കഥകളി കലാകാരി ചവറ പാറുക്കുട്ടി അന്തരിച്ചു

Web Desk
Posted on February 07, 2019, 11:29 pm
ചവറ: പ്രശസ്ത കഥകളി കലാകാരി ചവറ പാറുക്കുട്ടി (76) അന്തരിച്ചു. ഇന്നലെ രാത്രി ഒമ്പതുമണിക്ക് ചവറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട്. ഭൗതികശരീരം ചവറയിലുള്ള നാട്യധര്‍മ്മിയില്‍ ഇന്ന് പൊതുദര്‍ശനത്തിന് വയ്ക്കും. മകള്‍ കലാമണ്ഡലം ധന്യ. ചവറ ചെക്കാട്ടു കിഴക്കതില്‍ എന്‍ ശങ്കരന്‍ ആചാരിയുടെയും നാണിയമ്മയുടേയും മകളായി 1943 ഫെബ്രുവരി 21നാണ് ജനിച്ചത്.
കഥകളിരംഗത്ത് സ്ത്രീകള്‍ കടന്നുവരാന്‍ അറച്ചുനിന്ന കാലഘട്ടത്തില്‍ ആദ്യമായി ആ രംഗത്തേക്ക് വന്ന കലാകാരിയായിരുന്നു അവര്‍.
കാമന്‍കുളങ്ങര എല്‍പി സ്‌കൂളിലും ചവറ ഹൈസ്‌കൂളിലും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കൊല്ലം എസ്എന്‍ വിമന്‍സ് കോളേജില്‍ നിന്നും പ്രിയൂണിവേര്‍സിറ്റിയും തുടര്‍ന്നു് ഫാത്തിമ മാതാ നാഷണല്‍ കോളജില്‍ നിന്നും ധനതത്വശാസ്ത്രത്തില്‍ ബിഎ ബിരുദവും പാസ്സായി.
സ്‌കൂള്‍ വിദ്യാഭ്യാസത്തിനോടൊപ്പം നൃത്തവും പഠിച്ചിരുന്ന പാറുക്കുട്ടി കോളേജിലെത്തിയതോടെ കഥകളി പഠനത്തിലേക്കു തിരിഞ്ഞു. മുതുപിലാക്കാട് ഗോപാലപ്പണിക്കരാശാന്റെ കീഴില്‍ തുടങ്ങിവെച്ച പഠനത്തിനിടെ കൊറ്റംകുളങ്ങര ദേവീക്ഷേത്രത്തില്‍ പൂതനാമോക്ഷത്തിലെ ലളിതപൂതനയായി ആദ്യമായി അരങ്ങേറ്റം നടത്തി. തുടര്‍ന്നു് പോരുവഴി ശ്രീകൃഷ്ണവിലാസം കഥകളിയോഗത്തില്‍ ചേര്‍ന്ന് വിവിധ സ്ത്രീവേഷങ്ങള്‍ ചെയ്തുതുടങ്ങുകയും ഒപ്പം പോരുവഴി ഗോപാലപിള്ളയാശാനില്‍ നിന്ന് കൂടുതല്‍ വേഷങ്ങള്‍ പരിശീലിച്ചു.
വേഷങ്ങളുടെ ഔചിത്യബോധമാണ് ചവറ പാറുക്കുട്ടിയെ വ്യത്യസ്തമാക്കിയത്. പുരുഷവേഷങ്ങള്‍ കൈകാര്യം ചെയ്ത് മികവ് കാട്ടിയിരുന്നു. കഥകളിയിലെ ചുവന്ന താടി ഒഴികെ എല്ലാ വേഷങ്ങളും ചെയ്തിട്ടുണ്ട്. ദേവയാനി, ദമയന്തി, പൂതന ലളിത, ഉര്‍വ്വശി, കിര്‍മ്മീരവധം ലളിത, കിര്‍മ്മീരവധം ലളിത, മലയത്തി, സതി, കുന്തി, പ്രഹ്ലാദന്‍, കൃഷ്ണന്‍, നളചരിതം നാലാം ദിവസത്തിലെ കേശിനി തുടങ്ങിയ വേഷങ്ങള്‍ കെട്ടിയിട്ടുണ്ട്. ഏറ്റവും പ്രിയപ്പെട്ട വേഷം കചദേവയാനിയായിരുന്നു.
തെക്കും വടക്കുമുള്ള മണ്‍മറഞ്ഞവരും ജീവിച്ചിരിക്കുന്നതുമായ മിക്ക പ്രസിദ്ധനടന്മാരോടുമൊപ്പം പാറുക്കുട്ടി അരങ്ങത്തുവന്നിട്ടുണ്ടു്. ഇവരില്‍ ഗുരു ചെങ്ങന്നൂര്‍ രാമന്‍ പിള്ള, മാങ്കുളം വിഷ്ണു നമ്പൂതിരി, വാഴേങ്കട കുഞ്ചുനായര്‍, കലാമണ്ഡലം രാമന്‍കുട്ടി നായര്‍, കലാമണ്ഡലം കൃഷ്ണന്‍ നായര്‍, കലാമണ്ഡലം ഗോപി, കോട്ടക്കല്‍ ശിവരാമന്‍, ചെന്നിത്തല ചെല്ലപ്പന്‍ പിള്ള, ഹരിപ്പാട്ട് രാമകൃഷ്ണപ്പിള്ള, മങ്കൊമ്പ് ശിവശങ്കരപ്പിള്ള, മടവൂര്‍ വാസുദേവന്‍ നായര്‍, ഇഞ്ചക്കാട്ട് രാമചന്ദ്രന്‍ പിള്ള ഉള്‍പ്പെടുന്നു. ആട്ടത്തിന്റെ 50 വര്‍ഷം പൂര്‍ത്തിയാക്കിയ പാറുക്കുട്ടിയുടെ ജീവിതത്തെ ആധാരമാക്കി ‘ചവറ പാറുക്കുട്ടി: കഥകളിയിലെ സ്ത്രീപര്‍വം’ എന്നൊരു ഡോക്യൂമെന്ററി നിര്‍മ്മിച്ചിട്ടുണ്ട്.