കലാപ ഭൂമിയില്‍

Web Desk
Posted on September 07, 2019, 8:37 pm

കണ്ടല്ലൂര്‍ ലാഹിരി

സ്‌നേഹപൂനിലാവിന്റെ
കിനാവിന്‍ കതിര്‍പാടം
ആകെയും
വെട്ടിനിരത്തി,
വിദ്വേഷ ഇരവിന്റെ
വിത്തെറിഞ്ഞ്
വിളവ് കാത്തിരിക്കുന്ന കലാപ കര്‍ഷകര്‍.

ഇവിടുത്തെ
കൊയ്ത്ത്പാട്ടിന്
നിലവിളിയുടെ
കരിങ്കാക്കകള്‍
ചിറകടിക്കുന്ന
ഭയാനക ശബ്ദങ്ങള്‍.….

ഇവിടുത്തെ കാറ്റിന്റെ
മര്‍മ്മരത്തിന്
രക്തഭാഷ
കൊറിച്ചു തിന്നുന്ന
വിശപ്പ് കൂടിയവന്റെ
പല്ലനക്കങ്ങള്‍.

അഭയത്തിന്റെ
ഇളം കരളരിഞ്ഞ്
കണ്ണീരില്‍ കുഴച്ച
മുളക് പൊടിഇട്ട് വരട്ടി
കലാപത്തിന്റെ
തിളച്ച എണ്ണയില്‍
എന്റെ മനസ്സ്
നല്ല പാകത്തില്‍
വേവുകയാണ്.

ജീവിത പച്ചയുടെ
തുച്ഛമായ
കണ്‍വെളിച്ചത്തെ നോക്കിയും
കലാപ നിശയുടെ നായകള്‍
ദീര്‍ഘമായി
ഓരിയിടുന്നുണ്ട്.

ആരൊക്കൊയോ
രക്തംകൊണ്ട് ചുവപ്പിച്ച
ചെമ്മണ്‍പാതയില്‍
ഞാന്‍
ഹൃദയത്തിരി കെട്ട് കെട്ട്
ഏകനായ് നില്‍ക്കുന്നു.

വിമൂകതയുടെ
മരണകിരണം
തുളച്ചു കയറി
ഓര്‍മ്മയായ
മഞ്ഞു വീടുപോലെയാണ്
ഇതൊക്കെ കണ്ട് കണ്ട്
ഇന്നെന്റെ മനസ്സ്.

സമാധാനത്തിന്റെ
വെളളരിപ്രാവുകള്‍ കുറുകുന്നത്
കേള്‍ക്കുന്നില്ലേ?

കലാപത്തിന്റെ
അച്ചടി കേന്ദ്രത്തില്‍ നിന്നും
തെറ്റുകൂടാതെ കിട്ടിയ
മരണപത്രം
പരസ്പരം വായിക്കുന്നതാവും,
ഓരോ കുറുകലും.

അത് വായിച്ചപ്പോഴൊക്കെയാണ്
അവ കണ്ണീര് പൊഴിച്ചിട്ടുളളതും.