Saturday
23 Mar 2019

കാകദൃഷ്ടി

By: Web Desk | Sunday 6 May 2018 1:45 AM IST


പീതാംബരന്‍ കുന്നത്തൂര്‍

പി . ഓ . കുന്നത്തൂര്‍ ഈസ്റ്റ്
കൊല്ലം. 690 540. ( Mob- 9381340200 )

സ്‌കൂള്‍ അവധിയായതിനാല്‍ ദിനചര്യ തെറ്റിച്ച് ഉറക്കം തുടരുകയായിരുന്നു രാമഭദ്രന്‍.
എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും അധ്യാപകര്‍ വൈകിയാണ് ഉറങ്ങിയെഴുന്നേല്‍ക്കാറുള്ളതെന്ന് വിവാഹത്തിനുമുന്നേ തന്നെ ഭാര്യ സുധ മനസ്സിലാക്കിയിട്ടുണ്ട്. എന്നാല്‍ ദിവസങ്ങളുടെ പ്രത്യേകത നോക്കാതെ സാധാരണയിലും നേരുത്തേ അവള്‍ ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തി.

വിളിയില്‍ നിര്‍ബന്ധവും വെപ്രാളവും നിഴലിക്കുന്നതായി അയാള്‍ക്കു തോന്നി. ഉറക്കച്ചടവ്വോടെ ചാടിയെണീറ്റു. ചുറ്റുപാടും കൃത്യമായി ബോധ്യപ്പെടുന്നതിനുമുന്നെ വിഷയം തിരക്കി, ‘എന്താ പ്രശ്‌നം…. ഇന്ന് സ്‌കൂളില്‍ പോകേണ്ടല്ലോ?’

ഇതാ, ഒരു കാക്ക വീടിനുള്ളില്‍. ഇറങ്ങി പോകുന്നില്ല. എത്ര ഓടിച്ചിട്ടും പോകുന്നില്ല. സുധ തെല്ലാവേശത്തോടെ പറഞ്ഞു.

രാമഭദ്രന്‍ കയ്യിലിരുന്ന ടൗവ്വല്‍ കൊണ്ട് മുഖം തുടച്ചു. തുറന്ന കണ്ണുകളുമായി അയാള്‍ സുധയ്ക്കു പിന്നാലെ ഹാളിലേക്ക് വന്നു.

‘എവിടെ?’

അവള്‍ കൈ ചൂണ്ടി പറഞ്ഞു, ‘ദേ അവിടെ.’

തന്നെ തുറിച്ചു നോക്കുന്ന കാക്കയെ രാമഭദ്രന്‍ നോക്കിനിന്നു. അതിക്രമിച്ചു കയറിയതിന്റെ ധിക്കാരഭാവം പ്രകടമാക്കുന്ന ഒരു നോട്ടത്തോടെ കാക്ക ഹാളില്‍ ടി വി സെറ്റിനു മുകളില്‍ ഇരിക്കുകയായിരുന്നു.

‘കാക്ക….കാക്ക…’എന്നുപറഞ്ഞു അതിനെ വിരട്ടിക്കൊണ്ടിരുന്ന സുധയോടൊപ്പം രാമഭദ്രനും ഏറ്റുചൊല്ലി…’കാക്ക…കാക്ക…പോ, കാക്കേ.’

കാക്ക ഇരുന്നിടത്തുനിന്നും ഒന്നു കുതിച്ചുപൊങ്ങി, വീണ്ടും അവിടെത്തന്നെ ഇരുന്നു. മേശപ്പുറത്തിരുന്ന കുട എടുത്തു കാക്കയ്ക്കു നേരെ വീശിയ സുധയെ തടഞ്ഞുകൊണ്ട് അയാള്‍ പറഞ്ഞു.
‘ഉപദ്രവിക്കേണ്ട…അത് പൊയ്‌ക്കൊള്ളും. നീ അടുക്കളയിലെ ജോലി നോക്ക്.’

സുധ അടുക്കളയിലേക്കു പോയി. അയാള്‍ കാക്കയ്ക്കരികിലേക്കു നടന്ന് അതിനെ വിരട്ടാന്‍ തുടങ്ങി.

ഒച്ചപ്പാട് ഇഷ്ടപ്പെടാത്തതുപോലെ കാക്ക ടി വി സെറ്റിന്റെ മുകളില്‍ നിന്നും പറന്ന് മേശക്കുമുകളിലേക്കു മാറി. അവിടിരുന്നുകൊണ്ട് തല ഇടവും വലവും ചരിച്ച് കാക്ക അയാളെത്തന്നെ നോക്കി.

ചായയുമായി കടന്നുവന്ന സുധയെ നോക്കി മേശപ്പുറത്തിരുന്നുകൊണ്ട് കാക്ക ഉച്ചത്തിലും ശബ്ദം താഴ്ത്തിയും കരയാന്‍ തുടങ്ങി. കാക്കയുടെ കരച്ചില്‍ അസഹ്യമായി തോന്നിയ അവള്‍ അതിനുനേരെ അരിശം കാട്ടി. കാക്ക അവള്‍ക്കുനേരെ കൊഞ്ഞനം കുത്തുമ്പോലെ തല ഇടവും വലവും ഒടിച്ചു.

കാക്കയോടു അതേ ചേഷ്ടയില്‍ത്തന്നെ പ്രതികരിക്കുന്ന ഭാര്യയെ നോക്കി രാമഭദ്രന്‍ ചോദിച്ചു, ‘നിനക്ക് കാക്കയുമായി സംസാരിക്കാന്‍ അറിയുമോ?’ ഒരതിശയോക്തി കലര്‍ന്ന രൂപത്തില്‍ മറുപടിയായി അവള്‍ പറഞ്ഞു, ‘അതിന്റെ ഒരഹങ്കാരം കണ്ടില്ലേ.’

‘പണ്ട് കാക്കകള്‍ കുളിക്കുന്നതുകാണുന്നത് ദോഷമാണെന്ന് അമ്മ പറയുമായിരുന്നു.’ ചായകുടിക്കുന്നതിനിടയില്‍ അയാള്‍ പറഞ്ഞു. ‘അത് അണ്ടന്‍കാക്കകള്‍ കുളിക്കുന്നതിനെ പറ്റിയാണ്.’ അവള്‍ കൂട്ടിച്ചേര്‍ത്തു.

ഗ്ലാസില്‍ ചായ തീര്‍ന്നു. അയാള്‍ ഗ്ലാസ് മേശപ്പുറത്തു വച്ചശേഷം വാതിലും ജനാലകളും തുറന്നിട്ടു. വീണ്ടും കാക്കയ്ക്കുനേരെ തിരിഞ്ഞു. കാക്ക പറന്ന് ജനല്‍പ്പടികളിലൊന്നില്‍ വന്നിരുന്ന് വീണ്ടും കരയാന്‍ തുടങ്ങി.

ഒരു നിമിഷം എന്തോ അസ്വസ്ഥത അയാളെ മൂടുന്നപോലെ തോന്നി. എന്തായിരിക്കാം കാക്ക വരാന്‍ കാരണം… എന്തെങ്കിലും ദുശ്ശകുനമാകുമോ? അയാളുടെ ചിന്ത പലവഴിക്കു തിരിഞ്ഞു. പിന്നീട് ആരോടെന്നില്ലാതെ അയാള്‍ പറഞ്ഞു, ‘പെണ്‍പട്ടി വീട്ടില്‍ കയറിവന്നാല്‍ ഐശ്വര്യം വരുന്നതിന്റെ ലക്ഷണം ആണെന്ന് പറയാറുണ്ട്. ഈ കാക്ക എന്തിനാവും വന്നത്?’

സുധ വീണ്ടും കാക്കയെ പുറത്തുചാടിക്കാനുള്ള പരിശ്രമങ്ങള്‍ തുടങ്ങി. ‘വേണ്ട… അതിനെ ഉപദ്രവിക്കേണ്ട …അത് പൊയ്‌ക്കൊള്ളും.’ അയാള്‍ തടഞ്ഞു.
അയാള്‍ ചിന്തയിലാണ്ടു. ചിന്ത ആശങ്കകള്‍ക്കു വഴിമാറി. അത് മനസ്സില്‍ സംഘര്‍ഷമായി രൂപമെടുത്തു. അയാള്‍ക്ക് എങ്ങനെയും ആശ്വാസം കണ്ടെത്തണമെന്ന് തോന്നി.

അകലെയുള്ള ബന്ധുക്കളെയൊക്കെ ഒന്നുവിളിക്കാം. ചിലരൊക്കെ അത്യാസന്ന നിലയില്‍ കഴിയുന്ന രോഗികളും മറ്റുചിലര്‍ വാര്‍ദ്ധക്യം പൂണ്ടവരുമാണ്. സാധാരണ വിളിച്ചു ക്ഷേമം അന്വേഷിക്കാറുള്ളവരെയൊക്കെ രാമഭദ്രന്‍ ഫോണ്‍ ചെയ്ത് എന്തെങ്കിലും വിശേങ്ങളുണ്ടോയെന്നു അന്വേഷിച്ചു. കുഴപ്പമില്ല, എല്ലാവരുടെയും സ്ഥിതി ഭദ്രം.
കാക്ക ഇപ്പോള്‍ നിശ്ചലനായി തന്നെത്തന്നെ നോക്കിയിരിക്കുന്നതായി അയാള്‍ ശ്രദ്ധിച്ചു. അടുക്കളയില്‍ പ്രാതല്‍ തയ്യാറാക്കുകയായിരുന്ന ഭാര്യ ശബ്ദം വച്ചുകൊണ്ട് വീണ്ടും ഹാളിലെത്തി.

‘നീ എന്തെങ്കിലും അതിനു തിന്നാന്‍ കൊടുക്ക്. തീറ്റ എടുത്തിട്ട് അത് പൊയ്‌ക്കൊള്ളും.’

കാക്ക ജനല്‍പ്പടിയില്‍ നിന്നും പറന്ന് ഹാളിന്റെ മധ്യഭാഗത്ത് കിടന്ന ടീപ്പോയില്‍ വന്നിരുന്നു. അവിടുണ്ടായിരുന്ന പത്രങ്ങളുടെ പേജുകള്‍ കാക്ക ചുണ്ടുകൊണ്ടു കുത്തിക്കീറാന്‍ തുടങ്ങി. അയാള്‍ കാക്കയ്ക്ക് നേരെ ചാടിയടുത്തു. കാക്ക ജനല്‍പ്പടിയിലേക്കു പറന്നുമാറി. ‘കാക്കയ്ക്ക് ഇത്രേം ധൈര്യമോ….?’ അയാള്‍ ആരോടെന്നില്ലാതെ പറഞ്ഞു.

കയ്യില്‍ കൊണ്ടുവന്ന ഒരു ഇഡ്ഡലി സുധ മുറിച്ചു കഷണങ്ങളാക്കി കാക്കയ്ക്ക് നേരെ തറയില്‍ ഇട്ടു. കാക്ക തല ചരിച്ച് തീറ്റയിലേക്കും അവളെയും നോക്കി. എന്നിട്ട്, ഒരാര്‍ത്തിയോടെ അത് വീണ്ടും കരയാന്‍ തുടങ്ങി.

വീട്ടിലെ ഫോണ്‍ ശബ്ദിച്ചു. സുധയും രാമഭദ്രനും മുഖത്തോടുമുഖം നോക്കി….ആരാവും….എന്തായിരിക്കും വിഷയം?

കാക്കയുടെ വരവ് സൃഷ്ടിച്ച മാനസിക സംഘര്‍ഷത്തിന് അവസാനമായില്ല. എന്തെങ്കിലും വിഷമ വാര്‍ത്തയാകുമോ ? രണ്ടുപേരും കാക്കയെ ഒന്നുകൂടി നോക്കിയശേഷം ഫോണിനടുത്തേക്കു വന്നു.

‘ഹാലോ… ഗുഡ് മോണിങ്…’ രാമഭദ്രന്‍ പ്രതികരിച്ചു. അങ്ങേ തലയ്ക്കല്‍ പരിചയമില്ലാത്ത ശബ്ദം. ‘ അതേ ….ഞാന്‍ തന്നെ… രാമഭദ്രനാണ് .’ സംഭാഷണം തുടരവേ അയാളുടെ കണ്ണുകള്‍ തിളങ്ങാന്‍ തുടങ്ങി. മുഖത്തു വല്ലാത്ത സന്തോഷം പ്രകടമായി. സംഭാഷണം ചിരിയിലും കൂടുതല്‍ പാരിചയപ്പെടലിലേക്കും മാറി.

‘ഓകെ സാര്‍… ഞാന്‍ വരാം… ഇന്നു തന്നെ വരാം. അതു കൊണ്ടുവരാം… സന്തോഷം സാര്‍… വളരെ നന്ദി.’ അയാള്‍ റിസീവര്‍ താഴെ വച്ചു.
വാര്‍ത്ത എന്തെന്നറിയാനുള്ള കൗതുകത്തോടെ സുധ അയാളുടെ മുഖത്തേക്കു നോക്കി.

നഗരത്തിലെ ഒരു ജൂവലറി കടയുടെ മാനേജരായിരുന്നു വിളിച്ചത്. മാസങ്ങള്‍ക്കു മുമ്പ് വാങ്ങിയ സ്വര്‍ണ ഉരുപ്പടികളോടൊപ്പം കിട്ടിയ കൂപ്പണുകളുടെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായി ഒരു കാര്‍ ലഭിച്ചിരിക്കുന്നു. സ്വര്‍ണം വാങ്ങിയ ബില്ലുമായി കടയിലെത്താനും അറിയിച്ചു.

സുധ അടക്കാനാവാത്ത സന്തോഷത്തോടെ ഓടിവന്നു മേശ തുറന്നു കൂപ്പണ്‍ തിരക്കി. കാക്ക ജനല്‍പ്പടിയില്‍ നിന്നും പറന്ന് വീണ്ടും ടി വി സെറ്റിനു മുകളിലെത്തി. രാമഭദ്രന്‍ അവളുടെ കൈയില്‍ നിന്നും ശേഷിച്ച ഇഡ്ഡലിക്കഷ്ണം വാങ്ങി കാക്കയ്ക്കു നേരെ ഇട്ടുകൊടുത്തു. അത് ശ്രദ്ധിക്കാതെ കാക്ക വീണ്ടും കരയാന്‍ തുടങ്ങി.

പുറത്തു കാക്കകള്‍ കൂട്ടത്തോടെ കരയുന്ന ശബ്ദം കേട്ടു. ശബ്ദം ക്രമേണ വീടിനടുത്തേക്കു വരുന്നതായി അവര്‍ക്കു തോന്നി. ഒറ്റയാനെ തെരഞ്ഞുള്ള അന്വേഷണമാണോ…? വീടിനു മുകളിലും പുറത്ത് വൃക്ഷങ്ങളിലും മുറ്റത്തും കാക്കകള്‍ കൂട്ടം കൂടി. മുദ്രാവാക്യം മുഴക്കുമ്പോലെ കരഞ്ഞുകൊണ്ടേയിരുന്നു.

ഇപ്പോള്‍ പുറത്തേക്കിറങ്ങിയാല്‍ കാക്കകള്‍ ഒന്നടങ്കം തന്നെ കൊത്തി കിടത്തിയാലോ എന്നയാള്‍ ഭയന്നു. ആലോചിച്ചിരിക്കവേ മറ്റൊരു കാക്ക അകത്തേക്ക് വന്നു. കാക്കകള്‍ പരസ്പരം വീടിനുള്ളില്‍ കരയാന്‍ തുടങ്ങി. പുറത്ത് കാക്കകളുടെ കൂട്ടനിലവിളി. ഇപ്പോള്‍ ജനല്‍പ്പടികളില്‍ മറ്റുരണ്ട് കാക്കകള്‍ കൂടി സ്ഥാനം പിടിച്ചു. കാക്കകള്‍ വീടിനുള്ളില്‍ അങ്ങോട്ടുമിങ്ങോട്ടും പറന്നു. സുധയുടെ കയ്യിലുണ്ടായിരുന്ന ഇഡ്ഡലിക്കഷണങ്ങള്‍ ഓരോന്നോരോന്നായി പുറത്തേക്കുവീണുകൊണ്ടിരുന്നു.

എങ്ങോ ഒരു വെടിയൊച്ച കേട്ടപോലെ, പുറത്തു കാക്കകളുടെ ശബ്ദം കുറഞ്ഞുവരുന്നു. രണ്ടാമത് പറന്നുവന്ന കാക്ക ഒരു ഇഡ്ഡലിക്കഷണത്തിന്റെ പിന്നാലെ പുറത്തേക്കു പറന്നു. ക്ഷണിക്കപ്പെടാതെ വന്ന അതിഥി ഇതിനകം പരിചയം സ്ഥാപിച്ചു ഹാളിനുള്ളില്‍ കിടന്ന തീറ്റകള്‍ കൊത്തിത്തിന്നാന്‍ തുടങ്ങി. പുറത്തു കാക്കകള്‍ ഇല്ലാതെയായി. ശബ്ദം നിലച്ചു. അതിഥി വീണ്ടും ഗൃഹനാഥനെയും നായികയെയും നോക്കി.

‘മുന്‍ജന്മത്തിലെ പരിചയക്കാര്‍ ആരെങ്കിലുമായിരിക്കുമോ?’ ഒരു ആധ്യാത്മികവാദിയെപോലെ അയാള്‍ ഭാര്യയോടു തിരക്കി.
‘നമുക്കിതിനെ വളര്‍ത്താം.’ അവള്‍ പറഞ്ഞു. കാക്കയുടെ വരവ് ശുഭലക്ഷണത്തിന്റെ സൂചകമായി അവള്‍ക്കു തോന്നി. അടുത്തുവരുന്ന ബമ്പര്‍ നറുക്കെടുപ്പും നഗരത്തില്‍ സ്വന്തമാക്കാന്‍ കണ്ടുവെച്ച ഫ്‌ളാറ്റും അവളുടെ മനസ്സില്‍ ഒന്നുകൂടി തെളിഞ്ഞുവന്നു.
കാക്കയ്ക്കുനേരെ ഇപ്പോള്‍ അവള്‍ തലയൊടിച്ചു. കാക്ക പ്രതിമപോലെയിരുന്നു. വാത്സല്യത്തോടെ അതിനെ അവള്‍ നോക്കുന്നത് അയാള്‍ കണ്ടു. അവള്‍ വീണ്ടും അടുക്കളയിലേക്കു പോയി. രാമഭദ്രന്‍ കുളിക്കാന്‍ തയ്യാറെടുത്തു.

‘കാക്കയെവിടെ?’ സുധയുടെ ചോദ്യം കേട്ട് അയാള്‍ വീണ്ടും ഹാളിലെത്തി. രണ്ടുപേരും ചുറ്റുവട്ടം നോക്കി. കാക്കയെ കണ്ടെത്തിയില്ല.

ടി വി സെറ്റിനു മുകളിലും ടീപ്പോയിലും മാറിമാറി അവരുടെ കണ്ണുകള്‍ പരതി. എന്തിന്റെയോ നാറ്റം അനുഭവപ്പെടുന്നതായി ഇരുവരുടെയും മുഖഭാവം വ്യക്തമാക്കി. അവര്‍ അങ്ങിങ്ങായി അത് കണ്ടു. അതിഥി ഉപേക്ഷിച്ചുപോയ പുരീഷം മൂന്നു ഭാഗങ്ങളിലായി ചിതറിക്കിടന്നു.