കെ കെ ജയേഷ്

കോഴിക്കോട് ബ്യൂറോ

January 30, 2021, 8:06 am

സിനിമ മികവോടെ ആസ്വദിക്കാം: കൈരളി-ശ്രീ നവീകരണം പൂർത്തിയായി

Janayugom Online

സിനിമാസ്വാദകർക്ക് കൂടുതൽ മികവോടെ ഇനി സിനിമ ആസ്വദിക്കാം. ഏറ്റവും നൂതന സാങ്കേതിക സംവിധാനങ്ങളൊരുക്കിക്കൊണ്ട് കേരള ചലച്ചിത്ര വികസന കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള നഗരത്തിലെ കൈരളി-ശ്രീ തിയേറ്റർ നവീകരണം പൂർത്തിയായി. കോവിഡ് വീണ്ടും വ്യാപകമാവുന്ന സാഹചര്യം പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും ഫെബ്രുവരി ആദ്യവാരമോ രണ്ടാം വാരമോ തിയേറ്ററുകൾ സിനിമാസ്വാദകർക്കായി തുറന്നുകൊടുക്കും. മമ്മൂട്ടി പുരോഹിത വേഷത്തിലെത്തുന്ന നവാഗതനായ ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന ദി പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ പ്രദർശനത്തോടെ പ്രദർശനം ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഉദ്ഘാടന തിയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഫെബ്രുവരി നാലിനാണ് മമ്മൂട്ടി ചിത്രം റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ സാങ്കേതിക സംവിധാനങ്ങളോടെയാണ് തിയേറ്ററുകൾ നവീകരിച്ചിരിക്കുന്നതെന്ന് തിയേറ്റർ മാനേജർ മോഹൻ വ്യക്തമാക്കി. കൈരളിയിൽ ലേസർ പ്രൊജക്ടർ സംവിധാനമാണ് സജ്ജമാക്കിയിട്ടുള്ളത്. ജില്ലയിൽ രണ്ട് തിയേറ്ററുകളിൽ മാത്രമാണ് ഇത്തരമൊരു സംവിധാനമുള്ളത്. മികച്ച നിലവാരത്തിലുള്ള സിൽവർ സ്ക്രീനാണ് മറ്റൊരു പ്രത്യേകത. സാധാരണ സ്ക്രീനിനേക്കാൾ കൂടുതൽ പ്രകാശത്തെ പൂർണ്ണമായി ചിതറിക്കാൻ കഴിയുന്ന സിൽവർ സ്ക്രീനിൽ ദൃശ്യങ്ങൾ കൂടുതൽ മികവോടെ ആസ്വദിക്കാൻ കഴിയും. ഡോൾബി അറ്റ്മോസ് ശബ്ദ സംവിധാനത്തിലാണ് തിയേറ്ററുകൾ ഒരുക്കിയത്. 4 കെ സംവിധാനമാണ് ശ്രീ തിയേറ്ററിൽ ഒരുക്കിയിട്ടുള്ളത്. അഞ്ചര കോടിയോളം രൂപ ചെലവിട്ടാണ് തിയേറ്ററുകൾ നവീകരിച്ചിട്ടുള്ളത്. 701 സീറ്റുകളുള്ള കൈരളി തിയേറ്ററിലും 311 സീറ്റുകളുള്ള ശ്രീയിലും അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന സിനിമകൾ അതിന്റെ എല്ലാ പൂർണ്ണതയിൽ തന്നെ ആസ്വദിക്കാൻ സാധിക്കുമെന്നും മാനേജർ പറഞ്ഞു.
തിയേറ്ററിൽ പുതിയ ടൈലുകൾ പാകുകകയും പരിസരങ്ങളിൽ ഇന്റർലോക്ക് പതിക്കുകയും ചെയ്തിട്ടുണ്ട്. മനോഹരമായ ലൈറ്റിംഗ് സംവിധാനവും ഒരുക്കി. തിയേറ്റിന്റെ ബോർഡ് ഉൾപ്പെടെ സ്ഥാപിച്ചു കഴിഞ്ഞു. നഗരത്തിൽ കോർണേഷൻ തിയേറ്ററും നവീകരണത്തിലാണ്.
കോവിഡ് കാലത്ത് അടച്ചിട്ട തിയേറ്ററുകൾ മാസങ്ങൾക്ക് ശേഷമാണ് തുറന്നു പ്രവർത്തനമാരംഭിച്ചത്. വിജയ് നായകനായ മാസ്റ്റർ ആയിരുന്നു ആദ്യ ചിത്രം. തുടർന്ന് വെള്ളം എന്ന മലയാള സിനിമ പ്രദർശനത്തിനെത്തി. ലവ്, വാങ്ക് തുടങ്ങിയ ചിത്രങ്ങളാണ് ഇന്നലെ പ്രദർശനമാരംഭിച്ചത്. സാജൻ ബേക്കറി, ഓപ്പറേഷൻ ജാവ, യുവം, മരട് 357,വർത്തമാനം, വെളുത്ത മധുരം, സണ്ണി, അജഗജാന്തരം തുടങ്ങിയ ചിത്രങ്ങൾ അടുത്ത മാസം പ്രദർശനത്തിനെത്തും. വൻ ബജറ്റിലൊരുക്കിയ കുഞ്ഞാലി മരയ്ക്കാർ ഉൾപ്പെടെയുള്ള ചിത്രങ്ങൾ അവ ആവശ്യപ്പെടുന്ന സാങ്കേതിക സംവിധാനത്തോടെ ആസ്വദിക്കാൻ കൈരളി- ശ്രീ തിയേറ്ററുകൾ പ്രേക്ഷകർക്ക് അവസരമൊരുക്കും.