Janayugom Online
rahasya jalakangal janayugom

സാമൂഹികാവസ്ഥകളിലേക്ക് തുറന്നുവച്ച കഥാജാലകങ്ങള്‍

Web Desk
Posted on August 05, 2018, 5:49 am

ഷാനവാസ് പോങ്ങനാട്
നാട്ടിന്‍പുറത്തുകാരന്റെ മനസ്സും ചിന്തയും രചനയില്‍ കൈവിടാതെ സൂക്ഷിക്കുന്ന കഥാകാരനാണ് വി വി കുമാര്‍. ആറ്റിക്കുറുക്കുന്ന രചനാരീതിയാണ് കുമാറിന്റേത്. അതിനാല്‍ കഥകള്‍ക്ക് മൂര്‍ച്ച കൂടുതലാണ്. തെളിഞ്ഞഭാഷയില്‍ കുഞ്ഞുവാക്യങ്ങളില്‍ കഥ പറയുകയാണ് കുമാര്‍ ചെയ്യുന്നത്. നാട്ടുവഴക്കങ്ങളും ഗ്രാമ്യഭാഷയും ഗ്രാമീണന്റെ ആകുലതകളും കഥകളെ ആകര്‍ഷകമാക്കുന്നു. നാട്ടുവഴിയോരങ്ങളിലെ പച്ചപ്പാണ് ഈ കഥകളെ വ്യത്യസ്തമാക്കുന്നത്. സമകാലിക രാഷ്ട്രീയമാറ്റങ്ങളെ കാഴ്ചക്കാരന്റെ കണ്ണോടെ അനായാസമായി പറഞ്ഞുതരുന്നു. ‘രഹസ്യജാലകങ്ങ’ളിലെ മിക്ക കഥകളും ഈരീതിയില്‍ നമ്മെ ചിന്തിപ്പിക്കുന്നതും സമഗ്രമായ രാഷ്ട്രീയപാഠമായി വായനക്കാര്‍ക്കുമുന്നില്‍ നിവര്‍ത്തിവെയ്ക്കുന്നതുമാണ്. ഏറെക്കാലമായി കുമാര്‍ ഇത്തരത്തില്‍ മനുഷ്യര്‍ക്കൊപ്പംനിന്ന് കഥകളെഴുതുന്നു. സാമൂഹ്യമായ വിഷയങ്ങളാണ് ഇതിലെ കഥകള്‍ക്ക് വിഷയമെന്നതിനാല്‍ ഇതിനെ രാഷ്ട്രീയകഥകളെന്ന് വിളിക്കാം.
‘ഭൂമിക്കുള്ളിലെ മനുഷ്യന്‍’ എന്ന കഥ നോക്കൂ, ആഗോളവല്‍ക്കരണം അതിന്റെ നീരാളിപ്പിടിയാല്‍ എല്ലാ നന്മകളെയും കവര്‍ന്നെടുക്കുമ്പോള്‍ സൈക്കിള്‍ യജ്ഞക്കാരന്റെ ജീവിതം പറഞ്ഞുകൊണ്ട് കുമാര്‍ ആ വിഷയത്തെ അവതരിപ്പിക്കുന്നു. ‘ഈ കഥ വായിച്ചുതുടങ്ങുന്നതിനുമുമ്പ് ഡങ്കണ്‍ നിര്‍ദ്ദേശങ്ങള്‍, ഗാട്ട് കരാര്‍, ആഗോളവല്‍ക്കരണം, പുനര്‍കോളനിവല്‍ക്കരയണം, മാരക്കേഷ് ഉടമ്പടി ഇത്യാദി സമകാലിക സാമ്പത്തിക രാഷ്ട്രീയപ്രശ്‌നങ്ങളെപ്പറ്റി ഒരുനിമിഷം ചിന്തിക്കുവന്‍ ഞാന്‍ ബഹുമാന്യ വായനക്കാരോട് അഭ്യര്‍ത്ഥിക്കുന്നു’ ‑കഥ തുടങ്ങുന്നത് ഇങ്ങനെയാണ്. മയ്യനാട് ഹനീഫയെയും മണക്കാട് ബഷീറിനേയും അവതരിപ്പിച്ചുകൊണ്ട് ഈ വിഷയം അദ്ദേഹം വായനക്കാരനിലേക്ക് കൊണ്ടുവരുന്നു. മണക്കാട് ബഷീറിനെ ഒരു സന്ധ്യക്ക് ഭൂമിക്കുള്ളിലേക്ക് പറഞ്ഞുവിട്ടശേഷം എല്ലാവരും പോയി. മയ്യനാട് ഹനീഫ മെല്ലെമെല്ലെ സൈക്കിള്‍ ചവിട്ടുകയാണ്. ഭൂമിക്കടിയില്‍നിന്ന് മണക്കാട് ബഷീറിന്റെ അമര്‍ത്തിയ തേങ്ങല്‍ ആരെങ്കിലും കേള്‍ക്കുന്നുണ്ടോ? ആര്‍ക്കാണ് നേരം. കുട്ടികള്‍ എന്‍ട്രന്‍സ് പഠിക്കുന്ന തിരക്കില്‍, ചെറുപ്പക്കാര്‍ ഐടി നയത്തിന്റെ അനന്തസാധ്യതകള്‍ സ്വപ്നം കാണുന്നു, കുറച്ചുപേര്‍ ബോംബുണ്ടാക്കുന്ന പണിയില്‍, ബുദ്ധിജീവികള്‍ ചരിത്രത്തെ വളച്ചൊടിക്കുന്ന തിരക്കില്‍. പെണ്ണുങ്ങള്‍ പരമ്പരക്ക് മുന്നില്‍. അതിനാല്‍ ഇവരാരും ആ തേങ്ങള്‍ കേട്ടില്ല. സംഭാവനയായി ഏതോ കുട്ടി നല്‍കിയ പത്ത് പൈസയുടെ തുട്ടുമാത്രം ചുവന്നവിരിയില്‍ കിടന്നു. ആ കുട്ടിമാത്രം ഭൂമിക്കടിയില്‍നിന്നുള്ള തേങ്ങല്‍ കേള്‍ക്കുന്നുണ്ട്. അവനില്‍ കഥാകൃത്ത് പ്രത്യാശയര്‍പ്പിച്ചുകൊണ്ട് കഥയവസാനിപ്പിക്കുന്നു. മനുഷ്യന്റെ ചിന്തയേയും സമയത്തേയും കവര്‍ന്നെടുത്ത ആഗോളവല്‍ക്കരണത്തിന്റെ ദുരന്തത്തെ അടയാളപ്പെടുത്തിയ ശക്തമായ കഥയാണ് ‘ഭൂമിക്കുള്ളിലെ മനുഷ്യന്‍’.
രാഷ്ട്രീയവും വര്‍ഗ്ഗീയവുമായ കൊലക്കത്തികള്‍ ഉയരുന്നതിനെതിരെ കുമാറിന്റെ കഥകള്‍ ശബ്ദിക്കുന്നു. കൊലവാള്‍ ഉയര്‍ത്തുന്നവര്‍ക്കുനേരേ അത് തിരിച്ചുവിടുകയാണ് കഥാകൃത്ത്. ‘വികാരഭരിതമായ ഹൃദയത്തിന്റെ ഏറ്റുപറച്ചില്‍’ എന്ന കഥ എതിരാളിയെ ഉന്മൂലനം ചെയ്യുന്ന കിരാതമായ രാഷ്ട്രീയ നേതൃത്വത്തെക്കുറിച്ചാണ്. ഈ കഥ നമ്മെ വര്‍ത്തമാനകാലത്തെ കൊലപാതക രാഷ്ട്രീയത്തിന്റെ ഭീകരതയിലേക്കും മനുഷ്യരാഹിത്യത്തിലേക്കും കൊണ്ടുപോകുന്നു. നേതാവിന്റെ വാക്കുകള്‍കേട്ട് എതിരാളിയെ ഇഞ്ചിഞ്ചായി വകവരുത്തുന്നതാണ് കഥ.
‘മരിച്ചവരുടെ നഗരം’ എന്ന കഥ വര്‍ഗീയതയുടെ വര്‍ത്തമാനമുഖം വായനക്കാരിലേക്ക് പകരുന്നു. മാനവികതയുടെ തകര്‍ച്ചയില്‍ മുങ്ങിപ്പോയ കപടമതസ്‌നേഹികളുടെ പിണിയാളായി മാറുന്ന യുവാക്കളുടെ കഥ. കലാപത്തിനുശേഷം ശവക്കൂനയില്‍ മകന്റെ മൃതദേഹം തേടിനടന്ന പിതാവിനെ വര്‍ഗീയവാദിയായി ചിത്രീകരിച്ച് നഗ്നനാക്കി പോലിസ് സ്റ്റേഷനിലെത്തിക്കുന്നു. അപ്പോഴേക്കും ലഹളയ്ക്ക് നേതൃത്വം കൊടുത്ത നേതാവെത്തി അയാളുടെ പേരില്‍ കലാപത്തിന്റെ കുറ്റം ചുമത്തുന്നു. ഗതികെട്ട് നഗ്നനായ ആ മുനുഷ്യന്‍ നേതാവിനെ തട്ടിയെടുത്ത തോക്കുമായി പിന്തുടരുന്നിടത്ത് കഥ അവസാനിക്കുന്നു.
‘സാമൂഹ്യപാഠങ്ങള്‍’ എന്ന കഥ ഫാസിസത്തിന്റെ ഹീനമുഖമാണ് കാട്ടിത്തരുന്നത്. ആഖ്യാനത്തിന്റെ കാന്തികതയാല്‍ ചേതോഹരമാണ് സാമൂഹ്യപാഠം. ജെയിംസ് ജോസഫ് എന്ന ചെറുപ്പക്കാരനെ മുന്നില്‍നിര്‍ത്തി കഥാകൃത്ത് ഫാസിസത്തിന്റെ ഭീകരചിത്രം വരച്ചിടുകയാണ്. ലളിതവും കാവ്യാത്മകവുമാണ് ഇതിന്റെ ആഖ്യാനം. നിരൂപകശ്രദ്ധ പതിയേണ്ടതാണ് ഈ സമാഹാരത്തിലെ പല കഥകളും, പ്രത്യേകിച്ച് സാമൂഹ്യപാഠം.
ഫ്‌ളാറ്റ് സംസ്‌കാരമെന്ന കേരളത്തിന്റെ പുതിയ കാഴ്ചയെയും കാഴ്ചപ്പാടിനെയും വായനക്കാരിലേക്ക് കൊണ്ടുവരികയാണ് ‘ഒറ്റവയ്‌ക്കോല്‍ വിപ്ലവം’. ‘രഹസ്യജാലകങ്ങള്‍’ എന്ന കഥയിലും രാഷ്ട്രീയത്തിന്റെ ഇന്നലെകളുടെ ഓര്‍മ്മകള്‍ തുറന്നിടുന്നു. സമാഹാരത്തിലെ പതിനഞ്ച് കഥകളിലേയും അന്തര്‍ധാര രാഷ്ട്രീയവിഷയങ്ങള്‍ തന്നെയാണ്.
അധികം നീണ്ടുപോകാത്ത കുറച്ചുപേജുകളില്‍ കാച്ചിക്കുറുക്കിയിരുക്കുകയാണ് രഹസ്യജാലകങ്ങളിലെ എല്ലാ കഥകളും. കഥപറച്ചില്‍ പ്രസംഗമല്ലെന്നും അത് ശുദ്ധവും സത്യസന്ധവുമായ ഏറ്റുപറച്ചിലാണെന്നും കുമാര്‍ സമര്‍ഥിക്കുന്നു. നാട്ടിന്‍പുറത്തുകാരനാണെന്നതില്‍ അഭിമാനിക്കുന്ന കഥാകാരനാണ് വി.വി.കുമാര്‍. മാങ്കുന്നിന്റെ ചരുവിലെ ഓടിട്ടവീടും വീട്ടുവരാന്തയിലെ മരയഴികള്‍ക്കിടയിലൂടെ ലോകത്തെ കണ്ടതുമൊക്കെ മുഖക്കണ്ണാടിയെന്ന പുസ്തകത്തിന്റെ ആമുഖക്കുറിപ്പില്‍ കഥാകൃത്ത് പറയുന്നു. ‘വീട്ടിലൂടെ കടന്നുപോയ സാധാരണമനുഷ്യരില്‍നിന്നാണ് പരസ്പര വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും മതാതീതസ്‌നേഹത്തിന്റെയും ബാലപാഠങ്ങള്‍ ഞാനറിഞ്ഞത്. ആര്‍ഭാടമല്ല, അറിവും സ്‌നേഹവും കഠിനാദ്ധ്വാനവുമാണ് ജീവിതത്തിന്റെ കരുത്തെന്ന് അച്ഛനും അമ്മയും മറ്റു കുടുംബാംഗങ്ങളും അവരുടെ ജീവിതത്തിലൂടെ കാണിച്ചുതന്നു. അവിടെനിന്ന്, സാമൂഹിക പ്രശ്‌നങ്ങളും രാഷ്ട്രീയപ്രശ്‌നങ്ങളും ലോകമാനവികതയും നിറഞ്ഞ കഥയുടെ ലോകത്തിലേക്ക് രഹസ്യമായി നടന്നുകയറിയ ഞാന്‍, അനുദിനം സങ്കീര്‍ണ്ണമായിക്കൊണ്ടിരിക്കുന്ന കാലത്തെ അമ്പരപ്പോടെ നോക്കി നില്‍ക്കുന്നു.’-കുമാര്‍ പറയുന്നു. രഹസ്യജാലകങ്ങള്‍ എന്ന കഥാസമാഹാരത്തിലൂടെ കടന്നുപോകുമ്പോള്‍ കാഥാകൃത്തിന്റെ ഈ ഏറ്റുപറച്ചില്‍ നമുക്കുമുന്നില്‍ വിളക്കായി തെളിഞ്ഞുനില്‍ക്കുകയും ചെയ്യുന്നു.

രഹസ്യജാലകങ്ങള്‍ (കഥകള്‍)
വി.വി.കുമാര്‍
വില.85
ചിന്ത പബ്ലിഷേഴ്‌സ്

===================
ഷാനവാസ് പോങ്ങനാട്, എസ്.ആര്‍.എന്‍-26, എസ്.ആര്‍.നഗര്‍, പട്ടം, തിരുവനന്തപുരം 04
ഫോണ്‍-9447103432