June 26, 2022 Sunday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

വികസനത്തേരിലേറി കയ്പമംഗലം

By Janayugom Webdesk
March 19, 2021

വികസനത്തേരിലേറി കുതിക്കുകയാണ് കയ്പമംഗലം മണ്ഡലം. എല്‍ഡിഎഫ് സാരഥി ഇ ടി ടൈസന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന സമാനതകളില്ലാത്ത വികസനമാണ് മണ്ഡലത്തിലെ പ്രധാന ചര്‍ച്ച. സ്മാര്‍ട്ടായ സ്‌കൂളുകള്‍, ആശുപത്രികള്‍, ഗ്രാമ‑നഗര ഭേദമില്ലാതെ റോഡുകളും പാലങ്ങളും. ഈ വികസനത്തുടര്‍ച്ചയ്ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഐയിലെ ഇ ടി ടൈസണ്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നത്. അതുകൊണ്ടുതന്നെ കുലുക്കമില്ലാത്ത ഇടതുകേന്ദ്രമായി കയ്പമംഗലം മാറുന്നു. വിദ്യാഭ്യാസ രംഗത്ത് മണ്ഡലത്തില്‍ നടപ്പാക്കിയ പല പദ്ധതികളും സംസ്ഥാനത്തിന് തന്നെ മാതൃകയായി. ഈ മേഖലയില്‍ മാത്രം നടപ്പാക്കിയത് 30 കോടി രൂപയുടെ പദ്ധതികള്‍. എംഎല്‍എ ചെയര്‍മാനായി രൂപീകരിച്ച മണ്ഡലം വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കി. കൂടാതെ ഓരോ മേഖലയിലെയും വിദഗ്ധര്‍ ഉള്‍പ്പെട്ട 11 വിഷയ സമിതികളും രൂപികരിച്ചു. സ്‌കൂള്‍ കെട്ടിടങ്ങള്‍ നവീകരിച്ചും പുതിയവ നിര്‍മ്മിച്ചും മണ്ഡലം വികസനത്തില്‍ പുതിയ ചരിത്രം എഴുതി ചേര്‍ത്തു. പൊതു വിദ്യാലയങ്ങള്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ന്നതോടെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് കുട്ടികളുടെ ഒഴുക്കായി.

മണ്ഡലത്തില്‍ നടപ്പാക്കി വിജയിച്ച പല പദ്ധതികളും വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തു. സിവില്‍ സര്‍വീസ് പരിശീലനം ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ പദ്ധതിയും ഭിന്നശേഷി വിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്കും അമ്മമാര്‍ക്കുമായി നടപ്പാക്കിയ തുന്നല്‍ പരിശീലന പദ്ധതിയായ ചാരുതയുമെല്ലാം സംസ്ഥാനത്തു തന്നെ ചര്‍ച്ചയായി. ആരോഗ്യ‑കാര്‍ഷിക‑മത്സ്യമേഖലകളിലെല്ലാം വികസനത്തിന്റെ പൊന്‍കതിര്‍ വിടര്‍ന്നു. തീരദേശ മേഖലയിലും മണ്ഡലത്തിന്റെ മുഖച്ഛായ മാറി. 65 കോടി രൂപയാണ് ഇതിനായി മാത്രം നീക്കിവച്ചത്. വലിയതോട് പെരുംതോട് പദ്ധതി മണ്ഡലത്തിലുണ്ടാക്കിയ മാറ്റവും ചെറുതല്ല. ആര്‍ദ്രം പദ്ധതിയിലൂടെ മുഴുവന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയും കുടുംബ ആരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി. 115 പൊതുമരാമത്തു റോഡുകളും അഞ്ച് പാലങ്ങളുമാണ് അഞ്ച് വര്‍ഷം കൊണ്ട് മണ്ഡലത്തില്‍ നിര്‍മ്മിച്ചത്. ഇതിനായി 100 കോടി രൂപ ചെലവഴിച്ചു. 42 പൊതുമരാമത്തു കെട്ടിടങ്ങളും നിര്‍മ്മിച്ചു . അഴിക്കോട് — മുനമ്പം പാലത്തിന്റെ നിര്‍മ്മാണത്തിന് 154 .6 കോടി രൂപയാണ് നീക്കിവെച്ചത്. ഓഖി, പ്രളയം, മഴക്കെടുതി പ്രവര്‍ത്തനങ്ങള്‍ക്കായി 48.5 കോടി രൂപയും ചെലവഴിച്ചു. പട്ടിക ജാതി കോളനികള്‍ നവീകരിക്കുന്നതിന് 25 കോടി നീക്കിവച്ചു.

2011 ലെ മണ്ഡല പുനർനിര്‍ണയത്തോടെയാണ് കയ്പമംഗലം മണ്ഡലം രൂപം കൊണ്ടത്. പഴയ നാട്ടിക മണ്ഡലത്തിലെ കൊടുങ്ങല്ലൂര്‍, എടവിലങ്ങ്, എടത്തിരുത്തി, എറിയാട്, കയ്പമംഗലം, മതിലകം, പെരിഞ്ഞനം, ശ്രീനാരായണപുരം എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നു. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണ്. സിപിഐയിലെ വി എസ് സുനില്‍കുമാര്‍ ആണ് ആദ്യ വിജയി. ജെഎസ്എസിലെ ഉമേഷ് ചള്ളിയില്‍ ആയിരുന്നു എതിരാളി. പിന്നീട് ഉമേഷ് ചള്ളിയിലും സഹപ്രവര്‍ത്തകരും സിപിഐയില്‍ ചേര്‍ന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇ ടി ടൈസണ്‍ യുഡിഎഫിലെ മുഹമ്മദ് നഹാസിനെ തോല്‍പ്പിച്ചു. 33,440 വോട്ടായിരിന്നു ഭൂരിപക്ഷം. യുഡിഎഫിന് വേണ്ടി മുഹമ്മദ് നഹാസും എൽഡിഎഫിനുവേണ്ടി ഇ ടി ടൈസനും തമ്മിലാണ് ഇത്തവണയും പ്രധാന മത്സരം. എൻഡിഎഫ് സ്ഥാനാർത്ഥിയായി ബിഡിജെഎസിലെ സ്ഥാനാര്‍ഥിയായി ഉണ്ണികൃഷ്ണനും ജനവിധി തേടുന്നു. ചാലക്കുടി ലോകസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കയ്പമംഗലം കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലും ഇടതുമേല്‍ക്കൈ നിലനിര്‍ത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലും ഉജ്ജ്വല വിജയമാണ് മണ്ഡലത്തില്‍ എല്‍ഡിഎഫ് നേടിയത്.

eng­lish summary:kaipamangalam developments
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.