കടല്‍ മാനസങ്ങള്‍

Web Desk
Posted on September 03, 2019, 10:30 am

മനോജ് ചെങ്ങന്നൂര്‍

മിഴിയകന്നുപോയ് തമ്മിലെങ്കിലും
കനലു പെയ്‌തോരു മനസ്സുമായ്
നീയെന്നെ യാത്രയാക്കുവാനായി
എത്തിനോക്കീടവേ,
ഇടവഴിയോളം ഞാന്‍ മറയുമ്പോള്‍,
പിന്നിലായി
അഴലുമൂടി മാനം കറുത്തു പോയ്
പെയ്തു തോരാതെയാ
മിഴികളും തുളുമ്പിപ്പോയി.….

ഉരുകിയുരുകി നീയെന്റെ ജീവിതപാതയില്‍
പരിഭവങ്ങളേതുമേയില്ലാതെ,
എന്നെ നോക്കി കണ്ണീര്‍ വാര്‍ക്കവേ,
ഒടുവിലീ വിജനപാതയില്‍
എന്തിനായ് കണ്ടു നാം
എന്തിനാ വിഹ്വലതകള്‍
പങ്കിട്ടു തമ്മിലായ് നാം

മറുപുറങ്ങളില്ലാത്ത
പുസ്തകത്താളുകള്‍ നമ്മള്‍
ഒരു പുറം പോലും
പൂര്‍ത്തിയാകാത്തവര്‍ നമ്മള്‍
ചിതലുതിന്ന പുസ്തകത്താളിനുള്ളിലായ്
മാനം നോക്കി കിടപ്പുണ്ടു
നാം കണ്ട നിറമാര്‍ന്ന സ്വപ്‌നത്തിന്‍
മയില്‍പ്പീലിത്തുണ്ടുകള്‍.….

കടലെടുക്കുവാന്‍ കൊതിക്കുന്ന മാനസം
ഉള്ളിലേറ്റും രണ്ടു ദു:ഖതീരങ്ങള്‍ നമ്മള്‍
എങ്കിലും, നിന്‍ തുളുമ്പുന്ന മിഴിയൊന്നു
കാണുവാനാകുന്നില്ല എനിക്കിന്നും
എന്റെ പിന്നിലായ് നീയുണ്ടെന്നറിഞ്ഞിട്ടും.….