26 March 2025, Wednesday
KSFE Galaxy Chits Banner 2

കല ജീവിതമാക്കിയ എ കെ പുതുശേരി

എ കെ പുതുശേരി നവതിയുടെ നിറവില്‍
ഷാജി ഇടപ്പള്ളി
January 26, 2025 7:00 am

സ്നേഹമാണ് എ കെ പുതുശേരിയുടെ മുഖമുദ്ര. സൗമ്യതയാർന്ന ആ മുഖം ഏതു സദസിലും വേറിട്ടുകാണാം. കരുണാർദ്രമായ പെരുമാറ്റത്തിന്റെ മാധുര്യം അറിഞ്ഞവർ ആ പേര് ഹൃദയത്തിൽ സൂക്ഷിക്കും. എ കെ പുതുശേരി 90ന്റ നിറവിൽ നിൽക്കുമ്പോഴും സമൂഹ മനസിൽ ഇടം കണ്ടെത്തുന്നതിന്റെ പിന്നിലെ രഹസ്യം ഇതാണ്. എ കെ പുതുശേരി നടന്നുതീർത്ത വഴികൾ പൂക്കൾ വാരി വിതറിയവ അറിയിരുന്നില്ല. വേദനകളുടെ ചരിത്രവും ഏറെയാണ്. സ്ഥിരോത്സാഹവും നിശ്‌ചയദാർഢ്യവും കൊണ്ട് എല്ലാ തടസങ്ങളെയും മറികടന്ന പുതുശേരി സാഹിത്യത്തിൽ കയ്യൊപ്പ് പതിപ്പിക്കാത്ത മേഖലകളില്ല.

നോവൽ, ബാലസാഹിത്യം, സമൂഹ നാടകങ്ങൾ, ചരിത്രം, കഥാപ്രസംഗങ്ങൾ, ബാലെ, ബൈബിൾ നാടകം, ജീവചരിത്രം, കഥകൾ, സിനിമ, ടെലിഫിലിം, ഭക്തിഗാനം, ലളിതഗാനം ഉൾപ്പെടെ എ കെ പുതുശേരി എന്ന എഴുത്തുകാരൻ മലയാള സാഹിത്യലോകത്തിന് സംഭാവന ചെയ്തിട്ടുള്ളത് 95 കൃതികളാണ്. ഇനിയും ഏറെ എഴുതിത്തീർക്കാനുണ്ടെന്ന് പറയുമ്പോഴും പഴയതുപോലെ കൈകൾ വഴങ്ങുന്നില്ലെന്നുള്ള സങ്കടവും അദ്ദേഹത്തിനുണ്ട്.

രാഷ്‌ട്രീയ, സാമൂഹ്യ വിമർശനങ്ങളും അഴിമതിക്കെതിരെയുള്ള കാഴ്ചപ്പാടുകളും ജീവിതത്തിൽ പകർത്തേണ്ട നന്മയുടെ വഴികളും മാനവികതയും നിറഞ്ഞു നിൽക്കുന്നതാണ് എ കെ പുതുശേരിയുടെ രചനകളുടെ പ്രത്യേകത. സ്വന്തം ജീവിതാനുഭവങ്ങൾ പകർത്തിയ കഥകളും എഴുത്തുകാരന്റെ ഇന്നലെകളെ അടയാളപ്പെടുത്തുന്നവയാണ്. കോവിഡ്കാലം വരെ സംഘാടകൻ, പ്രസംഗകൻ, നടൻ, നാടക സംവിധായകൻ സാമൂഹ്യ പ്രവർത്തകൻ എന്നീ നിലയിലും എ കെ പുതുശേരി സാംസ്‌കാരിക രംഗത്തും നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമായിരുന്നു.
എറണാകുളത്തെ പുരാതനമായ പുതുശേരി തറവാട്ടിൽ പ്രശസ്‌ത നടനും ഗായകനും നാടക സംവിധായകനുമായിരുന്ന കൊച്ചാഗസ്തി ആശാന്റെ (പുതുശേരി കോരുത് ആഗസ്തി)യും വിറോനിക്കയുടെയും മകനായി 1935 ജനുവരി 19 നാണ് കുഞ്ഞാഗസ്തി എന്ന എ കെ പുതുശേരിയുടെ ജനനം. കുട്ടിക്കാലത്ത് തന്നെ എഴുത്തിനോടും കലയോടും പ്രിയമായിരുന്നു. എട്ടിൽ പഠിക്കുമ്പോൾ വിശപ്പ് എന്ന ചെറുകഥ നവജീവനിൽ പ്രസിദ്ധീകരിച്ചു.

എറണാകുളം സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അത്. വാര്‍ഷികത്തിനു നാടകം കളിക്കാന്‍വേണ്ടി കലാ സമിതിയുടെ ചുമതലയുണ്ടായിരുന്ന അധ്യാപകൻ മാത്യു പണിക്കശേരി കുഞ്ഞാഗസ്തിയുടെ ‘കുരിശു ചുമക്കുന്നവര്‍’ എന്ന നാടകം അവതരിപ്പിക്കാൻ തെരഞ്ഞെടുക്കുകയായിരുന്നു. പക്ഷെ മാനേജരച്ചനോ പ്രധാനാധ്യാപകനോ രചയിതാവ് ആരാണെന്നറിഞ്ഞില്ല. നാടകം വന്‍വിജയമായി. വേദിയിലേക്ക് ക്ഷണിക്കപ്പെട്ട രചയിതാവിനെ കണ്ടപ്പോൾ സ്കൂൾ അങ്കണത്തിൽ ഒത്തുകൂടിയവർ നിറഞ്ഞ കയ്യടിയോടെയാണ് അഭിനന്ദനങ്ങൾ പങ്കുവെച്ചത്. കുഞ്ഞാഗസ്തി എന്ന എഴുത്തുകാരനിൽ അതൊരു വലിയ ആവേശം സൃഷ്ടിച്ചു. പിന്നീട് കഥയും നാടകവും എഴുതാൻ തുടങ്ങിയെന്ന് എ കെ പുതുശേരി പറഞ്ഞു. സ്‌കൂളില്‍ കളിച്ച നാടകം അടുത്ത വര്‍ഷം പുസ്‌തകമായി പ്രസിദ്ധീകരിക്കുകയും ചെയ്‌തു. അതായിരുന്നു എ കെ പുതുശേരിയുടെ എഴുത്തുവഴികളിലെ ആദ്യത്തെ പുസ്‌തകം. പഠിക്കുന്ന കാലത്ത് നാലാം (പ്രിപ്പറേറ്ററി ) ക്ലാസു മുതല്‍ ഏഴാം ക്ലാസുവരെ എറണാകുളത്തെ പത്മ തീയേറ്ററില്‍ കപ്പലണ്ടിയും പാട്ടുപുസ്തകവും വിറ്റുകിട്ടിയ തുച്ഛമായ കമ്മീഷന്‍ കൊണ്ട് സ്കൂൾ ഫീസടച്ചും പുസ്തകങ്ങൾ വാങ്ങിയുമാണ് പഠിച്ചത്. സ്വപരിശ്രമവും കഠിനാധ്വാനവുമാണ് എ കെ പുതുശേരി എന്ന എഴുത്തുകാരനിലേക്കുള്ള കുഞ്ഞാഗസ്തിയുടെ വളർച്ചക്ക് വളമേകിയത്.

പത്തിലെ പഠനം കഴിഞ്ഞ് വിദ്വാൻ കോഴ്സിന് ചേർന്ന് അതും പാസായി. സെന്റ് അഗസ്റ്റിൻ സ്കൂളിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. അക്കാലത്തെ പള്ളികൂടം മാനേജ്‌മെന്റിന്റെ പ്രവർത്തനങ്ങളിൽ അതൃപ്തി തോന്നിയ ഇദ്ദേഹം ആ ജോലി ഉപേക്ഷിച്ചു. പിന്നീട് കോയമ്പത്തൂരിലേക്ക് പോയി. അവിടെ ഒരു സ്ഥാപനത്തിലും പക്ഷിരാജാ സ്‌റ്റുഡിയോയിലും ജോലി നോക്കി. വളരെ തുച്ഛമായ കൂലിയാണ് ലഭിച്ചിരുന്നത്. അതിൽ നിന്നും ഒരോഹരി എല്ലാ മാസവും അമ്മക്ക് അയച്ചു നൽകിയിരുന്നു. ഭക്ഷണം കഴിക്കാനുള്ള പണമില്ലാതെ പച്ചവെള്ളം കുടിച്ച് വിശപ്പ് മാറ്റിയിരുന്നുവെന്ന് പറയുമ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് ഇപ്പോഴും ആ സങ്കടം നിഴലിക്കുന്നുണ്ട്. കോയമ്പത്തൂരിൽ നിന്നും തിച്ചെത്തിയ പുതുശേരി അമച്വർ നാടക സംഘങ്ങളുണ്ടാക്കി. എറണാകുളം ഡ്രമാക്ടിക്കൽ ബ്യൂറോ, തൃക്കണാർവട്ടം നടനകലാസമിതി, എ കെ തീയറ്റേഴ്‌സ് അങ്ങനെ സമിതികളിലൂടെ എറണാകുളത്തും പരിസരപ്രദേശങ്ങളിലും നാടകങ്ങൾ അവതരിപ്പിച്ചു. ഇതിനിടയിൽ കോമേഴ്‌സിൽ ഡിപ്ലോമ നേടി നാടകപ്രവർത്തനങ്ങൾക്കിടയിലും എറണാകുളത്തെ ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തു. വേതനവ്യവസ്ഥയുമായി പൊരുത്തപ്പെടാനാവാതെ ജോലി ഉപേക്ഷിച്ചുപോന്നു. മറ്റൊരു സ്ഥാപനത്തിൽ ജോലിക്ക് ചേർന്നു. പകൽ ജോലിയും രാത്രി എഴുത്തും നാടകവുമായി തുടർന്നു.

1958ൽ എറണാകുളത്തെ എസ് ടി റെഡ്യാർ ആന്റ് സൺസിൽ ജോലിയിൽ പ്രവേശിച്ചു. ആ ചെറിയ സ്ഥാപനത്തിൽ ജോലിക്കിടയിൽ മറ്റു പല ജോലിക്ക് ശ്രമിച്ചെങ്കിലും പല കാരണങ്ങളാൽ തഴയപ്പെട്ടു. രാത്രിവരെയുള്ള ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽപുലർച്ചെവരെ എഴുത്തും തുടർന്നു. എസ്ടിആർ പ്രസിദ്ധീകരണങ്ങളായ തേനരുവി, എസ്ടിആർ സചിത്രകഥ എന്നീ കുട്ടികളുടെ മാസികകളുടെ എഡിറ്ററായും ചുമതല വഹിച്ചു. പുതുശേരിയുടെ ആദ്യകാല രചനകളേറെയും സിനിമാ മാസിക, ദീപ്തി, ഫിലിം, സത്യനാദം, സത്യദീപം, മലബാര്‍ മെയില്‍, കൗമുദി, സൈനിക സമാചാര്‍ തുടങ്ങിയ ആനുകാലികങ്ങളിലാണ് പ്രസിദ്ധീകരിച്ചിരുന്നത്. ചിത്രകൗമുദി സിനിമ മാസികയിൽ ധാരാളം സിനിമാ വിഷയങ്ങൾ കൈകാര്യം ചെയ്തു. പല പേരുകളിൽ ഇക്കാലയളവിൽ എഴുതിയിരുന്നു. സത്യനാദം, സത്യദീപം എന്നീ വാരികകള്‍ക്കു വേണ്ടി നോവലുകള്‍ എഴുതി. സത്യദീപത്തില്‍ പ്രസിദ്ധീകരിച്ച ‘റോയിമോന്‍’ എന്ന നോവല്‍ ഏറെ പ്രശസ്തി നേടി. വിവിധ നാടകസമിതികള്‍ക്കുവേണ്ടി ബൈബിള്‍ നാടകങ്ങളും സാമൂഹിക നാടകങ്ങളും എഴുതിയതും ഇക്കാലയളവിലാണ്. ബൈബിളും പുരാണവും ഇതിവൃത്തമാക്കി ബാലേകളും രചിച്ചു.

പുരാണത്തിലെ പ്രസിദ്ധമായ കഥയെ ആസ്‌പദമാക്കി ‘ഉർവശി’ എന്ന ബാലെ എഴുതി, ഇടപ്പള്ളി അശോകരാജ് ആന്റ് പാർട്ടി ഇപ്പോഴും ഈ ബാലെ അവതരിപ്പിക്കുന്നുണ്ട്. സാധാരണ ബാലെയിൽ നിന്നും വിഭിന്നമായി സംഭാഷണവും ചേർത്ത് സംഗീതനാടകത്തിന്റെ രൂപത്തിലാണ് ബാലെ തയ്യാറാക്കിയത്. ഓപ്പറേ അവതരണത്തിൽ ഏറ്റവും വലിയ മാറ്റത്തിനു തുടക്കം കുറിച്ചത് ഉർവശി ബാലെയിലൂടെയാണ്. സർഗധനനായ ജോർജ് വക്കൻ ഭാഗവതർ സംഗീത സംവിധാനവും പ്രശസ്തനർത്തകൻ ഭൂപതി (മദ്രാസ്) നൃത്തവും ഇടപ്പള്ളി അശോകരാജ് ബാലെ സംവിധാനവും ചെയ്തു. തുടർന്നു ചങ്ങമ്പുഴ നൃത്തകലാലയത്തിനും അശോകരാജ് ആൻഡ് പാർട്ടിക്കും ജയഭാരത നൃത്തകലാലയത്തിനും വേണ്ടി മായാമാധവം, സുകന്യ, സതിമാഹാത്മ്യം, അഗ്നിപഞ്ചകം, ഭീഷ്‌മർ, ബ്രഹ്മകാ ണ്ഡം, ചന്ദ്രകാന്തം, കുരുക്ഷേത്രത്തിലെ കനകദീപം, ശൂർപ്പാരകം, പരശുരാമൻ, മണ്ഡോദരി, ഗാണ്ഡീവം, ഘടോൽകചൻ, അഭിമന്യു എന്നിങ്ങനെ ഇരുപതിലേറെ ബാലേകൾ എഴുതി. ബൈബിൾ ഇതിവൃത്തം സ്വീകരിച്ച് ജോബ്, തോബിയാസ്, സോളമന്റെ നീതി, മുടിയനായ പുത്രൻ, ജോസഫിന്റെ സ്വപ്നം, വെള്ളിക്കാസ തുടങ്ങിയ പത്തിലേറെ ബാലേകളും രചിച്ചു.

1979ൽ കാർമൽ തീയേറ്റേഴ്‌സിനു വേണ്ടി വാഗ്ദത്തഭൂമി എന്ന ബൈബിൾ നാടകം എഴുതി. തുടർന്നു കാർമൽ തീയേറ്റേഴ്സിനും കൊച്ചിൻ തീയേറ്റേഴ്‌സിനും വേണ്ടി മഗ്ദലേനായിലെ മേരി, ബാബേൽഗോപുരം, അക്കൽദാ‌മാ, വചനം തിരുവചനം, സോദോം ഗൊമോറാ, ഗോൽഗോത്ത, യഹോവായുടെ മുന്തിരിതോപ്പ്, അത്തിപ്പഴത്തിന്റെ നാട്ടിൽ, സമരഗാഥാ, തിരിച്ചുവരവ്, നിഷ്‌കളങ്കന്റെ രക്തം, ഇവനെന്റെ പ്രിയപുത്രൻ, മുപ്പത് വെള്ളിക്കാശ്, ഗലയാദിലെ തീക്കാറ്റ് ബത്തൂലിയായിലെ സിംഹം, കാനായിലെ കല്യാണം തുടങ്ങി 20 ലേറെ ബൈബിൾ നാടകങ്ങൾ എഴുതി. ഇതിൽ കാനായിലെ കല്യാണം, വചനം തിരുവചനം, യഹോവായുടെ മുന്തിരിതോപ്പ് എന്നീ നാടകങ്ങൾക്ക് കെസിബിസി മാധ്യമകമ്മീഷന്റെ പ്രൊഫഷണൽ നാടകങ്ങൾക്കുള്ള അവാഡുകളും നേടി. യഹോവയുടെ മുന്തിരിതോപ്പ് ഇപ്പോഴും കളിയ്ക്കുന്നുണ്ട്.
ആകാശവാണിയുടെ എല്ലാ നിലയങ്ങളിൽ നിന്നും കഥ, കവിത, ലേഖനം, നാടകം എന്നിവ പ്രക്ഷേപണം ചെയ്‌തിട്ടുണ്ട്. ഒട്ടേറെ നാടക ഗാനങ്ങൾ ഭക്തിഗാനങ്ങൾ എന്നിവയും രചിച്ചിട്ടുണ്ട്. യേശുദാസ് പാടിയ ”വചനം തിരുവചനം…”, ബേണി ഇഗ്നേഷ്യസ് സംഗീതം നല്‌കിയ “ഈ ഭൂമി യിലെന്നെ നീ ഇത്രമേൽ സ്നേഹിയ്ക്കാൻ…” എന്നീ ഏറെ പ്രസിദ്ധമായ ഗാനങ്ങൾ എ കെ പുതുശേരിയുടേതാണ്.

ബാല സാഹിത്യരംഗത്തും പുതുശേരി ശ്രദ്ധേയനായി. ‘നീതിയുടെ തുലാസ്’ എന്ന കൃതി നാലു പതിപ്പുകള്‍ പുറത്തിറങ്ങി. മാത്രമല്ല, ഹിന്ദി, ഇംഗ്ലീഷ്, ഒറിയ ഭാഷകളിലും ഇതു മൊഴിമാറ്റം ചെയ്തു. ഏഷ്യാനെറ്റ്, കൈരളി, സൂര്യ എന്നീ ചാനലുകളിലൂടെ ടെലി കാസ്റ്റ് ചെയ്ത‌ ‘ചന്തിരൻ കുട്ടിവരും’, ‘ഓണത്തിന്റെ ഓർമ്മ’, ‘ഗുല മാൽ’, ദൈവത്തിന്റെ സന്തതികൾ, കൊച്ചുണ്ണിയുടെ സ്വപ്നം എന്നീ ടെലിഫിലിമുകൾക്ക് കഥയും തിരക്കഥയും സംഭാഷണവും രചിച്ചു.
ബാലറ്റ് പേപ്പർ, പുഴുക്കുത്തേറ്റ പുഷ്പര, തുടങ്ങിയ ഒട്ടേറെ ഏകാങ്കനാടകങ്ങൾ എഴുതി. ഇവയിൽ പലതും കേരളത്തിലുടനീളം അവതരിപ്പിച്ച് സമ്മാനം നേടിയിട്ടുള്ളവയാണ് . പ്രസിദ്ധീകരിക്കാതെ നാടകങ്ങളും മറ്റു രചനകളും ഏറെയാണ്. ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചവ പുസ്തകമാക്കുവാനുള്ള ശ്രമം നടന്നിരുന്നു. പൂർത്തിയായില്ല. ആർട്ടിസ്റ്റ് പി ജെ ചെറിയാൻ നാടകലോകത്തെ ധ്രുവനക്ഷത്രം എന്ന പേരിൽ കേരള സംഗീത നാടകഅക്കാദമി പ്രസിദ്ധീകരിച്ച ജീവചരിത്രഗ്രന്ഥം രചിച്ചതും എ കെ പുതുശേരിയാണ്. വിവിധ പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും നേതൃനിരയിൽ പ്രവർത്തിച്ചിട്ടുണ്ട്. പല സമിതികളിലും സേവനവും അനുഷ്ടിച്ചു.

സാഹിത്യത്തിന്റെ സമഗ്ര സംഭാവനയ്ക്കുള്ള ജേസി ഫൗണ്ടേഷൻ അവാർഡ്, കുടുംബദീപം സാഹിത്യ അവാർഡ്, അഖില കേരള കത്തോലിക്ക കോൺഗ്രസ്, കേരള കാത്തലിക്ക് ബിഷപ്പ്സ് കൗൺസിൽ സാഹിത്യ അവാർഡ്, പറവൂർ ജോർജ് മെമ്മോറിയൽ അവാർഡ്, ആർട്ടിസ്റ്റ് പി ജെ ചെറിയാൻ മെമ്മോറിയൽ അവാർഡ്, ചേതനാ അവാർഡ്, വി എസ് ആൻഡ്രൂസ് മെമ്മോറിയൽ അവാർഡ്, വാർത്താവാരിക സാഹിത്യ അവാർഡ് എന്നിവയും കേരള സംഗീതനാടക അക്കാദമിയുടെ ഗുരു പൂജ പുരസ്‌കാരം, കേന്ദ്ര സാംസ്കാരിക വകുപ്പിൽ നിന്നു സീനിയർ ഫെല്ലോഷിപ്പ് എന്നിവ ലഭിച്ചിട്ടുണ്ട്. കത്തോലിക്ക സഭയ്ക്ക് ചെയ്ത നിസ്തു‌ലവും നിസ്വാർത്ഥവുമായ സേവനങ്ങളെ പരിഗണിച്ച് എറണാകുളം, അങ്കമാലി അതിരൂപത മേജർ ആർച്ച് ബിഷപ്പ് ജോർജ്ജ് കർദ്ദിനാൾ ആലഞ്ചേരി പുരസ്‌കാരം നല്‍‌കി ആദരിച്ചു, സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യമണ്ഡലത്തിന്റെ 2015‑ലെ അവാർഡും ലഭിച്ചിട്ടുണ്ട്. വിവിധ സംഘടനകളുടെആദരവുകളും ലഭിച്ചിട്ടുണ്ട്.

1967ൽ പുതുശേരി വിവാഹിതനായി. കുമ്പളത്ത് കടവത്തുവീട്ടിൽ ഫിലോമിനയാണ് ജീവിതസഖിയായി എത്തിയത്. ഇവരും ഒരു കലാകാരിയായിരുന്നു. ചില സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ‌സംസ്ഥാന അവാർഡ് നേടിയ കൃഷ്ണപക്ഷക്കിളികൾ എന്ന കുട്ടികളുടെ ചിത്രത്തിൽ പ്രധാന റോൾ അഭിനയിച്ചിരുന്നു. നാലു മക്കൾ. ഡോ. ജോളി പുതുശേരി ഹൈദ്രബാദ് സെന്റട്രൽ യൂണി വേഴ്‌സിറ്റിണ് മറ്റ് മക്കള്‍. നവീൻ ഹൈസ്‌കൂൾ അധ്യാപകനും എഴുത്തുകാരനും ടെലിഫിലിം സംവിധായകനുമാണ്. എറണാകുളം എസ് ആർ എം റോഡിൽ പുതുശേരി മനയിൽ ഇളയ മകനൊപ്പമാണ് താമസം.

ഫോട്ടോ : വി എൻ കൃഷ്ണപ്രകാശ് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.