Thursday
23 May 2019

താള മേളങ്ങളില്‍ പൂത്തത് വീണ്ടെടുപ്പിന്റെ വീര്യം ഹര്‍ത്താലിനെ വെല്ലുവിളിച്ച് പുരുഷാരം 

By: Web Desk | Friday 14 December 2018 10:01 PM IST


 കലാകാരസംഗമത്തില്‍ പെരുവനം കുട്ടന്‍മാരാര്‍, പെരുവനം സതീശന്‍ മാരാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചാരിമേളം
തൃശൂര്‍: പ്രളയാനന്തരം ജില്ലയുടെ പുനര്‍നിര്‍മ്മാണത്തിന് പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായി തുടങ്ങിയ കലാകാരസംഗമം ഛിദ്രശക്തികളുടെ ഹര്‍ത്താലിനെ പോലും നാണിപ്പിക്കുന്നതായി. അനാവശ്യഹര്‍ത്താലിനെ തള്ളിക്കളഞ്ഞ് ആയിരങ്ങളാണ്  തേക്കിന്‍കാട് മൈതാനത്ത് ഇന്നലെ എത്തിയത്.
വൈകീട്ട് 5 ന് പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍, പെരുവനം സതീശന്‍ മാരാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചാരിമേളത്തോടെയാണ് കലാപരിപാടികള്‍ക്ക് ആരംഭം കുറിച്ചപ്പോള്‍ പൂരത്തിന്റെ സ്രണയിലായി പുരുഷാരം. തുടര്‍ന്ന് സംഗീത സംവിധായകന്‍ ബാലഭാസ്‌കര്‍ അനുസ്മരണവും വയലിന്‍ ഫ്യൂഷനും സംഗീത പ്രേമികള്‍ക്ക് മറക്കാനാവാത്ത വിരുന്നായി. സ്റ്റീഫന്‍ ദേവസിയും സംഘവും അവതരിപ്പിച്ച സംഗിത സംഗമം കുഴല്‍മന്ദം രാമകൃഷ്ണനും സംഘവും അവതരിപ്പിച്ച മൃദംഗം ഫ്യൂഷന്‍, കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഗായകരായ വി ടി. മുരളി, എടപ്പാള്‍ വിശ്വം തുടങ്ങിയവരുടെ അനശ്വര നാടകഗാനങ്ങളുടെ ആവിഷ്‌കരണവും വിസ്മയകരമായ അനുഭവമായി.
 മന്ത്രിമാരായ പ്രൊഫ. സി രവീന്ദ്രനാഥ്, അഡ്വ. വി എസ് സുനില്‍കുമാര്‍, മേയര്‍ അജിത വിജയന്‍, കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖന്‍, കേരള ലളിത കലാ അക്കാദമി പ്രസിഡണ്ട് നേമം പുഷ്പരാജ്, കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ പി മോഹനന്‍, എഡിഎം സി ലതിക, ഡെപ്യൂട്ടി കളക്ടര്‍ എം ബി ഗിരീഷ്, അസിസ്റ്റന്റ് കളക്ടര്‍ പ്രേംകൃഷ്ണന്‍ തുടങ്ങി നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കാളികളായി.
സംഗമത്തിന്റെ ഭാഗമായി വേദിയ്ക്ക് സമീപത്തായി വിവിധ സ്ഥാപനങ്ങള്‍, സംഘടനകള്‍ തുടങ്ങിയവയുടെ സ്റ്റാളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
 ബാങ്കുകള്‍, കച്ചവട സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവര്‍ക്ക് കലാകാര സംഗമത്തിലൂടെ പരസ്യം നല്‍കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ബന്ധപ്പെട്ടവര്‍ക്ക് സ്റ്റാളുകള്‍ ഒരുക്കാനും സൗകര്യമുണ്ട്.  ജില്ലയുടെ പുനര്‍നിര്‍മ്മാണത്തിനായി സാമ്പത്തിക സഹായം നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പവലിയനില്‍ സജ്ജീകരിച്ചിട്ടുള്ള എസ്ബിഐ ബാങ്കിന്റെ കൗണ്ടറില്‍ പണമടയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദേശവും ഇവിടെ നിന്നു ലഭിക്കും. കലാപരിപാടികളുടെ ഭാഗമായി ദിവസവും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ വിവിധ സ്ഥാപനങ്ങള്‍, വ്യവസായ യൂണിറ്റുകള്‍, കച്ചവട സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവസരം നല്‍കുണ്ട്. എല്‍ഇഡി സൗകര്യത്തോടെ എല്ലാദിവസവും പരസ്യം പ്രദര്‍ശിപ്പിക്കാം.
 മന്ത്രിമാരായ അഡ്വ. വി എസ് സുനില്‍കുമാര്‍, എ സി മൊയ്തീന്‍, പ്രൊഫ. സി.രവീന്ദ്രനാഥ്,  എംപിമാരായ സി എന്‍ ജയദേവന്‍, ഡോ. പി കെ ബിജു, ഇന്നസെന്റ്, എം എല്‍ എമാരായ അഡ്വ. കെ രാജന്‍, ഇ ടി ടൈസണ്‍, അഡ്വ. വി ആര്‍ സുനില്‍കുമാര്‍, ബി ഡി  ദേവസി, മുരളി പെരുനെല്ലി, കെ വി. അബ്ദുള്‍ ഖാദര്‍, ഗീതാ ഗോപി,  അനില്‍ അക്കര, യു ആര്‍ പ്രദീപ്,  പ്രൊഫ. കെ.യു. അരുണന്‍, മേയര്‍ അജിത വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, ചലച്ചിത്ര പ്രവര്‍ത്തകരായ സത്യന്‍ അന്തിക്കാട്, ലാല്‍ ജോസ്, പി ടി കുഞ്ഞുമുഹമ്മദ്, പ്രിയനന്ദനന്‍, രഞ്ജിത് ശങ്കര്‍, റഫീക്ക് അഹമ്മദ്,  ഔസേപ്പച്ചന്‍, വിദ്യാധരന്‍ മാസ്റ്റര്‍, മോഹന്‍ സിതാര, ബിജു മേനോന്‍, വി.കെ. ശ്രീരാമന്‍, സുനില്‍ സുഖദ, ശിവജി ഗുരുവായൂര്‍, ശ്രീജിത് രവി, രചന നാരായണന്‍ കുട്ടി, ടോം ഇമ്മട്ടി, അപര്‍ണ ബാലമുരളി, ഇര്‍ഷാദ് തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ പങ്കെടുക്കും.
Related News