Web Desk

തിരുവനന്തപുരം

June 21, 2021, 3:10 pm

മകനെ പീഡിപ്പിച്ചു എന്ന് അമ്മയ്ക്കെതിരെ നടത്തിയ വെളിപ്പെടുത്തൽ: കേരളം ഞെട്ടലോടെ കേട്ട ഇല്ലാക്കഥയുടെ നേര്‌ വെളിച്ചത്തായത്‌ ഇങ്ങനെ

Janayugom Online

കേരളത്തെ ഞെട്ടിച്ചുകൊണ്ടാണ് കടയ്ക്കാവൂരില്‍ മകനെ അമ്മ പീഡിപ്പിച്ചെന്ന വാര്‍ത്ത പുറത്തുവന്നത്. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ സംസ്ഥാനമാകെ പടര്‍ന്നുപിടിക്കുകയും വാദപ്രതിവാദങ്ങളും വിവിധ കോണുകളില്‍ നിന്ന് പുറത്തുവരുകയും ചെയ്തിരുന്നു. എന്നാല്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന പോക്സോ കേസിൽ വന്‍ വിഴിത്തിരിവാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്.കേട്ടതൊന്നും സത്യമല്ലെന്നും, അമ്മയ്ക്കെതിരെ ഇല്ലാത്ത കഥ മെനയുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. അശ്ലീല വീഡിയോ കാണുന്നത് അച്ഛന്‍ കണ്ടുപിടിച്ചപ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാനായുള്ള ഒരു പതിമൂന്ന് വയസ്സുകാരന്റെ തന്ത്രമായിരുന്നു ഇതെന്നുമാണ് ശാസ്ത്രീയ പരിശോധനകള്‍ ഉള്‍പ്പെടെ നടത്തി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

പതിമൂന്നുകാരനെ മൂന്ന് വർഷത്തോളം ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന് പരാതിയിലാണ് കടയ്ക്കാവൂർ പൊലീസ് കുട്ടിയുടെ അമ്മയെ ഇക്കഴിഞ്ഞ ഡിസംബർ 28ന് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് നാല് മക്കളുണ്ട്. അമ്മ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് 13 വയസ്സുകാരനായ രണ്ടാമത്തെ മകന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു അറസ്റ്റ്. എന്നാല്‍ ഇവരുടെ ഇളയ മകന്‍ ഇത് നിഷേധിക്കുകയും വ്യാജമാണെന്ന് പറയുകയും ചെയ്തു. പക്ഷേ മൂത്ത കുട്ടി പീഡിപ്പിച്ചെന്ന അനിയന്റെ മൊഴിയില്‍ ഉറച്ച് നിന്നു. വ്യക്തിപരമായ വിരോധങ്ങൾ തീർക്കാൻ മുന്‍ ഭര്‍ത്താവ് മകനെക്കൊണ്ട് കള്ള മൊഴി നൽകിപ്പിച്ചെന്നായിരുന്നു അമ്മയുടെ വാദം.

പരാതിയും മൊഴിയും വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയെങ്കിലും യുവതിക്ക് ഒരു മാസത്തോളം ജയില്‍വാസം അനുഭവിക്കേണ്ടി വന്നു. ഹൈക്കോടതി അമ്മയ്ക്ക് ജാമ്യം അനുവദിച്ചപ്പോള്‍ ഒരു വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ തുടരന്വേഷണം നടത്താൻ കോടതി നിർ‍ദ്ദേശിച്ചു. ഡോ. പി ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ ഷർമ്മദിന്റെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ചായിരുന്നു അന്വേഷണം മുന്നോട്ട് പോയത്.

മെഡിക്കൽ ബോർഡിലെ മാനസികാരോഗ്യ വിദ​ഗ്ധര്‍ ഉള്‍പ്പെടുന്ന എട്ട് ഡോക്ടർമാരുടെ സംഘം കുട്ടിയെ 12 ദിവസം ആശുപത്രിയിൽ പാർപ്പിച്ച് പരിശോധിച്ചു. ശാസ്ത്രീയ പരിശോധനയിൽ കുട്ടി പറയുന്നത് വിശ്വാസ യോഗ്യമല്ലന്നാണ് മെഡിക്കൽ റിപ്പോർട്ട്. അമ്മയുടെ മൊബൈലിലൂടെ കുട്ടി സ്ഥിരമായി അശ്ലീല വീഡിയോകൾ കാണാറുണ്ടെന്നാണ് കൗൺസിലിംഗിൽ വ്യക്തമായത്. 

വിദേശത്ത് അച്ഛനൊപ്പം കഴിയുമ്പോൾ കുട്ടി അശ്ലീലവിഡീയോ കാണുന്നത് കണ്ടുപിടിച്ചു. ഈ സമയം രക്ഷപ്പെടാൻ അമ്മ പീഡിപ്പിച്ചുവെന്ന പരാതി ഉന്നയിച്ചുവെന്നാണ് കണ്ടെത്തൽ. കേസിന് പിന്നിൽ കുട്ടിയുടെ അച്ഛന് പങ്കുണ്ടെന്ന് അറസ്റ്റിലായ യുവതിയുടെ ബന്ധുക്കൾ പരാതി ഉന്നയിച്ചിരുന്നു. എന്നാൽ പരാതിക്ക് പിന്നിൽ പരപ്രേരണയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അമ്മക്കെതിരായ കേസ് നിലനിൽക്കില്ലെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

Eng­lish sum­ma­ry: Kadaykkavoor poc­so case followup

You may also like this video: