18 April 2024, Thursday

കക്കയം ഡാം ഷട്ടറുകൾ തുറന്നു: കനത്ത മഴ തുടരുന്നു; ഒൻപത് വീടുകൾ ഭാ​ഗികമായി തകർന്നു, വീഡിയോ

Janayugom Webdesk
July 7, 2022 9:48 pm

ജില്ലയിൽ കനത്ത മഴ തുടരുന്നു. ജില്ലയുടെ താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലാണ്. തീരപ്രദേശങ്ങളിൽ കടലാക്രമണവും രൂക്ഷമാണ്. കനത്ത മഴയെ തുടർന്ന് ജല നിരക്ക് ഉയർന്ന സാഹചര്യത്തിൽ കക്കയം ഡാമിന്റെ ഷട്ടറുകൾ അഞ്ച് സെന്റീ മീറ്റർ ഉയർത്തി. വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്. കുറ്റ്യാടി പുഴയുടെ തീരങ്ങളിലുള്ളവർക്ക് ജില്ലാ കലക്ടർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ചാലിയം, കടുക്ക ബസാർ, ബൈത്താനി തീരങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്. ആർത്തലച്ചെത്തിയ തിരമാലകളിൽ ജനവാസ കേന്ദ്രങ്ങളിലേക്ക് വെള്ളം കയറി. കടൽഭിത്തി തകർന്ന ഭാഗത്തു കൂടിയാണ് വെള്ളം എത്തുന്നത്. വലിയ ഉയരത്തിലാണ് തിരമാലകൾ കരയിലേക്ക് ഇരച്ചു കയറിയത്. ഭിത്തി കവിഞ്ഞ് വീട്ടുവളപ്പിലേക്ക് വെള്ളം വ്യാപിച്ചതോടെ ജനം പരിഭ്രാന്തരായി. ബൈത്താനി മേഖലയിൽ പലയിടത്തും കടൽഭിത്തി ഉയരം കുറവാണ്. 

കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ ജില്ലയിൽ ഒൻപത് വീടുകൾ ഭാ​ഗികമായി തകർന്നതായി ദുരന്ത നിവാരണ സെൽ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ ആറ് വില്ലേജുകളിലാണ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. ആളപായമില്ല. കനത്ത മഴയിൽ കൊഴുക്കല്ലൂർ വില്ലേജിൽ മാവുള്ള പറമ്പിൽ കുഞ്ഞിമാതയുടെ വീട് ഭാഗികമായി തകർന്നു. കീഴരിയൂർ വില്ലേജിലെ പോത്തിലോട്ട് താഴ സത്യന്റെ വീടിനു മുകളിൽ കവുങ്ങ് വീണു. അഴിയൂർ വില്ലേജിലെ മീത്തൽ ചോമ്പാല ലീബു മാക്കൂട്ടത്തിലിന്റെയും, ചെക്യാട് വില്ലേജിലെ ഉമ്മത്തൂർ ദേശത്ത് സഫിയയുടെ വീടുകൾക്കും നാശനഷ്ടം സംഭവിച്ചു. അറബികടലിൽ പടിഞ്ഞാറൻ/ തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിനാൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

ചാലിയാറും ചെറുപുഴയും കര കവിയാൻ തുടങ്ങിയതോടെ മാവൂർ പഞ്ചായത്തിലെ താഴ് പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലായി. കഴിഞ്ഞ ഒരാഴ്ച്ചയായി നിലക്കാതെ മഴ ശക്തമായി തുടരുന്നതാണ് പുഴകളിൽ വെള്ളത്തിന്റെ അളവ് ക്രമാതീതമാകാൻ കാരണം. ഊർക്കടവിൽ റഗുലേറ്ററിന്റെ ഷട്ടറുകൾ പൂർണ്ണമായി ഉയർത്തിയിട്ടുണ്ടെങ്കിലും വെള്ളത്തിന്റെ പ്രവാഹം തടയാനായി ട്ടില്ല. പുഴവെള്ളം ഇരച്ചു കയറാൻ തുടങ്ങിയതോടെ മാവൂരിലെ മിക്ക വയലുകളും വെള്ളത്തിനടിയിലാണ്. കൂടാതെ പ്രാദേശിക റോഡുകളിലേറെയും വെള്ളം കയറി മുങ്ങിയിട്ടുണ്ട്.
പൈപ്പ് ലൈൻ — തെങ്ങിലകടവ് റോഡ്, പുത്തൻ കുളം, കച്ചേരികുന്ന് റോഡ്, വാലുമ്മൽ റോഡ്, ആയംകുളം റോഡ് എന്നീ റോഡുകളാണ് വെള്ളത്തിൽ മുങ്ങിയത്. 

മാവൂർ കച്ചേരികുന്നിലെ രണ്ടു വീടുകളിൽ ബുധനാഴ്ച്ച രാത്രിയിൽ വെള്ളം കയറിയിട്ടുണ്ട് ഇരു വീട്ടുകാരും ബന്ധുവീട്ടിലേക്ക് മാറിതാമസിച്ചു. ഇവിടെ നിരവധി വീടുകൾ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്. തെങ്ങിലക്കടവിൽ ചെറുപുഴ നിറഞ്ഞ് കവിഞ്ഞതോടെ ഏതു നേരവും ഇടമുറിഞ്ഞൊഴുകാൻ ഇടയുണ്ട്. നിരവധി വീടുകളും വ്യാപാരസ്ഥാപനങ്ങളും ഭീഷണിയിലാണ്.
കൽപ്പള്ളിയിൽ മാവൂർ — കോഴിക്കോട് റോഡരുകിലുള്ള ഒരു കൂറ്റൻ തണൽ മരം വീണു. ഇവിടെ റോഡിന്റെ ഒരു ഭാഗവും ഇടിഞ്ഞു വീണിട്ടുണ്ട്. മഴ ഇനിയും ശക്തമായി തുടരുകയാണെങ്കിൽ മാവൂരിന്റെ കൂടുതൽ പ്രദേശങ്ങൾ വെള്ളത്തിനടിയിലാകും. 


കനത്തമഴ; കട്ടിപ്പാറയിൽ സ്കൂളിന് മുകളിലേക്ക് മതിൽ ഇടിഞ്ഞു വീണു

താമരശ്ശേരി: കനത്ത മഴയിൽ കട്ടിപ്പാറ വെട്ടി ഒഴിഞ്ഞ തോട്ടം വി ഒ ടി യിൽ എസ് എസ് എം യു പി സ്കൂളിന് മുകളിലേക്ക് സ്വകാര്യ വ്യക്തിയുടെ കൂറ്റൻ മതിലിടിഞ്ഞുവീണു. ഉച്ചഭക്ഷണത്തിന്റെ ഇടവേളയിലായതിനാൽ വൻ ദുരന്തം ഒഴിവായി. വിദ്യാർത്ഥികളും അധ്യാപകരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സ്കൂളിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സ്കൂളിന്റെ ചുവരുകളിൽ വിള്ളൽ വീഴുകയും കട്ടകളും സിമന്റ് പാളികളും ക്ലാസ് മുറിയിലേക്ക് പതിക്കുകയും ചെയ്തു. ഉയരം കൂടിയ മതിൽ നിർമ്മാണത്തിനാവശ്യമായ വണ്ണം കൂടിയ കമ്പികൾ ഉപയോഗിച്ചിട്ടില്ലെന്നും ഫൗണ്ടേഷൻ ഇല്ലായിരുന്നു വെന്നും നാട്ടുകാർ പറഞ്ഞു. താമരശ്ശേരി തഹസിൽദാർ സി സുബൈറിന്റെ നേതൃത്വത്തിൽ റവന്യു ഉദ്യോഗസ്ഥരും താമരശ്ശേരി പൊലീസും പഞ്ചായത്തധികൃതരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പൊതു മരാമത്ത് വകുപ്പിലെ വിദഗ്ദർ ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തും. മതിൽ നിർമ്മാണത്തിൽ നിയമ ലംഘനം നടന്നിട്ടുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും തഹസിൽദാർ പറഞ്ഞു. മണ്ണെടുത്തു മാറ്റുന്നതിന് ഉടമയോടാവശ്യപ്പെട്ടിട്ടുണ്ടെന്നും തഹസിൽദാർ പറഞ്ഞു. 


കനത്ത മഴ: ചോറോട് വെള്ളപ്പൊക്ക ഭീഷണിയിൽ

വടകര: കാലവർഷം ശക്തിപ്പെട്ടതോടെ ചോറോട് ഗ്രാമപഞ്ചായത്തിൻറെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി. ചോ റോട്- നടക്കുതാഴ കനാലിൻറെ ഇരുവശങ്ങളിലും താമസിക്കുന്ന നിരവധി വീടുകളിൽ വെള്ളം കയറിത്തുടങ്ങി. മത്ത ത്ത് താഴ — കൈനാട്ടി റോഡ്, മുസ പാലം — ബാലവാടി റോഡ് എന്നിവ വെള്ളത്തിൽ മുങ്ങിയതിനാൽ ഇതു വഴി യുള്ള യാത്ര ദുസ്സഹമായി. കനാൽ പരിസരങ്ങളിൽ വെള്ളം കെട്ടി കിടക്കുകയാണ്. നിരവധി വീട്ടുകാർ മാറി താമ സിക്കുവാൻ തയ്യാറെടുക്കുകയാണ്. പതിനൊന്നാം വാർഡിലെ വളയിൽ മണി, വളയിൽ ശേഖരൻ, രയരോത്ത് പാല ത്തിന് സമീപത്തെ മോഹൻ, സി പി ബാബു, വിനോദൻ എന്നിവരുടെ വീട്ടുമുറ്റം വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി ചന്ദ്രശേഖരൻ, സ്ഥിരം സമിതി അധ്യക്ഷരായ കെ മധുസൂദനൻ, സി നാരായണൻ, അംഗ ങ്ങളായ പ്രസാദ് വിലങ്ങിൽ, ജംഷിദ എന്നിവർ പ്രദേശം സന്ദർശിച്ചു.

Eng­lish Sum­ma­ry: Kakkayam Dam Shut­ters Opened

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.