16 April 2024, Tuesday

കാഫ്കയും കുഞ്ഞും പിന്നെ കത്തുകളും

പി സുനിൽ കുമാർ
May 21, 2023 2:03 am

ഫ്രാൻസ് കാഫ്ക നാൽപതാം വയസിൽ ബർലിനിൽ താമസിക്കുന്ന കാലം. തന്റെ സായാഹ്ന സവാരിക്കിടെ പാർക്കിലിരുന്ന് കരയുന്ന ഒരു പെണ്‍കുഞ്ഞിനെ കണ്ടു. അദ്ദേഹം അവളുടെ അടുത്തേക്ക് ഓടിച്ചെന്നു. അടുത്തു നിന്ന് അവളോട് എന്താണ് കരയാനുള്ള കാരണമെന്ന് അന്വേഷിച്ചു. തന്റെ പ്രിയപ്പെട്ട പാവക്കുട്ടിയെ എവിടെയോ നഷ്ടപ്പെട്ടെന്നും അത് കാണാഞ്ഞാണ് കരയുന്നതെന്നും അവൾ കരച്ചിലിനിടെ പറഞ്ഞു. “വരൂ നമുക്ക് നോക്കാം…” അദ്ദേഹം പറഞ്ഞു. 

കാഫ്കയും കുട്ടിയും അവിടെല്ലാം ആ പാവയെ തേടി നടന്നു. കണ്ടുകിട്ടാതെ വന്നപ്പോൾ ആ കുട്ടിയെ അദ്ദേഹം സമാധാനിപ്പിച്ചു. നേരം ഇരുട്ടുകയായിരുന്നു. കുഞ്ഞിനെ സമാധാനിപ്പിച്ചശേഷം അദ്ദേഹം പറഞ്ഞു. “നമുക്ക് നാളെയും അന്വേഷിക്കാം. മോൾ നാളെ വൈകുന്നേരം ഇവിടേക്ക് വരണം. നമുക്ക് ഒന്നുകൂടി നോക്കാം.”
കാഫ്ക തന്റെ വീട്ടിലേക്ക് നടന്നു. നടക്കുന്ന വഴിയിൽ അദ്ദേഹം ആലോചിച്ചു. “ആ കുഞ്ഞ് എന്ത് മാത്രം വേദനിക്കുന്നുണ്ടാകും ഇപ്പോൾ. ഈ രാത്രി അവൾ ഉറങ്ങുമോ?” അദ്ദേഹത്തിനും വിഷമമായി.
അടുത്ത ദിവസവും വൈകുന്നേരം രണ്ടാളും കൂടി പാവക്കുവേണ്ടി അന്വേഷണം തുടർന്നു. നിരാശയായിരുന്നു ഫലം. കുഞ്ഞ് എങ്ങോട്ടോ മാറിയ നിമിഷം അദ്ദേഹം പോക്കറ്റിൽ കരുതിയിരുന്ന ഒരു കത്തെടുത്തു. കുഞ്ഞിന്റെ അരികിലേക്ക് ഓടി ചെന്ന് പറഞ്ഞു
“ഇതാ പാവ എഴുതിയ ഒരു കത്ത്.”
കുഞ്ഞ് സന്തോഷത്തോടെ കാഫ്ക്കയെ നോക്കി.
“ഞാൻ വായിക്കട്ടെ.” അദ്ദേഹം ചോദിച്ചു.
കുഞ്ഞ് സന്തോഷത്തോടെ തലയാട്ടി വായിക്കാൻ അനുമതി നൽകി.
അദ്ദേഹം വായിച്ചു.
“കുഞ്ഞ് കരയണ്ട, ഞാൻ ലോകം കാണാൻ ഒരു യാത്ര പോകുകയാണ്. എന്റെ യാത്രയെക്കുറിച്ചു ഞാൻ മോളെ ഒരോ ദിവസവും കത്തിലൂടെ അറിയിക്കാം.”
കുഞ്ഞിന് സന്തോഷമായി തന്റെ പാവ ജീവനോടെ ഉണ്ടല്ലോ. അവൾ ലോകം കാണാൻ പോയതാണല്ലോ തിരികെ വരുമല്ലോ എന്നൊക്കെ ഓർത്ത് അവൾ സന്തോഷത്തോടെ കാഫ്കയോട് യാത്ര പറഞ്ഞു പിരിഞ്ഞു. കാഫ്ക അടുത്ത മൂന്ന് ആഴ്ചകളിൽ മുടങ്ങാതെ ബെർലിനിലെ ആ പാർക്കിൽ നടക്കാൻ പോയി.
അപ്പോഴൊക്കെ ആ പെണ്‍കുട്ടി അദ്ദേഹത്തിന്റെ അടുത്ത് ഓടിയെത്തും. അവൾ ദൂരെ നിന്ന് ഓടിവരുന്നത് കാണുമ്പോഴേക്കും കാഫ്ക തന്റെ കോട്ടിന്റെ കീശയിൽ നിന്ന് ഒരു കത്തെടുത്തു വായിച്ചു കേൾപ്പിക്കും, പാവയുടെ യാത്രകളെപ്പറ്റി. അപ്പോൾ അവൾ അയാളുടെ കണ്ണുകളിലേക്ക് സ്നേഹപൂർവം നോക്കി നിൽക്കും. തന്റെ പാവ ദൂരെ എവിടെയോ ഒരു നഗരത്തിൽ കാഴ്ചകൾ കണ്ടു നടക്കുന്നത് അവൾ സ്വപ്നം പോലെ കാണും. അവളുടെ കണ്ണുകൾ തിളങ്ങും. തന്റെ സുന്ദരിയായ പാവയുടെ ഭാഗ്യത്തിൽ അവൾ സന്തോഷിക്കും. പിന്നെ അവൾ യാത്ര പറഞ്ഞു പോകും, സന്തോഷത്തോടെ. ചിരിച്ചു തുള്ളിക്കളിച്ചു പോകുന്ന ആ കുഞ്ഞിനെ നോക്കി കാഫ്ക നിർവൃതിയിൽ നിൽക്കും.
മൂന്നാഴ്ചയ്ക്ക് ശേഷം കാഫ്ക ഒരു പുതിയ പാവയെ അവൾക്ക് സമ്മാനിച്ചു. കുറേ നേരം അവൾ അതിനെ നോക്കി നിന്നു. പിന്നെ പറഞ്ഞു
“ഇത് എന്റെ പാവയല്ല, അത് ഇങ്ങനെ ആയിരുന്നില്ല. അതിനിത്ര വലിപ്പമില്ലായിരുന്നു”.
അവൾ അയാളെ നോക്കി.
കാഫ്ക മറ്റൊരു കത്ത് അവൾക്ക് തന്റെ കീശയിൽ നിന്നെടുത്തു നൽകിക്കൊണ്ട് പറഞ്ഞു “നോക്കൂ മോളെ, പാവ എന്താണ് എഴുതിയിരിക്കുന്നതെന്ന്.”
എന്നിട്ട് അദ്ദേഹം ആ കത്ത് വായിച്ചു,
“കുഞ്ഞേ ഞാനിപ്പോൾ യാത്രയൊക്കെ കഴിഞ്ഞു വന്നതാണ്. ഈ യാത്രകൾ എന്നെ ആകെ മാറ്റിയിരിക്കുന്നു. എന്റെ രൂപം പോലും മാറിയിരിക്കുന്നു.”
കുഞ്ഞിന്റെ മുഖത്ത് വല്ലാത്ത സന്തോഷം പെട്ടെന്ന് അലയടിച്ചു. അവൾ ആ പാവയെ ഏറ്റുവാങ്ങി. അതിനെ തെരുതെരെ ചുംബിച്ചു. സന്തോഷപൂർവം തന്റെ വീട്ടിലേക്ക് അവൾ ആ പാവയെ ചേർത്തുപിടിച്ച് ഓടിപ്പോയി. പോകും മുൻപ് അവൾ കാഫ്കയുടെ കൈകളിൽ ചുംബിച്ചു. ആ സന്തോഷം നോക്കി കാഫ്ക നിന്നു.
ഏതാനും മാസങ്ങൾക്ക് ശേഷം കാഫ്ക അന്തരിച്ചു, നാല്പത്തിഒന്നാം വയസിൽ.
പെണ്‍കുട്ടി കുറേക്കൂടി വലുതായി. പഠനവും ജീവിതത്തിലെ മാറ്റങ്ങളും കാരണം പാവ യുമായുള്ള ബന്ധം പഴയപോലെ ഉണ്ടായിരുന്നില്ല. എങ്കിലും അവൾ പാവയെ തന്റെ വീട്ടിൽ ഒരിടത്ത് സൂക്ഷിച്ചിരുന്നു. പിന്നൊരിക്കൽ അവൾ തന്റെ പഴയ വീട്ടിൽ വീണ്ടുമെത്തി. പലതും അടുക്കി ഒതുക്കുന്നതിനിടയിൽ അവൾ തന്റെ പാവയെ കണ്ടു. കാഫ്കയെ അവൾ പെട്ടെന്ന് ഓർത്തു. പിന്നെ വിഖ്യാതനായ ആ എഴുത്തുകാരൻ തനിക്ക് തന്നതാണല്ലോ ആ പാവയെ എന്നവൾ ഓർത്തു. അവളുടെ കണ്ണുകൾ ഈറനായി. പാവയെ അവൾ തിരിച്ചും മറിച്ചും പരിശോധിച്ചു. പാവയുടെ ഉള്ളിൽ നിന്നും ഒരു പേപ്പർ കഷണം അപ്പോൾ പുറത്തേക്ക് വീണു. അതിൽ ഇങ്ങനെ എഴുതിയിരുന്നു. “ഒരു പക്ഷേ നിങ്ങൾ സ്നേഹിക്കുന്ന എല്ലാം നിങ്ങൾക്ക് നഷ്ടപ്പെട്ടേക്കാം, എന്നാൽ അവസാനം, സ്നേഹം മറ്റൊരു രൂപത്തിൽ നിങ്ങൾക്ക് തിരികെ കിട്ടിയിരിക്കും.” ചെറിയ അക്ഷരങ്ങളിൽ എഴുതിയ ആ കത്തിന്റെ അടിയിൽ കാഫ്കയുടെ ഒപ്പും ഉണ്ടായിരുന്നു.
പാവയുടെ കൂടെ ജീവിക്കാനാഗ്രഹിച്ച കുട്ടി, അത് നഷ്ടപ്പെട്ട ആ മൂന്നാഴ്ചകളിൽ അവളുടെ വേദന ഒതുക്കിയിരുന്നത് കാഫ്കയുടെ കത്തുകളിലൂടെ ആയിരുന്നു. ഒരു കഥയ്ക്കുള്ളിൽ സാങ്കൽപ്പിക ലോകത്ത് അവൾ ജീവിച്ചു. ദുഃഖിപ്പിക്കുന്ന ലോകത്തിന്റെ നീറ്റലുകളിൽ നിന്ന് അവളെ മോചിപ്പിച്ചു നിർത്താൻ കാഫ്ക ഓരോ ദിവസവും പുതിയ കഥകൾ കത്തിൽ എഴുതിപ്പിടിപ്പിച്ചു. തന്റെ എഴുത്തുജോലികൾ മുടക്കിയാണ് അദ്ദേഹം ഈ കത്തുകൾ എഴുതിയിരുന്നത്. ആ പെണ്‍കുട്ടി അവളുടെ ഉള്ളിലെ നീറ്റൽ മറന്നത് കാഫ്കയുടെ മാന്ത്രിക കഥാ ലോകത്തായിരുന്നു. കഥ അങ്ങനെ നീണ്ടു പോകുമ്പോൾ യഥാർത്ഥത്തിൽ അവൾ സംഭവിച്ച നഷ്ടത്തെ മറക്കാൻ പ്രാപ്തി നേടുകയായിരുന്നു. എന്നെങ്കിലും കഥ അവസാനിപ്പിക്കേണ്ടത് കാഫ്കയ്ക്ക് ആവശ്യമായിവന്നു. അദ്ദേഹം മൂന്നാമത്തെ ആഴ്ചയിൽ അതിനാണ് പുതിയ പാവയുമായി ചെന്നതും. അപ്പോൾ കുട്ടി സംശയം പ്രകടിപ്പിക്കുമെന്ന് കഥാകൃത്തിന് അറിയാം അതിനാലാണ് പുതിയ കത്തിൽ “യാത്രകൾ എന്നെ വല്ലാതെ മാറ്റിയിരിക്കുന്നു” എന്ന് കാഫ്ക്ക എഴുതിയത്. കാഫ്കയും കുട്ടിയും ആ പാവയെ അന്വേഷിച്ചു ബെർലിനിലെ പാർക്കിൽ നടന്നിട്ട് ഈ വർഷം നൂറുകൊല്ലം തികയുന്നു. അദ്ദേഹം എഴുതിയ കത്തുകൾ ഇപ്പോഴും കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് പറയുന്നത്. ചിലർ ഇതൊരു കല്പിത കഥയാണെന്നും പറയുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ വ്യത്യസ്ത രീതികളിൽ ഈ കഥ വന്നിട്ടുമുണ്ട്. അതിന്റെ സംവാദങ്ങൾ തുടരുകയുമാണ്, കഥാകാരന്റെ സൃഷ്ടികളെപ്പോലെതന്നെ.
ഒന്നായി നിന്നാൽ വേദനകളെ അത്ഭുതങ്ങളും സ്നേഹവുമാക്കി പരിവർത്തനം ചെയ്യാമെന്നും മാറ്റം അനിവാര്യമാണെന്നും അത് അംഗീകരിക്കുകയേ മാർഗമുള്ളൂ എന്നും കാഫ്ക കുട്ടിയെ മാത്രമല്ല ലോകത്തെയും മൂന്നാഴ്ച നീണ്ട ഈ പ്രവൃത്തിയിലൂടെ പഠിപ്പിച്ചു. മനുഷ്യനിൽ ലോകത്തിന് ഇനിയും പ്രതീക്ഷയുണ്ട് എന്ന് പറയുന്നതാണ് കാഫ്കയുടെ കഥയുടെ ഗുണവശം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.