ’ എന്ന തൊലിക്കട്ടി അലങ്കാരമാക്കരുത്.