28 March 2024, Thursday

Related news

July 28, 2023
May 23, 2023
May 11, 2023
June 19, 2022
June 18, 2022
March 12, 2022
November 24, 2021
August 31, 2021
August 11, 2021

കളമശേരി എച്ച്എംടി അന്ത്യശ്വാസം വലിക്കുന്നു; കമ്പനി സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ നീക്കം

Janayugom Webdesk
കൊച്ചി:
August 31, 2021 9:55 pm

കേരളത്തിന്റെ അഭിമാന സ്തംഭമായിരുന്ന ഒരു കേന്ദ്രപൊതുമേഖല സ്ഥാപനം കൂടി മരണത്തിലേയ്ക്ക്. കളമശേരിയിലെ എച്ച്എംടി കേന്ദ്ര സർക്കാർ നയങ്ങളുടെ ഭാഗമായി നിവർന്നുനിൽക്കാനുള്ള അവസാന പോരാട്ടത്തിലാണ്. എച്ച്എംടിയെ കളമശേരിയിൽ നിലനിർത്തി സംരക്ഷിക്കാനാവണമെങ്കിൽ എല്ലാ വിഭാഗങ്ങളിലും അടിയന്തരമായി നിയമനങ്ങൾ നടത്തേണ്ടതുണ്ട്. നിയമനം ഇവിടെതന്നെ നടത്തുകയും വേണം. എന്നാല്‍ നിയമനം കമ്പനിയുടെ ആസ്ഥാനമായ ബംഗളുരുവിലേയ്ക്കു് മാറ്റാനുള്ള പരിശ്രമം നടക്കുകയാണെന്ന് കമ്പനിയിലെ യൂണിയനുകൾ പറയുന്നു.

ഈ വര്‍ഷാവസാനത്തോടെ തൊഴിലാളികളുടെ എണ്ണം 100 ൽ താഴെയാവും. മൂന്നു് ഷിഫ്‌റ്റുകളിലായി 3500 തൊഴിലാളികൾ പ്രവർത്തിച്ചിരുന്ന സ്ഥാപനമായിരുന്നു ഇത്. വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ കുറവു മൂലം സ്ഥാപനം പ്രതിസന്ധി നേരിടുകയാണ്. ഏറെ പ്രധാനപ്പെട്ട ഫൗണ്ടറിയിൽ ഒരു സ്ഥിരം തൊഴിലാളി പോലുമില്ല. മുമ്പ് 300ല്‍ അധികമാളുകൾ ഉണ്ടായിരുന്നതാണ്. ഇപ്പോൾ 50 കരാർ ജീവനക്കാർ മാത്രം. ഫർണസ് മൂന്നു് ഷിഫ്റ്റ് പ്രവർത്തിപ്പിക്കാൻ ഇലക്ട്രിക്കൽ എൻജിനീയർമാരും മോൾഡർമാരും വേണ്ട സ്ഥാനത്തു് ഒരു ഐടിഐ ഇലക്ട്രീഷ്യൻ മാത്രമാണുള്ളതു്. പ്രിന്റിങ്ങ് മെഷീൻ നിർമ്മാണ യൂണിറ്റടക്കം മറ്റിതര യൂണിറ്റുകളുടേയും സ്ഥിതി വ്യത്യസ്തമല്ല. 

1990 ൽ 181 എൻജിനീയറിങ് ബിരുദധാരികളും 318 ഡിപ്ലോമക്കാരും 1080 ഐടിഐക്കാരും 125 മറ്റു് ബിരുദധാരികളും 1500 ഓളം മറ്റു വിദ്യാഭ്യാസ യോഗ്യതയുള്ളവരും ഉണ്ടായിരുന്ന സ്ഥാപനമാണു് നിലവിൽ കരാർ ജീവനക്കാരെ മാത്രം ആശ്രയിച്ചു് പ്രവർത്തിക്കുന്നതു്. ശമ്പള പരിഷ്കരണം നടക്കാത്തതു് മൂലം സ്ഥിരം തൊഴിലാളികൾ വിട്ട് പോകുന്നതും കരാർ ജീവനക്കാർ മറ്റ് ജോലി കിട്ടിയാൽ പോകുന്നതും പ്രവർത്തനത്തെ ബാധിക്കുന്നു. അടിയന്തരമായി നിയമനം നടത്താത്ത പക്ഷം ഈ നിർമ്മാണ സ്ഥാപനത്തിന്റെ അന്ത്യമാവും ഫലമെന്ന് നിലവിലുള്ള തൊഴിലാളികൾ പറയുന്നു.

മെഷീൻ ടൂൾസിന്റേയും നേവി, റയിൽവെ, എയ്റോസ്‌പേസ് തുടങ്ങിയ നിർണായക മേഖലകൾക്കാവശ്യമായ യന്ത്രഭാഗങ്ങളുടേയും നിർമ്മാണ വൈദഗ്ധ്യം സ്ഥാപനത്തിലും രാജ്യത്തു് തന്നെയും നിലനില്കണമെങ്കിൽ നിലവിലുള്ളവർ വിരമിക്കുന്നതിനു് മുമ്പ് സ്ഥിരം തൊഴിലാളികളുടെ നിയമനം നടത്തേണ്ടതുണ്ട്. നിയമനം നടത്തുമ്പോൾ നിലവിലുള്ള താല്കാലിക തൊഴിലാളികളേയും പരിഗണിക്കുന്നതു് സ്ഥാപനത്തിനു് മുതൽ കൂട്ടാവും. 2013 ൽ നടത്തിയ റിക്രൂട്ട്മെന്റിൽ അത്തരത്തിൽ പരിഗണന നല്‍കിയിട്ടുണ്ട്.

തുടർച്ചയായി ലാഭത്തിൽ പ്രവർത്തിക്കുകയും ഈ വർഷവും 3.5 കോടി രൂപ ലാഭം നേടുകയും ചെയ്ത യൂണിറ്റാണ് ഇത്. 1966 ജൂലൈ ഒന്നിനാണ് കളമശേരിയിൽ 900 ഏക്കർ സ്ഥലത്ത്, വരും വർഷങ്ങളിൽ വിപുലമായ അനുബന്ധ വ്യവസായ വികസന സാധ്യതകളുമായി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കളമശേരി എച്ച്എംടി ഉദ്ഘാടനം ചെയ്തത്.കേന്ദ്രത്തിൽ പി വി നരസിംഹ റാവു സർക്കാരിന്റെ കാലത്താരംഭിച്ച കമ്പനിയുടെ കഷ്ടകാലം മൻമോഹൻസിങിന്റെ കാലത്തു ഉച്ചസ്ഥായിയിലായി. എന്തും സ്വകാര്യമേഖലയ്ക്ക് കൈമാറുന്ന ബിജെപി സർക്കാർ വന്നതോടെ എച്ച്എംടി അവഗണനയുടെ പടുകുഴിയിലുമായി. നഷ്ടക്കണക്കുകള്‍ എടുത്തുകാട്ടി കമ്പനിയുടെ കണ്ണായ സ്ഥലവും കെട്ടിടങ്ങളും സ്വകാര്യ മേഖലയ്ക്കു കൈമാറാനുള്ള ആലോചനകളും അണിയറയിലുണ്ട്.

ENGLISH SUMMARY:Kalamassery HMT Move to trans­fer the com­pa­ny to the pri­vate sector
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.