പാഡിയും മറന്നില്ല മണിയുടെ “ങ്യാഹ്ഹ… നാട്ടാരെ ‍ഞാനിവിടുണ്ട്”

കലാഭവൻ മണിയുടെ ഓർമ്മകളുമായി മണിക്കൂടാരത്തിലേക്ക് ആരാധകരുടെ പ്രവാഹം
Web Desk

ചാലക്കുടി

Posted on March 06, 2020, 9:53 pm

നാലു വർഷം കഴിഞ്ഞിട്ടും ആരാധകർ മറന്നിട്ടില്ല, തങ്ങളുടെ പ്രിയ മണിച്ചേട്ടനെ. ചാലക്കുടിക്കാരുടെ ചങ്ങാതി കലാഭവൻ മണി, പാതിയിൽ മുറിഞ്ഞുപോയ പാട്ടു പോലെ കടന്നു പോയിട്ട് നാലാണ്ട് പിന്നിടുമ്പോൾ മണിയുടെ ചരമ വാർഷികാചരണത്തിന് ചാലക്കുടിപ്പുഴയോരത്തെ മണിയുടെ പാഡിയിൽ നൂറുകണക്കിന് പേരാണെത്തിയത്. നാലു കൊല്ലം മുൻപ് മാർച്ച് 6 ന് കേരളക്കര അശനിപാതം പോലെ ശ്രവിച്ചൊരു വാർത്തയായിരുന്നു, കലാഭവൻ മണിയുടെ മരണം. തൊട്ടടുത്ത ദിവസം വരെ പാട്ടു പാടി, മതിമറന്നാടി ആസ്വാദകർക്കൊപ്പമുണ്ടായിരുന്നു, ആ വലിയ കലാകാരൻ.

അതു കൊണ്ടു തന്നെ എല്ലാവർക്കും വിശ്വസിക്കാവുന്നതിനപ്പുറമായിരുന്നു കലാഭവൻ മണിയുടെ വിടവാങ്ങൽ. ഇന്നലെ എത്തിയവരിൽ പലരും കലാഭവൻ മണി ജീവിച്ചിരിക്കെ പാഡിയിലെത്തി അദ്ദേഹത്തെ നേരിൽ കണ്ടിട്ടുള്ളവർ. ചിലരാകട്ടെ സിനിമയിലും ടി വി ഷോകളിലും മാത്രം അദ്ദേഹത്തെ കണ്ടിട്ടുള്ളവർ.… പക്ഷേ, അവരെല്ലാം മണിക്കൂടാരമെന്ന കലാഭവൻ മണിയുടെ വീട്ടിലെത്തി തെക്കേപ്പുറത്ത് നിത്യനിദ്ര കൊള്ളുന്ന താരത്തിന് കണ്ണീർപ്പൂക്കളർപ്പിച്ചു. രാവിലെ തന്നെ മണിക്കൂടാരവും പാഡിയുമെല്ലാം ആരാധകരെക്കൊണ്ട് നിറഞ്ഞു. വിവിധ സംഘടനകൾ നടത്തുന്ന കലാഭവൻ മണി അനുസ്മരണങ്ങളും ജില്ലയിൽ വിവിധയിടങ്ങളിലായി നടന്നു. അപ്പോഴും പ്രിയ താരത്തിന്റെ ഇഷ്ട കേന്ദ്രമായിരുന്ന പാഡിയിൽ നിയന്ത്രണങ്ങളൊന്നുമില്ലാതെ ജനക്കൂട്ടം ഒഴുകിയെത്തി. കലാഭവൻ മണി അഭിമുഖങ്ങളിലെല്ലാം ഓർത്തോർത്ത് പറഞ്ഞിരുന്നത് പാഡിയുടെ വിശേഷങ്ങളായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് കുന്നിശ്ശേരി രാമൻ ജോലി ചെയ്തിരുന്ന ജാതിത്തോട്ടമായിരുന്നു പിൽക്കാലത്ത് മണിയുടെ പാഡിയായത്.

പിതാവിന്റെ ജോലി തീരും വരെ ആ തോട്ടത്തിനു മുൻപിൽ കാത്തു നിന്നിട്ടുള്ള കുട്ടിക്കാലം മണിയുടെ പ്രധാന ഓർമ്മയായിരുന്നു. പിന്നീട് താരമായപ്പോൾ തന്റെ പിതാവ് നട്ടുനനച്ചു വളർത്തിയ ആ ജാതിത്തോട്ടം മണി സ്വന്തമാക്കുകയായിരുന്നു. പാഡിയെന്ന് പേരിട്ട ആ തോട്ടത്തിൽ തനിക്ക് പ്രിയപ്പെട്ട ചാലക്കുടിപ്പുഴയിലേക്ക് നോക്കിയിരിക്കാൻ ഒരു കൊച്ചു മാടവുമൊരുക്കി. പിന്നീട് കലാഭവൻ മണിയെന്ന താരത്തിന്റെ പ്രധാന ജീവിത മുഹൂർത്തങ്ങളെല്ലാം ഈ പാഡിയിലായിരുന്നു. ഒടുവിൽ നാലു വർഷം മുൻപ് അന്ത്യയാത്രയ്ക്ക് പുറപ്പെടുന്നതും ഈ പാഡിയിൽ നിന്നു തന്നെ. കാലം ഓർമ്മകളെ തൂത്തു തുടച്ചു മുന്നേറുമ്പോൾ ഈ ചാലക്കുടിക്കാരൻ ചങ്ങാതിയുടെ ഓർമ്മകൾ ഇപ്പോഴും പ്രിയപ്പെട്ടവരുടെ മനസ്സിൽ തെളിഞ്ഞു കത്തുകയാണ്. അതു കൊണ്ടു തന്നെയാണ് തങ്ങളുടെ പ്രിയതാരത്തിന്റെ ഓർമ്മകളുറങ്ങുന്നിടത്തേക്ക് ദേശത്തിന്റെയും ഭാഷയുടേയും അതിരുകൾ കടന്ന് ആരാധകരെത്തിയത്. അവർക്കറിയാം അവരുടെ മണിച്ചേട്ടൻ ഇവിടെയുണ്ടെന്ന്… ഈ ചാലക്കുടിക്കാരൻ ചാലക്കുടി നാട് വിട്ടെങ്ങും പോകുകില്ലെന്നും.