Web Desk

തളിപ്പറമ്പ്

October 27, 2020, 6:39 pm

കാക്കാത്തോട് ബസ് സ്റ്റാൻഡ് നവീകരണത്തിന്റെ അനുബന്ധ പ്രവൃത്തി തുടങ്ങി

Janayugom Online

തളിപ്പറമ്പ് കാക്കാത്തോട് ബസ് സ്റ്റാൻഡ് നവീകരണത്തിന്റെ അനുബന്ധ പ്രവൃത്തി തുടങ്ങി⊕. ലോക്ക് ഡൗണിന്റെ നീണ്ട ഇടവേളക്ക് ശേഷമാണ് പ്രവൃത്തി ആരംഭിച്ചത്.
തളിപ്പറമ്പ് ദേശീയപാതയിൽ നിന്നും കാക്കാത്തോടിലേക്കുള്ള റോഡ് നഗരസഭ നേരത്തെ തന്നെ ടാറിംഗ് പൂർത്തിയാക്കിയിരുന്നു. കൂടാതെ വെള്ളക്കെട്ട് ദുരിതം രൂക്ഷമായിരുന്ന കാക്കാത്തോട് ബസ് സ്റ്റാൻഡ് മണ്ണിട്ടുയർത്തി ഇന്റർ ലോക്കും ചെയ്തു. അനുബന്ധ പ്രവൃത്തികളായ ഓവുചാൽ നവീകരണം പദ്ധതി പ്രകാരം മുമ്പേ പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ, കോവിഡിന്റെ വരവ് ഈ വികസന പ്രവർത്തനത്തെയും സാരമായി ബാധിച്ചു. ലോക്ക് ഡൗണിൽ പ്രവൃത്തിയും നിലച്ചു. അതാണിപ്പോൾ മാസങ്ങൾക്ക് ശേഷം പുനരാരംഭിച്ചത്. കാക്കാത്തോട് ബസ് സ്റ്റാൻഡിലേക്കുള്ള ഓവുചാലിന്റെ സ്ലാബ് ഇന്റർലോക്ക് ചെയ്യുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. നല്ലൊരു നടപ്പാതയാക്കുകയാണ് ലക്ഷ്യം. ആകെ 4 ലക്ഷം രൂപ ചെലവിലാണ് പ്രവൃത്തി നടക്കുന്നതെന്ന് തളിപ്പറമ്പ് നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ അഫ്സത്ത് പറഞ്ഞു.കാക്കാത്തോട് ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള മറ്റ് ഭാഗങ്ങളും ഇന്റർലോക്ക് ചെയ്യാൻ നഗരസഭ ആലോചിച്ചിരുന്നു. എന്നാൽ, കോവിഡ് കാരണം ഉണ്ടായ ഫണ്ടിന്റെ ലഭ്യതക്കുറവ് അതിനുള്ള സാധ്യത മങ്ങിപ്പിച്ചിരിക്കുകയാണ്.