20 April 2024, Saturday

കക്കയത്തേക്ക് സഞ്ചാരികളുടെ ഒഴുക്ക്: തകർന്ന റോഡും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും സഞ്ചാരികളെ പ്രയാസത്തിലാക്കുന്നു

കെ കെ ജയേഷ്
കോഴിക്കോട്
October 6, 2021 10:46 am

കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. മലബാറിന്റെ ഊട്ടി എന്നറിയപ്പെടുന്ന കക്കയത്തും അവധി ദിവസങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വയനാട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ നിന്നുമെല്ലാം നിരവധി ആളുകളാണ് കുടുംബ സമേതം കക്കയത്തേക്ക് എത്തുന്നത്. നേരത്തെ കക്കയം മലനിരകൾക്ക് താഴെയുള്ള സുന്ദരമായ ഭൂഭാഗമായ കരിയാത്തുംപാറയിലും തോണിക്കടവിലും അവസാനിച്ചിരുന്ന സഞ്ചാരികളുടെ യാത്ര ഇപ്പോൾ ചുരം കയറി കക്കയം ‍ഡാം സൈറ്റ് വരെ നീളുന്നുണ്ട്.
കഴിഞ്ഞ പ്രളയത്തിൽ തകർന്ന റോഡാണ് യാത്രക്കാരെ കക്കയം യാത്രയിൽ ഏറെ പ്രയാസപ്പെടുത്തുന്നത്. റോഡ് പല ഭാഗങ്ങളിലും തകർന്നു കിടക്കുകയാണ്. വാഹനങ്ങൾ ഏറെ പ്രയാസപ്പെട്ടാണ് ഇതുവഴി കടന്നുപോകുന്നത്. നല്ല റോഡിന്റെ അഭാവം കൊണ്ടാണ് വിദേശികൾ ഉൾപ്പെടെയുള്ള സഞ്ചാരികൾ കക്കയത്ത് എത്താത്തതെന്ന് ഇവിടെ ജോലി ചെയ്യുന്നവർ തന്നെ വ്യക്തമാക്കുന്നു. മൂന്നു വർഷത്തോളമായി തകർന്നു കിടക്കുന്ന റോഡ് നന്നാക്കാൻ അധികൃതരുടെ ശ്രദ്ധയുണ്ടാവണമെന്ന് സഞ്ചാരികൾ പറയുന്നു. നേരത്തെ പത്തു രൂപ എൻട്രി ഫീസ് കൊടുത്താൽ കക്കയത്തേക്ക് യാത്ര ചെയ്യാമായിരുന്നു. എന്നാലിപ്പോൾ രണ്ടിടത്താണ് സഞ്ചാരികൾ പണം നൽകേണ്ടത്. ഡാം സൈറ്റിന് അഞ്ചു കിലോമീറ്റർ ഇപ്പുറത്ത് വെച്ച് വനം വകുപ്പും ഡാം പരിസരത്ത് കെ എസ് ഇ ബിയും യാത്രക്കാരിൽ നിന്നും ഫീസ് ഈടാക്കുന്നുണ്ട്. കൂടുതൽ അംഗങ്ങളുള്ള സംഘങ്ങൾക്ക് രണ്ടിടത്തെ ഫീസ് ഈടാക്കൽ വലിയ പ്രയാസമാണ് ഉണ്ടാക്കുന്നത്. ജില്ലയിൽ ഏറ്റവും കൂടുതൽ വരുമാനം കിട്ടുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ രണ്ടാം സ്ഥാനമാണ് കക്കയത്തിന് സ്ഥാനം. ഇത്രയും ഫീസ് ഈടാക്കിയിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ അധികൃതർ പരാജയമാണ്. ഡാം സൈറ്റിൽ നിന്നും കാട്ടിലൂടെ കുറച്ചു നടന്നാൽ ഉരക്കുഴിയിലെത്തും. പാറക്കൂട്ടങ്ങൾക്കിടയിലടെ ഒഴുകിയെത്തുന്ന വെള്ളം പാറക്കെട്ടിലെ തുരങ്കത്തിലൂടെ താഴേക്ക് പതിക്കുന്ന കാഴ്ച വിസ്മയകരമാണ്. രണ്ടായിരത്തിലേറെ അടി താഴ്ചയിലേക്കാണ് വെള്ളം പതിക്കുന്നത്. വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വാദിക്കാനായി നിർമ്മിച്ച തൂക്കു പാലം മൂന്നു വർഷത്തോളമായി തകർന്നു കിടക്കുന്നു. അത് ഇതുവരെ പുതുക്കിപ്പണിയാനുള്ള നടപടികളൊന്നും ഉണ്ടായിട്ടില്ല.

മൊബൈൽ റേഞ്ചില്ലാത്തതാണ് മറ്റൊരു പ്രശ്നം. എന്തെങ്കിലും അപകടം ഉണ്ടായാൽ മറ്റുള്ളവർ അറിഞ്ഞുവരാൻ സമയം ഏറെയെടുക്കും. ഉരക്കുഴി ഭാഗത്ത് ടോയ്ലറ്റ് സംവിധാനമോ വസ്ത്രം മാറാനുള്ള ഇടമോ ഇല്ല. ഇവിടെ അപകടമുണ്ടാവാതിക്കാൻ ശ്രദ്ധ പുലർത്തുന്ന ഗൈഡുകൾക്ക് ഇരിക്കാൻ നല്ലൊരു കേന്ദ്രം പോലുമില്ലെന്നതാണ് യാഥാർത്ഥ്യം.
ടാർപോളിൻ ഷീറ്റ് വിരിച്ചുണ്ടാക്കിയ ഷെഡിലാണ് ഗൈഡുകൾ ഇരിക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ നാലു കസേരയാണ് ഇവിടെയുള്ളത്. പതിനെട്ടു വർഷമായി ഗൈഡായി ജോലി ചെയ്യുന്ന തനിക്ക് ദിവസ വേതനം മാത്രമാണെന്നും മറ്റൊരു ആനുകൂല്യവും ലഭിക്കുന്നില്ലെന്നും ജോലി ചെയ്യുന്ന ഗൈഡുമാരിൽ ഒരാൾ പറഞ്ഞു. തങ്ങൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ യാതൊരു സഹായവും ലഭിക്കില്ല. നേരത്തെ പരിക്കേറ്റപ്പോൾ എഴുതിക്കൊടുത്ത, ചികിത്സയ്ക്കായി ചെലവായ പണം പോലും ഇതുവരെ അനുവദിച്ചു കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


ഡാമിന് അഞ്ചു കിലോമീറ്റർ അപ്പുറത്തുള്ള വനം വകുപ്പിന്റെ ടിക്കറ്റ് കൗണ്ടറിൽ മൂന്ന് താത്കക്കാലിക വനിതാ ജീവനക്കാരികൾ മാത്രമാണുള്ളത്. ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥൻ പോലും ഇവിടെ ഉണ്ടാവാറില്ല. എന്തെങ്കിലും പ്രശ്നമുണ്ടായാൽ എന്തു ചെയ്യുമെന്ന ചോദ്യത്തിന് ജീവനക്കാരികൾക്കും ഉത്തരമില്ല. വന സംരക്ഷണ സമിതി ഇതുവരെ പുനസംഘടിപ്പിച്ചിട്ടില്ലെന്നും പ്രദേശവാസിയായ ഒരാൾ പറഞ്ഞു. കക്കയം അങ്ങാടിയിൽ നിന്ന് 14 കിലോ മീറ്റർ ദൂരമാണ് കക്കയം ഡാം സൈറ്റിലേക്കുള്ളത്. വളരെ ഇടുങ്ങിയ ഈ ചുരം റോഡാണ് പലയിടത്തും അപകടകരമാം വിധം തകർന്നു കിടക്കുന്നത്. ഡാം സൈറ്റിൽ ബോട്ട് റൈഡ് ഏർപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഒരാൾക്ക് 150 രൂപയായിരുന്നു ഫീസ്. ഇപ്പോൾ അഞ്ചു പേർക്ക് 900 രൂപയാണ് ചാർജ്. കക്കയത്തിന്റെ ഓളപ്പരപ്പിലൂടെ വേഗത്തിലുള്ള ബോട്ട് യാത്ര ഏറെ സുന്ദരമായ അനുഭവമാണ്.
മനോഹരമായ താഴ് വരക്കാഴ്ചകളും ആൾക്കൂട്ടത്തിന്റെ ബഹങ്ങളില്ലാത്ത ആസ്വദിക്കാവുന്ന കാടിന്റെ സൗന്ദര്യവും സുന്ദരമായ കാലാവസ്ഥയുമെല്ലാമാണ് സഞ്ചാരികളെ കക്കയത്തേക്ക് ആകർഷിക്കുന്നത്. അധികൃതരുടെ അവഗണനയാൽ കക്കയത്തിന്റെ വൈവിധ്യം പുറം ലോകം നേരത്തെ വലുതായി അറിഞ്ഞിരുന്നില്ല. ഇടത് സർക്കാർ കക്കയം ഉൾപ്പെടുന്ന വനമേഖലയെല്ലാം ചേർത്ത് മലബാർ വൈൽഡ് ലൈഫ് സാങ്ച്വറി രൂപീകരിച്ചതോടെയാണ് കക്കയത്തിന്റെ മനോഹാരിത ലോകമറിഞ്ഞത്. ലോകത്തിലെ അപൂർവ്വങ്ങളായ വിവിധ സസ്യ ‑ജന്തു ജാലങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ് കക്കയം ഉൾപ്പെടുന്ന മലബാർ വന്യജീവി സങ്കേതം. കക്കയം അണക്കെട്ടിൽ നിന്ന് വൈദ്യുതിയും ഉത്പാദിപ്പിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.