Thursday
23 May 2019

പ്രളയം തകർത്തെറിഞ്ഞ കൈത്തറി നെയ്തു കേന്ദ്രങ്ങള്‍

By: Web Desk | Friday 1 March 2019 6:25 PM IST


പറവൂർ: പെരിയാറും ചാലക്കുടി പുഴയും കരകവിഞ്ഞപ്പോൾ കലങ്ങി മറഞ്ഞെത്തിയ പ്രളയജലം കൈത്തറി നെയ്ത്തു തൊഴിലാളികളുടെ ഊടും പാവും മാറ്റിമറിച്ചു. പ്രളയം തകർത്തെറിഞ്ഞ കൈത്തറി നെയ്തു കേന്ദ്രങ്ങളിൽ സർക്കാരിടപെടലോടെ തറി കളുടെ സംഗീതം തിരിച്ചെത്തി. പുനർജീവിച്ച കൈത്തറി തൊഴിലാളികൾ സ്നേഹോപഹാരവുമായി കേരള രക്ഷായാത്രയുടെ പറവൂരിലെ സ്വീകരണ കേന്ദ്രത്തിലെത്തി 130 സ്ത്രീകൾ അടക്കം 150 ലേറെ തൊഴിലാളികളാണ് യാത്രയ്ക്ക് ഹൃദയാഭിവാദ്യമർപ്പിക്കാനെത്തിയത്.
കൈത്തറി മേഖലയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ കരുതൽ തൊഴിലാളികൾ എത്രത്തോളം വിലമതിക്കുന്നു എന്നതിനു നേർസാക്ഷ്യമാവുകയാണ്  കുര്യാപ്പിള്ളി 3476 കൈത്തറി നെയ്ത്തു സഹകരണ സംഘത്തിലെ തൊഴിലാളി ഐഷ നാണപ്പന്റെ വാക്കുകൾ. ” സർക്കാർ കൃത്യമായി ഇടപെട്ടു. എല്ലാ സഹകരണ സംഘങ്ങളും ഇപ്പോൾ പ്രവർത്തിക്കുന്നു. ഞങ്ങൾക്ക് തൊഴിലുണ്ട്. നേരത്തേ നെയ്ത്ത് ഉപേക്ഷിച്ചു പോയവർ ഇപ്പോൾ തിരികെ വരുന്നുണ്ട് ” . പ്രളയത്തിൽ നിന്ന് ചേന്ദമംഗലം കൈത്തറിയുടെ അതിജീവനത്തിന്റെ പ്രതീകമായ  ചേക്കുട്ടിപ്പാവകൾ തുന്നിച്ചേർത്ത ഷാൾ അണിയിച്ചാണ് ഐഷ ജാഥാ ക്യാപ്ടൻ കോടിയേരി ബാലകൃഷ്ണനെ സ്വീകരിച്ചത്.
പ്രളയം തകർത്ത കൈത്തറി മേഖലയുടെ പുനരുജ്ജീവനത്തിന് സർക്കാർ ഇടപെടലിനെ തുടർന്ന് സന്നദ്ധ സംഘടനകളും മുന്നോട്ടുവന്നു. നെയ്ത്ത് ഉപകരണങ്ങൾ സമയബന്ധിതമായി അറ്റകുറ്റപ്പണി ചെയ്തു നൽകി. കൂടാതെ, സംസ്ഥാന ബജറ്റിൽ പാവ് ഉണ്ടാക്കുന്ന യൂണിറ്റുകൾക്കായി അഞ്ചു കോടി വകയിരുത്തി. കൈത്തറി പെൻഷൻ തുക ഇരട്ടിയാക്കി കൃത്യമായി വിതരണം ചെയ്യാൻ സംവിധാനമുണ്ടാക്കി. തൊഴിലാളികൾക്ക് ലഭിക്കുന്ന പ്രൊഡക്ഷൻ ഇൻസെന്റീവ് , ഇൻകം സപ്പോർട്ട് എന്നീ ആനുകൂല്യങ്ങൾ കുടിശികയില്ലാതെ വിതരണം ചെയ്യുന്നു. മുൻ സർക്കാർ കുടിശികയിട്ടിരുന്ന അഞ്ചു വർഷത്തെ റിബേറ്റ് ഘട്ടംഘട്ടമായി വിതരണം ചെയ്യുന്നു. പുതുക്കിയ മിനിമം കൂലി പ്രഖ്യാപനവും തൊഴിലാളികൾക്ക് ഉണർവായി.
20 വർഷം മുൻപ് വിട്ടു പോയ തൊഴിലാളികൾ വരെ നെയ്ത്തു മേഖലയിലേക്ക് തിരികെയെത്തുന്നു. ഇത് കൈത്തറിക്ക് സർക്കാർ നൽകുന്ന പരിഗണനയുടെ ഫലമാണെന്ന് തൊഴിലാളികൾ പറയുന്നു
Related News