16 April 2024, Tuesday

കാക്കി

എ ഐ ശംഭുനാഥ്
സിനിമ‑ജീവിതം
August 28, 2022 7:35 am

ഒരു പൊലീസ് ഉദ്യോഗസ്ഥൻ തന്റെ ഉദ്യോഗത്തിനിടയിൽ കാണുന്ന വേദനിപ്പിക്കുന്ന ചില കാഴ്ചകൾ ജീവിതത്തിലുടനീളം അയാളെ വേട്ടയാടും. കണ്ണീരിന്റെയും വിയർപ്പിന്റെയും ഗന്ധം കാക്കി യൂണിഫോമിന്റെ ഒഴിവാക്കാനാവാത്ത ഘടകമാണ്. അത്തരം അനുഭവങ്ങളുടെ സമ്പന്നതയിൽ സിനിമാക്കാരനായി മാറിയ പോലീസുകാരനാണ് ഷാഹി കബീർ.
ഇരുപത്തിയെട്ടാം വയസ്സിൽ അണിഞ്ഞ കാക്കിയിൽ സിനിമയുടെ നനവു പറ്റിയത് മുപ്പത്തിയെട്ടാം വയസ്സിൽ. പോലീസ് സർവീസ് പശ്ചാത്തലത്തിൽ വിരിഞ്ഞ ആദ്യ ഷോർട്ട് ഫിലിമാണ് ഇൻ ഗ്ലോറിയസ് ലൈഫ്. തുടർന്ന് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിൽ ദിലീഷ് പോത്തന്റെ അസിസ്റ്റന്റായി. ഇതേ ചിത്രത്തിൽ ചെറിയൊരു വേഷത്തിൽ അഭിനയിക്കുകയും ചെയ്തു.
ഇന്ന് പൊലീസ് സിനിമാ കഥകളുടെ ബ്രാൻഡാണ് ഷാഹി കബീർ. ജോസഫും നായാട്ടും ഷാഹിക്ക് നൽകിയ ലേബൽ വളരെ വലുതാണ്. ഒടിടി റിലീസിനു ശേഷം നായാട്ടിനു ലഭിച്ച ആഗോള സ്വീകാര്യത മലയാള സിനിമയ്ക്കു തന്നെ മുതൽക്കൂട്ടാണ്. മികച്ച കഥയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡിനും ഈ ചിത്രം അർഹമായി.
തിയേറ്ററുകളിൽ വിജയകരമായി മുന്നേറുന്ന ഇല വീഴാ പൂഞ്ചിറ എന്ന സിനിമ ഷാഹി കബീറിന്റെ ആദ്യ സംവിധാനസംരംഭമാണ്. കഥയുടെ പശ്ചാത്തലംകൊണ്ടും ഭൂമികയുടെ പ്രത്യേകത മൂലവും ചിത്രം പ്രേക്ഷകർക്കിടയിൽ ഇതിനോടകം ശ്രദ്ധനേടികഴിഞ്ഞു.
ആലപ്പുഴ ബീച്ചിൽ പ്രഭാത സവാരിക്കിടയിലാണ് ഷാഹി ബഷീറിനെ കണ്ടത്. ചെറു മന്ദഹാസത്തോടെ ഷാഹി കബീർ വാചാലനായി.

അരങ്ങേറ്റം തിരക്കഥാകൃത്തായി
സിനിമയുടെ പ്രാഥമികമായ രൂപഘടന അറിയാവുന്ന ഒരാൾക്ക് സിനിമയിൽ കയറാനുള്ള എളുപ്പമുള്ള ആദ്യ ചവിട്ടുപടിയാണ് തിരക്കഥ രചനയെന്ന് തോന്നിയിട്ടുണ്ട്. അതുകൊണ്ട് അതിനായി ശ്രമിച്ചു. കുറച്ചുകാലം മുൻപ് സർവീസ് മാഗസിനിൽ ഒരു ചെറുകഥ എഴുതിയത് ഒഴിച്ചാൽ എഴുത്ത് എന്ന പ്രക്രിയയുമായി യാതൊരു മുൻപരിചയവുമില്ല. തിരക്കഥ എഴുതുന്നത് തീർത്തും സാങ്കേതികമായ ഒന്നാണ്. അത് സാഹിത്യ രചനയിൽ നിന്നും വളരെ വ്യത്യസ്തവുമാണ്.
ലോണുകളുടെ തിരിച്ചടവിന് ജോലിയിൽ നിന്നുള്ള വരുമാനം പോരാ എന്ന് തോന്നിയ ഘട്ടത്തിലാണ് തിരക്കഥാകൃത്താകാൻ തീരുമാനിച്ചത്. ആകെ വേണ്ട ഇൻവെസ്റ്റ്മെന്റ് കുറച്ച് സമയവും അദ്ധ്വാനവും മാത്രമാണ്.

ഇല വീഴാ പൂഞ്ചിറ
ഈ ചിത്രത്തിന്റെ തിരക്കഥാകൃത്തുകളിൽ ഒരാളായ നിധീഷ് ഏറെ കാലമായി അടുത്ത സുഹൃത്താണ്. നിധീഷിന്റെ കഥയാണ് തിരക്കഥയ്ക്ക് ആധാരം. ഇല വീഴാ പൂഞ്ചിറയിൽ ഞാൻ കുറച്ച് കാലം ജോലി ചെയ്തിരുന്നു. പ്രേക്ഷകരിൽ ഭൂരിഭാഗവും സ്ഥലത്തെപ്പറ്റി കേട്ടിട്ടുണ്ടാവില്ല. ആ വ്യത്യസ്തത തന്നെയാണ് ചിത്രത്തെ ജനങ്ങളിലേക്ക് എത്തിക്കാൻ പോകുന്നതെന്ന ഉറച്ച വിശ്വാസം ഞങ്ങൾക്ക് ഉണ്ടായിരുന്നു. ഭാവനയുടെ തലങ്ങളെ ദ്യശ്യരൂപത്തിലാക്കാൻ കുറച്ചധികം ചിലവ് സാങ്കേതിക വശത്ത് വഹിക്കേണ്ടി വന്നു. പിന്നെ ചിത്രം പൂർണ്ണമായും സാങ്കൽപ്പികമായ ഭാവനയുമല്ല. തുടക്കത്തിൽ അവിടെ സ്ഥലം കാണാൻ വന്ന് ഇടിമിന്നലേറ്റ് മരിച്ച് കിടക്കുന്ന യുവാവിന്റെ കാഴ്ചയൊക്കെ നേരിൽ കണ്ടിട്ടുള്ള ആളാണ് ഞാൻ. ഇതിൽ നിന്നെല്ലാം പ്രചോദനം ഉള്‍ക്കൊണ്ടു.

ഷൂട്ടിംഗ് സമയത്ത് നടത്തേണ്ടിവരുന്ന തിരുത്തലുകള്‍
പൂർണ്ണമായും ഒരു ഡയറക്ടറുടെ പരിധിയിൽ വരുന്ന കാര്യമാണത്. സംവിധായകന്റെ വീക്ഷണത്തിനനുസരിച്ച് തിരുത്തലുകൾ തിരക്കഥയിൽ വരുത്തുക തന്നെ വേണം എന്ന അഭിപ്രായക്കാരനാണ് ഞാൻ. നായാട്ടിന്റെ സമയത്ത് മാർട്ടിൻ ചേട്ടന്റെ പലതരത്തിലുള്ള കൃത്യമായ മാറ്റങ്ങൾ തിരക്കഥയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്.

കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ
സിനിമയുടെ കഥയ്ക്ക് വ്യക്തമായ കാലാവധിയുണ്ട്. മാറുന്ന പ്രേക്ഷക അഭിരുചി ഇതിന്റെ വലിയൊരു ഘടകമാണ്. മറ്റൊന്ന് സാങ്കേതിക വളർച്ചയുമാണ്. ഇത്തരം പലതരം കാര്യകാരണങ്ങളാൽ സിനിമയുടെ കഥയ്ക്ക് കാലാവധിയുണ്ട് എന്നത് തീർച്ചയാണ്. അല്ലാത്ത പക്ഷം ആ സിനിമകൾ കാലഹരണപ്പെട്ടതെന്ന് മുദ്രകുത്തപ്പെടും. അതിനാൽ സിനിമ ഷൂട്ട് ചെയ്യുന്ന കാലത്തിനനുസരിച്ച് തിരക്കഥയിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.

കഥാപാത്രസൃഷ്ടി
കഥാപാത്രങ്ങളുടെ പൂർണമായ രൂപം എഴുതുന്ന സമയത്തുതന്നെ മനസിലുണ്ടാകും. പക്ഷേ ഷൂട്ടിംഗ് സമയത്ത് അഭിനേതാക്കൾക്ക് ഇണങ്ങുന്ന രീതിയിൽ വരുന്ന മാറ്റങ്ങൾ വേണ്ടപോലെ വരുത്താറുണ്ട്. ഇല വീഴാ പൂഞ്ചിറയിൽ തുടക്കത്തിലെ സീനിലൊക്കെ അത്തരം പരിണാമങ്ങൾ അനവധി വരുത്തിയിട്ടുണ്ട്. കഥാപാത്രങ്ങളെ പലപ്പോഴും സ്വതന്ത്രമായി സഞ്ചരിക്കാൻ വിടുകയാണ് പതിവ്. അതിൽ റിജിഡായ കൈകടത്തലുകൾ നടത്തുന്നത് കുറവാണ്.

പൊലീസ് സിനിമകളുടെ ബ്രാൻഡ്
എനിക്ക് കൂടുതൽ അറിയാവുന്ന മേഖലയിൽ നിന്നുകൊണ്ടാവും ഏറ്റവും കൂടുതൽ കഥകൾ പറയാൻ സാധിക്കുക. അതിനുമപ്പുറം ഒരു തരത്തിലുമുള്ള മുൻവിധിയോടും കൂടിയല്ല സിനിമയെ സമീപിക്കുന്നത്. ജീവിതത്തിൽ കൂടുതൽ അടുത്തറിയാവുന്ന കഥകൾ പറയുന്നതിൽ പ്രത്യേകമായ രസവും സുഖവും തോന്നാറുണ്ട്. ഞാൻ ബ്രാൻഡാണോ അല്ലയോ അതൊന്നും അറിയില്ല. ജീവിക്കാനുള്ള ഓട്ടം മാത്രമായാണ് ഇതിനെയൊക്കെ കാണുന്നത്.

ആവർത്തനങ്ങൾ
ആവർത്തനങ്ങൾ വരാതിരിക്കാൻ കഴിവതും ശ്രമിക്കാറുണ്ട്. പറയുന്നത് പൊലീസ് കഥയാണെങ്കിലും പുതിയതായി എന്ത് കൊണ്ടുവരാൻ സാധിക്കും എന്ന ചിന്തയോടെയാണ് ഒരോ തവണയും എഴുതി തുടങ്ങുന്നത്. ചെയ്ത മൂന്ന് സിനിമകളിലും പൊലീസ് പശ്ചാത്തലം ഉണ്ടെങ്കിലും കഥാപരമായി സാമ്യം പുലർത്തിയിട്ടില്ലെന്ന കാര്യത്തിൽ ഉറച്ച വിശ്വാസമുണ്ട്. നിലവിൽ പ്ലാൻ ചെയ്തിട്ടുള്ള അടുത്ത രണ്ട് ചിത്രങ്ങളും പൊലീസ് കഥകൾ തന്നെയാണ്. ജനങ്ങൾക്ക് ബോറടിക്കുന്നത് വരെ ഈ യാത്ര പോട്ടെ.

ഉദ്യോഗത്തിനിടയിൽ കണ്ട മനുഷ്യര്‍
സർവീസിനിടയിൽ കണ്ട പല കാഴ്ചകളും മനസിനെ ആഴത്തിൽ സ്പർശിച്ചിട്ടുണ്ട്. അന്ന് അതൊക്കെ അനുഭവിച്ചറിയുന്നതിനപ്പുറം ദീർഘവീക്ഷണത്തോടെ വരുംകാലത്ത് സിനിമ ചെയ്യും എന്ന ഉദ്ദേശ്യം ഇല്ലായിരുന്നു. തിരക്കഥാകൃത്തായപ്പോൾ അത്തരം അനുഭവങ്ങളുടെ സ്വാധീനം കൂടെയുണ്ടായിരുന്നു. അത് എഴുത്തിന് വലിയ തോതിൽ പലപ്പോഴും ഗുണം ചെയ്യാറുണ്ട്. നമ്മളറിയാതെ അത്തരം മനുഷ്യരുടെ വികാരങ്ങൾ നമ്മളോടൊപ്പം സഞ്ചരിച്ചുകൊണ്ടേയിരിക്കും.

നായാട്ട്
നായാട്ടിന്റെ ക്ലൈമാക്സ് രംഗത്തെ ചുറ്റിപറ്റി ഒട്ടേറെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. നായകൻ ജയിച്ച് കാണണമെന്നുള്ളത് സിനിമയിലെ അലിഖിത നിയമമാണ്. ആ ഉദ്ദേശത്തോടു കൂടിയാണ് പലരും നായാട്ടിനെ വിമർശിച്ചത്. എന്നാൽ ഞങ്ങൾക്ക് ഈ ചിത്രത്തിന്റെ അവസാനം ഇങ്ങനെ തന്നെ വേണം എന്ന് നേരത്തെ ഉറപ്പിച്ചിരുന്നു. പലതരം അഭിപ്രായങ്ങൾ ഇതിന്റെ അനന്തരഫലമായി ഉണ്ടാകുമെന്ന കണക്കുകൂട്ടലുണ്ടായിരുന്നു. ഒടിടി പ്ലാറ്റ്ഫോമിലെത്തിയപ്പോൾ പലരും പ്രശംസിച്ച ഭാഗം നായാട്ടിന്റെ ക്ലൈമാക്സാണ്. ഇപ്പോൾ അവാർഡും തേടിയെത്തി. ഇതിനെയൊന്നും വിലയിരുത്തുന്നില്ല. മറിച്ച് സന്തോഷത്തോടെ നോക്കിക്കാണുന്നു. അതിനുമപ്പുറം ഇന്റലക്ച്വലായ ഒരു ചിന്തയും വച്ചുപുലർത്തുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.