ഫറോക്ക് ടിപ്പുക്കോട്ട ചരിത്ര സ്മാരകമാക്കും ;കടന്നപ്പള്ളി രാമചന്ദ്രൻ

Web Desk

ഫറോക്ക്

Posted on October 29, 2020, 7:51 pm

അമൂല്യമായ ചരിത്ര സൂക്ഷിപ്പുകളുള്ള ഫറോക്ക് ടിപ്പു സുൽത്താൻകോട്ട ചരിത്ര സ്മാരകമായി സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് പുരാവസ്തു വകുപ്പുമന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ടിപ്പുക്കോട്ട സന്ദർശിക്കാൻ ഫറോക്കിലെത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം കോട്ടയിലെത്തിയ അദ്ദേഹം പഴയ ബംഗ്ലാവ്, ഭീമൻ കിണർ, ഭൂഗർഭ അറ, കൊത്തളം ഇവയെല്ലാം നിരീക്ഷിച്ചു.

‘രാജ്യവും ലോകവും അറിയേണ്ട സൂക്ഷിപ്പുകൾ ഇവിടെയുണ്ട്. ടിപ്പുക്കോട്ടയുടെ സംരക്ഷണം സംസ്ഥാന സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തുകയും നിയമസഭയിൽ പ്രഖ്യാപിക്കുകയും ചെയ്തതാണ്. കോടതിയിൽ വ്യവഹാരം നടക്കുകയാൽ അതു മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചില്ല. ഇപ്പോൾ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം കോട്ട പുരാവസ്തുവകുപ്പ് ഏറ്റെടുക്കുകയും പര്യവേക്ഷണവും ഉത്ഖനനവും നടത്തുകയും ചെയ്യുകയാണ്.

’ പര്യവേക്ഷണത്തിൻ്റെ റിപ്പോർട്ട് കോടതിയിൽ കൃത്യസമയത്തു സമർപ്പിക്കുമെന്നും കോടതിയുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് ഭാവി നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വി കെ സി മമ്മദ് കോയ എം എൽ എ, നഗരസഭാദ്ധ്യക്ഷ കെ കമറു ലൈല, ഡപ്യൂട്ടി ചെയർമാൻ കെ ടി അബ്ദുൽ മജീദ്, സി പി ഐ ജില്ലാക്കമ്മിറ്റി അംഗം പിലാക്കാട്ട് ഷൺമുഖൻ, പി ആസിഫ്, പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥൻ കെ കൃഷ്ണ രാജ്, കോട്ട സംരക്ഷണ സമിതി ചെയർമാൻ ജയശങ്കർ കളിയൻകണ്ടി തുടങ്ങിയവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Eng­lish sum­ma­ry; kadan­nap­pal­li ramachan­dran farock tip­puquo­ta state­ment

You may also like this video;