ഉറങ്ങാന്‍ എന്തോ ഒരുപാട് വൈകിപ്പോയി. അയാള്‍ വരുവോളം ഞാന്‍ കാത്തിരുന്ന ആ 6 മാസത്തെ രാവുകളെന്നോട് ഇന്നും രഹസ്യമായി സല്ലപിക്കാറുണ്ട്… വൈകുന്നേരം ജോലി കഴിഞ്ഞ് വന്ന് ഒന്ന് ഫ്രഷ് ആയി ചായ കുടിയും കഴിഞ്ഞ് ഇരിക്കുമ്പോള്‍ പതിവായി അയാള്‍ വിളിക്കുമായിരുന്നല്ലോ! ആ വിളികള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു അന്നെന്റെ സന്തോഷങ്ങളെല്ലാം. ഉറങ്ങുവോളം പറയാനെന്താണുണ്ടായിരുന്നത് എന്നോര്‍ക്കുമ്പോള്‍ അറിയുന്നേയില്ല. പക്ഷെ അന്നാ ശബ്ദം കേട്ടേ ഉറങ്ങാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഓര്‍ത്തോര്‍ത്തു എത്തിച്ചേര്‍ന്നത് സൂര്യോദയം കാണാന്‍ വേണ്ടി അതിരാവിലെ നടന്നുകയറിയ ആ പച്ചപ്പട്ടുടുത്ത മലയുടെ മുകള്‍ത്തട്ടിലേക്കാണ്. അപ്രതീക്ഷിതമായി ഒരിക്കല്‍ പുലര്‍ച്ചെ അയാള്‍ വിളിച്ചതും വളരെ നല്ലൊരു പിറന്നാള്‍ സമ്മാനം വാങ്ങാന്‍ വേണ്ടി ഹോസ്റ്റലിന് പുറത്തേക്കിറങ്ങാന്‍ പറഞ്ഞതുമെല്ലാം ഇന്നും കണ്മുന്നിലുണ്ട്. അന്നെനിക്ക് തന്ന പിറന്നാള്‍ സമ്മാനം ആ മലമുകളില്‍ നിന്നുള്ള സൂര്യോദയ കിരണങ്ങളായിരുന്നു. കാഴ്ചകളില്‍ ഇന്നും മനസ്സിലിടം പിടിച്ച കാഴ്ച. സൂര്യനെക്കാള്‍ പകിട്ടേകി അന്ന് കൂടെയുണ്ടായിരുന്ന ആളെ കണ്ടിട്ടുപോലും ഇന്ന് എത്രയോ വര്‍ഷങ്ങളായിരിക്കുന്നു… ഉറങ്ങാന്‍ വൈകിയപോലെയല്ല അലാറം വെച്ചത് കൊണ്ട് നേരത്തെ എണീറ്റു. അന്ന് കണ്ട സൂര്യോദയം ഒന്നുകൂടെ കാണാന്‍ തോന്നിയതിനാലാവാം ക്യാബ് വിളിച്ച് ഒന്നവിടെ വരെ പോയി. വിനോദസഞ്ചാരികള്‍ ഒരുപാടുള്ളതുകൊണ്ട് തന്നെ പേടിയൊന്നും തോന്നിയില്ല. പക്ഷെ എന്തോ തനിച്ചായപോലെ തോന്നി. സുര്യോദയത്തിന് ശോഭ നന്നേ കുറഞ്ഞപോലെ തോന്നി. തിരിച്ചിറങ്ങി വന്നു നേരെ അടുത്തുള്ള ക്ഷേത്രത്തിലൊന്നു കേറി പ്രാര്‍ത്ഥിച്ചിറങ്ങി. പിന്നീട് ഭക്ഷണം കഴിച്ച് നേരെ ഹോസ്റ്റലിലേക്ക് തന്നെ പോയി. ക്യാബ് വെയിറ്റിംഗിലിട്ടു, റൂം വെക്കേറ്റ് ചെയ്ത് സാധനങ്ങളും എടുത്ത് നേരെ റെയില്‍വേ സ്റ്റേഷനിലേക്ക് വന്നു. എനിക്ക് പോവാനുള്ള ട്രെയിന്‍ ഇവിടെയെത്താന്‍ ഇനിയുമൊരുപാട് സമയമുണ്ട്. പക്ഷെ ഓര്‍മകളില്‍ ഇനിയും നടന്നുപോകാന്‍ താല്പര്യപെടാത്തതു കൊണ്ട് ഇവിടെയിരിക്കാമെന്നോര്‍ത്തു. ഓരോ ട്രെയിന്‍ കടന്നുപോകുമ്പോഴും കാഴ്ചകളുടെ കൂമ്പാരം നിരത്തിവെക്കപ്പെടുന്നുണ്ട്. ട്രെയിനിലേക്ക് ഇറങ്ങാനും കേറാനും നില്‍ക്കുന്നവര്‍ പ്ലാറ്റ്‌ഫോമില്‍ ആളുകളെ യാത്രയാക്കാനും സ്വീകരിക്കുവാനും നില്‍ക്കുന്നവര്‍, പ്ലാറ്റ്‌ഫോമിലെ കച്ചവടക്കാര്‍… അങ്ങനെയങ്ങനെ പലവിധ കാഴ്ചകള്‍. ഓരോ മുഖങ്ങളിലും അറിയാതെ പരാതിപോവുന്ന ആ മുഖം ഇന്നും മങ്ങാതെ എന്റെ മനസ്സിന്റെ ക്യാന്‍വാസില്‍ ഞാന്‍ ചായം ചാര്‍ത്തിയിട്ടിട്ടുണ്ട്.
അതിസൂക്ഷ്മമായ ആരുമറിയാതെയുള്ള നിരീക്ഷണത്തില്‍ ആഗ്രഹിച്ചതൊഴിച്ച് പരിചയം പുതുക്കാന്‍ വേണ്ടി പലരെയും കണ്ടു. പണ്ട് കൂടെ ജോലി ചെയ്തിരുന്നവരെയും ഹോസ്റ്റലില്‍ കൂടെയുണ്ടായിരുന്നതില്‍ ചിലരെയുമെല്ലാം. കാലത്തിന്റെ കശാപ്പുശാലയില്‍ സ്വയം തീരുമാനിച്ച് നഷ്ടപെടുത്തിയതെന്ന് പറയാന്‍ കഴിയില്ലെങ്കിലും നെഞ്ച് പറിച്ചെടുത്ത് വലിച്ചെറിഞ്ഞുകളഞ്ഞ ആ ഒരാള്‍ ഇന്നും ഒരു കണ്ണുനീര്‍പ്പുഴയായി എന്നിലൂടെ ഒഴുകാറുണ്ട്. അങ്ങനെയിരിക്കുമ്പോള്‍ പണ്ട് പൂകെട്ടിത്തന്നിരുന്ന ആ മുത്തശ്ശിയെ കണ്ടു. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം അവര്‍ക്ക് ഒരുപാട് മാറ്റങ്ങളൊന്നും വന്നിട്ടില്ല. മുടി പഴയതിനേക്കാള്‍ അപ്പൂപ്പന്‍താടിയിലേക്ക് മാറിയിട്ടുണ്ട്. സ്ഥിരമായല്ലെങ്കിലും ഒഴിവുദിവസങ്ങളിലെ ക്ഷേത്രദര്‍ശനങ്ങളില്‍ അവരുടെ പൂവെന്നില്‍ സ്‌നേഹമയമുള്ള സുഗന്ധം തന്നിരുന്നു. മുടിയില്‍ ആ പൂ കെട്ടിത്തന്നിരുന്ന കരങ്ങള്‍… ഇത്രയും സ്‌നേഹം ഉള്ളിലുണ്ടായിട്ടും തമ്മിലത്രയും ആഴത്തിലറിഞ്ഞിട്ടും ഭൂതകാലത്തിന്റെ കണക്കുപുസ്തകം ഒരു ഓര്‍മ്മപ്പുസ്തകമായെങ്കിലും എനിക്ക് തുറന്നു കാട്ടാത്തതെന്തിനായിരുന്നു. മറച്ചു വെച്ച ആ ഗതകാലത്തിന്റെ ഓര്‍മ്മകള്‍ കുഴിച്ചുമൂടിയെങ്കില്‍ പിന്നെ വീണ്ടുമൊരു ഒത്തുചേരല്‍ എന്തിനായിരുന്നു. അതിനെന്നോടു പറഞ്ഞ കള്ളങ്ങള്‍ എന്തിനായിരുന്നു. ആ ദിവസത്തെയെല്ലാം സമര്‍ത്ഥമായി എന്നിലൊരു വീഞ്ഞായി വിളമ്പാമായിരുന്നില്ലേ… എല്ലാം എന്തിനായിരുന്നു, സ്‌നേഹം കൊണ്ട് വീര്പ്പുമുട്ടിച്ചപ്പോഴും എനിക്കുള്ള ശവക്കല്ലറ പണിയാനാണെന്ന് അറിഞ്ഞിരുന്നില്ല.
താര.
അവളയാള്‍ക്ക് ആരായിരുന്നു എന്ന് പിന്നീടങ്ങോട്ടും ഞാന്‍ അന്വേഷിച്ചിരുന്നില്ല. ഒരിക്കല്‍ പോലും തുറന്നു കാട്ടാത്ത ചില്ലിട്ടൊരു മനസ്സയാള്‍ക്കുണ്ടെന്ന് ഒരിക്കലും സ്വപ്നത്തില്‍ പോലും ചിന്തിച്ചിരുന്നില്ല. സ്‌നേഹത്തിന്റെ പാലില്‍ വിഷംപുരട്ടിയെന്നെ ഊട്ടിയ പോലെയാണ് ആദ്യത്തെ ഞെട്ടലില്‍ എനിക്കനുഭവപ്പെട്ടത്. ആരും പറഞ്ഞറിയാതെ രണ്ടു ദിവസത്തെ പെരുമാറ്റത്തില്‍ വന്ന മാറ്റം തിരിച്ചറിഞ്ഞപ്പോഴാണ് എന്റെ കാലക്കേടിന് പുറകെ നടന്നത്. ജോലിക്കെന്നു പറഞ്ഞിറങ്ങിയിട്ടും അന്ന് ഞാന്‍ അയാള്‍ക്കു വേണ്ടി പുറത്തു കാത്തിരുന്ന്. അയാളിറങ്ങി നടന്ന വഴിയേ പിറകെ ഞാനും നടന്നു… ഇടദിവസങ്ങളില്‍ സന്ധ്യ മനോഹരമാക്കാന്‍ നടക്കാന്‍ പോവാറുള്ള പാര്‍ക്കില്‍ ഇന്നേ വരെ കണ്ടിട്ടില്ലാത്ത ഒരു മുഖം. ആദ്യകാഴ്ചയില്‍ തന്നെ കണ്ണുകളില്‍ ആകര്‍ഷണം നിറച്ചൊരാളോട് സംസാരിക്കുന്നത് നോക്കിനിന്നപ്പോഴും പ്രത്യേകിച്ചൊന്നും മനസ്സിലോര്‍ത്തില്ല. പക്ഷെ അതുകഴിഞ്ഞ് അവരൊന്നിച്ച് പോയ വഴിയേ തിരഞ്ഞു ചെന്നപ്പോള്‍ ഞങ്ങള്‍ താമസിച്ചിരുന്നതുപോലെ ഒരു കുഞ്ഞു ഫ്‌ളാറ്റിലേക്കയാള്‍ കയറിപോവുന്നത് കണ്ടപ്പോഴും മനസ്സിലൊരു പ്രാര്‍ത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ… ട്രെയിനിന്റെ ചൂളം വിളി കാതില്‍ വല്ലാതെ തുളച്ചുകയറി. സ്ഥലകാലബോധത്തിലേക്കെത്താന്‍ തന്നെ കുറച്ചു സമയമെടുത്തു. പെട്ടെന്ന് തന്നെ ബാഗ് ഒക്കെ കയ്യിലെടുത്ത് കംപാര്‍ട്‌മെന്റ് തപ്പിപിടിച്ച് കയറിയിരുന്നു. പൊതുവെ തിരക്ക് കുറവാണ്.
സീസണ്‍ സമയമല്ലെന്ന് തോന്നുന്നു. തിരക്കുള്ള യാത്രകളാണ് കലങ്ങിമറിഞ്ഞ എന്റെ മനസ്സിന് ആശ്വാസമെന്ന് തോന്നിപോയി. മൂകമായ യാത്രയില്‍ വിളിക്കാതെ കടന്നുവരുന്ന നനവോര്‍മകള്‍ തുലാമാസത്തിലെ മഴപോലെ മനസ്സിലിടിമുഴക്കത്തോട് കൂടെ പെയ്തിറങ്ങുന്നുണ്ട്. ഒരു പകലിനെ രാത്രിയാക്കാന്‍ മാത്രം ശക്തിയുള്ളയെന്തോ വലിച്ചുപറിച്ചെടുത്താണ് അയാളന്നാ ഫ്‌ലാറ്റിലേക്ക് കേറിപ്പോയത്. എന്നെന്നേക്കുമായി അയാള്‍ തന്നില്‍ നിന്ന് നടന്നകന്നതു പോലെ തോന്നി. അകല്‍ച്ച മനസ്സിലും ശരീരത്തിലും വന്നു നിറഞ്ഞത് അയാളറിയാന്‍ വിട്ടു പോയതായിരുന്നുവോ?… അതോ ഞാന്‍ മാറിനില്‍ക്കാനായാളും ആഗ്രഹിച്ചിരുന്നോ! അറിയില്ല. എന്നിലുള്ള മാറ്റം ശ്രദ്ധിച്ചുതുടങ്ങിയത് തൊട്ടെന്നോട് കാരണം ചോദിയ്ക്കാന്‍ തുടങ്ങിയതായിരുന്നു. എന്നിലെ എന്നെ മറന്ന് നടന്നു കേറിയ മുറിയിലയാള്‍ക്ക് വസന്തമായിരുന്നുവോ? അറിയില്ല. അവരെ കാത്തു നിന്ന എന്റെ മുന്നിലേക്ക് അലസമായ തലമുടിയും പിന്നിയിട്ടു കൊണ്ട് വാതില്‍ തുറന്നു വന്ന അവളെയും പുറകെ വരുന്നയാളെയും നോക്കി നില്‍ക്കാന്‍ മാത്രമേ എനിക്കായുള്ളൂ. അന്ന് തിരിച്ചു നടന്നതാണ്. പിന്നീടങ്ങോട് ഒരിക്കലും പഴയ പോലെയാവാന്‍ കഴിഞ്ഞില്ല. മുറിഞ്ഞ കൈ വിരലിലിത്തിരി ഉപ്പിട്ട് നോക്കൂ. ആ ഒരു നീറ്റലില്ലേ അതുപോലെ കയ്യിലൊരു കത്തിയെടുത്തു കുത്തി അതിലൊരു പിടി ഉപ്പുമിട്ടാണ് അയാളന്ന് അവളുടെ കൂടെ പോയത്. മനസ്സിലൊരായിരം ചോദ്യങ്ങളുണ്ടായിരുന്നു. എന്തോ പിന്നീടായാളോട് മനസ്സറിഞ്ഞു ചിരിക്കാന്‍ കഴിഞ്ഞില്ല. മനസ്സ് തുറന്നൊന്നൊന്ന് സംസാരിക്കാനും തോന്നിയില്ല. ആ ഇടക്കാണ് ബീച്ചിലേക്ക് പോവാനയാള്‍ വിളിച്ചത്. കൂടെ പോയ സമയത്ത് മനസ്സില്‍ കുന്നോളം ചോദ്യങ്ങള്‍ ഒരുക്കി വെച്ചിരുന്നു.
സ്‌നേഹിക്കപ്പെടാനല്ല പരിഗണിക്കപ്പെടാനാണേതൊരാളും ആഗ്രഹിക്കുക. എന്നില്‍നിന്നുമൊരിക്കലും ഒരു ചോദ്യങ്ങളുമുതിര്‍ന്നിട്ടില്ല. ഒരിക്കലും ഒരു തരത്തിലുമെന്നെ വേദനിപ്പിച്ചിട്ടുമില്ല. പക്ഷെ പ്രതീക്ഷിക്കാതെ വന്ന ആ ഒരു സംഭവം എന്നെ വല്ലാതെ പിടിച്ചു കുലുക്കി. സ്‌നേഹത്തേക്കാളേറെ നഷ്ടമായത് വിശ്വാസമായിരുന്നു. വൈകുന്നേരത്തെ കടല്‍ക്കാറ്റിനുപോലും ഉപ്പുരസം തോന്നി. നടന്നു നീങ്ങുന്നയാള്‍ക്ക് പുറകെ ഒരു ഭാവവുമില്ലാതെ കുറച്ചു ദൂരം നടന്നു. എന്നോടെന്തൊക്കെയോ പറയാന്‍ വെമ്പല്‍ കൊള്ളുന്ന ചുണ്ടുകള്‍ പലപ്പോഴായി തുടിക്കുന്നതെനിക്ക് കാണാമായിരുന്നു. ഒറ്റ ദിവസംകൊണ്ടു തണ്ടൊടിഞ്ഞ റോസാപ്പൂവായിപ്പോയ എനിക്ക് അങ്ങോട്ടു കേറി ഒന്നും ചോദിയ്ക്കാന്‍ തോന്നിയില്ല. മൗനം മുറിച്ചത് അയാള്‍ തന്നെയാണ്.
വസൂ എനിക്കൊരു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞപ്പോഴേ ഒഴുകി വരാന്‍ പോകുന്ന കുത്തിയൊഴുകുന്ന പുഴ ഞാന്‍ കണ്ടു. ഏട്ടന്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ എന്നിലുണ്ടായ മാറ്റങ്ങള്‍ അറിഞ്ഞിരുന്നുവോ! തിരികെ ഇത് മാത്രം ചോദിച്ചു നിര്‍ത്തിയപ്പോള്‍ മൗനം മാത്രമാണയാള്‍ മറുപടിയായി തന്നത്. ഇളകി മറിഞ്ഞ ഹൃദയം ഞാനറിയാതെ പുറത്തേക്കൊഴുകിയിരുന്നു. ഞാന്‍ കണ്ട കാര്യങ്ങളെല്ലാം ഒന്ന് വിടാതെ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഏട്ടന്‍ എന്നെ തന്നെ കുറച്ചു നേരം നോക്കി നിന്നു. പിന്നീടങ്ങോട് സ്വയം കുഴിച്ചു മൂടിയ ഒരു കാലത്തിന്റെ കഥ എന്നോട് പറയാന്‍ തുടങ്ങി.
താര.
പാതി മയക്കത്തില് സ്വപ്നം പോലെ അയാളില്‍ നിറഞ്ഞൊഴുകി ഇന്നും വറ്റാത്ത പ്രണയം… പലപ്പോഴും നാട്ടില്‍ പോയിക്കൊണ്ടിരുന്ന സെമിത്തേരി എന്റെയോര്‍മയില്‍ നിറഞ്ഞതപ്പോഴാണ്. മുടങ്ങാതെ പോയിരുന്ന അവിടേക്ക് ഒരിടയ്ക്ക് ഞാനും കൂടെ ചെന്നിരുന്നു. ഒരിക്കലും ഓര്‍മയില്‍ നിന്ന് മാഞ്ഞു പോവാത്ത സുഹൃത്താണെന്നാ പരിചയപ്പെടുത്തിയത്. പിന്നീടൊന്നും ചോദിയ്ക്കാന്‍ പോയില്ലായിരുന്നു. പക്ഷെ സ്‌നേഹത്തിന്റെ മധുരവും കയ്പ്പും ചവര്‍പ്പുമെല്ലാം അറിഞ്ഞൊരു പ്രണയമായിരുന്നു അയാള്‍ക്കവള്‍. കഥയില്‍ അയാളുടെ കോളേജ് ഉം ഒരുപാട് നിമിഷങ്ങളുമെല്ലാം കടന്നു വന്നു. ഒരു സുഹൃത്തിന്റെ ഓപ്പറേഷന് കൂടെ നിക്കാനുള്ളതുകൊണ്ട് കോളേജിലെ അവസാനവര്‍ഷ ടൂറിന്
ഏട്ടന് പോവാന്‍ കഴിഞ്ഞില്ല. അവസാനനിമിഷം വന്ന ഒരു കാര്യമായതിനാല്‍ തന്നെ താരയ്ക്ക് ടൂറില്‍ നിന്ന് വിട്ടു നില്‍ക്കാനും കഴിഞ്ഞില്ല. ആ നശിച്ച യാത്ര എന്നേക്കുമായി താരയെ തന്നില്‍ നിന്നകറ്റാനായിരുന്നെന്ന് അയാളറിഞ്ഞിരുന്നില്ല. യാത്രയ്ക്കിടക്കുണ്ടായ അപകടത്തില്‍ മറ്റൊരു ബസിനോട് കൂട്ടിയിടിച്ച് താരയടക്കം ഒരുപാട് പേര്‍ മരിച്ചെന്ന് മാത്രം കേള്‍ക്കാനേ അയാള്‍ക്ക് കഴിഞ്ഞിരുന്നുള്ളൂ.… അവളെയടക്കിയ സെമിത്തേരിയിലേക്ക് ഒന്നിടവിട്ട മാസങ്ങളില്‍ പോയി വരുന്നത് കാണുമ്പോഴും പ്രിയപ്പെട്ടൊരു സുഹൃത്തിന്റെ നഷ്ടം അതിന്റെ ദുഃഖം എന്ന് മാത്രമാണ് ഞാന്‍ കരുതിയിരുന്നത്. സ്‌നേഹത്തിന് പല മുഖങ്ങളുണ്ടാവാമല്ലോ… പറഞ്ഞു നിര്‍ത്തിയ നിമിഷത്തില്‍ ഞാന്‍ ചോദിച്ചത് ഞാന്‍ അയാളുടെ കൂടെ കണ്ടയാളെ കുറിച്ചാണ്.….
രണ്ടാഴ്ച മുന്നേ നാട്ടില്‍ നിന്നുള്ള യാത്രയില്‍ യാദ്രശ്ചികമായി അവളെ കണ്ടപ്പോള്‍ അയാള്‍ക്കുണ്ടായ ഞെട്ടലും മനസ്സിലുതിര്‍ന്ന ചോദ്യങ്ങളുമെല്ലാം അയാള്‍ പറഞ്ഞു നിര്‍ത്തി. ട്രെയിന്‍ യാത്രയില്‍ അവള്‍ വന്നു റാം എന്നെ അറിയുമോ എന്ന് ചോദിച്ച നിമിഷം അയാള്‍ക്കുണ്ടായ ഞെട്ടല്‍ അയാളുടെ വാക്കുകളിലുണ്ടായിരുന്നു. അന്ന് രണ്ടു കോളേജ് ബസ്സുകള്‍ ആണ് അപകടത്തില്‍ പെട്ടതെന്നും ആളു മാറി ആണ് താര മരിച്ചെന്ന വാര്‍ത്ത വന്നതും മുഖം മനസ്സിലാക്കാന്‍ പോലും കഴിയാത്ത രീതിക്കുണ്ടായ അപകടത്തില്‍ മരിച്ച താരയെപ്പോലെ തോന്നിക്കുന്ന മറ്റൊരു കുട്ടിയെയാണ് അടക്കം ചെയ്തതെന്നും അവള്‍ പറഞ്ഞു. അന്നത്തെ അപകടത്തില്‍ തലയ്ക്കു പരിക്കേറ്റ് ഓര്‍മ്മ നഷ്ടപെട്ട അവള്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നത് ഈ ഇടയ്ക്കാണെന്നും നാട്ടില്‍ വന്നു എല്ലാം ഒന്ന് ശരിയായപ്പോള്‍ ഏട്ടനെ അന്വേഷിച്ചു പോയിരുന്നെന്നുമെല്ലാം പറഞ്ഞു നിര്‍ത്തിയയിടക്ക്, ഞാനങ്ങോട് കേറി ചോദിച്ചു അതിനെന്തിനായിരുന്നു കുറച്ചു കാലം എന്നോട് അകല്‍ച്ച കാണിച്ചത്!
പറയണയാള്‍ക്ക് ഉത്തരമൊന്നുമില്ലായിരുന്നു. വീണ്ടും തിരിച്ചു കിട്ടിയ ഒരു സന്തോഷം വിട്ടുകളയാന്‍ അയാള്‍ക്കും തോന്നിക്കാണില്ല. അവളിപ്പോഴും തനിച്ചാണെന്നും സംസാരിക്കണമെന്നും പറഞ്ഞപ്പോളയാള്‍ എന്തിനാവാം പാര്‍ക്കില്‍ പോയതെന്നെനിക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ. അവിടെനിന്നും കേറിപ്പോയ അവളുടെ ഫ്‌ലാറ്റ് തൊട്ടു പറയാന്‍ തുടങ്ങിയ കഥ പാതിയില്‍ കെട്ടവസാനിപ്പിച്ചു തിരികെ നടന്നതാണ്. മറ്റെല്ലാം എനിക്ക് മനസ്സിലാക്കാനാവുന്നതാണെങ്കിലും പിന്നീട് പറഞ്ഞ കാര്യങ്ങളോടൊരിക്കലും ഒരു തരത്തിലും യോജിക്കാന്‍ എനിക്ക് ഇന്ന് വരെ കഴിഞ്ഞിട്ടില്ല. അന്ന് തിരികെ നടന്നു ഫ്‌ലാറ്റില്‍ കേറി ഉള്ളതെല്ലാം പാക്ക് ചെയ്ത് ഇറങ്ങിപ്പോന്നതായിരുന്നു. പല ദിവസങ്ങളിലും ഞങ്ങളെ ഞങ്ങളായിക്കണ്ട ഞങ്ങളുടെ സംസാരങ്ങള്‍ ഒരുപാട് കേട്ടിരുന്ന റെയില്‍വേ സ്റ്റേഷനിലെ ആ ഇരിപ്പിടത്തിലിരിക്കുമ്പോഴെനിക്കൊരിക്കലും മനസ്സില്‍ പ്രണയത്തിന്റെ ഒരു തരത്തിലുള്ള ഭാവങ്ങളുമില്ലായിരുന്നു. പെട്ടെന്ന് ഓഫീസില്‍ വിളിച്ചു, ട്രാന്‍സ്ഫര്‍ വേണമെന്നും അല്ലെങ്കില്‍ റിസൈന്‍ ചെയ്യുകയാണെന്നും പറഞ്ഞപ്പോള്‍ അവര് തന്ന ഓഫര്‍ ഡല്‍ഹി മാത്രമായിരുന്നു. കഴിഞ്ഞ മാസം ഞാന്‍ വേണ്ടെന്നു വെച്ച പ്രൊമോഷന്‍ ട്രാന്‍സ്ഫര്‍. മറ്റൊന്നും ആലോചിക്കാതെ ഞാന്‍ റെഡി ആണെന്ന് പറഞ്ഞു. എല്ലാം റെഡി ആകാന്‍ മൂന്നു ദിവസമെടുക്കുമെന്നും പറഞ്ഞവര്‍ കട്ട് ചെയ്തു. ട്രെയിന്‍ യാത്ര എന്തായാലും രണ്ട് ദിവസമെടുക്കുമെന്നുള്ളതിനാല്‍ അന്ന് രാത്രിയിലെ ട്രെയിന്‍ ടിക്കറ്റ് തന്നെ ബുക്ക് ചെയ്തു…
തുടരും…