Site iconSite icon Janayugom Online

കാതങ്ങള്‍ക്കപ്പുറം.…

റെയില്‍വേയിലെ ആദ്യത്തെ പോസ്റ്റിങ്ങ് അവിടെയായിരുന്നു. ജോലിക്ക് വന്നു ജോയിന്‍ ചെയ്തപ്പോള്‍ കൂട്ടിന് അയാളുമുണ്ടായിരുന്നു. ഇന്നും കൈവിരലില്‍, ഇട്ട ഭാഗത്തിനിത്തിരി നിറം കൂടുതല്‍ തന്നു പറ്റിച്ചേര്‍ന്നു കിടക്കുന്നയീ മോതിരമണിയിച്ചയാള്‍. ഇന്നും മാറില്‍ മയങ്ങുന്ന ജീവന്റെ ഭാഗമായ ഈ താലി ചാര്‍ത്തിയ ഏറ്റവും പ്രിയപ്പെട്ടയാള്‍. ജോയിന്‍ ചെയ്ത ദിവസം ഡേ ഷിഫ്റ്റ് കഴിഞ്ഞ് വരുമ്പോഴേക്ക് അയാള്‍ ഒരു ഹോസ്റ്റല്‍ തപ്പിപിടിച്ച് വന്നിരുന്നു. 6 മാസത്തേക്ക് മാത്രം. നേരത്തെ പറഞ്ഞ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലെ രണ്ടാമത്തെ സീറ്റില്‍ അയാളെന്നോടൊപ്പം കുറച്ച് നേരമിരുന്നു. 6 മാസത്തിനുള്ളില്‍ ഇങ്ങോട്ടേക്ക് ട്രാന്‍സ്ഫര്‍ ആവുമെന്നും ഒരു ഫ്‌ലാറ്റ് നോക്കാം എന്നും പറഞ്ഞ് ഏട്ടനെന്റെ കൈ പിടിച്ച് കുറച്ചു നേരം ഇരുന്നു. പിന്നെ ഒരു ചായ കുടിച്ചു. അന്നേരം പിരിയാന്‍ വല്ലാത്ത സങ്കടമായിരുന്നു. കുറച്ചു കാലത്തേക്ക് പിരിയുന്നതിലുള്ള സങ്കടം ഏറ്റവും പ്രിയപ്പെട്ട കടലിനോടു പറയാമെന്നു വിചാരിച്ചു ഞങ്ങളന്ന് ബീച്ചില്‍ പോയി. കുറച്ച് സാധനങ്ങളുള്ള ഒരു ബാഗ് മാത്രമേ കയ്യിലുണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാം ഏട്ടന്‍ ഹോസ്റ്റലില്‍ എത്തിച്ചിട്ടുണ്ടായിരുന്നു. നോക്കെത്താദൂരം പരന്നുകിടക്കുന്ന കടലിന്റെ തീരത്ത് രാത്രിയെ വരവേല്‍ക്കാന്‍ ഒഴിഞ്ഞു മാറികൊടുക്കുന്ന അതിലേറെ കടലിനോടു പ്രണയസല്ലാപത്തിനു പോകുന്ന സൂര്യനെ നോക്കി ഞങ്ങളിരുന്നു. മോതിരമിട്ട കൈകള്‍ തമ്മില്‍ കോര്‍ത്ത് കെട്ടിയിരുന്നു. കാലിലെ വെള്ളിക്കൊലുസു കിലുക്കി എന്നെയയാള്‍ മാറോടു ചേര്‍ത്തു. ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാനാഗ്രഹിക്കാത്ത രണ്ടു പേര്‍. കണ്ണില്‍ നിന്നും അനുവാദം കൂടാതെ ഒലിച്ചിറങ്ങുന്ന തുള്ളികള്‍ അയാളോടുള്ള സ്‌നേഹമായിരുന്നു. പലപ്പോഴും മറന്നുപോകുന്നതല്ല മനസ്സുകൊണ്ടിന്നും പ്രിയപ്പെട്ടയാളാണ് പക്ഷെ… എന്നാണത്രയും അകന്നുപോയത് ? ഒരു നിമിഷത്തേക്കാണെങ്കിലും എങ്ങനെയാണേട്ടന്‍ എന്നെ മറന്നു പോയത് !

ഓര്‍ക്കില്ലെന്ന് വിചാരിച്ചു മൂടിവെക്കുന്ന ഓര്‍മ്മകള്‍ ഉള്ളില്‍ വമിക്കുന്ന അഗ്‌നി പുറംതള്ളുന്ന അഗ്‌നിപര്‍വ്വതത്തെപോലെ ഇവിടെയെത്തിയാല്‍ തികട്ടി വരും. ഗര്‍ഭകാലത്തെ ഛര്‍ദി പോലെ കുന്നോളമിഷ്ടവും ദേഷ്യവും കലര്‍ന്നൊരു പരുവത്തിലുള്ള ഓര്‍മ്മകള്‍. ഓരോന്നോര്‍ത്തപ്പോഴേക്കും ഇറങ്ങാനുള്ളതിന്റെ മുന്നത്തെ സ്റ്റേഷനില്‍ എത്തിയിരുന്നു. ഓര്‍മയില്‍ നിന്നുണര്‍ന്നപ്പോള്‍ കണ്ണുനീരൊഴുകുന്നുണ്ടായിരുന്നു, അത് കണ്ണില്‍ നിന്ന് തുടങ്ങി താഴെ നെഞ്ചില്‍ പറ്റിക്കിടന്നിരുന്ന താലി നനയ്ക്കാന്‍ മാത്രം ഉണ്ടായിരുന്നു. മനസ്സിലായപ്പോള്‍ ഇന്നും കുഴിച്ചുമൂടിയിട്ടും മണ്ണുമാറ്റി പുറത്തുന്ന വരുന്ന ഓര്‍മകളെ ഒരു കണ്ണുനീര്‍പ്പുഴ തന്റെയൊഴുക്കില്‍ ചേര്‍ക്കുന്നത് കാണുമ്പോള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്തൊരു വികാരം. ഓര്‍ത്തു നില്‍ക്കാന്‍ നേരമില്ല. ഇറങ്ങാനുള്ള സമയമായിത്തുടങ്ങി. ഉള്ള രണ്ടു ബാഗ് സീറ്റിനടിയില്‍ നിന്നെടുത്ത് കാലിനടുത്തു വെച്ച് മുടിയൊന്നൊതുക്കി കെട്ടിവെച്ചു. കണ്മഷി കൂടെയൊഴുക്കിക്കളഞ്ഞ കണ്ണുനീരും, ഒലിച്ചിറങ്ങിയ കണ്മഷികറുപ്പു പറ്റിക്കിടക്കുന്ന കവിള്‍ത്തടങ്ങളും തൂവാല കൊണ്ട് തുടച്ചെടുത്തു. വാഷ് ബേസിനരികില്‍ പോയൊന്നു മുഖം കഴുകി വന്നിരുന്നു. വിശാലമായി നീണ്ടുകിടക്കുന്ന പൗര്‍ണ്ണമിയടുത്ത രാത്രിയില്‍ അങ്ങകലെ നക്ഷത്രങ്ങളെ പോലെ വീടുകളിലെ വെട്ടം കാണാനുണ്ട്. സമയം പുലര്‍ച്ചെ 2:30 ആയിട്ടുണ്ട്. 3 മണിയാവുമ്പോഴേക്ക് ഇറങ്ങാനുള്ള സ്റ്റേഷന്‍ എത്തും. ഈ ഒരു അരമണിക്കൂറിനുള്ളില്‍ കണ്ട കാഴ്ചകള്‍ ഇരുട്ടിലെ ദീപങ്ങള്‍ മാത്രമായിരുന്നു. കടന്നുപോയൊരു പുഴയില്‍ ചന്ദ്രന്റെ മുഖബിംബം കണ്ടു, മൂപ്പര് ചിരിക്കയാണ്… മുണ്ടിവീക്കം വന്ന മുഖം പോലെ ഒരു ഭാഗം തടിച്ചും മറുവശം ലേശം മെലിഞ്ഞുമിരിക്കുന്നു. 3 നാളുകള്‍ക്കുള്ളില്‍ അമ്പിളിയമ്മാവന്‍ കവിള് രണ്ടും തുടുത്ത സുന്ദരനായി മാറും. 3 നാള്‍ക്കപ്പുറം പൗര്‍ണ്ണമിയാണ് മാസപൗര്‍ണമി.

സ്റ്റേഷന്‍ എത്തിയപ്പോള്‍ ബാഗൊക്കെ എടുത്ത് ഇറങ്ങി. വെളിച്ചം വീഴും വരെ റസ്റ്റ് റൂമില്‍ ഇരിക്കാമെന്ന് കരുതി. അങ്ങോട്ടേക്ക് പോകും നേരം പുറകില്‍ നിന്ന് വസുന്ധരാ എന്ന് നീട്ടിയൊരു വിളി. പിന്തിരിഞ്ഞു നോക്കാന്‍ ഇഷ്ടമുണ്ടായിട്ടല്ല എന്നിട്ടും തിരിഞ്ഞു. ഒരുപാടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് കാണുന്നത്. നാട്ടിലേക്കുള്ള യാത്രകളില്‍ ഈ സ്റ്റേഷന്‍ കാണാറുണ്ടെങ്കിലും ഇറങ്ങുന്നതിന്നാണ്. പേരെടുത്തു വിളിച്ച ശബ്ദം കൊണ്ടും അധികം മാറ്റം വന്നിട്ടില്ലാത്ത മുഖച്ഛായ കൊണ്ടും ആളെ പെട്ടെന്ന് തന്നെ പിടികിട്ടി. മായ, ഒരു കാലത്തെ തന്റെ സുഹൃത്തുകളില്‍ ഒരാള്‍. ഇവിടെ ജോലി ചെയ്തിരുന്ന കാലത്തേ സുഹൃത്ത്. എവിടെയോ പോയ്മറഞ്ഞിരുന്ന പുഞ്ചിരി ചുണ്ടിലേതിനേക്കാള്‍ കണ്ണില്‍ നിറഞ്ഞു. എല്ലാവരില്‍ നിന്നും സത്യത്തില്‍ ഒരു ഒളിച്ചോട്ടം തന്നെയായിരുന്നു. നീണ്ട 3 വര്‍ഷങ്ങള്‍ക്കു ശേഷമാണ് തമ്മില്‍ കാണുന്നത്. അവള്‍ കൂടെ വന്നു, കൂടെയിരുന്ന് ഒരുപാട് വിശേഷങ്ങള്‍ ചോദിച്ചു. കൂട്ടത്തില്‍ തുടച്ചുനീക്കപ്പെട്ട കുങ്കുമചുവപ്പിനെക്കുറിച്ചും ചോദിച്ചു. അറിയില്ലായിരുന്നു, വേര്‍പിരിഞ്ഞത്. പറയാന്‍ നിയമപരമായി ഇന്നും അറ്റുപോയിട്ടില്ലാത്ത ബന്ധമാണല്ലോ… പലതും വിശദീകരിക്കാനുള്ള സമയമില്ലാത്തതിനാല്‍ തന്നെ അല്ലെങ്കില്‍ താല്പര്യമില്ലാത്തതിനാല്‍ എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു. നാട്ടിലേക്കുള്ള യാത്രയിലാണെന്നും ഏട്ടന്‍ റെയില്‍വേ സ്റ്റേഷനില്‍ കാത്തുനില്‍ക്കുമെന്നും പറഞ്ഞു. ഒരു ചായയ്ക്ക് ശേഷമാണ് പിരിഞ്ഞത്. ഈ ചായ പ്രാന്തും ലഹരിയുമായി മാറിയത് അയാളുടെ കൂടെ കൂടിയതിനു ശേഷമായിരുന്നു.

ഇന്നും മനസ്സില്‍ നിന്ന് പടിയിറക്കി വിട്ടിട്ടില്ലാത്ത ഒരേയൊരു ശീലവും അത് മാത്രമാണ്. ഇടവിട്ട എപ്പോള്‍ വേണമെങ്കിലും ഇഷ്ടപ്പെടുന്ന ചായ. പല ശീലങ്ങളും ജീവിതത്തിന്റെ ഭാഗമാക്കിത്തന്ന ഒരിക്കലൊരു സ്വപ്നമായിപോയ ചിതലരിക്കുന്നൊരോര്‍മ്മ. ഓര്‍ത്തോര്‍ത്തു കാടു കേറി… രാവിലെ 6 മണിയായപ്പോഴേക്കും ഒരു ടാക്‌സി വിളിച്ച് ആദ്യം നിന്നിരുന്ന ഹോസ്റ്റല്‍ തപ്പിപിടിച്ച് ചെന്നു. പണ്ടത്തെ പരിചയം വെച്ചോ എന്തോ ഒരു റൂം കിട്ടി. രണ്ട് ദിവസത്തേക്കാണ്. കാഴ്ചകളത്രയും കണ്ടു തീര്‍ക്കണം, എന്നിട്ടു വേണം ഇത്രയും കാലത്തെ സ്വയം ശിക്ഷ അവസാനിപ്പിക്കാന്‍. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു വന്ന് ഒന്ന് മയങ്ങി. വൈകുന്നേരം ഒരു 3 മണിയായപ്പോഴേക്കും എണീറ്റു. പഴയ ഓര്‍മ്മകള്‍ പോകുന്ന വഴിയിലൂടെ കുറച്ചുദൂരം നടന്നു. ക്യാബ് വിളിച്ച് വിവാഹശേഷമുള്ള പ്രണയം പൂത്തുതളിര്‍ത്ത ഫ്‌ലാറ്റിലേക്കൊന്നു പോയി. ആളുകള്‍ മാറിക്കാണണം! ഇന്നവിടെ പുതിയ ലോകമാവാം, പക്ഷെ കണ്ണടച്ചാല്‍ തിരശീലയ്ക്കുള്ളില്‍ ഇന്നും തെളിഞ്ഞു നില്‍ക്കുന്നൊരു നാടകമുണ്ട്. അപാര്‍ട്‌മെന്റിന്റെ മുന്നിലെത്തിയപ്പോള്‍ വല്ലാതെ മാറിയപോലെ. വാച്ച്മാന്‍ പോലും മാറിയിരിക്കുന്നു. പുതിയ ആരോ ആണ്… ക്യാബ് വെയ്റ്റിംഗ് ലിട്ടു. ലിഫ്റ്റില്‍ കേറി. നമ്പര്‍ 4 അടിച്ചപ്പോള്‍ കൈ വിറച്ച പോലെ. നാലാമത്തെ നിലയിലെ രണ്ടാമത്തെ ഫ്‌ലാറ്റ്. പുറത്തേക്ക് തുറന്നിട്ട ഭംഗിയുള്ളൊരു ബാല്‍ക്കണിയുണ്ടായിരുന്ന ഒരു കൊച്ചു ഫ്‌ലാറ്റ്. രണ്ടു പേര്‍ക്ക് അത് മതിയായിരുന്നുവല്ലോ. രണ്ടു റൂമുകളും ഒരു വലിയ ഹാളും കൊച്ചടുക്കളയുമുള്ള ഭംഗിയുള്ളൊരിടം. വൈകുന്നേരത്തെ ചായകള്‍ അസ്തമയസൂര്യന്റെ ശോഭ ആവാഹിക്കുന്ന ബാല്‍ക്കണിയിലിരുന്നായിരുന്നു… അവിടെയും പച്ചപ്പ് പടര്‍ത്താന്‍ മറന്നിരുന്നില്ല. ഓരോ പകലും പുത്തന്‍ പ്രതീക്ഷ നല്‍കി, ഇരുള്‍ പടരും വരെ ഓക്സിജന്‍ നല്‍കുന്ന കുറച്ചു ചെടികള്‍. വീട്ടാവശ്യത്തിനുള്ള കുറച്ചു പച്ചക്കറികളും, എല്ലാം ലഹരിയായിരുന്നു. അതിലേറെ ലഹരിയായിരുന്നു അയാള്‍… ഓരോ ദിവസവും കടന്നുപോയിരുന്നത് പുതിയ പുതിയ, പുതിയ പ്രതീക്ഷകളിലൂടെയായിരുന്നു.

വാതില്‍ തുറക്കുന്നത് കാണാതായപ്പോള്‍ വരാന്തയിലൂടെ ഒന്ന് നടക്കാം എന്നോര്‍ത്ത് തിരിഞ്ഞതും വാതില്‍ തുറക്കുന്ന ശബ്ധം കേട്ടു. തുറന്നത് സ്വപ്നത്തിന്റെ തേരിലേറി യാത്ര ചെയ്‌തൊരു സ്വര്‍ഗ്ഗത്തിലേക്കായിരുന്നു. ഒരു മുത്തശ്ശിയാണ് വാതില്‍ തുറന്നത,് കൂടെ അവരുടെ കൈയ്യില്‍ തൂങ്ങി 10 വയസ്സ് തോന്നിക്കുന്നൊരു പെണ്‍കുട്ടിയും. തുറന്നപാടേ ആരാണെന്നു ചോദിച്ചു. ഭാഷയിലുള്ള വ്യത്യാസം പ്രകടമാണെങ്കിലും ഒരുപാടു നാള്‍ വസിച്ചിടത്തെ ഭാഷ നമ്മിലേക്കാവാഹിക്കപെട്ടു കാണണമല്ലോ. പണ്ടിവിടെ താമസിച്ചിരുന്നതാണെന്നും വെറുതെ ഒന്ന് കാണാന്‍ വന്നതാണെന്നും പറഞ്ഞപ്പോള്‍ പ്രത്യേകിച്ചൊരു ഭാവമാറ്റവും അവരുടെ മുഖത്ത് പ്രകടമായതായി കണ്ടില്ല. എന്തായാലും അകത്തേക്ക് കേറി വരാന്‍ ക്ഷണിച്ചത് തന്നെ ഭാഗ്യം. കാലെടുത്തു വെച്ച് അതിനകത്തേക്ക് കയറിയതും ഹോജ ബോര്‍ഡില്‍നിന്നെന്നിലേക്കൊരു ആത്മാവ് കേറിക്കൂടിയ പോലെ. മടക്കി മടക്കി അടച്ചു പൂട്ടിവെച്ച താഴിട്ട പെട്ടി താനേതുറന്നു പുറത്തുവന്ന ഓര്‍മ്മകള്‍ ആ വീട്ടില്‍ എല്ലായിടത്തും നിറയുന്നതുപോലെ തോന്നി. വളരെ വൃത്തിയോടെ സൂക്ഷിക്കുന്ന ഫ്‌ലാറ്റ് കണ്ടപ്പോള്‍ തന്നെ സന്തോഷം. അവിടെ താമസക്കാരായി ആ മുത്തശ്ശിയും കൊച്ചുമോളും മാത്രമേ ഉള്ളൂ എന്ന് അവരുടെ സംസാരത്തിലൂടെ മനസ്സിലായി. പണ്ടുപേക്ഷിച്ചുപോയ ഒന്നും തന്നെ അവിടെ കണ്ടില്ല. പക്ഷെ ഓരോ ചുവരും ഓരോ മുറികളും ഓരോ ഇടങ്ങളും പല പല കഥകള്‍ പറയുന്നുണ്ടായിരുന്നു. പ്രണയത്തിന്റെ, സ്‌നേഹത്തിന്റെ, കൊച്ചു കൊച്ചു പിണക്കങ്ങളുടെ പിരിഞ്ഞു പോയ പാല് പോലെ രണ്ടായിപ്പോയ മോഹങ്ങളുടെ, പ്രതീക്ഷകളുടെ കഥകള്‍. എല്ലാം സ്ഥാനം മാറിയിരിക്കുന്ന പോലെ തോന്നി. എന്തൊക്കെയോ…

വൈകുന്നേരങ്ങളിലെ ചായയില്‍ തുടങ്ങുന്ന സംസാരങ്ങള്‍ വാതോരാതെ സംസാരിച്ചിരുന്ന താനിന്ന് ഇത്രയും മൂകയായതെങ്ങനെയെന്ന് മനസ്സിലാക്കാന്‍ പോലുമാകുന്നില്ല. എന്നിരുന്നാലും അന്നെല്ലാം ഒരുപാട് സംസാരിക്കുമായിരുന്നു. എല്ലാറ്റിലും സഹായവുമായി എത്തുമായിരുന്നു ആ കൈകള്‍. അടുക്കളയിലും, എന്റെ ചെറിയ തോട്ടപ്പണികളിലും എല്ലാം… പ്രണയം ഒഴുകുകയായിരുന്നു, മഞ്ഞുമലകളില്‍ നിന്നുത്ഭവിച്ച് തണുത്ത് കുത്തിയൊഴുകുകയായിരുന്നു. വഴിപിരിഞ്ഞ്, പേര് മാറി ഒഴുകിത്തുടങ്ങിയത് നിയോഗമായിരിക്കണം. എന്നോ മീട്ടിയ തംബുരു നാദമൊട്ടാകെ ആ വീട്ടില്‍ മറന്നു വെച്ച് പോയ പോലെ. അവിടങ്ങളിലാകെ അലയടിക്കുന്ന തംബുരുനാദം പണ്ടെങ്ങോ ഏട്ടന്‍ മീട്ടിയ വൈകുന്നേരങ്ങളുടെ സൗന്ദര്യം വീണ്ടും വിളിച്ചു വരുത്തുന്നതുപോലെ. ഓര്‍മകളില്‍ ഊളിയിട്ട് മൂര്‍ദ്ധാവ് തണുപ്പിച്ച് മുങ്ങിനിവര്‍ന്നു. മുത്തശ്ശിയോടും കുഞ്ഞിനോടും യാത്ര പറഞ്ഞ് ഇറങ്ങി. കൊച്ചു പിണക്കങ്ങള്‍ കൊണ്ടെത്തിച്ചിരുന്ന വരാന്തയുടെ അറ്റത്തേക്കൊന്നു പോയിനിന്നു. ഇന്നും മടുക്കാത്ത ആലിംഗനങ്ങളും ഒരേ സ്റ്റേഷനില്‍ തന്നെ സ്റ്റക്ക് ആയി നില്‍ക്കുന്ന റേഡിയോയിലെ പരിചിതമായ ശബ്ദവും, കണ്ണൊന്നു നിറഞ്ഞു. അവിടെ നിന്നിറങ്ങി ക്യാബ് നടുത്തേക്ക് നടന്നു. പണ്ട് ഞങ്ങളായ് പോയിരുന്ന പഴയ ആ ഹോട്ടലില്‍ തനിച്ച് കേറി. രാത്രി ഭക്ഷണം കഴിച്ചിറങ്ങി. ഹോസ്റ്റലിലേക്ക് തിരിച്ചു വന്നു. മഴ ചാറിയിട്ടുണ്ടെന്ന് തോന്നുന്നു, ചെറുതായി നനഞ്ഞ മണ്ണിന്റെ ഗന്ധം…

തുടരും…

Exit mobile version